മധ്യയൂറോപ്പിലെ അഭയാർഥികളെ സഹായിക്കുന്നു
കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആഫ്രിക്കയിൽനിന്നും മധ്യപൂർവ ദേശങ്ങളിൽനിന്നും തെക്കേ ഏഷ്യയിൽനിന്നും യൂറോപ്പിലേക്ക് അഭയാർഥികൾ കുടിയേറുന്നു. അവർക്കു ഭക്ഷണവും താമസസൗകര്യവും ആരോഗ്യപരിചരണവും നൽകാനായി അവിടുത്തെ ഏജൻസികളും സാമൂഹികപ്രവർത്തകരും ശ്രമിക്കുകയാണ്.
അഭയാർഥികളുടെ ശാരീരികാവശ്യങ്ങൾ മാത്രം നിവർത്തിച്ചാൽ പോരാ. പെട്ടെന്നുണ്ടായ നടുക്കം നിമിത്തം അവരിൽ പലരും മാനസികപ്രശ്നങ്ങൾ നേരിടുന്നു. അതുകൊണ്ട് അവർക്ക് ആശ്വാസവും പ്രത്യാശയും നൽകേണ്ടതുണ്ട്. മധ്യയൂറോപ്പിലെ യഹോവയുടെ സാക്ഷികൾ അഭയാർഥികളുടെ പ്രശ്നങ്ങൾ കേൾക്കുകയും അവർക്കു ബൈബിളിൽനിന്നുള്ള ആശ്വാസകരമായ വചനങ്ങൾ കാണിച്ചുകൊടുക്കുകയും ചെയ്തുകൊണ്ട് അവരെ സഹായിക്കുന്നു.
ബൈബിളിൽനിന്നുള്ള ആശ്വാസം
2015 ആഗസ്റ്റ് മുതൽ ഓസ്ട്രിയയിലും ജർമനിയിലും ഉള്ള യഹോവയുടെ സാക്ഷികളുടെ 300-ലധികം സഭകൾ അഭയാർഥികൾക്ക് ആശ്വാസം നൽകാനായി പ്രത്യേകശ്രമം ചെയ്യുന്നു. പിൻവരുന്ന ചോദ്യങ്ങൾക്കു ബൈബിളിൽനിന്ന് ഉത്തരം നൽകിയപ്പോൾ അഭയാർഥികൾ അതിനെ അങ്ങേയറ്റം വിലമതിച്ചതായി അവർ ശ്രദ്ധിച്ചു:
മധ്യയൂറോപ്പിലെ ബ്രാഞ്ചോഫീസിൽനിന്ന് നാലു ടണ്ണിലധികം ബൈബിൾപ്രസിദ്ധീകരണങ്ങളാണ് 2015 ആഗസ്റ്റിനും ഒക്ടോബറിനും ഇടയ്ക്ക് അവിടുത്തെ സാക്ഷികൾ ആവശ്യപ്പെട്ടത്. ആ പ്രസിദ്ധീകരണങ്ങൾ അവർ വിലയൊന്നും ഈടാക്കാതെ അഭയാർഥികൾക്കു നൽകി.
ഭാഷ ഒരു തടസ്സമായില്ല
മിക്ക അഭയാർഥികൾക്കും അവരുടെ മാതൃഭാഷ മാത്രമേ അറിയാവൂ. അതുകൊണ്ട് ലേഖനങ്ങളും വീഡിയോകളും നൂറുകണക്കിന് ഭാഷകളിൽ ലഭ്യമായ jw.org വെബ്സൈറ്റ് സാക്ഷികൾ ഉപയോഗിച്ചു. ജർമനിയിലെ എർഫർട്ടിൽ സ്വമേധയാ സേവിക്കുന്ന മത്ഥിയാസും പെട്രയും ഇങ്ങനെ പറഞ്ഞു: “ചില സമയത്ത് ആംഗ്യങ്ങളും ചിത്രങ്ങളും വരകളും ഉപയോഗിച്ചാണ് ഞങ്ങൾ കാര്യം ധരിപ്പിച്ചത്.” അഭയാർഥികൾക്ക് അവരുടെ മാതൃഭാഷയിൽ ബൈബിൾസന്ദേശം പറഞ്ഞുകൊടുക്കാനായി JW ഭാഷാസഹായി ആപ്ലിക്കേഷനും സാക്ഷികൾ പ്രയോജനപ്പെടുത്തി. ഇനി മറ്റു ചിലരാകട്ടെ, പല ഭാഷകളിൽ തിരുവെഴുത്തുകൾ വായിക്കാനും വീഡിയോകൾ കാണാനും കഴിയുന്ന JW ലൈബ്രറി ആപ്ലിക്കേഷൻ ഉപയോഗിച്ചു.
ആവേശോജ്ജ്വലമായ പ്രതികരണം
ജർമനിയിലെ ഷ്വിൻഫർട്ടിൽനിന്നുള്ള സാക്ഷികളായ ദമ്പതികൾ പറഞ്ഞു: “ഒരു വലിയ കൂട്ടം ആളുകൾ ഞങ്ങൾക്കു ചുറ്റും കൂടി. രണ്ടര മണിക്കൂറുകൊണ്ട് 360-ഓളം പ്രസിദ്ധീകരണങ്ങളാണ് അഭയാർഥികൾ സ്വീകരിച്ചത്. തല അൽപ്പം കുമ്പിട്ടുകൊണ്ട് പലരും ഞങ്ങളോടുള്ള നന്ദി കാണിച്ചു.” ജർമനിയിലെ ഡെറ്റ്സിൽനിന്നുള്ള സ്വമേധാസേവകനായ വോൾഫ്ഗാങ്ങ് പറഞ്ഞത് ഇങ്ങനെയാണ്: “ആരെങ്കിലും അവരിൽ താത്പര്യമെടുക്കുന്നതു കാണുമ്പോൾ അഭയാർഥികൾക്ക് വലിയ സന്തോഷമായിരുന്നു. ചില സമയത്ത് അഞ്ചും ആറും ഭാഷകളിൽ അവർ പ്രസിദ്ധീകരണങ്ങൾ ചോദിച്ചു.”
മിക്കവരും അപ്പോൾത്തന്നെ പ്രസിദ്ധീകരണം വായിച്ചുതുടങ്ങി. മറ്റു ചിലർ സാക്ഷികളോടു നന്ദി പറയാനായി തിരിച്ചുവന്നു. ജർമനിയിലെ ബർലിനിൽനിന്നുള്ള ഒരു സാക്ഷിയായ ഇലോങ്ക പറയുന്നു: “രണ്ടു ചെറുപ്പക്കാർ കുറച്ച് പ്രസിദ്ധീകരണങ്ങൾ എടുത്തു. അര മണിക്കൂർ കഴിഞ്ഞപ്പോൾ ഏതാനും ബ്രെഡ്ഡുമായി അവർ തിരിച്ചുവന്നു. അവരുടെ നന്ദി അറിയിക്കാൻ ഇതല്ലാതെ മറ്റൊന്നും കൈയിലില്ലെന്ന് അവർ പറഞ്ഞു.”
“നന്ദി, ഒരുപാട് നന്ദി!”
സാമൂഹികപ്രവർത്തകരും അധികാരികളും അയൽക്കാരും സാക്ഷികളുടെ സ്വമേധാസേവനത്തെ വിലമതിക്കുന്നു. 300 അഭയാർഥികളുടെ കാര്യം നോക്കുന്ന ഒരു സാമൂഹികപ്രവർത്തകൻ പറഞ്ഞത് ഇങ്ങനെയാണ്: “അന്യദേശത്തുള്ള ഇവരുടെ കാര്യത്തിൽ ഇത്ര താത്പര്യം കാണിക്കുന്നതിന് നന്ദി, ഒരുപാട് നന്ദി!” മാതൃഭാഷയിലുള്ള പ്രസിദ്ധീകരണങ്ങൾ അവർക്കു വായിക്കാൻ കൊടുക്കുന്നത് സാക്ഷികൾ ചെയ്യുന്ന നല്ലൊരു കാര്യമാണെന്ന് അഭയാർഥിക്യാമ്പിലെ മറ്റൊരു സാമൂഹികപ്രവർത്തകൻ പറഞ്ഞു. “കാരണം മൂന്നു നേരം ആഹാരം കഴിക്കുക എന്നല്ലാതെ മറ്റൊന്നും അവർക്ക് ഇപ്പോൾ ചെയ്യാനില്ല.”
ഓസ്ട്രിയയിൽ താമസിക്കുന്ന സ്റ്റീഫനും ഭാര്യ മാരിയണും തങ്ങളുടെ സ്വമേധാസേവനത്തിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് പട്രോളിങ്ങ് ഡ്യൂട്ടിയിലായിരുന്ന രണ്ടു പോലീസുകാരോട് വിശദീകരിച്ചു. പോലീസുകാർ അവരോട് നന്ദി പറയുകയും രണ്ടു പുസ്തകങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. മാരിയൺ ഓർക്കുന്നു: “വീണ്ടുംവീണ്ടും നമ്മുടെ പ്രവർത്തനത്തെ അഭിനന്ദിച്ച് അവർ സംസാരിച്ചു.”
ഏതു കാലാവസ്ഥയിലും സാക്ഷികൾ അഭയാർഥികളോടു കാണിക്കുന്ന സ്നേഹം ഓസ്ട്രിയയിലെ ഒരു സ്ത്രീ ശ്രദ്ധിച്ചു. ക്യാമ്പിലുള്ളവർക്കു സാധനങ്ങൾ സ്ഥിരമായി സംഭാവന ചെയ്തിരുന്ന ആ സ്ത്രീ ഒരു ദിവസം ഇങ്ങനെ പറഞ്ഞു: “അഭയാർഥികൾക്ക് ഭൗതികസഹായം ആവശ്യമാണ്. എന്നാൽ ഒരു ശുഭപ്രതീക്ഷയാണ് അവർക്ക് അതിലും ആവശ്യം. അതുതന്നെയാണ് നിങ്ങൾ നൽകുന്നതും!”