പ്രകൃതിസംരക്ഷണത്തിന് യഹോവയുടെ സാക്ഷികൾക്കു പുരസ്കാരം
പ്രകൃതിക്കു ഹാനി വരുത്താത്ത, വൃത്തിയും വെടിപ്പും ഉള്ള സ്ഥാപനങ്ങൾക്കു ലഭിക്കുന്ന ക്ലീൻ എന്റർപ്രൈസ് സർട്ടിഫിക്കറ്റ്, തുടർച്ചയായി ഏഴാം വർഷവും യഹോവയുടെ സാക്ഷികളുടെ മെക്സിക്കോയിലെ അച്ചടിശാലയ്ക്കു ലഭിച്ചു.
2012 സെപ്റ്റംബർ 26-ന് “പ്രകൃതിയെ സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനും (യഹോവയുടെ സാക്ഷികൾ) കാണിക്കുന്ന അർപ്പണമനോഭാവത്തെ” ആദരിച്ചുകൊണ്ട് മെക്സിക്കോ ഗവണ്മെന്റ് യഹോവയുടെ സാക്ഷികൾക്ക് ഒരു പ്രത്യേക പുരസ്കാരം നൽകി.
പരിസ്ഥിതിക്കു ദോഷം വരാത്ത രീതിയിൽ വ്യവസായശാലകൾ വളർത്തിക്കൊണ്ടുവരാൻ സഹായിക്കുന്ന പരിപാടിയാണു ക്ലീൻ എന്റർപ്രൈസ് പദ്ധതി. യഹോവയുടെ സാക്ഷികളുടെ സംഘടന ലാഭത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒന്നല്ലെങ്കിലും എല്ലാ വർഷവും അവർ ഈ പരിപാടിയിൽ പങ്കെടുക്കാറുണ്ട്. മെക്സിക്കോയിലെ അച്ചടിശാലയുടെ പ്രതിനിധി പറയുന്നു: “ക്ലീൻ എന്റർപ്രൈസ് സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ ഏഴു മേഖലകളിൽ പ്രാദേശിക പരിസ്ഥിതിച്ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്നു തെളിയിക്കണം: വായു, വെള്ളം, നഗരമാലിന്യങ്ങൾ, അപകടകരമായ മാലിന്യങ്ങൾ, സുരക്ഷ, വൈദ്യുതി, പരിസ്ഥിതിസംരക്ഷണത്തിനുള്ള പരിശീലനം എന്നിവയാണ് അവ. വ്യവസായശാലകൾ ഈ പരിപാടിയിൽ പങ്കെടുക്കണമെന്നു നിർബന്ധമില്ല. എങ്കിലും ഞങ്ങൾ സ്വമേധയാ അതിൽ ചേരുന്നു.”
ഭൂമിയുടെ അമൂല്യമായ പരിസ്ഥിതി കാത്തുസംരക്ഷിക്കുന്നതിന് ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികൾ തങ്ങളാലാവുന്നതെല്ലാം ചെയ്യുന്നു.