‘ദി വാച്ച്ടവർ’—ബ്രൂക്ലിൻ നഗരത്തിലെ ഒരു പരിചിത കാഴ്ച
യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തിനു മുകളിൽ ‘ദി വാച്ച്ടവർ’ (The Watchtower) എന്ന വാക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ചുവന്ന നിറമുള്ള ഈ അക്ഷരങ്ങൾക്ക് 15 അടി പൊക്കമുണ്ട്. രാപ്പകൽ വ്യത്യാസമില്ലാതെ 40-ലേറെ വർഷമായി ന്യൂയോർക്ക് നഗരവാസികൾക്ക് പരിചിതമായ ഒരു കാഴ്ചയാണ് ഇത്. ഇതിലെ സമയവും താപനിലയും അറിയാനുള്ള സംവിധാനം അവരിൽ അനേകരും നന്നായി പ്രയോജനപ്പെടുത്തുന്നു.
ബ്രൂക്ലിനിൽ താമസിക്കുന്ന എബോണിക്ക് അപ്പാർട്ടുമെന്റിൽനിന്ന് നോക്കിയാൽ ഇതു കാണാം. “ജോലിക്കു പോകുന്നതിനു മുമ്പ് ജനാലയിലൂടെ സമയവും താപനിലയും കാണാനാകുന്നത് ഒരു സൗകര്യമാണ്. സമയം പാലിക്കാനും കാലാവസ്ഥയ്ക്കു പറ്റിയ വസ്ത്രം ധരിക്കാനും അത് എന്നെ സഹായിക്കുന്നു,” എബോണി പറയുന്നു.
സമയവും താപനിലയും സൂചിപ്പിക്കാനുള്ള ഈ സംവിധാനം ഇനിയൊരു 40 വർഷംകൂടെ അവിടെത്തന്നെ കാണുമോ? സാധ്യതയില്ല. യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനം ന്യൂയോർക്ക് നഗരത്തിന് പുറത്തേക്കു മാറ്റാനുള്ള ആലോചനയിലാണ്. അതുകൊണ്ട് ഇത് അവിടെ തുടരണമോ വേണ്ടയോ എന്നു തീരുമാനിക്കുന്നത് ആ കെട്ടിടം വാങ്ങുന്നവരായിരിക്കും.
ആദ്യമായി ഈ കെട്ടിടങ്ങളുടെ മുകളിൽ ഇതുപോലെ ഒരടയാളം സ്ഥാപിച്ചത് ഇതിന്റെ മുൻ ഉടമകളാണ്, 70 വർഷങ്ങൾക്കു മുമ്പ്. 1969-ൽ കെട്ടിടം വാങ്ങിയ ശേഷം യഹോവയുടെ സാക്ഷികൾ അതിനെ ഇപ്പോൾ കാണുന്ന രൂപത്തിലേക്കു മാറ്റി.
ഇത് പ്രവർത്തനക്ഷമമാക്കി നിറുത്താൻ നല്ല പരിപാലനം ആവശ്യമാണ്. വർഷങ്ങളോളം വ്യത്യസ്ത തലമുറകളിൽപ്പെട്ട ആളുകൾ ആവശ്യമായപ്പോഴെല്ലാം അതിന് വേണ്ട അറ്റകുറ്റപണികൾ ചെയ്തു.
അവിടെ രാത്രിയിൽ ജോലി ചെയ്യുന്ന ഒരാൾ ഒരു സംഭവം ഓർക്കുന്നു: “ഒരു ദിവസം വൈകുന്നേരം ഒരു ടെലിവിഷൻ വാർത്താ സംവിധായകൻ ഞങ്ങളെ വിളിച്ചിട്ട് ക്ലോക്കിലെ സമയം 15 സെക്കന്റ് പിറകിലാണ് എന്നു പറഞ്ഞു. അന്ന് തന്റെ പരിപാടിയിൽ താൻ ആ ക്ലോക്കിനെക്കുറിച്ച് പറയാനിരിക്കുകയാണെന്നും അതുകൊണ്ട് അതിലെ സമയം ശരിയാക്കാമോ എന്നും അദ്ദേഹം ചോദിച്ചു. ഉടനെതന്നെ ഒരാൾ പാതിയുറക്കത്തിൽ ചെന്ന് സമയം ശരിയാക്കി!”
ഈ സംവിധാനം കൂടുതൽ കൃത്യവും പ്രയോജനകരവും ആക്കാൻ പല പ്രാവശ്യം മാറ്റങ്ങൾ വരുത്തി. 1980-കളുടെ മധ്യം വരെ സമയവും ഡിഗ്രി സെൽഷ്യസിൽ താപനിലയും മാറിമാറി കാണിക്കുന്നുണ്ടായിരുന്നു. എന്നാൽ പിന്നീട് താപനില ഫാരൻഹൈറ്റ്സെൽഷ്യസിൽ കൂടെ കാണിക്കാൻ തുടങ്ങി.
അടുത്തകാലംവരെ, ‘ദി വാച്ച്ടവർ’ എന്ന ഈ വാക്കുകൾ പ്രകാശിപ്പിക്കാനായി നിയോൺ വിളക്കുകളാണ് ഉപയോഗിച്ചുകൊണ്ടിരുന്നത്. എന്നാൽ അത് അത്ര കാര്യക്ഷമമല്ലായിരുന്നു. 2009-ൽ അത് മാറ്റി, പകരം പെട്ടെന്ന് കേടാകാത്തതും എന്നാൽ വളരെ കുറച്ച് വൈദ്യുതി മാത്രം വേണ്ടതും ആയ ഒരു സംവിധാനം ഏർപ്പെടുത്തി. അങ്ങനെ ഇപ്പോൾ, കേടുപോക്കൽ ഇനത്തിൽ പ്രതിവർഷം ഏകദേശം 2,40,000 രൂപ ലാഭിക്കുന്നു. കൂടാതെ വളരെ കുറച്ച് വൈദ്യുതിയും മതി.