60 ദിവസത്തിനുള്ളിൽ...!
2013 ജൂലൈ 5 വെള്ളിയാഴ്ച, ഭരണസംഘാംഗമായ ആന്തണി മോറിസ് നടത്തിയ ഒരു അറിയിപ്പ് അമേരിക്കൻ ഐക്യനാടുകളിലെ ബെഥേലംഗങ്ങളെ ആവേശഭരിതരാക്കി: “ബ്രൂക്ലിനിലെ 117 ആഡംസ് സ്ട്രീറ്റ്, 90 സാൻഡ്സ് സ്ട്രീറ്റ് എന്നിവ ഉൾപ്പെടെ ആറു കെട്ടിടങ്ങൾ വിൽക്കാൻ കരാർ ഒപ്പിട്ടിരിക്കുന്നു. a ആ കരാർപ്രകാരം ഈ വർഷം ആഗസ്റ്റ് പകുതിയോടെ 1 മുതൽ 5 വരെയുള്ള കെട്ടിടങ്ങൾ നമ്മൾ ഒഴിഞ്ഞുകൊടുക്കണം.”
ഉദ്ദേശിച്ച സമയത്തുതന്നെ പണി പൂർത്തിയാക്കാൻ കഠിനാധ്വാനികളായ ഈ സേവകർക്കു കഴിഞ്ഞോ? കഴിഞ്ഞു, അതും വെറും 55 ദിവസംകൊണ്ട്!
ഈ സംരംഭം അത്ര എളുപ്പമല്ലെന്ന് ഉറപ്പായിരുന്നു. ആ അഞ്ചു കെട്ടിടങ്ങളുടെയുംകൂടെ തറ വിസ്തീർണം, അന്താരാഷ്ട്ര നിലവാരത്തിലുള്ള 11 ഫുട്ബോൾ ഗ്രൗണ്ടുകൾ ചേരുന്ന അത്രയും വരും! അതാണു വെറും 60 ദിവസത്തിനുള്ളിൽ ഒഴിഞ്ഞുകൊടുക്കേണ്ടത്!
ഈ അഞ്ചു കെട്ടിടങ്ങളിലായാണു വർഷങ്ങളോളം അച്ചടിയന്ത്രങ്ങളും പുസ്തകങ്ങൾ ബയൻഡു ചെയ്യാനുള്ള ഉപകരണങ്ങളും പ്രവർത്തിപ്പിച്ചിരുന്നത്. എന്നാൽ 2004-ൽ അതെല്ലാം ന്യൂയോർക്കിലെ വാൾക്കിലിലേക്കു മാറ്റി സ്ഥാപിച്ചു.
അതിനുശേഷം, സാധനങ്ങൾ സൂക്ഷിക്കുന്നതിനും മറ്റും ആണ് ആ കെട്ടിടങ്ങൾ ഉപയോഗിച്ചിരുന്നത്. കെട്ടിടനിർമാണത്തിനുള്ള സാധനസാമഗ്രികളും ഓഫീസ് ഉപകരണങ്ങളും അമേരിക്കൻ ഐക്യനാടുകളിലെയും മറ്റു ദേശങ്ങളിലെയും നിർമാണപ്രവർത്തനങ്ങൾക്കുള്ള ഉപകരണങ്ങളും കൊണ്ട് അവിടം നിറഞ്ഞിരുന്നു.
പറഞ്ഞ സമയത്തിനുള്ളിൽ ഈ കെട്ടിടങ്ങൾ ഒഴിഞ്ഞുകൊടുക്കുന്നതിന് നല്ല ആസൂത്രണം ആവശ്യമായിരുന്നു. ആദ്യംതന്നെ, അവിടെയുള്ള സാധനങ്ങളുടെയെല്ലാം ഒരു കണക്കെടുത്തു. എന്നിട്ട് എന്തൊക്കെ വിൽക്കണം, സൂക്ഷിച്ചുവെക്കണം, എറിഞ്ഞുകളയണം എന്നു തീരുമാനിച്ചു. അതിനു ശേഷം, അത് ഏറ്റവും സുരക്ഷിതമായും കാര്യക്ഷമമായും ചെയ്യുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തി.
ഈ സംരംഭം വിജയിപ്പിക്കാൻ ബെഥേൽ കുടുംബം നന്നായി പരിശ്രമിച്ചു. അവരെ സഹായിക്കാനായി ഐക്യനാടുകളുടെ പല ഭാഗങ്ങളിൽനിന്ന് 41 സ്വമേധാസേവകരെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ആറ് ആഴ്ചമുതൽ പത്ത് ആഴ്ചവരെയായിരുന്നു അവരുടെ ജോലി. നല്ല ചുറുചുറുക്കുള്ള ഏകാകികളായ യുവാക്കളായിരുന്നു മിക്കവരും. കുടുംബാംഗങ്ങളെയും കൂട്ടുകാരെയും ഒക്കെ പിരിഞ്ഞ്, ഉണ്ടായിരുന്ന ജോലിയൊക്കെ വിട്ടിട്ടാണ് അവർ എത്തിയത്. ഈ നിയമനത്തെക്കുറിച്ച് അവർക്കു പറയാനുള്ളത് എന്താണ്?
വാഷിങ്ടൺ സ്റ്റേറ്റിൽനിന്നുള്ള 21-കാരനായ ജോർഡൻ പറയുന്നു: “ഞാൻ ഇതു പണ്ടേ ചെയ്യേണ്ടതായിരുന്നു.”
20-കാരനായ സ്റ്റീവൻ വന്നത് ടെക്സസിൽനിന്നാണ്. “കഠിനാധ്വാനികളും സന്തുഷ്ടരും ആയ വലിയൊരു ആഗോളകുടുംബത്തിന്റെ ഭാഗമായതുപോലെ എനിക്കു തോന്നുന്നു,” സ്റ്റീവൻ പറഞ്ഞു.
23-കാരനായ ജസ്റ്റിൻ എഴുതി: “ബെഥേൽ എനിക്ക് എന്റെ സ്വന്തം വീടുപോലെ തോന്നുന്നു. ഇവിടെയുള്ളവരുടെ സ്നേഹവും സൗഹൃദവും ഇവിടെ നിറഞ്ഞുനിൽക്കുന്ന ആത്മീയ ജ്ഞാനവും ആരെയും അതിശയിപ്പിക്കുന്നതാണ്.”
പോർട്ടോറിക്കോയിൽനിന്നുള്ള 20-കാരൻ ആഡ്ലറിനു പറയാനുള്ളത് ഇതാണ്: “രാവിലെ നേരത്തേ എഴുന്നേൽക്കുന്നത് അല്പം ബുദ്ധിമുട്ടായിരുന്നു. പക്ഷേ, എന്നെന്നും നിൽക്കുന്ന നല്ല സുഹൃദ്ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കാൻ ഇവിടെ എനിക്കു കഴിഞ്ഞിരിക്കുന്നു.”
21-കാരനായ വില്യം പറയുന്നു: “ചെറുപ്പംമുതലേയുള്ള എന്റെ സ്വപ്നമായിരുന്നു ബെഥേലിൽ പോകുക എന്നത്. അതേസമയം, ബെഥേലുമായി പൊരുത്തപ്പെടാൻ പറ്റുമോ, അവിടെ ഒറ്റപ്പെട്ടുപോകുമോ എന്നൊക്കെ എനിക്കു പേടിയുമുണ്ടായിരുന്നു. പക്ഷേ, എനിക്കു തെറ്റിപ്പോയി! എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസങ്ങളായിരുന്നു ഇവ! ഇവിടെയായിരിക്കുന്നതിനെക്കാൾ സന്തോഷം തരുന്ന മറ്റെന്തെങ്കിലുമുണ്ടെന്ന് എനിക്കു തോന്നുന്നില്ല.”
a താമസസ്ഥലമായി ഉപയോഗിക്കുന്ന 90 സാൻഡ്സ് സ്ട്രീറ്റ് കെട്ടിടം ഒഴിഞ്ഞുകൊടുക്കുന്നത് 2017-ലായിരിക്കും.