അയൽക്കാർക്ക് സഹായഹസ്തവുമായി ഇറ്റലിയിലെ സാക്ഷികൾ
വടക്കൻ ഇറ്റലിയിൽ 2016 നവംബർ അവസാനമുണ്ടായ പെരുമഴയിൽ മോങ്കാല്യേറി പട്ടണത്തിന് തെക്കുള്ള ചില ഗ്രാമങ്ങൾ വെള്ളത്തിൽ മുങ്ങി. ചില സ്ഥലങ്ങളിൽ അര മീറ്ററിനു (1.6 അടി) മേൽ വെള്ളം കയറി. “വെള്ളപ്പൊക്കം ആരെയും ഒന്നിനെയും വെറുതെ വിട്ടില്ല” എന്ന് ഒരു പത്രം റിപ്പോർട്ടു ചെയ്തു. ഏകദേശം 1,500 പേരെ അധികാരികൾ അവിടെനിന്ന് ഉടനടി ഒഴിപ്പിച്ചു. രക്ഷാപ്രവർത്തകർ പെട്ടെന്നു പ്രവർത്തിച്ചതുകൊണ്ട് ആളപായമൊന്നും സംഭവിച്ചില്ല. എങ്കിലും അനേകം കുടുംബങ്ങൾക്ക് അവരുടെ വസ്തുവകകൾ നഷ്ടമായി.
ആശ്വാസവുമായി ടീമുകൾ
അവിടെയുള്ള സാക്ഷികൾ പെട്ടെന്നുതന്നെ ടീമുകളായി പണി തുടങ്ങി. ദുരിതബാധിതരുടെ വീട്ടിൽനിന്ന് ചെളിയും മറ്റു മാലിന്യങ്ങളും നീക്കി വീട്ടുസാധനങ്ങളെല്ലാം ശരിയാക്കിക്കൊടുത്തു. ഒരു ദുരിതബാധിത കുടുംബത്തിന്റെ അടുത്തേക്ക് ഉപകരണങ്ങളും ഭക്ഷണവും ആയി ഒരു ടീം പോകുകയായിരുന്നു. അടച്ചിട്ടിരുന്ന ഒരു വഴി തുറന്നുകൊടുത്തുകൊണ്ട് അധികാരികൾ അവരെ മുന്നോട്ട് പോകാൻ അനുവദിച്ചു. സന്നദ്ധസേവകർ സാക്ഷികളെയും മറ്റു മതവിശ്വാസികളായ അവരുടെ അയൽക്കാരെയും സഹായിച്ചു.
ഒരു കെട്ടിടത്തിന്റെ നിലവറ നിറയെ വെള്ളം കയറി. രക്ഷാപ്രവർത്തകർ അവിടെയുണ്ടായിരുന്ന വെള്ളം പമ്പ് ചെയ്ത് പുറത്ത് കളഞ്ഞു. സാക്ഷികളുടെ ഒരു വലിയ ടീം അന്റോണിയോയെയും കുടുംബത്തെയും നിലവറയിലുള്ള മാലിന്യങ്ങൾ വൃത്തിയാക്കാൻ സഹായിച്ചു. പിന്നെ അവർ ആ കെട്ടിടത്തിലെ സാക്ഷികളല്ലാത്ത മറ്റു താമസക്കാരെയും സഹായിച്ചു. അവർ വരിവരിയായി നിന്ന് സാധനങ്ങൾ കൈമാറിക്കൊണ്ട് ഏതാനും മണിക്കൂറിനുള്ളിൽ എല്ലാ നിലവറയും കാലിയാക്കി. എല്ലാവരും ഈ സഹായത്തെ അതിയായി അഭിനന്ദിച്ചു. അവിടെ താമസിച്ചിരുന്ന വിവ്യാന അന്റോണിയോയുടെ ഭാര്യയോട് നിറകണ്ണുകളോടെ ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ സഹോദരങ്ങളോടു ഞങ്ങളുടെ നന്ദി അറിയിക്കണം. നിങ്ങൾ തികച്ചും വ്യത്യസ്തരാണ്!”
വെള്ളപ്പൊക്കം വല്ലാതെ ബാധിച്ച ഒരു ഗ്രാമത്തിൽ, ദുരിതബാധിതരെ സാക്ഷികളുടെ ടീമുകൾ സഹായിക്കുന്നതു കണ്ടപ്പോൾ അവിടെയുണ്ടായിരുന്ന ചിലർ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു മുന്നോട്ടു വന്നു. ടീമിനെ നയിച്ചിരുന്ന വ്യക്തിയുടെ നിർദേശങ്ങൾ അവർ സന്തോഷത്തോടെ പിൻപറ്റി.
“വലിയ സഹായത്തിനു” നന്ദി
ഒരാളുടെ വീടിനു കാര്യമായ കേടുപാട് സംഭവിച്ചു. അദ്ദേഹത്തിന്റെ ഗ്യാരേജ് ചെളികൊണ്ട് മൂടിപ്പോയി. ഗ്യാരേജിൽനിന്ന് അഴുക്കും ചെളിയും മാറ്റാൻ എട്ടു സാക്ഷികൾ നാലു മണിക്കൂർ നിറുത്താതെ പണിയെടുത്തതു കണ്ട അദ്ദേഹത്തിന് അത്ഭുതം തോന്നി. വിലമതിപ്പോടെ അദ്ദേഹം ചിലരെ കെട്ടിപ്പിടിച്ചു, അവരുടെ “വലിയ സഹായത്തിനു” നന്ദി പറഞ്ഞുകൊണ്ട് സമൂഹമാധ്യമങ്ങളിൽ ഒരു സന്ദേശവും ഇട്ടു.
സാക്ഷികളിൽ ഒരാൾ പറയുന്നു: “സാക്ഷികളല്ലാത്ത അനേകം അയൽക്കാരെ ഞങ്ങൾ സഹായിച്ചു. അവരിൽ പലരും 90-നോട് അടുത്ത് പ്രായമുള്ളവരാണ്. ഞങ്ങളോടു നന്ദി പറഞ്ഞപ്പോൾ അവരിൽ പലരുടെയും കണ്ണുകൾ നിറഞ്ഞു.” അവിടത്തെ കത്തോലിക്ക പള്ളിയിൽ സജീവമായിരുന്ന ഒരാൾ ഈ സഹായം എത്രത്തോളം വിലമതിക്കുന്നുണ്ടെന്നു പറഞ്ഞശേഷം ഇങ്ങനെ കൂട്ടിച്ചേർത്തു: “നമ്മുടെ വിശ്വാസങ്ങൾ വ്യത്യസ്തമാണെങ്കിലും നമ്മൾ പരസ്പരം സഹായിച്ചു. അത് കൊള്ളാം.” മറ്റൊരാൾ പറഞ്ഞു: “സഹായം നൽകുന്നവരായി അറിയപ്പെടുന്നതിനു പകരം ഞായറാഴ്ച രാവിലെകളിൽ വീട്ടിൽ വന്നു മുട്ടുന്നവരായി മാത്രം നിങ്ങൾ അറിയപ്പെടുന്നതിൽ എനിക്കു വിഷമമുണ്ട്.”