വിവരങ്ങള്‍ കാണിക്കുക

കർത്തവ്യ​ബോ​ധ​ത്തോ​ടെ പ്രവർത്തി​ച്ച ഒരു അഗ്നിശമന പ്രവർത്ത​കൻ

കർത്തവ്യ​ബോ​ധ​ത്തോ​ടെ പ്രവർത്തി​ച്ച ഒരു അഗ്നിശമന പ്രവർത്ത​കൻ

2014 ജനുവരി 5 ഞായറാ​ഴ്‌ച. ഫ്രാൻസി​ലെ പാരീ​സി​ന​ടുത്ത്‌ നടന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ സമ്മേള​ന​ത്തിൽ സംബന്ധി​ക്കാ​നാ​യി ബസ്സിൽ യാത്ര ചെയ്യു​ക​യാ​യി​രു​ന്നു സെർഷ്‌ ഷെറാർഡിൻ. പെട്ടെ​ന്നാണ്‌ അതിദാ​രു​ണ​മാ​യ ഒരു കാറപ​ക​ടം അദ്ദേഹ​ത്തി​ന്റെ കണ്മുന്നിൽ സംഭവി​ച്ചത്‌. സംഭവ​ത്തെ​ക്കു​റിച്ച്‌ അദ്ദേഹം പറയുന്നു: “പാലത്തിൽ സംരക്ഷ​ണ​ത്തി​നാ​യി വെച്ചി​രു​ന്ന കോൺക്രീറ്റ്‌ പ്രതി​രോ​ധ​ത്തിൽ മുട്ടിയ കാർ വായു​വിൽ ഉയർന്നു​പൊ​ങ്ങി​യിട്ട്‌ പാലത്തിൽ ചെന്നി​ടി​ച്ചു. പെട്ടെന്ന്‌ തീ ആളിപ്പ​ടർന്നു, അതു തലകീ​ഴാ​യി മറിഞ്ഞു.”

40-ലധികം വർഷമാ​യി അഗ്നിശമന വിഭാ​ഗ​ത്തിൽ പ്രവർത്തി​ക്കു​ന്ന ആളാണ്‌ സെർഷ്‌. അതിന്റെ ക്യാപ്‌റ്റ​നാ​യ അദ്ദേഹ​ത്തി​ന്റെ കർത്തവ്യ​ബോ​ധം നൊടി​യി​ട​യിൽ ഉണർന്നു എന്നു പറയേ​ണ്ട​തി​ല്ല​ല്ലോ. പിന്നെ സംഭവി​ച്ചത്‌ അദ്ദേഹം പറയുന്നു: “ഹൈ​വേ​യു​ടെ എതിർവ​ശ​ത്തു​കൂ​ടി​യാണ്‌ ഞങ്ങളുടെ വാഹനം സഞ്ചരി​ച്ചി​രു​ന്ന​തെ​ങ്കി​ലും അതു നിറു​ത്താൻ ഞാൻ ഡ്രൈ​വ​റോ​ടു പറഞ്ഞു; എന്നിട്ട്‌, കത്തി​ക്കൊ​ണ്ടി​രു​ന്ന ആ കാറിന്‌ അടു​ത്തേക്ക്‌ ഞാൻ ഓടി​ച്ചെ​ന്നു.” “രക്ഷിക്കണേ!, രക്ഷിക്കണേ!” എന്ന്‌ ആളുകൾ നിലവി​ളി​ക്കു​ന്നത്‌ അദ്ദേഹം കേട്ടു. അദ്ദേഹം തുടരു​ന്നു: “ഞാനാ​ക​ട്ടെ, കോട്ടും ടൈയും ഒക്കെ ധരിച്ചി​രു​ന്നു. രക്ഷാ​പ്ര​വർത്ത​ന​ത്തി​നു​ള്ള ഉപകര​ണ​ങ്ങ​ളാ​ണെ​ങ്കിൽ എന്റെ കൈവശം ഉണ്ടായി​രു​ന്നു​മി​ല്ല. എങ്കിലും ആളുക​ളു​ടെ നിലവി​ളി കേട്ട​പ്പോൾ അവർ ഇപ്പോ​ഴും രക്ഷപ്പെ​ടു​ത്താ​വു​ന്ന അവസ്ഥയി​ലാ​ണെന്ന്‌ എന്റെ മനസ്സു പറഞ്ഞു.”

കാറിനു ചുറ്റും നടന്ന സെർഷ്‌ കണ്ടത്‌ അപകട​ത്തിൽ പകച്ചു​പോ​യ അതിലെ ഒരു യാത്ര​ക്കാ​ര​നെ​യാണ്‌. അദ്ദേഹത്തെ പെട്ടെ​ന്നു​ത​ന്നെ സുരക്ഷി​ത​സ്ഥാ​ന​ത്തേ​ക്കു മാറ്റി. “രണ്ടു​പേർകൂ​ടി കാറി​ലു​ണ്ടെന്ന്‌ അദ്ദേഹം എന്നോടു പറഞ്ഞു. അപ്പോ​ഴേ​ക്കും കുറെ കാറുകൾ എത്തി. പക്ഷേ, ഭയങ്കര ചൂടും തീയും കാരണം ആർക്കും അങ്ങോ​ട്ട​ടു​ക്കാൻ കഴിഞ്ഞില്ല.”

തീ കെടു​ത്താ​നു​ള്ള ഉപകര​ണ​ങ്ങ​ളു​മാ​യി പല ലോറി ഡ്രൈ​വർമാ​രും വന്നു. സെർഷി​ന്റെ നിർദേ​ശ​പ്ര​കാ​രം അവ ഉപയോ​ഗിച്ച്‌ താത്‌കാ​ലി​ക​മാ​യി കാറിലെ തീ കെടു​ത്താൻ കഴിഞ്ഞു. കാറിന്റെ ഡ്രൈവർ വാഹന​ത്തി​ന​ടി​യിൽ പെട്ടു​പോ​യി​രു​ന്നു. സെർഷും മറ്റുള്ള​വ​രും ചേർന്ന്‌ കാർ ഉയർത്തി ഡ്രൈ​വ​റെ വലിച്ചു പുറ​ത്തെ​ടുത്ത്‌ അപകട​സ്ഥ​ല​ത്തു​നി​ന്നു മാറ്റി.

സെർഷ്‌ പറയുന്നു: “പെട്ടെന്ന്‌ തീ വീണ്ടും ആളിക്ക​ത്താൻ തുടങ്ങി! പക്ഷേ, മറ്റൊ​രാൾ അപ്പോ​ഴും കാറിന്റെ സീറ്റ്‌ ബെൽറ്റിൽ തലകീ​ഴാ​യി തൂങ്ങി​ക്കി​ട​ക്കു​ക​യാണ്‌.” അപ്പോ​ഴേ​ക്കും വേറൊ​രു അഗ്നിശമന പ്രവർത്ത​ക​നും സ്ഥലത്തെത്തി. അദ്ദേഹം ഡ്യൂട്ടി​യിൽ അല്ലായി​രു​ന്ന​തു​കൊണ്ട്‌ ബൈക്ക്‌ ഓടി​ക്കു​മ്പോൾ ഇടുന്ന ലതർകോ​ട്ടും ധരിച്ചാ​ണു വന്നത്‌. സെർഷ്‌ തുടരു​ന്നു: “മിക്കവാ​റും കാർ പൊട്ടി​ത്തെ​റി​ച്ചേ​ക്കു​മെന്നു ഞാൻ പറഞ്ഞു. കാറി​നു​ള്ളിൽ കുടു​ങ്ങി​യി​രി​ക്കു​ന്ന ആ യാത്ര​ക്കാ​ര​നെ കൈയിൽ പിടി​ച്ചു​വ​ലിച്ച്‌ പുറ​ത്തേ​ക്കി​റ​ക്കാൻ ഞങ്ങൾ തീരു​മാ​നി​ച്ചു. പെട്ടെ​ന്നു​ത​ന്നെ ഞങ്ങൾ അതു ചെയ്‌തു.” പിന്നെ, ഒരു മിനി​ട്ടു​പോ​ലും ആയില്ല, കാർ പൊട്ടി​ത്തെ​റി​ച്ചു.

താമസി​യാ​തെ അഗ്നിശ​മ​ന​സേ​ന​യും ഡോക്‌ടർമാ​രും എത്തി, അവർ തീ അണയ്‌ക്കു​ക​യും അപകട​ത്തിൽപ്പെ​ട്ട​വർക്ക്‌ വേണ്ട ചികിത്സ നൽകു​ക​യും ചെയ്‌തു. സെർഷി​നാ​ക​ട്ടെ, കൈകൾക്കേറ്റ മുറി​വി​നും പൊള്ള​ലി​നും പ്രഥമ​ശു​ശ്രൂ​ഷ ലഭിച്ചു. സമ്മേള​ന​ത്തി​നു പോകാൻവേ​ണ്ടി തിരികെ ബസ്സി​ലെ​ത്തി​യ സെർഷി​നോട്‌ പലരും ഓടി​വന്ന്‌ നന്ദി പറഞ്ഞു.

താൻ അവിടെ ഉണ്ടായി​രു​ന്നത്‌ എത്ര നന്നാ​യെന്ന്‌ സെർഷ്‌ ചിന്തി​ക്കു​ന്നു. “ആ ആളുക​ളു​ടെ ജീവന്റെ കാര്യ​ത്തിൽ എനിക്ക്‌ എന്റെ ദൈവ​മാ​യ യഹോ​വ​യു​ടെ മുന്നിൽ ഉത്തരവാ​ദി​ത്വ​മു​ണ്ടെന്നു തോന്നി. ആ മനുഷ്യ​രു​ടെ ജീവൻ രക്ഷിക്കാ​നാ​യ​ല്ലോ എന്നോർക്കു​മ്പോൾ ചാരി​താർഥ്യ​മുണ്ട്‌.”