ചരിത്രത്തിന്റെ ഏടുകളിലൂടെ ഒരു സഞ്ചാരം
യഹോവയുടെ സാക്ഷികളുടെ ചരിത്രത്തിലൂടെ ഒന്നു കണ്ണോടിക്കാനുള്ള അവസരം ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള ഞങ്ങളുടെ ലോകാസ്ഥാനത്ത് ഒരുക്കിയിരിക്കുന്നു. 2012 ഒക്ടോബറിലാണ് ഈ പ്രദർശനം ആരംഭിച്ചത്. സന്ദർശകർക്ക്, എല്ലാം തനിയെ ചുറ്റിനടന്നു കാണാവുന്ന വിധത്തിലാണു ഇതു ക്രമീകരിച്ചിരിക്കുന്നത്. a ക്രിസ്ത്യാനികളായ ചിലർക്ക് ഉണ്ടായ പ്രയാസങ്ങളും അവർ നേരിട്ട അപകടങ്ങളും നേടിയ വിജയങ്ങളും ഒക്കെയാണ് ഈ പ്രദർശനത്തിന്റെ മുഖ്യവിഷയം.
എ.ഡി. 33-ലെ ക്രിസ്തീയ യുഗംമുതൽ ഇക്കാലംവരെയുള്ള സംഭവങ്ങളിലൂടെ ഒന്നു കണ്ണോടിക്കാൻ പ്രദർശനം അവസരമൊരുക്കുന്നു. ഇതു നാലു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഓരോന്നും നടന്നത് ഏതു കാലഘട്ടത്തിലാണെന്നു വ്യക്തമായി അടയാളപ്പെടുത്തിയിരിക്കുന്നു. ഓരോ വിഭാഗത്തിനും ബൈബിൾവാക്യത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പേരുണ്ട്. ഇംഗ്ലീഷിലുള്ള ഒരു ചെറിയ വീഡിയോയോടെയാണ് ഓരോന്നും തുടങ്ങുന്നത്. ഇറ്റാലിയൻ, കൊറിയൻ, ജാപ്പനീസ്, പോർച്ചുഗീസ്, ഫ്രഞ്ച്, സ്പാനിഷ് എന്നീ ആറു ഭാഷയിൽ അതിന്റെ സബ്ടൈറ്റിലുകൾ ലഭ്യമാണ്.
നാലു വിഭാഗങ്ങൾ
ആദ്യ വിഭാഗത്തിന്റെ പേര് “മനുഷ്യർ ഇരുട്ടിനെ സ്നേഹിച്ചു” എന്നാണ്; യോഹന്നാൻ 3:19-ലെ യേശുവിന്റെ വാക്കുകളെ അടിസ്ഥാനമാക്കിയുള്ളതാണ് അത്. ‘ഉപദേശങ്ങളെ വളച്ചൊടിക്കുന്ന പുരുഷന്മാർ എഴുന്നേൽക്കും’ എന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിരുന്നു. (പ്രവൃത്തികൾ 20:30) അത്തരം ദുഷ്ടമനുഷ്യർ ജീവിച്ചിരുന്ന കാലവും അവർ ചെയ്തുകൂട്ടിയ കാര്യങ്ങളുടെ വിവരണങ്ങളും ഈ വിഭാഗത്തിൽ രേഖപ്പെടുത്തിവെച്ചിട്ടുണ്ട്.
രണ്ടാം വിഭാഗത്തിന്റെ പേര് “വെളിച്ചം പ്രകാശിക്കട്ടെ” എന്നാണ്. 2 കൊരിന്ത്യർ 4:6-ൽനിന്നുള്ള പദപ്രയോഗമാണത്. 1800-കളുടെ അവസാനംമുതൽ 1900-ങ്ങളുടെ ആരംഭംവരെയുള്ള ചരിത്രമാണ് ഈ വിഭാഗത്തിന് ആധാരം. തുറന്ന മനസ്സോടെ ബൈബിൾ പഠിക്കാൻ ആത്മാർഥശ്രമം ചെയ്ത ചിലരുടെ അനുഭവമാണ് ആദ്യം. ഒന്നാം ലോകമഹായുദ്ധത്തിനു മുമ്പ് അവരുടെ അറിവും അംഗബലവും വർധിച്ചത് എങ്ങനെയെന്നും അതു കാണിക്കുന്നു.
പ്രസിദ്ധമായ “സൃഷ്ടിപ്പിൻ ഫോട്ടോ-നാടക”മാണു രണ്ടാം വിഭാഗത്തിന്റെ മറ്റൊരു സവിശേഷത. നിശ്ചലചിത്രങ്ങളും ചലിക്കുന്ന ചിത്രങ്ങളും റെക്കോർഡു ചെയ്ത ശബ്ദവും കോർത്തിണക്കിയാണ് ഇതു തയ്യാറാക്കിയിരുന്നത്. 1914-ൽ ബൈബിൾ വിദ്യാർഥികൾ (യഹോവയുടെ സാക്ഷികൾ അന്ന് അങ്ങനെയാണ് അറിയപ്പെട്ടിരുന്നത്.) ഇതു പ്രദർശിപ്പിച്ചുതുടങ്ങി. തുടർന്നുള്ള വർഷങ്ങളിൽ ഇതു കാണാനായി ലക്ഷക്കണക്കിന് ആളുകൾ കൂടിവന്നു. ഈ ഫോട്ടോ-നാടകം തയ്യാറാക്കുന്നതിന് ഉപയോഗിച്ച ചില ചിത്രങ്ങളും, അതിന്റെ ആമുഖമായി ആളുകളെ കാണിച്ചിരുന്ന വീഡിയോയുടെ ഒരു ചെറിയ ഭാഗവും, 500-ലേറെ ബഹുവർണ സ്ലൈഡുകളും പ്രദർശനത്തിന്റെ ഈ വിഭാഗത്തിലുണ്ട്.
മൂന്നാം വിഭാഗത്തിന്റെ പേര് “മഹാസർപ്പം ക്രുദ്ധിച്ചു” എന്നാണ്. വെളിപാട് 12:17-ൽനിന്ന് എടുത്തിരിക്കുന്നതാണ് ഇത്. 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ക്രിസ്തുവിന്റെ അനുഗാമികൾക്ക് അനുഭവിക്കേണ്ടിവന്ന ഉപദ്രവങ്ങളുടെയും യുദ്ധകാലത്ത് നിഷ്പക്ഷമായി നിന്ന ക്രിസ്ത്യാനികളുടെ പ്രചോദനമേകുന്ന ജീവിതാനുഭവങ്ങളുടെയും രേഖ അവിടെ കാണാം. റെമീഷോ കുമിനെറ്റി എന്ന സാക്ഷിയുടെ കഥ പറയുന്നതാണ് ഒരു വീഡിയോ. ഒന്നാം ലോകമഹായുദ്ധകാലത്ത് ഇറ്റലിയുടെ പട്ടാളയൂണിഫാറം അണിയാനോ യുദ്ധത്തിൽ പങ്കെടുക്കാനോ തയ്യാറാകാഞ്ഞ ആളാണ് റെമീഷോ. മറ്റൊന്ന്, ഓസ്ട്രിയക്കാരനായ അലോയീസ് മോസറിനെക്കുറിച്ചുള്ളതാണ്. “ഹെയ്ൽ ഹിറ്റ്ലർ” എന്നു പറയാൻ വിസമ്മതിച്ചതിനാൽ അദ്ദേഹത്തിനു ജോലി നഷ്ടപ്പെട്ടു. ഒടുവിൽ അദ്ദേഹം ഡാക്കൗ തടങ്കൽപ്പാളയത്തിലുമായി.
അരണ്ട വെളിച്ചം മാത്രമുള്ള ഒരു ജയിൽ മുറിയുടെ മാതൃകയും ഈ വിഭാഗത്തിലുണ്ട്. തങ്ങളുടെ മതവിശ്വാസത്തിന്റെ പേരിൽ ഗ്രീസ്, ജപ്പാൻ, പോളണ്ട്, സെർബിയ പോലുള്ള രാജ്യങ്ങളിൽ ജയിലിൽ കഴിയേണ്ടിവന്ന യഹോവയുടെ സാക്ഷികളുടെ ചിത്രങ്ങളാണ് ആ മുറിയിൽ.
അവസാന വിഭാഗത്തിന്റെ പേര് “സകല ജനതകൾക്കുംവേണ്ടിയുള്ള സുവിശേഷം” എന്നാണ്. മത്തായി 24:14-നെ അധികരിച്ചുള്ള ഈ വിഭാഗത്തിൽ യഹോവയുടെ സാക്ഷികൾ 1950 മുതൽ ഇക്കാലം വരെ ചെയ്ത പ്രവർത്തനങ്ങളുടെ ഒരു ലഘുവിവരണമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതിവേഗത്തിലുള്ള വളർച്ച, ഉത്സാഹം ചോർന്നുപോകാതെയുള്ള പ്രസംഗപ്രവർത്തനം, യഹോവയുടെ സാക്ഷികളുടെ മുഖമുദ്രയായ സഹോദരസ്നേഹം എന്നിവയുടെ കഥ പറയുന്ന ഒരു കൂട്ടം ചിത്രങ്ങളും അവിടെ കാണാം.
പ്രദർശനത്തിന്റെ ഏറ്റവും അവസാനഭാഗത്ത് ഒരു ടച്ച്-സ്ക്രീൻ സംവിധാനം ഒരുക്കിയിട്ടുണ്ട്. 100-ലേറെ വർഷം മുമ്പ് യഹോവയുടെ സാക്ഷികൾ ഉപയോഗിച്ചിരുന്ന ബൈബിൾ ഹൗസ്, ബ്രൂക്ലിൻ ടാബർനാക്കിൾ എന്നീ കെട്ടിടങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ഇതു സന്ദർശകരെ സഹായിക്കുന്നു.
എന്തിനാണ് ഇങ്ങനെയൊരു പ്രദർശനം ഒരുക്കിയത്?
ഇതിന്റെ ഒരുക്കങ്ങൾക്കുതന്നെ ഒരു വർഷം വേണ്ടിവന്നു. പ്രദർശനം ഈ വിധത്തിൽ ക്രമീകരിക്കാനും മാസങ്ങൾ എടുത്തു. ലോകത്തിന്റെ പല ഭാഗത്തുനിന്നുള്ള സാക്ഷികൾ അവർ പൈതൃകസ്വത്തുപോലെ കാത്തുസൂക്ഷിച്ചിരുന്ന പലതും ഇതിനായി സംഭാവന ചെയ്തു.
എന്തിനാണ് ഇതെല്ലാം ചെയ്തത്? ഈ പ്രദർശനം കാണുന്നതുകൊണ്ട് യഹോവയുടെ സാക്ഷികൾക്ക് എന്താണു പ്രയോജനമെന്നു ചോദിച്ചപ്പോൾ യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ ഒരംഗം മറുപടിയായി ഇംഗ്ലീഷിലെ പ്രശസ്തമായ ഒരു പഴമൊഴി പറഞ്ഞു: “മുന്നോട്ടു പോകണമെങ്കിൽ പിന്നിട്ട വഴികൾ അറിയണം.”
a ന്യൂയോർക്കിലെ ബ്രൂക്ലിനിലുള്ള ‘25 കൊളംബിയ ഹൈറ്റ്സ്’ എന്ന കെട്ടിടത്തിലാണ് ഈ പ്രദർശനം. തിങ്കൾ മുതൽ വെള്ളി വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ടുമുതൽ വൈകുന്നേരം അഞ്ചുവരെയാണ് സമയം. പ്രവേശനം സൗജന്യം.