JW.ORG—ജീവിതം മെച്ചപ്പെടുത്തുന്നു
ലോകമെങ്ങുമുള്ള ആളുകൾ jw.org വെബ്സൈറ്റിൽനിന്നു പ്രയോജനം നേടുന്നുണ്ട്. യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തിൽ വെബ്സൈറ്റിനെക്കുറിച്ച് 2014 മെയ് മാസം വരെ ലഭിച്ചിരിക്കുന്ന ഏതാനും ചില അഭിനന്ദനവാക്കുകളാണ് താഴെ കൊടുത്തിരിക്കുന്നത്.
കുട്ടികൾക്കുവേണ്ടി
“നഴ്സറിയിൽ പഠിക്കുന്ന എന്റെ കുട്ടി വീട്ടിലേക്കു തിരിച്ചു വരുമ്പോൾ അവന്റെ കൂട്ടുകാരുടെ പെൻസിലുകളും കളിപ്പാട്ടങ്ങളും കളിക്കണ്ണടകളും ഒക്കെ എടുത്തുകൊണ്ടു വരാറുണ്ട്. അത് മോഷണം തന്നെയാണെന്നും മോഷണം തെറ്റാണെന്നും അവനെ പറഞ്ഞു മനസ്സിലാക്കാൻ പലതവണ ശ്രമിച്ചുനോക്കി. അതൊന്നും ഫലം കണ്ടില്ല. അങ്ങനെയിരിക്കെയാണ് മോഷണം തെറ്റാണ് എന്ന വീഡിയോ jw.org വെബ്സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്തത്. വളരെ ഫലപ്രദമായൊരു വീഡിയോ ആയിരുന്നു അത്, അവന്റെ രോഗത്തിനു പറ്റിയ മരുന്ന്! ഇത് കണ്ടതോടെ ദൈവത്തിന്റെ ദൃഷ്ടിയിൽ മോഷണം തെറ്റാണെന്ന് അവന് ബോധ്യപ്പെട്ടു. അതുകൊണ്ട്, എടുത്തുകൊണ്ടുവന്ന സാധനങ്ങൾ തിരിച്ചുകൊടുക്കാമെന്നു പറയുകയും ചെയ്തു. ഈ വെബ്സൈറ്റ് ഞങ്ങളെ എത്രയധികം സഹായിച്ചെന്നോ!”—ഡി. എൻ., ആഫ്രിക്ക.
“jw.org വെബ്സൈറ്റിലെ മോഷണം തെറ്റാണ് എന്ന വീഡിയോ ... വളരെ ഫലപ്രദമായ ഒന്നായിരുന്നു, അവന്റെ രോഗത്തിനു പറ്റിയ മരുന്ന്!”
“എന്റെ കുട്ടികൾക്ക് ഈ വെബ്സൈറ്റ് വളരെ ഇഷ്ടമാണ്. അതിൽനിന്നും അനിമേഷനോടു കൂടിയ ചില ഹ്രസ്വ വീഡിയോകൾ അവർ ഡൗൺലോഡ് ചെയ്യാറുണ്ട്. അതിലൂടെ നുണ പറയുന്നതിന്റെയും മോഷ്ടിക്കുന്നതിന്റെയും അപകടങ്ങളെക്കുറിച്ചുള്ള ബൈബിൾതത്ത്വങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ അവർക്കു കഴിയുന്നു. ജീവിതത്തിൽ ഉടനീളം പ്രയോജനപ്പെടുന്ന മൂല്യവത്തായ മറ്റു ഗുണങ്ങളും വളർത്തിയെടുക്കാൻ പഠിച്ചുകൊണ്ട് അവർ സമൂഹത്തിന് ഒരു മുതൽക്കൂട്ടായിത്തീരുന്നു.”—ഓ. ഡബ്ലിയു., വെസ്റ്റ് ഇൻഡീസ്.
സ്കൂൾകുട്ടികൾക്കുവേണ്ടി
“സ്കൂളിൽ പോകുന്നത് എനിക്ക് ഇഷ്ടമല്ലായിരുന്നു. പഠനം നിറുത്തിയാലോ എന്നുപോലും ഞാൻ ചിന്തിച്ചു. എന്നാൽ, ഒരു ദിവസം jw.org വെബ്സൈറ്റിൽ ‘ഞാൻ പഠിപ്പു നിറുത്തണോ?’ എന്ന ഒരു ലേഖനം വായിക്കാനിടയായി. അത് സ്കൂൾ ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് ആകെ മാറ്റി. സ്കൂളിൽ പോകുന്നത് ഭാവി പരുവപ്പെടുത്താനും ഉത്തരവാദിത്വമുള്ള ഒരു വ്യക്തിയാകാനും എന്നെ സഹായിക്കുമെന്ന് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു.”—എൻ. എഫ്., ആഫ്രിക്ക.
“വെബ്സൈറ്റിൽ നൽകിയിരിക്കുന്ന യുവജനങ്ങൾക്കായുള്ള മാർഗനിർദേശങ്ങൾ സ്കൂളിൽ നല്ല പെരുമാറ്റമുള്ളവനായിരിക്കാൻ എന്നെ സഹായിച്ചു”
“വെബ്സൈറ്റിൽ നൽകിയിരിക്കുന്ന യുവജനങ്ങൾക്കായുള്ള മാർഗനിർദേശങ്ങൾ സ്കൂളിൽ നല്ല പെരുമാറ്റമുള്ളവനായിരിക്കാൻ എന്നെ സഹായിച്ചു. പഠനത്തിൽ എങ്ങനെ ശ്രദ്ധ കൊടുക്കണമെന്നും മറ്റ് ശ്രദ്ധാശൈഥില്യങ്ങൾ എങ്ങനെ ഒഴിവാക്കണമെന്നും ഞാൻ പഠിച്ചു.”—ജി., ആഫ്രിക്ക.
“തന്റെ മകളെ സ്കൂളിൽവെച്ച് മറ്റൊരു പെൺകുട്ടി എപ്പോഴും പരിഹസിക്കുന്നതായി ഒരു സഹജോലിക്കാരി എന്നോടു പറഞ്ഞു. ഇത് ആ കുട്ടിയെ വല്ലാതെ ബാധിച്ചതുകൊണ്ട് അവൾ കുറച്ചു ദിവസം സ്കൂളിൽ പോയില്ല. ഈ അവസരത്തിൽ ഞാൻ മുമ്പു കണ്ട jw.org-ലുള്ള തിരിച്ച് ഉപദ്രവിക്കാതെ ഒരു പരിഹാസിയെ നേരിടുക (ഇംഗ്ലീഷ്) എന്ന വീഡിയോയിലെ ചില വിവരങ്ങൾ അവളോടു പറഞ്ഞു. ഇത്തരം സാഹചര്യങ്ങളെ തമാശയാക്കിമാറ്റാൻ പറഞ്ഞപ്പോൾ, അത് അവൾക്ക് ഏറെ ഇഷ്ടമായി. ഇങ്ങനെയൊരു പ്രശ്നം നേരിട്ടാൽ എന്തൊക്കെ ചെയ്യാമെന്നതിനെക്കുറിച്ച് അവൾ തന്റെ കുട്ടിയോട് സംസാരിച്ചു. അതിനു ശേഷം ആ കുട്ടി വളരെ ആത്മവിശ്വാസത്തോടെ സ്കൂളിലേക്കു പോയി. ദിവസങ്ങൾക്കു ശേഷം സാഹചര്യങ്ങൾ മാറി. അവളെ പരിഹസിച്ചിരുന്ന ആ പെൺകുട്ടി ഇപ്പോൾ അവളുടെ സുഹൃത്തായിത്തീരുകപോലും ചെയ്തു.—വി. കെ., പൂർവ യൂറോപ്പ്.”
യുവജനങ്ങൾക്കുവേണ്ടി
“‘ഞാൻ സ്വയം ഉപദ്രവിക്കുന്നത് എന്തുകൊണ്ട്?’ എന്ന വെബ്സൈറ്റിലെ ലേഖനത്തിന് നന്ദി. കുറെക്കാലമായി ഞാൻ അനുഭവിച്ചുവരുന്ന പ്രശ്നമാണിത്. ഇത് എന്റെ മാത്രം പ്രശ്നമാണെന്നും മറ്റുള്ളവർക്ക് ഇത് മനസ്സിലാകില്ലെന്നും ആണ് ഞാൻ വിചാരിച്ചിരുന്നത്. എന്നാൽ ഈ ലേഖനത്തിലെ ചില അനുഭവങ്ങൾ എന്നെ ശരിക്കും സഹായിച്ചു. ഒടുവിൽ എന്നെ മനസ്സിലാക്കുന്നവരുണ്ടെന്ന് എനിക്കു ബോധ്യമായി.”—ഓസ്ട്രേലിയയിലെ ഒരു യുവതി.
“jw.org എന്ന വെബ്സൈറ്റ്, യുവജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം കണ്ടെത്തുക വളരെ എളുപ്പമാക്കിയിരിക്കുന്നു. ഇതിലെ ഒരു ലേഖനം വ്യത്യസ്ത തരത്തിലുള്ള ലൈംഗികദുഷ്പെരുമാറ്റം തിരിച്ചറിയാൻ എന്നെ സഹായിച്ചു. അതിലൂടെ, ഞാൻതന്നെ അതിന്റെ ഒരു ഇരയായിരുന്നുവെന്നു തിരിച്ചറിയാനും അതിനെ ഉചിതമായി എങ്ങനെ നേരിടാനാകുമെന്ന് പഠിക്കാനും എനിക്കു സാധിച്ചു.”—ടി. ഡബ്ലിയു., വെസ്റ്റ് ഇൻഡീസ്.
“ഈ ലേഖനത്തിലെ ചില അനുഭവങ്ങൾ എന്നെ ശരിക്കും സഹായിച്ചു. ഒടുവിൽ എന്നെ മനസ്സിലാക്കുന്നവരുണ്ടെന്ന് എനിക്കു ബോധ്യമായി”
മാതാപിതാക്കൾക്കുവേണ്ടി
“കൗമാരപ്രായത്തിലുള്ള എന്റെ മകൻ അമിതചുറുചുറുക്കുള്ളവനാണ്. മുൻകൂട്ടി പറയാനാവാത്തതും സ്ഥിരതയില്ലാത്തതും ആയ അവന്റെ പെരുമാറ്റം പലപ്പോഴും എന്നെ ബുദ്ധിമുട്ടിച്ചിരുന്നു. അതുകൊണ്ടുതന്നെ അവനുമായി ശരിക്കും ഒന്ന് ഇരുന്ന് സംസാരിക്കാനേ കഴിഞ്ഞിരുന്നില്ല. അങ്ങനെയിരിക്കെ, ഒരു ദിവസം jw.org വെബ്സൈറ്റിലെ ദമ്പതികൾക്കും മാതാപിതാക്കൾക്കും (couples and parents) എന്ന ഭാഗം ഞാൻ നോക്കി. അവിടെ, എന്റെ സാഹചര്യത്തിന് ഇണങ്ങുന്ന അനവധി ലേഖനങ്ങൾ കണ്ടു. അത് മകനുമായി എങ്ങനെ ആശയവിനിമയം ചെയ്യണമെന്ന് എന്നെ പഠിപ്പിച്ചു. അവനും ആ സൈറ്റ് വളരെ പ്രയോജനപ്പെട്ടു. ഇപ്പോൾ അവൻ ഉള്ളുതുറന്ന് അവന്റെ സന്തോഷങ്ങളും സങ്കടങ്ങളും എന്നോടു പറയാറുണ്ട്.”—സി. ബി., ആഫ്രിക്ക.
“ഞങ്ങളുടെ കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കുള്ള തക്കസമയത്തെ ഉത്തരമായിരിക്കും jw.org-ൽ വരുന്ന ഒരു ലേഖനം”
“കളികളിലൂടെ കുട്ടികളെ കാര്യങ്ങൾ പഠിപ്പിക്കാൻ jw.org വെബ്സൈറ്റ് മാതാപിതാക്കളായ ഞങ്ങളെ സഹായിക്കുന്നു. ഉദാഹരണത്തിന്, യഥാർഥസുഹൃത്തുക്കളെ കണ്ടെത്താൻ സഹായിക്കുന്ന വീഡിയോ, സൗഹൃദത്തെക്കുറിച്ച് ശരിയായ കാഴ്ചപ്പാടുണ്ടായിരിക്കാനും തങ്ങളെ നല്ല രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന സുഹൃത്തുക്കളെ തിരഞ്ഞെടുക്കാനും കുട്ടികളെ സഹായിച്ചു. മിക്കപ്പോഴും ഞങ്ങളുടെ കുട്ടികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്കുള്ള തക്കസമയത്തെ ഉത്തരമായിരിക്കും jw.org-ൽ വരുന്ന ഒരു ലേഖനം. അത് മികച്ച നിർദേശങ്ങളുടെ ഒരു ഉറവിടംതന്നെയാണ്.”—ഇ. എൽ., യൂറോപ്പ്.
വിവാഹിതർക്കുവേണ്ടി
“ഞങ്ങൾ വിവാഹിതരായിട്ട് ആറു വർഷത്തോളമായി. എങ്കിലും, ഞങ്ങളുടെ ആശയവിനിമയരീതിയിലും പശ്ചാത്തലങ്ങളിലും കാര്യങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടുകളിലും ഏതൊരു ദമ്പതികളെയുംപോലെ വ്യത്യസ്തതകളുണ്ടായിരുന്നു. ഇക്കാര്യങ്ങളിൽ യോജിപ്പിലെത്തുക എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളിയായിരുന്നു. അങ്ങനെയിരിക്കെ jw.org-ൽ വന്ന ‘ഒരു നല്ല ശ്രോതാവ് ആയിരിക്കാൻ’ എന്ന ലേഖനം എന്റെ കണ്ണിൽപ്പെട്ടു. നല്ലൊരു ശ്രോതാവായിരിക്കാനുള്ള പ്രായോഗികനിർദേശം അതിലുണ്ടായിരുന്നു. ഞാൻ ആ ലേഖനം വായിക്കുകയും അതേക്കുറിച്ച് ഭാര്യയോട് പറയുകയും ചെയ്തു. ആ നല്ല നിർദേശങ്ങൾ പ്രവൃത്തിയിൽ കൊണ്ടുവരാൻ ഞങ്ങൾ ശ്രമിക്കുന്നു.”—ബി. ബി., വെസ്റ്റ് ഇൻഡീസ്.
“ഈ വെബ്സൈറ്റാണ് ഞങ്ങളുടെ വിവാഹബന്ധം നിലനിറുത്തിയത്”
“കഴിഞ്ഞ ഒരു വർഷമായി ഞാൻ യഹോവയുടെ സാക്ഷികളോടൊപ്പം സഹവസിച്ചുവരികയാണ്. നിങ്ങളുടെ jw.org വെബ്സൈറ്റിനോടുള്ള വിലമതിപ്പ് അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഈ സൈറ്റിലൂടെ, ഞാൻ എന്റെ ദേഷ്യം നിയന്ത്രിക്കേണ്ടത് എങ്ങനെ, ഒരു നല്ല ഭർത്താവും പിതാവും ആയിരിക്കേണ്ടത് എങ്ങനെ തുടങ്ങിയ പല കാര്യങ്ങൾ മനസ്സിലാക്കി. സത്യം പറഞ്ഞാൽ, ഈ വെബ്സൈറ്റാണ് ഞങ്ങളുടെ വിവാഹബന്ധം നിലനിറുത്തിയത്.”—എൽ. ജി., വെസ്റ്റ് ഇൻഡീസ്.
ബധിരർക്കുള്ള സഹായം
“jw.org വെബ്സൈറ്റ് എനിക്കു പുതുജീവൻ നൽകി. അമേരിക്കൻ ആംഗ്യഭാഷയിലുള്ള വീഡിയോകൾ എന്റെ ആംഗ്യഭാഷ മെച്ചപ്പെടുത്താൻ സഹായിച്ചു. ജീവിതത്തിൽ ഒരിക്കലും അർഥവത്തായ ലക്ഷ്യങ്ങൾ വെക്കാൻ കഴിയില്ലെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. എന്നാൽ സ്വന്തഭാഷയിൽ ദൈവവചനം കാണുക എന്ന വീഡിയോ കണ്ടപ്പോൾ എന്റെ ഉത്സാഹം വർധിക്കുകയും ജീവിതത്തിലെ നല്ല കാര്യങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനുള്ള എന്റെ നിശ്ചയം ശക്തമാകുകയും ചെയ്തു.”—ജെ. എൻ., ആഫ്രിക്ക.
“jw.org വെബ്സൈറ്റ് എനിക്കു പുതുജീവൻ നൽകി”
“ഈ വെബ്സൈറ്റ് വളരെ മൂല്യവത്തായ ഒന്നാണ്. ബധിരരായ ആളുകളെ, വിശേഷാൽ യുവാക്കളെ, സഹായിക്കുന്ന ഒരു സാമൂഹികപ്രവർത്തകനാണ് ഞാൻ. ആംഗ്യഭാഷയിൽ യഥേഷ്ടം ലഭ്യമായിരിക്കുന്ന വീഡിയോകളും മറ്റും എന്റെതന്നെ ആംഗ്യഭാഷ മെച്ചപ്പെടുത്താൻ സഹായിച്ചിരിക്കുന്നു. കുടുംബജീവിതവും സുഹൃദ്ബന്ധങ്ങളും മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ സഹായിക്കാൻ ഈ വെബ്സൈറ്റ് എനിക്ക് ഉപകാരപ്പെട്ടു.”—കെ. ജെ., വെസ്റ്റ് ഇൻഡീസ്.
അന്ധർക്കുള്ള സഹായം
“jw.org-ൽനിന്ന് പ്രയോജനം നേടിയ ഒരു അന്ധനാണ് ഞാൻ. പോസ്റ്റ് വഴിയാണെങ്കിൽ മാസങ്ങളെടുത്തേക്കാവുന്ന വിവരങ്ങൾ ഇപ്പോൾ ഈ വെബ്സൈറ്റിലൂടെ ഉടനടി എനിക്കു ലഭിക്കുന്നു. ഇത് നല്ല കുടുംബജീവിതം ആസ്വദിക്കാനും സമൂഹത്തിന് കൊള്ളാവുന്ന ഒരുവനായിത്തീരാനും എന്നെ സഹായിച്ചിരിക്കുന്നു. മാത്രമല്ല, കാഴ്ചയുള്ള സുഹൃത്തുക്കൾക്ക് വിവരങ്ങൾ ലഭിക്കുന്ന അതേസമയംതന്നെ എനിക്കും വിവരങ്ങൾ ലഭിക്കാൻ ഈ വെബ്സൈറ്റ് സഹായിച്ചിട്ടുണ്ട്.”—സി. എ., തെക്കേ അമേരിക്ക.
“ഈ വെബ്സൈറ്റ് നല്ല കുടുംബജീവിതം ആസ്വദിക്കാനും സമൂഹത്തിന് കൊള്ളാവുന്ന ഒരുവനായിത്തീരാനും എന്നെ സഹായിച്ചിരിക്കുന്നു”
“ബ്രെയിൽ ലിപി വായിക്കാൻ കഴിയാത്തവർക്കും ബ്രെയിലിലുള്ള പുസ്തകങ്ങൾ വാങ്ങാൻ പണമില്ലാത്തവർക്കും jw.org വെബ്സൈറ്റ് ഒരു അനുഗ്രഹമാണ്. ഈ സൈറ്റിലെ ഓഡിയോ റെക്കോർഡിങ്ങുകളിൽനിന്ന് അന്ധരായ ആളുകൾക്ക് പല വിഷയങ്ങളെ സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ ലഭിക്കുന്നു. യാതൊരു വിവേചനയോ പക്ഷപാതമോ ഇല്ലാതെ സകല ആളുകൾക്കും ഒരുപോലെ ലഭിക്കത്തക്ക വിധത്തിലാണ് ഈ വെബ്സൈറ്റ് രൂപകല്പന ചെയിതിരിക്കുന്നത്. ഇതുമൂലം അന്ധരായ ആളുകളും സമൂഹത്തിലെ അംഗങ്ങളാണെന്നും ഞങ്ങൾ ആദരിക്കപ്പെടുന്നുവെന്നും ഞങ്ങൾക്കു തോന്നുന്നു.”—ആർ. ഡി., ആഫ്രിക്ക.
ദൈവത്തെ അറിയാൻ ആഗ്രഹിക്കുന്നവർക്ക് സഹായം
“മതപരമായ പ്രയോഗങ്ങളുടെയോ ഒരു പുരോഹിതനു മാത്രം മനസ്സിലാകുന്ന വാക്കുകളുടെയോ അതിപ്രസരം ഇല്ല എന്നതാണ് നിങ്ങളുടെ വെബ്സൈറ്റും മറ്റു മതപരമായ സൈറ്റുകളും തമ്മിലുള്ള വ്യത്യാസം. കൂടാതെ, ആവശ്യത്തിലധികം വിവരങ്ങൾ കുത്തിനിറച്ചുകൊണ്ട് അതു വായനക്കാരെ വീർപ്പുമുട്ടിക്കുന്നില്ല. വെബ്സൈറ്റ് ലളിതവും വളച്ചുകെട്ടില്ലാത്തതും ആണ്. അതിൽ വാചകകസർത്തുകളോ തത്ത്വശാസ്ത്രങ്ങളോ ഇല്ല. വിശ്വാസം എന്നത് മനസ്സിലാകാത്തവിധം സങ്കീർണമാണെന്ന് അത് തോന്നിപ്പിക്കുന്നില്ല. പകരം, ഏതൊരു സാധാരണക്കാരനും നേടിയെടുക്കാൻ കഴിയുന്ന ഒന്നാണ് വിശ്വാസമെന്ന് ഈ സൈറ്റ് കാണിച്ചുതരുന്നു.”—എ. ജി., ഏഷ്യ.
“വെബ്സൈറ്റ് ലളിതവും വളച്ചുകെട്ടില്ലാത്തതും ആണ്. ... ഏതൊരു സാധാരണക്കാരനും നേടിയെടുക്കാൻ കഴിയുന്ന ഒന്നാണ് വിശ്വാസമെന്ന് അത് കാണിച്ചുതരുന്നു”
“jw.org വെബ്സൈറ്റ് ഇല്ലായിരുന്നെങ്കിൽ എന്റെ ജീവിതം ദുരിതപൂർണമാകുമായിരുന്നു! ദൈവത്തിൽനിന്ന് അകന്നിരിക്കുന്ന ആളുകൾക്കിടയിൽ ഈ വെബ്സൈറ്റ് എനിക്ക് വലിയ ഒരു സഹായമാണ്. ഒരു കാര്യത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം എന്താണെന്ന് മനസ്സിലാക്കാൻ ഞാൻ ആഗ്രഹിച്ചാൽ അപ്പോൾത്തന്നെ അതിനുള്ള ഉത്തരങ്ങൾ ഈ വെബ്സൈറ്റിൽനിന്നു കാണാനും കേൾക്കാനും സാധിക്കുന്നു. കൂടാതെ ജീവിതത്തിലുണ്ടാകുന്ന പല ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കണ്ടെത്താനും ഈ സൈറ്റ് എന്നെ സഹായിക്കുന്നു.”—ജെ. സി., വെസ്റ്റ് ഇൻഡീസ്.
“തെക്കേ അമേരിക്കയിലെ കുഗ്രാമത്തിലാണ് ഞാൻ ജീവിക്കുന്നതെങ്കിലും അവിടെപ്പോലും ലഭിക്കുന്ന എല്ലാവിധ ആത്മീയസഹായങ്ങളെയുംപ്രതി ഞാൻ നന്ദി പറയുന്നു. ഈ വെബ്സൈറ്റ് ഇല്ലായിരുന്നെങ്കിൽ ജീവിതം നിരർഥകമായേനെ!”—എം. എഫ്., തെക്കേ അമേരിക്ക.