വിവരങ്ങള്‍ കാണിക്കുക

ജീവി​ത​ത്താ​ളു​കൾ തിരു​ത്തി​യെ​ഴു​തു​ന്ന ജയിൽപ്പു​ള്ളി​കൾ

ജീവി​ത​ത്താ​ളു​കൾ തിരു​ത്തി​യെ​ഴു​തു​ന്ന ജയിൽപ്പു​ള്ളി​കൾ

യഹോവയുടെ സാക്ഷികൾ സ്‌പെ​യി​നി​ലെ 68 ജയിലു​കൾ പതിവാ​യി സന്ദർശി​ക്കാ​റുണ്ട്‌. 600-ഓളം ജയിൽപ്പു​ള്ളി​ക​ളാണ്‌ അവിടെ ഇപ്പോൾ ബൈബിൾ പഠിക്കു​ന്നത്‌.

ഇത്തരത്തിൽ സന്ദർശനം നടത്തുന്ന ഒരാളാ​ണു മീഗൽ. സാക്ഷി​യാ​കു​ന്ന​തി​നു മുമ്പ്‌ അദ്ദേഹം 12 വർഷം ജയിലിൽ കിടന്നി​ട്ടുണ്ട്‌. ഇപ്പോൾ ആഴ്‌ച​തോ​റും അദ്ദേഹം ജയിലി​ലേ​ക്കു തിരികെ പോകു​ന്നു. എന്തിനാ​ണെ​ന്നോ? ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്താൻ മറ്റുള്ള​വ​രെ​യും സഹായി​ക്കു​ന്ന​തിന്‌!

കഴിഞ്ഞ എട്ടു വർഷം​കൊണ്ട്‌ മീഗൽ പല തടവു​കാ​രെ​യും ബൈബിൾ പഠിപ്പി​ച്ചി​ട്ടുണ്ട്‌. “ഞാൻ മുമ്പ്‌ കിടന്ന ജയിലി​ലു​ള്ള​വ​രെ സഹായി​ക്കാ​നാ​കു​ന്ന​തിൽ എനിക്കു സംതൃ​പ്‌തി തോന്നു​ന്നു,” അദ്ദേഹം പറയുന്നു. “കുറ്റകൃ​ത്യ​ങ്ങ​ളു​ടെ ലോക​ത്തു​നിന്ന്‌ പുറത്തു​ക​ട​ക്കാ​നു​ള്ള അവരുടെ താത്‌പ​ര്യം കാണു​ന്നത്‌ എന്നെ വളരെ സന്തോ​ഷ​വാ​നാ​ക്കു​ന്നു.”

മീഗലിനു നാലു വയസ്സു​ള്ള​പ്പോൾ, മദ്യല​ഹ​രി​യി​ലാ​യി​രുന്ന ഒരാളു​ടെ വാഹനം ഇടിച്ച്‌ അദ്ദേഹ​ത്തി​ന്റെ അച്ഛൻ മരിച്ചു. വിധവ​യാ​യി​ത്തീർന്ന അമ്മ കുടും​ബം പുലർത്താൻ നന്നേ ബുദ്ധി​മു​ട്ടി.

പതിയെപ്പതിയെ മീഗലും ചേട്ടനും ക്ലാസ്സ്‌ കട്ട്‌ ചെയ്‌ത്‌ മോഷണം തുടങ്ങി. ആദ്യ​മൊ​ക്കെ വീടു​ക​ളിൽനി​ന്നും കാറു​ക​ളിൽനി​ന്നും ആയിരു​ന്നു മോഷണം. 12 വയസ്സാ​യ​പ്പോ​ഴേ​ക്കും മീഗൽ ഒരു കുഞ്ഞ്‌ കുറ്റവാ​ളി​യാ​യി​ത്തീർന്നു. 15 വയസ്സാ​യ​പ്പോ​ഴേ​ക്കും മയക്കു​മ​രുന്ന്‌ കച്ചവട​ത്തി​ലൂ​ടെ ധാരാളം പണമു​ണ്ടാ​ക്കി. എന്നാൽ വിലപി​ടി​പ്പു​ള്ള ഹെറോ​യിൻ, കൊ​ക്കെ​യ്‌ൻ എന്നീ മയക്കു​മ​രു​ന്നു​കൾക്ക്‌ അടിമ​യാ​യി​രു​ന്ന​തു​കൊണ്ട്‌ പണത്തി​നു​വേ​ണ്ടി വീണ്ടും​വീ​ണ്ടും മോഷണം നടത്തി. 16-ാം വയസ്സു​മു​തൽ ജയിലിൽ പോകു​ന്നത്‌ ഒരു പതിവാ​യി. അങ്ങനെ, പെട്ടെ​ന്നു​ത​ന്നെ മീഗൽ കറതീർന്ന ഒരു കുറ്റവാ​ളി​യാ​യി​ത്തീർന്നു. മീഗൽ പറയുന്നു: “ഒന്നുകിൽ ജയിലിൽ കിടന്നു ചാകും, അല്ലെങ്കിൽ അമിത​മാ​യി മയക്കു​മ​രുന്ന്‌ ഉള്ളിൽ ചെന്നിട്ട്‌ ചാകും; മരണം ഏതാണ്ട്‌ ഉറപ്പാ​യി​രു​ന്നു. ചിലന്തി​വ​ല​യിൽ അകപ്പെട്ട ഒരു ഈച്ച​യെ​പ്പോ​ലെ​യാ​ണു ഞാനെന്ന്‌ എനിക്കു തോന്നി.”

1994-ൽ മീഗൽ ജയിലിൽ കിടക്കുന്ന സമയം. അദ്ദേഹ​ത്തിന്‌ ഒരു കത്തെഴു​താൻ ഒരു സുഹൃത്ത്‌ ഒരു സാക്ഷി​യോട്‌ പറഞ്ഞു. ആ കത്തു വായി​ച്ച​പ്പോൾ ഭൂമി വീണ്ടും ഒരു പറുദീ​സ​യാ​ക്കു​ക എന്നതാണു ദൈവ​ത്തി​ന്റെ ഉദ്ദേശ്യ​മെ​ന്നു മീഗലി​നു മനസ്സി​ലാ​യി. ദൈവം വാഗ്‌ദാ​നം ചെയ്‌ത​തെ​ല്ലാം നടക്കു​ന്ന​തു കാണാ​നും അവിടെ ജീവി​ച്ചി​രി​ക്കാ​നും കഴിയ​ണ​മെ​ങ്കിൽ മീഗൽ ജീവി​ത​ത്തിൽ മാറ്റങ്ങൾ വരുത്ത​ണ​മെ​ന്നും ആ കത്തിൽ എഴുതി​യി​രു​ന്നു. “ആ വാക്കുകൾ എന്റെ മനസ്സിൽ തട്ടി,” മീഗൽ പറയുന്നു. “ആ കത്ത്‌ എന്റെ ജീവിതം മാറ്റി​മ​റി​ച്ചു. ബൈബിൾ പഠിക്കാൻ അന്നുതന്നെ ഞാൻ തീരു​മാ​നി​ച്ചു. പക്ഷേ അത്‌ അത്ര എളുപ്പ​മാ​യി​രി​ക്കി​ല്ലെന്ന്‌ എനിക്ക​റി​യാ​മാ​യി​രു​ന്നു.”

കാരണമുണ്ട്‌. മീഗൽ അപ്പോൾ മയക്കു​മ​രു​ന്നി​നും പുകവ​ലി​ക്കും അടിമ​യാ​യി​രു​ന്നു. ജയിലിൽ ഇതു രണ്ടും കിട്ടാൻ ഒരു ബുദ്ധി​മു​ട്ടും ഉണ്ടായി​രു​ന്നി​ല്ല. കൂടെ ജയിലിൽ കിടക്കുന്ന ആൾതന്നെ ദിവസ​വും മയക്കു​മ​രുന്ന്‌ നൽകു​മാ​യി​രു​ന്നു. ഈ ദുശ്ശീ​ല​ത്തിൽനിന്ന്‌ രക്ഷപ്പെ​ടാ​നു​ള്ള ശക്തി തരേണ​മേ​യെ​ന്നു മീഗൽ തുടർച്ച​യാ​യി പ്രാർഥി​ച്ചു. ഒടുവിൽ ആ പ്രാർഥന ഫലംകണ്ടു.

മൂന്നു മാസം കഴിഞ്ഞ​പ്പോൾ മീഗൽ മറ്റു ജയിൽപ്പു​ള്ളി​ക​ളോ​ടു തന്റെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ പറഞ്ഞു​തു​ട​ങ്ങി. പിറ്റേ വർഷം ജയിൽമോ​ചി​ത​നാ​യ അദ്ദേഹം യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളാ​യി സ്‌നാ​ന​മേ​റ്റു. പിന്നീട്‌ അദ്ദേഹം കല്യാണം കഴിക്കാൻ ആഗ്രഹി​ച്ച​പ്പോൾ ഒരു പ്രശ്‌നം ഉണ്ടായി: കല്യാ​ണ​ത്തിന്‌ ഒരു മാസം മുമ്പ്‌, പഴയ ചില കേസു​ക​ളു​ടെ പേരിൽ കോടതി മീഗലി​നെ പത്തു വർഷത്തെ തടവിനു വിധിച്ചു. എന്നാൽ, നല്ല പെരു​മാ​റ്റ​ത്തി​ന്റെ പേരിൽ മൂന്നര വർഷം കഴിഞ്ഞ​പ്പോൾ അദ്ദേഹം ജയിൽമോ​ചി​ത​നാ​യി. പിന്നെ കല്യാണം നടന്നു. പിന്നീട്‌ ഒരിക്ക​ലും മീഗൽ തന്റെ ആ പഴയ ജീവി​ത​ത്തി​ലേ​ക്കു തിരിച്ചു പോയി​ട്ടി​ല്ല.