യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ചോഫീസുകൾ ലയിപ്പിക്കുന്നു
2012 സെപ്‌റ്റംബർ മുതൽ യഹോവയുടെ സാക്ഷികളുടെ 20-ലേറെ ബ്രാഞ്ചോഫീസുകളുടെ മേൽനോട്ടത്തിലുണ്ടായിരുന്ന കാര്യങ്ങൾ കൂടുതൽ വലിയ ബ്രാഞ്ചോഫീസുകൾക്കു കൈമാറിയിരിക്കുന്നു.
കൂടാതെ സെർബിയയിലും മാസിഡോണിയയിലും രണ്ടു പുതിയ ബ്രാഞ്ചുകൾ തുടങ്ങിയിരിക്കുന്നു. ഈ മാറ്റങ്ങൾക്കു പ്രധാനമായും രണ്ടു കാരണങ്ങളാണുള്ളത്.
1. സാങ്കേതിക വിദ്യ ജോലികൾ ഏറെ എളുപ്പമാക്കിയിരിക്കുന്നു
അച്ചടി സാങ്കേതികവിദ്യയിലും ആശയവിനിമയരംഗത്തും ഉണ്ടായ മുന്നേറ്റം കാരണം ചില ബ്രാഞ്ചോഫീസുകളിൽ ജോലി ചെയ്യാൻ ഇപ്പോൾ കുറച്ച് പേർ മതി. അങ്ങനെ, വലിയ ബ്രാഞ്ചോഫീസുകളിൽ ജോലി ചെയ്യുന്നവരുടെ എണ്ണം കുറഞ്ഞു. അപ്പോൾ മറ്റു രാജ്യങ്ങളിലെ ചെറിയ ബ്രാഞ്ചോഫീസുകളിൽ ഉണ്ടായിരുന്നവർക്കുംകൂടെ അവിടെ താമസിക്കാനുള്ള സൗകര്യം ലഭ്യമായി.
ഇതിന്റെ ഫലമായി ആ ബ്രാഞ്ചോഫീസുകളിൽ ഇപ്പോൾ ബൈബിൾ വിദ്യാഭ്യാസവേലയെ പിന്തുണയ്‌ക്കുന്ന പരിചയസമ്പന്നരായ യഹോവയുടെ സാക്ഷികൾ കൂടുതലുണ്ട്. ഉദാഹരണത്തിന് കോസ്റ്ററിക്ക, എൽ സാൽവഡോർ, ഗ്വാട്ടിമാല, ഹോണ്ടുറാസ്, നിക്കരാഗ്വ, പാനമ എന്നീ മധ്യ അമേരിക്കൻ രാജ്യങ്ങളിലെ പ്രസംഗവേലയുടെ മേൽനോട്ടം ഇപ്പോൾ മെക്‌സിക്കോയിലെ ബ്രാഞ്ചിനാണ്. അതുമൂലം ഈ ആറു രാജ്യങ്ങളിലെ ബ്രാഞ്ചോഫീസുകളുടെ പ്രവർത്തനം നിറുത്തി.
അവിടെയുണ്ടായിരുന്ന 40 യഹോവയുടെ സാക്ഷികളെ മെക്‌സിക്കോ ബ്രാഞ്ചിലേക്ക് മാറ്റി. 95 പേർ സ്വദേശത്തുതന്നെ താമസിച്ച് മുഴുസമയം പ്രസംഗശുശ്രൂഷ ചെയ്യാൻ തീരുമാനിച്ചു.
ബാക്കിയുള്ളവർ മെക്‌സിക്കോ ബ്രാഞ്ചിന്റെ മേൽനോട്ടത്തിൻകീഴിൽ പല പരിഭാഷാ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്നു. ഉദാഹരണത്തിന് പാനമയിൽ 20-ഓളം സാക്ഷികൾ തദ്ദേശീയ ഭാഷകളിലേക്കു പ്രസിദ്ധീകരണങ്ങൾ വിവർത്തനം ചെയ്യുന്നു. ഗ്വാട്ടിമാലയിലെ പഴയ ബ്രാഞ്ചോഫീസിൽ 16 സാക്ഷികൾ ചേർന്ന് നാല് പ്രാദേശിക ഭാഷകളിലേക്ക് പ്രസിദ്ധീകരണങ്ങൾ പരിഭാഷ ചെയ്യുന്നു. അങ്ങനെ, മധ്യ അമേരിക്കയിൽ നടന്ന ഈ പുനഃസംഘാടനം ബ്രാഞ്ചോഫീസ് അംഗങ്ങളുടെ എണ്ണം 300-ൽ നിന്ന് ഏതാണ്ട് 75 ആയി കുറച്ചു.
2. പ്രസംഗപ്രവർത്തനത്തിന് കൂടുതൽ പേർ ലഭ്യമാകും
ഈ ലയനം കാരണം മുമ്പ് ചെറിയ ബ്രാഞ്ചോഫീസുകളിൽ സേവിച്ചിരുന്ന യോഗ്യരായ ശുശ്രൂഷകർക്ക് ഇപ്പോൾ സുവാർത്ത പ്രസംഗിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാം.
ഇത്തരത്തിൽ സുവാർത്ത പ്രസംഗിക്കാനായി നിയമനം കിട്ടിയ, ആഫ്രിക്കയിൽനിന്നുള്ള ഒരു യഹോവയുടെ സാക്ഷി ഇങ്ങനെ എഴുതി: “പുതിയ സാഹചര്യങ്ങളുമായി എന്റെ ജീവിതരീതി ഇണക്കിയെടുക്കുക എന്നത് ആദ്യമാസങ്ങളിൽ അൽപ്പം ബുദ്ധിമുട്ടായിരുന്നു. എന്നാൽ എല്ലാ ദിവസവും ശുശ്രൂഷയിലായിരിക്കുന്നതു കാരണം എനിക്ക് അളവറ്റ സന്തോഷവും അനുഗ്രഹങ്ങളും ആസ്വദിക്കാൻ കഴിയുന്നു. ഇപ്പോൾ ഞാൻ 20 പേരെ ബൈബിൾ പഠിപ്പിക്കുന്നു. അവരിൽ ചിലർ സഭായോഗങ്ങൾക്കു വരികയും ചെയ്യുന്നു.”