ബെഥേൽ അലക്കുശാല: പഴന്തുണിമുതൽ സിൽക്ക് ടൈവരെ
യഹോവയുടെ സാക്ഷികളുടെ അമേരിക്കൻ ഐക്യനാടുകളിലുള്ള ബ്രാഞ്ച് ഓഫീസിന്റെ അലക്കുശാലയിൽ ചുറുചുറുക്കുള്ള ധാരാളം ചെറുപ്പക്കാർ ജോലി ചെയ്യുന്നുണ്ട്. ന്യൂയോർക്കിലെ ബ്രൂക്ലിൻ, പാറ്റേർസൺ, വാൾക്കിൽ എന്നീ മൂന്നു സ്ഥലത്തുംകൂടെ വർഷന്തോറും അവർ കഴുകിയെടുക്കുന്ന തുണികൾ എത്രയെന്നോ? ഏകദേശം 1,800 ടൺ! എന്നാൽ, ഈ അലക്കുശാലകളെ വ്യത്യസ്തമാക്കുന്ന ഒരു സവിശേഷത അവിടെ അലക്കിയെടുക്കുന്ന തുണികളുടെ വൈവിധ്യമാണ്.
ഓരോ പ്രവൃത്തിദിനത്തിലും ഐക്യനാടുകളിലെ ബെഥേലിൽ താമസിക്കുന്നവർ 2,300 ഷർട്ട്, 650 പാന്റ്സ്, ധാരാളം അടിവസ്ത്രങ്ങൾ, സോക്സുകൾ, ടീഷർട്ടുകൾ എന്നിങ്ങനെ 11,000-ത്തിലധികം തുണികൾ അലക്കാൻ കൊടുക്കുന്നു. ഡ്രൈക്ലീൻ ചെയ്യാനായി 900-ത്തോളം തുണികൾ വേറെയും.
ഇതിനു പുറമേ, ബെഡ്ഷീറ്റ്, ടവൽ, പുതപ്പ്, വെയ്റ്റർമാരുടെ യൂണിഫോം, ശുചീകരണത്തിന് ഉപയോഗിക്കുന്ന തുണിക്കഷണങ്ങൾ എന്നിവയെല്ലാം കുന്നുകണക്കിനാണു വരുന്നത്. എല്ലാം അലക്കി, ഉണക്കി അതാതു സ്ഥലത്ത് എത്തിച്ചുകൊടുക്കണം. തുടയ്ക്കാനുള്ള തുണികൾ കുറെ എണ്ണം ഒന്നിച്ച് അലക്കാം. എന്നാൽ, സിൽക്ക് ടൈകളും ബ്ലൗസുകളും അങ്ങനെയല്ല, ഓരോന്നും വെവ്വേറെ കൈകാര്യം ചെയ്യണം.
വസ്ത്രങ്ങൾ കീറിയിട്ടുണ്ടോ ബട്ടൺ പോയിട്ടുണ്ടോ എന്നൊക്കെ അലക്കുശാലയിൽ അവർ പരിശോധിക്കും. ബട്ടൺ മാറ്റി വെക്കണമെങ്കിൽ ചിലപ്പോൾ മെഷീൻ ഉപയോഗിച്ച് അതു ചെയ്യും; അല്ലെങ്കിൽ കൈകൊണ്ട് തയ്ക്കും. ഏതെങ്കിലും വസ്ത്രം നന്നാക്കാനോ അവയ്ക്ക് അല്ലറചില്ലറ മാറ്റങ്ങൾ വരുത്താനോ ഉണ്ടെങ്കിൽ സമർഥരായ തയ്യൽക്കാർ അത് ഏറ്റെടുക്കും.
അവിടെ കൈകാര്യം ചെയ്യുന്ന ആയിരക്കണക്കിനു വസ്ത്രങ്ങൾ ആരുടേതെല്ലാമാണെന്നു തിരിച്ചറിയുന്നതിന് അവയിൽ ഓരോന്നിലും മെഷീൻ ഉപയോഗിച്ച് ചെറിയൊരു ലേബൽ ഒട്ടിക്കും. ഓരോ ലേബലിലും ഒരു ബാർ കോഡുണ്ട്. ബാർ കോഡു വായിക്കുന്ന ഒരു യന്ത്രത്തിന്റെ സഹായത്തോടെ ഓട്ടോമാറ്റിക്കായി തുണികൾ തരംതിരിക്കും. അങ്ങനെ, അലക്കിത്തേച്ച തുണികൾ ഐക്യനാടുകളിലെ ഓരോ ബെഥേൽകുടുംബാംഗത്തിന്റെയും താമസസ്ഥലത്ത് കൃത്യമായി എത്തിക്കാനാകുന്നു.
അലക്കുശാലയിൽ പുതുതായി ജോലിക്കു വരുന്നവർക്ക് ഈ ജോലിയിൽ വൈദഗ്ധ്യം നേടിയിട്ടുള്ളവർ പരിശീലനം കൊടുക്കുന്നു. അവിടത്തെ 20 തരം ജോലികൾ പഠിച്ചെടുക്കാൻ അവർക്ക് അവസരമുണ്ട്. താരതമ്യേന എളുപ്പമെന്നു തോന്നുന്നതും അതേസമയം പഠിച്ചെടുക്കാൻ ബുദ്ധിമുട്ടുള്ളതും ആയ ഒന്നാണ് വസ്ത്രങ്ങളിലെ കറ കളയുന്ന പണി. പുതുതായി അവിടെയെത്തുന്നവർ, വ്യത്യസ്ത തരം തുണികളുടെ പ്രത്യേകതകളും ഓരോ തരം തുണിയിൽനിന്നും കറ കളയുന്നത് എങ്ങനെയെന്നും നന്നായി പഠിക്കേണ്ടതുണ്ട്.
ഒന്നര വർഷമായി അലക്കുശാലയിൽ ജോലി ചെയ്യുന്ന റ്റാഷ്, കൂടെ ജോലി ചെയ്യുന്നവരെക്കുറിച്ച് പറയുന്നു: “ഞങ്ങൾ എല്ലാവരും ഉറ്റ ചങ്ങാതിമാരാണ്. പല പശ്ചാത്തലങ്ങളിൽനിന്നുള്ള ആളുകളോടൊപ്പം ജോലി ചെയ്യുന്നത് എന്തു രസമാണെന്നോ!” അവിടെ ജോലി ചെയ്യുന്ന ഷെല്ലി പറയുന്നു: “ഞങ്ങളുടെ ബെഥേൽകുടുംബാംഗങ്ങളെ വൃത്തിയും വെടിപ്പും ഉള്ള വസ്ത്രങ്ങൾ ധരിക്കാൻ സഹായിക്കുന്നത് ഒരു പദവിയായി ഞാൻ കാണുന്നു.”