തടവുകാരെ സഹായിച്ചതിന് യഹോവയുടെ സാക്ഷികളെ ആദരിച്ചു
ഓസ്ട്രേലിയയിലെ അനധികൃതതാമസക്കാരുടെ തടവുകേന്ദ്രങ്ങളിൽ ഒന്നിലുള്ള ആളുകൾക്ക് “മെച്ചമായ സേവനം” നൽകിയതിന് ഒൻപത് യഹോവയുടെ സാക്ഷികൾക്ക് അഭിനന്ദനപത്രം കൊടുക്കുകയുണ്ടായി. പശ്ചിമ ഓസ്ട്രേലിയയിലെ ഡെർബിക്ക് അടുത്തുള്ള കെർറ്റെൻ ഇമിഗ്രഷേൻ ഡിറ്റെൻഷൻ സെന്റർ ആണ് ഈ അവാർഡ് നൽകിയത്. a
ഓരോ ആഴ്ചയും സാക്ഷികൾ തടവുകാരെ സന്ദർശിക്കും. അവർ അവരുടെ അനുഭവങ്ങൾ കേൾക്കുകയും ബൈബിളിലെ ആശ്വാസവും പ്രത്യാശയും പകരുന്ന സന്ദേശം പങ്കുവെക്കുകയും ചെയ്യും. “അവരുടെ സന്ദർശനത്തിന്റെ ഫലം വളരെ പ്രകടമായിരുന്നു” എന്ന് ആ കേന്ദ്രത്തിലെ മത-സാംസ്കാരിക ഓഫീസറായ ക്രിസ്റ്റഫർ റിഡോക്ക് പറഞ്ഞു. ഓരോ സന്ദർശനം കഴിയുമ്പോഴും തടവുകാരുടെ മാനസികാവസ്ഥ മെച്ചപ്പെടുകയും കൂടുതൽ സന്തോഷമുള്ളവരായിത്തീരുകയും ചെയ്യുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “തങ്ങളുടെ ക്ഷേമത്തിൽ യഥാർഥതാത്പര്യമുള്ള ആളുകൾ വെളിയിലുണ്ട് എന്ന ബോധം” ആണ് അതിനു കാരണം എന്നും അദ്ദേഹം പറയുന്നു.
“ഞങ്ങളുടെ സംരക്ഷണയിലുള്ള ആളുകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന്റെ” ചെറിയൊരു നന്ദിപ്രകടനം മാത്രമാണ് ഈ അഭിനന്ദനപത്രം എന്ന് റിഡോക്ക് പറയുന്നു. സാക്ഷികൾ “അവരുടെതന്നെ കുടുംബങ്ങൾക്കും സഭയ്ക്കും അഭിമാനമാണ്, അവർ പിൻപറ്റുന്ന വിശ്വാസത്തിന് അത് മാറ്റുകൂട്ടുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
a ഈ കേന്ദ്രത്തിൽ 1,500-ഓളം പേരെ ഉൾക്കൊള്ളാനാകും