ഫിലിപ്പീൻസിലെ അധ്യാപകർ JW.ORG-ന്റെ പ്രയോജനം മനസ്സിലാക്കുന്നു
രണ്ടായിരത്തിപതിനാറിൽ ഫിലിപ്പീൻസിലെ സാമ്പോവാംഗ ഡെൽ നോർറ്റെ പ്രദേശത്തെ ഒരു കൂട്ടം അധ്യാപകർക്കു മുന്നിൽ, തങ്ങളുടെ വെബ്സൈറ്റ് ആയ jw.org-ലെ വീഡിയോകളുടെയും ലേഖനങ്ങളുടെയും വിദ്യാഭ്യാസമൂല്യം അവതരിപ്പിച്ചുകാണിക്കാനുള്ള അവസരം യഹോവയുടെ സാക്ഷികൾക്കു ലഭിച്ചു. അവിടത്തെ തലസ്ഥാനനഗരിയായ ഡിപോലോഗിലുള്ള വിദ്യാഭ്യാസ ഡിപ്പാർട്ടുമെന്റ് സാക്ഷികൾ ആദ്യം സന്ദർശിച്ചു. അവിടത്തെ ഉദ്യോഗസ്ഥർക്കു jw.org വളരെ ഇഷ്ടമായി. സാമ്പോവാംഗ ഡെൽ നോർറ്റെയിലെ പല മുനിസിപ്പാലിറ്റികളിൽനിന്നുള്ള അധ്യാപകർക്കുവേണ്ടി നടത്താനിരിക്കുന്ന മൂന്നു സെമിനാറുകളിൽ 30 മിനിട്ട് ദൈർഘ്യമുള്ള ഒരു അവതരണം കാണിക്കാൻ അവർ സാക്ഷികളെ ക്ഷണിച്ചു.
അവതരണം അവതരിപ്പിച്ചത്
ഓരോ സെമിനാറിലും പങ്കെടുത്ത ഏതാണ്ട് 300 അധ്യാപകരെ, jw.org-ൽനിന്ന് തിരഞ്ഞെടുത്ത ചില വീഡിയോകളും ലേഖനങ്ങളും സാക്ഷികൾ കാണിച്ചു. കൂടിവന്നവർക്കു കൂടുതൽ ഇഷ്ടമായത് “കടത്തിൽനിന്ന് കര കയറാൻ” (ഇംഗ്ലീഷ്) എന്ന ലേഖനമാണ്. പല അധ്യാപകരും പറഞ്ഞത് ഈ വിവരങ്ങൾ കുട്ടികൾക്കു മാത്രമല്ല അധ്യാപകർക്കും പ്രയോജനം ചെയ്യുന്നതാണെന്നാണ്. കൂടിവന്നവരെല്ലാവരും ജീവിതത്തെക്കുറിച്ചുള്ള സുപ്രധാനചോദ്യങ്ങൾക്ക് ഉത്തരം എവിടെ കണ്ടെത്താനാകും? എന്ന ലഘുലേഖ സ്വീകരിച്ചു. jw.org-ൽ ലഭ്യമായിട്ടുള്ള സഹായകവും രസകരവും ആയ അനേകം വിവരങ്ങളെക്കുറിച്ച് അതിൽ പറയുന്നുണ്ട്. ചില അധ്യാപകർ ആ വെബസൈറ്റിൽനിന്ന് വീഡിയോകൾ ഡൗൺലോഡ് ചെയ്യുകയും ചെയ്തു.
മൂന്ന് അവതരണങ്ങളും വിജയകരമായിരുന്നു. അതുകൊണ്ടുതന്നെ കൗൺസിലർമാരും മറ്റ് അധ്യാപകരും ഉൾപ്പെടെ ഏകദേശം 600 പേർക്കുവേണ്ടി കൂടുതലായ അവതരണങ്ങൾ സംഘടിപ്പിക്കാനുള്ള ക്രമീകരണങ്ങൾ വിദ്യാഭ്യാസ ഡിപ്പാർട്ടുമെന്റ് ചെയ്തു. വീണ്ടും ഒരുപാടു വിലമതിപ്പിന്റെ വാക്കുകൾ സാക്ഷികൾക്കു കേൾക്കാനായി.
“ഈ വെബ്സൈറ്റ് വലിയ ഒരു സഹായമാണ്”
സെമിനാറിൽ പങ്കെടുത്തവരിൽ ചിലർ, ആ അവതരണവും വെബ്സൈറ്റും എങ്ങനെ പ്രയോജനം ചെയ്തെന്നു പിന്നീടു പറഞ്ഞു. “ഞാൻ എന്റെ നന്ദി അറിയിക്കാൻ ആഗ്രഹിക്കുകയാണ്. എന്റെ വിദ്യാർഥികളെ പഠിപ്പിക്കാൻ വളരെ ഉപകാരപ്പെടുന്ന ഒരു സൈറ്റാണിത്” എന്നാണ് ഒരു ടീച്ചർ പറഞ്ഞത്. മറ്റൊരു അധ്യാപിക പറഞ്ഞു: “എനിക്ക് പഠിക്കാനുള്ള ഒരുപാടു കാര്യങ്ങൾ ഇതിലുണ്ട്, പ്രത്യേകിച്ച് പിരിമുറുക്കം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട്. ചെറുപ്പക്കാർക്കു മാത്രമല്ല പ്രായമായവർക്കും ഈ വെബ്സൈറ്റ് വലിയ ഒരു സഹായമാണ്.”
സെമിനാറിൽ പങ്കെടുത്ത 350-ലേറെ അധ്യാപകർ കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിച്ചു. യഹോവയുടെ സാക്ഷികൾ അവർക്കു കൂടുതൽ പ്രസിദ്ധീകരണങ്ങൾ നൽകുകയും ബൈബിളിൽനിന്നുള്ള പ്രായോഗികമാർഗനിർദേശങ്ങൾ അവരുമായി പങ്കുവെക്കുകയും ചെയ്തു.
സാമ്പോവാംഗ ഡെൽ നോർറ്റെയിൽ വെച്ച് നടന്ന jw.org അവതരണങ്ങളിൽ 1000-ത്തിലധികം അധ്യാപകർ പങ്കെടുത്തതിലും പഠിപ്പിക്കുന്നതിന് വെബ്സൈറ്റ് നല്ലൊരു ഉപാധിയാണെന്ന് അവർ മനസ്സിലാക്കിയതിലും സാക്ഷികൾക്കു വലിയ സന്തോഷം തോന്നി. ധാർമികവും ആത്മീയവും ആയ നിർദേശങ്ങൾ പകർന്നുകൊടുക്കുന്ന ഈ മൂല്യവത്തായ വിദ്യാഭ്യാസസഹായി, ലോകമെങ്ങുമുള്ള അധ്യാപകർക്കു പ്രയോജനം ചെയ്യുന്നതാണ്. a
a ഫിലിപ്പീൻസിലെ വിദ്യാഭ്യാസസ്ഥാപനങ്ങളെ നിയോഗിച്ചിരിക്കുന്നത് വിദ്യാർഥികൾക്കു കുറെ അറിവ് പകർന്നുകൊടുക്കാൻ മാത്രമല്ല “അവരുടെ ധാർമികവും ആത്മീയവും ആയ മൂല്യങ്ങൾ ശക്തമാക്കുന്നതിനും സ്വഭാവത്തിലും പെരുമാറ്റത്തിലും അച്ചടക്കം വളർത്തിയെടുക്കാൻ സഹായിക്കുന്നതിനും” വേണ്ടിയാണ്.—1987-ലെ റിപ്പബ്ലിക് ഓഫ് ഫിലിപ്പീൻസിന്റെ ഭരണഘടനയുടെ അനുച്ഛേദം 14, ഭാഗം 3.2.