മുൻവിധികൾക്കു വിട!
എല്ലാ വർഗക്കാരെയും ദൈവം ഒരുപോലെ കാണുന്നുവെന്നാണ് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നത്. (പ്രവൃത്തികൾ 10:34, 35) ആളുകളെ ബൈബിൾ പഠിപ്പിച്ചുകൊണ്ട്, അവരുടെ ഉള്ളിൽ ആഴത്തിൽ വേരിറങ്ങിയിരിക്കുന്ന മുൻവിധികൾപോലും പറിച്ചെറിയാൻ ഞങ്ങൾ സഹായിക്കുന്നു.
കൂടാതെ, വർഗീയമോ വംശീയമോ ആയ വിദ്വേഷത്താൽ പ്രേരിതമായ ഒരു പ്രസ്ഥാനത്തെയും ഞങ്ങൾ പിന്തുണയ്ക്കുന്നില്ല. ഉദാഹരണത്തിന്, നാസി ഭരണകാലത്ത് ജർമനിയിലും മറ്റിടങ്ങളിലും വംശീയവിദ്വേഷം ആളിക്കത്തിക്കാൻ ഹിറ്റ്ലർ ശ്രമിച്ചു. എന്നാൽ അത്തരം പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ യഹോവയുടെ സാക്ഷികൾ തയ്യാറായില്ല. അതിന്റെ പേരിൽ നൂറുകണക്കിനു സാക്ഷികൾക്ക് സ്വന്തം ജീവൻ വിലകൊടുക്കേണ്ടിവന്നു.
1994-ൽ റുവാണ്ടയിൽ വംശഹത്യ നടന്നപ്പോഴും സാക്ഷികൾ അതിൽ പങ്കുചേർന്നില്ല. വാസ്തവത്തിൽ, സ്വന്തം ജീവൻപോലും പണയംവെച്ചാണ് ചിലർ ആ കൂട്ടക്കുരുതിയിൽനിന്ന് ആളുകളെ സംരക്ഷിച്ചത്. മറ്റു ചിലർക്കാകട്ടെ, അതിന്റെ പേരിൽ ജീവൻ നഷ്ടപ്പെടുകയും ചെയ്തു.
എല്ലാത്തരം ആളുകളെയും സഹായിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ട് ഞങ്ങൾ ഇപ്പോൾ 600-ലധികം ഭാഷകളിൽ ബൈബിൾപ്രസിദ്ധീകരണങ്ങൾ തയ്യാറാക്കി വിതരണം ചെയ്യുന്നു. അതുകൊണ്ടുതന്നെ, “സകല ജനതകളിലും ഗോത്രങ്ങളിലും വംശങ്ങളിലും ഭാഷകളിലും” നിന്നുള്ളവർ ഞങ്ങളുടെ സഭകളിലുണ്ട്.—വെളിപാട് 7:9.