സ്‌കൈ ടവറിൽ ഒരു ആത്മഹത്യാശ്രമത്തിനു തടയിട്ടപ്പോൾ
ന്യൂസിലൻഡിലെ ഓക്‌ലൻഡിൽ 328 മീറ്റർ (1,076 അടി) ഉയരെ തല ഉയർത്തി നിൽക്കുന്ന സ്‌കൈ ടവർ എന്ന കെട്ടിടം. അതിൽനിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ഒരുങ്ങിയ ഒരു മാനസികരോഗിയെ യഹോവയുടെ സാക്ഷികളിൽപ്പെട്ട ഗ്രയോം ബ്രൗണി എന്ന 80-കാരൻ പിന്തിരിപ്പിച്ചു. “യഹോവയുടെ സാക്ഷികളിൽ ആരോടെങ്കിലും സംസാരിക്കണമെന്ന് അയാൾ പറഞ്ഞപ്പോൾ പോലീസ് എന്നെ വിളിച്ച് സഹായിക്കാൻ പറ്റുമോ എന്നു ചോദിച്ചു,” ഗ്രയോം പറയുന്നു.
“സ്‌കൈ ടവറിലെ ജോലിക്കാർ എന്നെ സുരക്ഷാബെൽറ്റ് ധരിപ്പിച്ചു; നീളമുള്ള ഒരു ചരടിൽ എന്റെ ബൈബിളും കെട്ടിത്തന്നു. പിന്നെ, കാഴ്ചകൾ കാണാൻവേണ്ടി നിർമിച്ചിട്ടുള്ള ഒരു തട്ടിലേക്ക് പോലീസ് എന്നെ കൊണ്ടുപോയി; തറയിൽനിന്ന് 192 മീറ്റർ (630 അടി) ഉയരത്തിലായിരുന്നു ആ തട്ട്. ചുറ്റും നല്ല തണുത്ത കാറ്റ്! ചാടുമെന്നു ഭീഷണി മുഴക്കിയ ആ ആൾ അൽപ്പം അകലെയായി ഇടുങ്ങിയ നടപ്പാലത്തിൽ, താഴേക്കു കാലും തൂക്കിയിട്ട് ഇരിക്കുകയാണ്.
“ഞാനൊരു യഹോവയുടെ സാക്ഷിയാണെന്നും അദ്ദേഹത്തെ സഹായിക്കാൻ ആഗ്രഹമുണ്ടെന്നും ഞാൻ വിളിച്ചുപറഞ്ഞു. പിന്നെ, ഒരു നിമിഷം മൗനമായി പ്രാർഥിച്ചിട്ട് ബൈബിൾ തുറന്ന് അദ്ദേഹത്തോടു സംസാരിക്കാൻ തുടങ്ങി.
“ജീവൻ എത്ര പരിപാവനമാണെന്നു ഞാൻ വിശദീകരിച്ചു. അടുത്തകാലത്ത് ഞങ്ങളുടെ രാജ്യഹാളിൽ ഞാൻ അതേക്കുറിച്ച് ഒരു പ്രസംഗം നടത്തിയിരുന്നു.
“‘ദൈവം താങ്കളെ വളരെ വിലയേറിയവനായിട്ടാണു കാണുന്നത്,’ ഞാൻ പറഞ്ഞു. ‘താങ്കൾക്ക് നല്ലൊരു സമ്മാനവും തന്നിട്ടുണ്ട്—ജീവൻ. ആ സമ്മാനം തന്നതിനു നന്ദിയുണ്ടെന്ന് ഒന്നു കാണിച്ചുകൂടേ? ദയവായി, ആ സുരക്ഷാവേലിയുടെ ഇപ്പുറത്തേക്കു വരൂ.’
“പല ബൈബിൾവാക്യങ്ങൾ ഞാൻ വായിച്ച് കേൾപ്പിച്ചു. അതിലൊന്നായിരുന്നു യോഹന്നാൻ 3:16. അവിടെ പറയുന്നു: ‘തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് അവനെ നൽകുവാൻ തക്കവണ്ണം ദൈവം ലോകത്തെ അത്രമേൽ സ്നേഹിച്ചു.’
“‘കണ്ടോ, ദൈവം താങ്കളെ വളരെയധികം സ്നേഹിക്കുന്നുണ്ട്; താങ്കൾ ജീവിച്ചിരിക്കണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്,’ ഞാൻ പറഞ്ഞു.
“ആദ്യമൊന്നും, ഞാൻ പറയുന്നത് അദ്ദേഹം ശ്രദ്ധിക്കുന്നതായി തോന്നിയില്ല. അതുകൊണ്ട്, എങ്ങനെയെങ്കിലും അദ്ദേഹത്തിന്റെ മനസ്സുമാറ്റാൻ സഹായിക്കേണമേ എന്നു ഞാൻ മൗനമായി യഹോവയോടു പ്രാർഥിച്ചു. അവസാനം അദ്ദേഹം അവിടെനിന്ന് എഴുന്നേറ്റ് മെല്ലെ എന്റെ അടുത്തേക്കു നീങ്ങി. അദ്ദേഹം വല്ലാതെ അസ്വസ്ഥനായിരുന്നു.
“‘അടുത്തയിടെ യഹോവയുടെ സാക്ഷികൾ വീട്ടിൽ വന്നപ്പോൾ അവർക്കു പറയാനുള്ളത് ശ്രദ്ധിക്കാതെ ഞാൻ അവരെ പറഞ്ഞുവിട്ടു,’ അദ്ദേഹം പറഞ്ഞു. ‘എനിക്കതിൽ വല്ലാത്ത വിഷമമുണ്ട്. എന്നോടു ക്ഷമിക്കില്ലേ?’
“‘അതോർത്ത് വിഷമിക്കേണ്ടാ; സാക്ഷികളാകുന്നതിനു മുമ്പ് ഞങ്ങളിൽ ചിലരും അങ്ങനെയൊക്കെ ചെയ്തിട്ടുള്ളതാ,’ ഞാൻ പറഞ്ഞു. ‘യഹോവ താങ്കളോടു ക്ഷമിക്കും, ഉറപ്പാ.’
“‘നന്ദി, വലിയൊരു ഭാരം ഇറങ്ങിപ്പോയതുപോലുണ്ട് ഇപ്പോൾ,’ അദ്ദേഹം പറഞ്ഞു.
“‘പക്ഷേ, താങ്കൾ അവിടെത്തന്നെ നിൽക്കുന്നതിൽ എനിക്കു വല്ലാത്ത പേടി തോന്നുന്നു,’ ഞാൻ തുടർന്നു. ‘ഞാൻ സുരക്ഷാബെൽറ്റ് ധരിച്ചിട്ടുണ്ട്. പക്ഷേ, താങ്കളുടെ കാൽ ഒന്നു തെറ്റിയാൽ, വിലയേറിയ ജീവനാണു നഷ്ടപ്പെടാൻ പോകുന്നത്. യഹോവയെ അതു വളരെ സങ്കടപ്പെടുത്തും! അതുകൊണ്ട്, സുരക്ഷാവേലിയുടെ ഇപ്പുറത്തേക്ക് വരൂ.’
“അതോടെ, അദ്ദേഹം ആകെ മാറി. ‘ശരി, ഞാൻ വരാം’ അദ്ദേഹം ശാന്തമായി പറഞ്ഞു.
“ഞാൻ നിൽക്കുന്ന തട്ടിലേക്ക് അദ്ദേഹം വന്നു. പോലീസ് ഉടനെ സുരക്ഷിതമായ ഒരു സ്ഥാനത്തേക്ക് അദ്ദേഹത്തെ മാറ്റിനിറുത്തി. ഞങ്ങൾ സംസാരിക്കാൻതുടങ്ങിയിട്ട് അപ്പോഴേക്കും ഏതാണ്ട് ഒരു മണിക്കൂറായിരുന്നു.”
യഹോവയുടെ സാക്ഷികൾ ആളുകളെ, പ്രത്യേകിച്ച് കഷ്ടതയിലായിരിക്കുന്നവരെ, ആത്മാർഥമായി സഹായിക്കാറുണ്ട്. ലോകമെങ്ങും അവർ ബൈബിളിന്റെ സഹായത്തോടെ ആളുകൾക്കു പ്രതീക്ഷയും ആശ്വാസവും പകരുന്നു, ദൈവം അവരെ സഹായിക്കുമെന്ന ഉറപ്പും നൽകുന്നു.