വിവരങ്ങള്‍ കാണിക്കുക

വാച്ച്‌ടവർ ഫാമുകൾ—അഞ്ചു പതിറ്റാണ്ടിന്റെ വിളവെടുപ്പ്‌

വാച്ച്‌ടവർ ഫാമുകൾ—അഞ്ചു പതിറ്റാണ്ടിന്റെ വിളവെടുപ്പ്‌

അമേരിക്കയിലെ ന്യൂയോർക്ക്‌ സിറ്റിക്കു 145 കിലോമീറ്റർ (90 മൈൽ) വടക്കു മാറി, വാൾക്കിൽ എന്ന ചെറുഗ്രാമത്തിന്‌ അടുത്ത്‌, കുറച്ചു ഫാമുകളുണ്ട്‌. യഹോവയുടെ സാക്ഷികൾ ലോകം മുഴുവൻ നടത്തുന്ന ബൈബിൾ വിദ്യാഭ്യാസ പ്രവർത്തനത്തിൽ ഇവയ്‌ക്ക്‌ ഒരു പ്രധാനപ്പെട്ട പങ്കുണ്ട്‌. വാച്ച്‌ടവർ ഫാമുകൾ എന്ന്‌ ഇപ്പോൾ അറിയപ്പെടുന്ന ഈ ഫാമുകളിൽ ആദ്യത്തേത്‌ വാങ്ങിയത്‌ 50 വർഷത്തിനു മുമ്പായിരുന്നു; കൃത്യമായി പറഞ്ഞാൽ 1963 ജനുവരി 2-ന്‌.

ആദ്യത്തെ ഫാം വാങ്ങിയത്‌ എന്തിനായിരുന്നു? വാൾക്കിൽ ഫാമുകളുടെ തുടക്കംമുതൽ അവിടെ സേവനം ചെയ്യുന്ന ഡേവിഡ്‌ വാക്കർ (യഹോവയുടെ സാക്ഷികളിൽ ഒരാൾ.) പറയുന്നു: “ന്യൂയോർക്കിലെ ബ്രൂക്‌ലിനിലുള്ള ലോകാസ്ഥാനത്ത്‌ ധാരാളം ആളുകൾ സേവനം ചെയ്യാൻ വന്നുകൊണ്ടിരുന്നു. ചുരുങ്ങിയ ചെലവിൽ അവർക്കെല്ലാം ഭക്ഷണം എത്തിക്കണമായിരുന്നു. വടക്കൻ ന്യൂയോർക്കിലെ മറ്റൊരു ഫാമാണ്‌ യഹോവയുടെ സാക്ഷികൾ അന്ന്‌ ഉപയോഗിച്ചുകൊണ്ടിരുന്നത്‌. പക്ഷേ അവിടെനിന്ന്‌ സാധനങ്ങൾ ബ്രൂക്‌ലിനിൽ എത്തിക്കണമെങ്കിൽ ആറോ എട്ടോ മണിക്കൂർ യാത്ര ചെയ്യണമായിരുന്നു. വാൾക്കിലാണെങ്കിൽ രണ്ടു മണിക്കൂറിന്റെ ദൂരമേയുള്ളൂ. അങ്ങനെ ഇത്‌ ഏറ്റവും യോജിച്ച സ്ഥലമായി മാറി.” യഹോവയുടെ സാക്ഷികൾ ഈ ഫാമിൽ പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്‌തു. കൂടാതെ കോഴി, പന്നി, പോത്ത്‌ എന്നിവയെ വളർത്താനും വിവിധ പാൽ ഉത്‌പന്നങ്ങൾ ഉണ്ടാക്കാനും തുടങ്ങി. പിന്നീട്‌ വേറെ ചില ഫാമുകളും വാങ്ങി.

ലോകവ്യാപകമായി യഹോവയുടെ സാക്ഷികളുടെ എണ്ണം പിന്നെയുംപിന്നെയും വർധിച്ചു. അതുകൊണ്ട്‌, ഫാം തുടങ്ങി പത്തു വർഷത്തിനുള്ളിൽത്തന്നെ വാൾക്കിലിൽ ചില മാറ്റങ്ങൾ വരുത്തേണ്ടിവന്നു: കൃഷിയോടൊപ്പം പ്രസിദ്ധീകരണങ്ങളുടെ അച്ചടിയും ആരംഭിച്ചു. യേശു മുൻകൂട്ടിപ്പറഞ്ഞ ആത്മീയമായ കൊയ്‌ത്തിൽ ആ പ്രസിദ്ധീകരണങ്ങൾക്ക്‌ ഒരു വലിയ പങ്കുണ്ടായിരുന്നു. (മത്തായി 9:37; ലൂക്കോസ്‌ 10:2; യോഹന്നാൻ 4:35, 36) വാൾക്കിലിൽ ഉണ്ടായ ചില മാറ്റങ്ങൾ എന്തെല്ലാമാണെന്നു നോക്കാം.

അച്ചടി: 20-ാം നൂറ്റാണ്ടിന്റെ മധ്യകാലത്ത്‌ ന്യൂയോർക്കിലെ ബ്രൂക്‌ലിനിലാണ്‌ ഞങ്ങളുടെ അച്ചടിശാലയുണ്ടായിരുന്നത്‌. ഭൂരിപക്ഷം പ്രസിദ്ധീകരണങ്ങളും അവിടെനിന്നാണ്‌ അച്ചടിച്ചിരുന്നത്‌. പക്ഷേ ആവശ്യം കൂടിയപ്പോൾ ആ അച്ചടിശാല മതിയാകാതെവന്നു. അതുകൊണ്ട്‌ 1973-ൽ യഹോവയുടെ സാക്ഷികൾ വാൾക്കിലിൽ ഒരു അച്ചടിശാല സ്ഥാപിച്ചു. പിന്നീട്‌ പല തവണ അച്ചടിസൗകര്യങ്ങൾ മെച്ചപ്പെടുത്തി. 2004-ലും അത്തരത്തിലുള്ള ചില മാറ്റങ്ങൾ വരുത്തി.

കമ്പ്യൂട്ടർ സംവിധാനങ്ങൾ: 1979-ൽ വാൾക്കിലിലെ ഒരു കൂട്ടം യഹോവയുടെ സാക്ഷികൾ ഒരു പുത്തൻപുതിയ കമ്പ്യൂട്ടർ സംവിധാനം രൂപപ്പെടുത്തിയെടുത്തു. ബഹുഭാഷാ ഇലക്‌ട്രോണിക്‌ ഫോട്ടോ ടൈപ്പ്‌സെറ്റിങ്‌ സിസ്റ്റം [Multilanguage Electronic Publishing System (MEPS)] എന്നായിരുന്നു അതിന്റെ പേര്‌. 600-ലധികം ഭാഷകളിൽ ഇന്ന്‌ ബൈബിൾസാഹിത്യങ്ങൾ പ്രസിദ്ധീകരിക്കാൻ ഞങ്ങളെ സഹായിക്കുന്നത്‌ ഈ സംവിധാനമാണ്‌.

വിദ്യാഭ്യാസപ്രവർത്തനങ്ങൾ: 1988-ൽ വാച്ച്‌ടവർ ഗിലെയാദ്‌ ബൈബിൾ സ്‌കൂൾ (യഹോവയുടെ സാക്ഷികൾക്കുള്ള ഒരു പ്രത്യേക സ്‌കൂൾ.) ബ്രൂക്‌ലിനിൽനിന്ന്‌ വാൾക്കിലിലേക്കു മാറ്റി. ഒക്‌ടോബർ 17-നു ക്ലാസ്സുകൾ ആരംഭിച്ചു. പിന്നീട്‌, 1995-ൽ പാറ്റേഴ്‌സണിൽ വാച്ച്‌ടവർ വിദ്യാഭ്യാസ കേന്ദ്രം തുടങ്ങുന്നതുവരെ വാൾക്കിലിലാണു ഗിലെയാദ്‌ സ്‌കൂൾ നടന്നുപോന്നത്‌.

മറ്റു ഫാമുകളെപ്പോലെ ഇക്കഴിഞ്ഞ അമ്പതു വർഷംകൊണ്ട്‌ വാച്ച്‌ടവർ ഫാമുകളിലും ധാരാളം മാറ്റങ്ങൾ വന്നു; രീതികളും പ്രവർത്തനവിധവും പാടേ മാറി. എങ്കിലും, ന്യൂയോർക്കിലെ ബെഥേലിൽ സേവിക്കുന്ന യഹോവയുടെ സാക്ഷികൾക്ക്‌ ഗുണമേന്മയുള്ള ഭക്ഷണസാധനങ്ങൾ എത്തിക്കാൻ ഇന്നും ഈ ഫാമുകളിൽ കഠിനാധ്വാനം നടത്തുന്നു.

യഹോവയുടെ സാക്ഷികൾ വാൾക്കിലിൽ ഇപ്പോൾ ഒരു പുതിയ ഓഫീസ്‌ കെട്ടിടവും താമസിക്കാനുള്ള ഫ്‌ലാറ്റുകളും അനുബന്ധസജ്ജീകരണങ്ങളും നിർമിച്ചുവരുകയാണ്‌. ഇപ്പോഴുള്ള കെട്ടിടങ്ങൾ പുതുക്കിപ്പണിയുന്നുമുണ്ട്‌. ഈ പ്രവർത്തനങ്ങൾ വാച്ച്‌ടവർ ഫാമുകളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തും. അങ്ങനെ, ഭൂഗോളത്തിന്റെ ഈ ഭാഗത്ത്‌ യഹോവയുടെ സാക്ഷികളായിത്തീരുന്നവർക്ക്‌ ആത്മീയമായി സഹായങ്ങൾ കൊടുത്തുകൊണ്ടിരിക്കാൻ വാൾക്കിലിനു കഴിയും.

ഡേവിഡ്‌ വാക്കർ തുടരുന്നു: “കൊച്ചുകൊച്ചു തുടക്കങ്ങളിൽനിന്ന്‌ ഇക്കഴിഞ്ഞ 50 വർഷംകൊണ്ട്‌ വാൾക്കിൽ ഒരുപാടു വളർന്നു. ലോകത്തെങ്ങുമുള്ള ആളുകളെ ബൈബിൾസന്ദേശം പഠിപ്പിക്കാൻ വാൾക്കിൽ കുറച്ചൊന്നുമല്ല സഹായിച്ചിരിക്കുന്നത്‌!”