“പാറ” കാണാൻ അവസരം!
ലോകമെമ്പാടുമായി യഹോവയുടെ സാക്ഷികളുടെ 15 ബ്രാഞ്ചോഫീസുകളിൽ അച്ചടി നടക്കുന്നുണ്ട്. അവയിൽ ഒന്നാണ് മധ്യയൂറോപ്പ് ബ്രാഞ്ച്. ജർമനിയിലെ സെൽറ്റേഴ്സിലുള്ള സ്റ്റീൻഫെൽസിലാണ് അത്. ജർമൻ ഭാഷയിൽ സ്റ്റീൻഫെൽസ് എന്നാൽ “കല്ലുപാറ” എന്നാണ് അർഥം.
2014 മേയ് 23-25 തീയതികളിൽ മധ്യയൂറോപ്പ് ബ്രാഞ്ച്, അയൽക്കാർക്കും ബിസിനെസ്സുകാർക്കും പ്രാദേശിക അധികാരികൾക്കും സന്ദർശിക്കാനായി ബ്രാഞ്ചോഫീസ് തുറന്നുകൊടുത്തു. “സെൽറ്റേഴ്സിൽ 30 വർഷം” എന്നായിരുന്നു ആ പരിപാടിയുടെ പേര്. 1984 ഏപ്രിൽ 21-നായിരുന്നു ആ ബ്രാഞ്ച് സമുച്ചയത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം.
ആ മൂന്നു ദിവസംകൊണ്ട് 3,000-ത്തിലേറെ പേർ അവിടം സന്ദർശിച്ചു. “യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസ് സന്ദർശിക്കുന്നത് ഒരു പ്രത്യേക അനുഭവമാണ്,” അവിടത്തെ മേയർ പറഞ്ഞു. അദ്ദേഹം ആ പ്രദേശത്ത് സേവനം ആരംഭിച്ചിട്ട് ഏകദേശം 30 വർഷമായിരുന്നു. “1979 മുതൽ 1984 വരെയുള്ള ചുരുങ്ങിയ സമയംകൊണ്ട് സ്റ്റീൻഫെൽസിൽ ഈ ബ്രാഞ്ചോഫീസ് പണിതത് എങ്ങനെയാണെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല” എന്നും അദ്ദേഹം പറഞ്ഞു.
ചില വിശേഷങ്ങൾ
“യഹോവയുടെ ജനം മധ്യയൂറോപ്പിൽ” എന്നതായിരുന്നു അവിടത്തെ ഒരു പ്രദർശനത്തിന്റെ വിഷയം. ആ ദേശത്തെ യഹോവയുടെ സാക്ഷികളുടെ 120 വർഷത്തെ ചരിത്രം മനസ്സിലാക്കുന്നതിനു സന്ദർശകർക്കു സാധിച്ചു. ബ്രാഞ്ചോഫീസ് സന്ദർശിക്കുന്നവർക്ക് ഇപ്പോഴും ആ പ്രദർശനം കാണാവുന്നതാണ്.
അപൂർവവും സവിശേഷവും ആയ ചില ബൈബിളുകളുടെ പ്രദർശനമായിരുന്നു മറ്റൊന്ന്. ഉദാഹരണത്തിന്, ജർമൻ ഭാഷയിലുള്ള സമ്പൂർണ ബൈബിളിന്റെ 1534-ലെ ഒരു പതിപ്പും 1599-ലെ ഏലിയാസ് ഹൂട്ടരിന്റെ 12 പരിഭാഷകൾ അടങ്ങിയ പോളിഗോട്ട് ബൈബിളിന്റെ ഒരു ഭാഗവും അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. കൂടാതെ, ഇക്കാലത്തും ബൈബിൾതത്ത്വങ്ങൾ പ്രായോഗികമാണെന്നു വ്യക്തമാക്കുന്ന ചില ചാർട്ടുകളും വീഡിയോകളും മറ്റും അവിടെയുണ്ടായിരുന്നു.
ബ്രാഞ്ചോഫീസിൽ ജോലി ചെയ്യുന്ന 1,000-ത്തിലധികം സ്ത്രീപുരുഷന്മാരുടെ ദിനചര്യ മനസ്സിലാക്കുന്നതിന് രണ്ടു ടൂറുകൾ സന്ദർശകർക്കായി ക്രമീകരിച്ചിട്ടുണ്ടായിരുന്നു. “ഞങ്ങളുടെ താമസസ്ഥലം” എന്ന ടൂറായിരുന്നു ആദ്യത്തേത്. അവിടെ താമസിക്കുന്ന ചിലരുടെ മുറികൾ ചെന്നുകാണാനും ഓഫീസിന്റെ ഊണുമുറിയിൽ വന്ന് ഭക്ഷണം കഴിക്കാനും സന്ദർശകർക്ക് അവസരം ലഭിച്ചു. കെട്ടിടത്തിന്റെ ചുറ്റുമുള്ള, പാർക്കുപോലെ മനോഹരമായ സ്ഥലം ചുറ്റിനടന്നു കാണാനും അവർക്കു കഴിഞ്ഞു. “അതിമനോഹരം!” എന്നാണ് അവരിൽ ഒരാൾ പറഞ്ഞത്.
രണ്ടാമത്തെ ടൂറിന്റെ പേര് “ഉത്പാദനം” എന്നായിരുന്നു. ഇതിലൂടെ, അച്ചടിശാലയും ബയൻഡിങ് ഡിപ്പാർട്ടുമെന്റും പ്രസിദ്ധീകരണങ്ങൾ പായ്ക്കു ചെയ്ത് അയയ്ക്കുന്ന ഷിപ്പിങ് ഡിപ്പാർട്ടുമെന്റും അവർക്കു സന്ദർശിക്കാനായി. ബൈബിൾസാഹിത്യങ്ങൾ അച്ചടിച്ച് ബയൻഡു ചെയ്ത് 50-ലേറെ രാജ്യങ്ങളിലേക്കു കയറ്റി അയയ്ക്കുന്നത് എങ്ങനെയെന്ന് അവർ നേരിട്ട് കണ്ടു. ഒരാൾ ഇങ്ങനെ പറഞ്ഞു: “യഹോവയുടെ സാക്ഷികൾ ലോകം മുഴുവനുമുള്ള സംഘടനയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഭൂമിയുടെ ഓരോ മുക്കിലും മൂലയിലും അവരുടെ പ്രസിദ്ധീകരണങ്ങൾ ചെന്നെത്തുന്നു. സന്നദ്ധസേവകരെ ഉപയോഗിച്ച് ഇതെല്ലാം ചെയ്യുന്നത് ശരിക്കും ഒരു അത്ഭുതംതന്നെയാണ്.”
യഹോവയുടെ സാക്ഷികളുടെ ഔദ്യോഗിക വെബ്സൈറ്റായ jw.org-ന്റെ പ്രദർശനമായിരുന്നു എടുത്ത് പറയേണ്ട ഒരു സവിശേഷത. സന്ദർശകർ ഒന്നടങ്കം വീഡിയോകളും മറ്റു പ്രദർശനങ്ങളും കണ്ടു. പലർക്കും ഒരുപാടു ചോദ്യങ്ങളുണ്ടായിരുന്നു; സംഘാടകർ അവയ്ക്കെല്ലാം ഉത്തരം നൽകി.
യഹോവയുടെ സാക്ഷികളുടെ ലോകവ്യാപക പ്രവർത്തനത്തെക്കുറിച്ച് പലർക്കും പുതിയൊരു കാഴ്ചപ്പാടു ലഭിച്ചു. അതുകൊണ്ടുതന്നെ, വളരെ മതിപ്പോടെയും സന്തോഷത്തോടെയും ആണ് പല സന്ദർശകരും അവിടം വിട്ടത്. ഒരാൾ പറഞ്ഞു: “യഹോവയുടെ സാക്ഷികളെക്കുറിച്ച് എനിക്കു പല തെറ്റിദ്ധാരണകളുമുണ്ടായിരുന്നു. എന്റെ അഭിപ്രായം ഞാൻ തിരുത്തേണ്ടിയിരിക്കുന്നു.” ഒരു സ്ത്രീ പല തവണ ഇങ്ങനെ പറഞ്ഞു: “എന്റെ എല്ലാ മുൻവിധികളും പിഴുതെറിഞ്ഞ ദിവസമാണ് ഇത്.”