ജീവിതങ്ങൾ രക്ഷിച്ച പ്രചാരണപരിപാടി
മെക്സിക്കോയിലെ തബാസ്കോയിൽ ആത്മഹത്യാനിരക്ക് വർധിച്ചുവന്നപ്പോൾ യഹോവയുടെ സാക്ഷികൾ രണ്ടു മാസത്തെ ഒരു പ്രത്യേക പ്രചാരണപരിപാടി സംഘടിപ്പിച്ചു. അത് 2017-ലായിരുന്നു. “ഞാൻ എന്തിനു ജീവിക്കണം?—ജീവിക്കാൻ മൂന്നു കാരണങ്ങൾ” എന്ന വിഷയത്തിലുള്ള 2014 ജൂലൈ-സെപ്റ്റംബർ ഉണരുക! മാസിക വീണ്ടും അവർ പൊതുജനത്തിന് വിതരണം ചെയ്തു. ആ പ്രചാരണപരിപാടി പലരും വിലമതിപ്പോടെ സ്വീകരിച്ചു.
തക്ക സമയത്തെ സഹായം
22 വയസ്സുള്ള മകനെക്കുറിച്ച് ഓർത്ത് വേവലാതിപ്പെട്ടിരുന്ന ഒരു സ്ത്രീയോടു യഹോവയുടെ സാക്ഷികളിൽ ഒരാളായ ഫൗസ്റ്റിനോ സംസാരിച്ചു. ആ സ്ത്രീയുടെ മകൻ വിഷാദരോഗിയായിരുന്നു. ആത്മഹത്യയ്ക്കു ശ്രമിച്ചിട്ടുമുണ്ട്. എന്തു ചെയ്യണമെന്ന് ആ സ്ത്രീക്ക് അറിയില്ലായിരുന്നു. ഫൗസ്റ്റിനോ മാസിക കൊടുത്തപ്പോൾ “ഇതായിരുന്നു എന്റെ മോനു വേണ്ടത്” എന്ന് ആ സ്ത്രീ പറഞ്ഞു. തൊട്ടടുത്ത ദിവസം ഫൗസ്റ്റിനോ ആ സ്ത്രീയുടെ മകനെ കണ്ടു. എന്നിട്ട് മാസികയിലുള്ള ബൈബിൾനിർദേശം അവനുമായി ചർച്ച ചെയ്തു. ഏതാനും ചില സന്ദർശനങ്ങൾ കഴിഞ്ഞപ്പോൾ ആ ചെറുപ്പക്കാരന്റെ മനോഭാവത്തിനു നല്ല മാറ്റം വന്നു. “അവന് ഇപ്പോൾ നല്ല സ്വസ്ഥതയും സന്തോഷവും ഉണ്ട്” എന്ന് ഫൗസ്റ്റിനോ പറയുന്നു. അതോടൊപ്പം, പഠിക്കുന്ന കാര്യങ്ങൾ വിഷാദരോഗമുള്ള തന്റെ സഹോദരനോടും അവൻ പറയാറുണ്ട്.
ഹ്യുമാൻഗ്വിലോ നഗരത്തിൽ ജീവിക്കുന്ന കാർള സഹപാഠിയെ സഹായിക്കുന്നതിനുവേണ്ടി ഈ മാസിക ഉപയോഗിച്ചു. കാർള പറയുന്നു: “എന്റെ ക്ലാസിലെ 14 വയസ്സുള്ള ഒരു പെൺകുട്ടി എപ്പോഴും വിഷമിച്ചിരിക്കുന്നതു ഞാൻ ശ്രദ്ധിച്ചു. കാര്യം തിരക്കിയപ്പോൾ അവൾ വീട്ടിലെ സാഹചര്യത്തെക്കുറിച്ച് പറഞ്ഞു. അവളുടെ ഇടത്തെ കൈയിലെ മുറിപ്പാടുകൾ എന്റെ ശ്രദ്ധയിൽപ്പെട്ടു.” സംസാരിച്ചുവന്നപ്പോഴാണ് അത് അവളുടെ ശീലമായിരുന്നെന്നു കാർളയ്ക്കു മനസ്സിലായത്. തന്നെ കാണാൻ കൊള്ളില്ലെന്നും ജീവിതത്തിന് ഒരു അർഥമില്ലെന്നും ആണ് അവൾ ചിന്തിച്ചത്. കാർള അവൾക്ക് ഉണരുക! മാസിക കൊടുത്തു. മാസിക വായിച്ച അവൾ അത് തനിക്കുവേണ്ടിത്തന്നെ എഴുതിയതുപോലെയുണ്ടെന്നാണു കാർളയോടു പറഞ്ഞത്. ജീവിതത്തിന് ഒരു അർഥമുണ്ടെന്ന് ഇപ്പോൾ വിശ്വസിക്കുന്നതായി ഒരു പുഞ്ചിരിയോടെ അവൾ പറഞ്ഞു.
വില്ലാഹെർമോസ നഗരത്തിൽ ഒരാൾ ആകെ നിരാശയിലായിരുന്നു. അദ്ദേഹത്തിന്റെ ജോലിപോയി, മക്കളെയും അദ്ദേഹത്തെയും ഉപേക്ഷിച്ച് ഭാര്യയും പോയി. സഹായത്തിനായി ദൈവത്തോടു പ്രാർഥിച്ചെങ്കിലും നിരാശ മാറിയില്ല. അദ്ദേഹം ആത്മഹത്യ ചെയ്യാൻ ഒരുങ്ങുമ്പോൾ യഹോവയുടെ സാക്ഷികളായ മാർട്ടിനും മിഗ്വലും വാതിലിൽ മുട്ടി. അദ്ദേഹം വാതിൽ തുറന്നപ്പോൾ അവർ ഉണരുക! മാസിക കൊടുത്തു. അതിന്റെ വിഷയം കണ്ടപ്പോൾ അത് തന്റെ പ്രാർഥനയ്ക്കു ദൈവം തന്ന ഉത്തരമാണെന്ന് അദ്ദേഹത്തിനു തോന്നി. മാർട്ടിനും മിഗ്വലും അദ്ദേഹത്തെ ബൈബിളിലെ ആശ്വാസം നൽകുന്ന വചനങ്ങൾ കാണിച്ചുകൊണ്ട് സാന്ത്വനപ്പെടുത്തി. അവർ കുറച്ച് ദിവസം കഴിഞ്ഞ് ചെന്നപ്പോൾ അദ്ദേഹത്തെ ശാന്തനും സന്തോഷവാനും ആയി കണ്ടു. ഇപ്പോൾ അദ്ദേഹം ആഴ്ചയിൽ രണ്ടു തവണ ബൈബിൾ പഠിക്കുന്നു.
തടവുകാർക്കു സന്തോഷവാർത്ത
ഈ പ്രചാരണപരിപാടിയുടെ ഭാഗമായി യഹോവയുടെ സാക്ഷികൾ തബാസ്കോയിലെ പല ജയിലുകൾ സന്ദർശിച്ചു. ജീവിതത്തിന്റെ ഉദ്ദേശ്യം കണ്ടെത്താൻ സഹായിക്കുന്ന ബൈബിൾനിർദേശങ്ങൾ പങ്കുവെക്കുക എന്നതായിരുന്നു ലക്ഷ്യം. അതിനായി സാക്ഷികൾ ഒരു അവതരണം തയ്യാറാക്കി. അതിൽ വീഡിയോകളും ഒരു ബൈബിൾപ്രസംഗവും 2014 ജൂലൈ-സെപ്റ്റംബർ ഉണരുക! മാസികയിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ചർച്ചയും ഉണ്ടായിരുന്നു. തടവുകാരും ജയിൽ ഉദ്യോഗസ്ഥരും ഈ സന്ദർശനത്തെ വിലമതിച്ചു. ഉദാഹരണത്തിന്, ഒരു തടവുകാരൻ പറഞ്ഞത് ഇങ്ങനെയാണ്: “ഞാൻ മൂന്നു വട്ടം ആത്മഹത്യക്കു ശ്രമിച്ചിട്ടുണ്ട്. ദൈവത്തിന് എന്നെക്കുറിച്ച് ചിന്തയുണ്ടെന്നു ചിലർ എന്നോടു പറഞ്ഞിട്ടുണ്ട്. പക്ഷേ, അവർ പറയുന്ന കാര്യം സത്യമാണെന്നു തെളിയിക്കാൻ അവർ ആരും ബൈബിൾ ഉപയോഗിച്ചിട്ടില്ല. എന്നാൽ നിങ്ങളുടെ വാക്കുകൾ എനിക്കു ശരിക്കും ഒരു പ്രോത്സാഹനമായിരുന്നു.”
ഈ പ്രചാരണപരിപാടി ശ്രദ്ധ ആകർഷിച്ചു. സമൂഹത്തെ സഹായിക്കാനുള്ള സാക്ഷികളുടെ ശ്രമങ്ങളെ സംസ്ഥാനത്തെ ആരോഗ്യവകുപ്പ് സെക്രട്ടറി അഭിനന്ദിച്ചു. ഒരു പ്രാദേശികപത്രം, “ആത്മഹത്യക്കെതിരെ പോരാടാൻ അവർ പുറപ്പെട്ടു” എന്ന തലക്കെട്ടിൽ പ്രചാരണപരിപാടിയെക്കുറിച്ച് ഒരു ലേഖനവും പ്രസിദ്ധീകരിച്ചു.