യഹോവയുടെ സാക്ഷികൾ ലിവീവിന് അടുത്തുള്ള കാടു വൃത്തിയാക്കാൻ സഹായിക്കുന്നു
യുക്രെയിനിലെ ലിവീവിന് അടുത്തുള്ള ബ്രുകോവിച്ചി കാട് 2017 മെയ് 6-ന് വൃത്തിയാക്കി. ഏകദേശം 130-ഓളം യഹോവയുടെ സാക്ഷികൾ അതിൽ പങ്കെടുത്തു. ഈ കാടിന് അടുത്താണ് യഹോവയുടെ സാക്ഷികളുടെ യുക്രെയിൻ ബ്രാഞ്ചോഫീസ്. അവിടെ താമസിച്ച് ജോലി ചെയ്യുന്ന 22-നും 80-നും ഇടയിൽ പ്രായമുള്ള സന്നദ്ധസേവകരാണ് ഇതിനായി മുന്നോട്ടുവന്നത്. അവർ വെറും മൂന്നു മണിക്കൂറിനുള്ളിൽ 120 ഏക്കർ സ്ഥലം വൃത്തിയാക്കുകയും 600 കിലോഗ്രാമോളം മാലിന്യം ശേഖരിക്കുകയും ചെയ്‌തു.
ലിവീവ് ഫോറസ്റ്റ് ബ്രീഡിങ് ആൻഡ് ഡ്രില്ലിങ് സെന്ററിലെ ഒരു എഞ്ചിനീയറായ മൈക്കായിലോ സ്‌പ്ലവിൻസ്‌കി പറയുന്നു: “യഹോവയുടെ സാക്ഷികളായിരുന്നു വാർഷിക വനശുചീകരണത്തിനു സഹായിക്കാൻ ആദ്യം എത്തിയത്. 2014 മുതൽ എല്ലാ വർഷവും അവർ അങ്ങനെ ചെയ്തുപോരുന്നു.”
ശുചീകരണത്തിന്റെ ആവശ്യകത
സ്‌പ്ലവിൻസ്‌കി വിശദീകരിക്കുന്നു: “രണ്ടു വിധങ്ങളിലാണ് മാലിന്യങ്ങൾ കാട്ടിലെത്തുന്നത്. ഒന്നാമതായി, ചിലർ മാലിന്യങ്ങൾ കാട്ടിൽ ഉപേക്ഷിച്ചിട്ട് പോകുന്നു. രണ്ടാമതായി, കെട്ടിടാവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും വലിയ ട്രക്കുകളിൽ കൊണ്ടുവന്ന് ഇവിടെ തട്ടുന്നു.”
ഇത്തരത്തിലുള്ള മാലിന്യങ്ങൾ കാടിന് വലിയ ദോഷം ചെയ്യും. സ്‌പ്ലവിൻസ്‌കി പറയുന്നു: “മാലിന്യങ്ങൾ കാലങ്ങൾകൊണ്ട് അഴുകുകയോ ദ്രവിക്കുകയോ ചെയ്യും. അത് ഭൂഗർഭജലം മലിനമാക്കുകയും പരിസ്ഥിതിപ്രശ്നങ്ങൾക്കു കാരണമാകുകയും ചെയ്യും.” വലിച്ചെറിയുന്ന ചില്ലുകഷണങ്ങൾ സൂര്യരശ്മികളുടെ തീവ്രത കൂട്ടി, കാട്ടുതീക്കു കാരണമായേക്കാം. കുപ്പിച്ചില്ലുകളും ഉപയോഗശൂന്യമായ സിറിഞ്ചുകളും അപകടകരമാണ്, പ്രത്യേകിച്ച് ചെറിയ കുട്ടികൾക്ക്. അദ്ദേഹം പറയുന്നു: “മാലിന്യങ്ങൾ നീക്കം ചെയ്തുകൊണ്ട് ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ കഴിയും.”
8,100 ഏക്കർ വരുന്ന ഈ കാടു വൃത്തിയാക്കുന്നത് അത്ര എളുപ്പമല്ല. “ഇവിടെ അഞ്ചു വനസംരക്ഷകരേ ഉള്ളൂ. ഞങ്ങളുടെ ശ്രമംകൊണ്ടു മാത്രം അതു വൃത്തിയാക്കാൻ കഴിയില്ല. അതുകൊണ്ട്, വർഷത്തിലൊരിക്കൽ വനശുചീകരണത്തിൽ പങ്കെടുക്കാൻ പൊതുജനങ്ങളെ ക്ഷണിക്കുന്നു.”
ശേഖരിക്കൽ, തരം തിരിക്കൽ, സംസ്കരിക്കൽ
കുപ്പി, പാട്ട, പേപ്പർ, പ്ലാസ്റ്റിക്ക്, ഗ്ലാസ്, ഉപയോഗശൂന്യമായ സിറിഞ്ച്, കാറിന്റെ ടയർ എന്നിവ കൈയുറയും പ്ലാസ്റ്റിക്ക് കൂടുകളും വാരുകോലുകളും ആയി വന്ന സാക്ഷികൾ ശേഖരിച്ചു. എന്തായിരുന്നു ഫലം? അവിടത്തെ വനപരിപാലകനായ ഈഹോർ ഫെഡക്ക് അതെക്കുറിച്ച് പറയുന്നു: “യഹോവയുടെ സാക്ഷികൾക്കു കൊടുത്ത സ്ഥലം ഇപ്പോൾ വളരെ വൃത്തിയാണ്.”
മാലിന്യങ്ങൾ സംസ്കരിച്ച് വീണ്ടും ഉപയോഗിക്കുന്നത് എളുപ്പമാക്കുന്നതിനു സന്നദ്ധസേവകർ പേപ്പർ, പ്ലാസ്റ്റിക്ക്, ഗ്ലാസ് എന്നിങ്ങനെ അവയെ തരം തിരിക്കുന്നു, നിയമപ്രകാരം അത് ആവശ്യമില്ലെങ്കിലും. എന്നിട്ട് ഇവ ഒരു മാലിന്യസംസ്കരണ കമ്പനിക്കു കൈമാറുന്നു. 2016 മുതൽ സാക്ഷികൾ ശേഖരിക്കുന്ന മാലിന്യങ്ങളുടെ സംസ്കരണച്ചെലവ് അവർതന്നെയാണു വഹിക്കുന്നത്. ഫെഡക്ക് പറയുന്നു: “ഞങ്ങളെ സഹായിച്ചതിന് യഹോവയുടെ സാക്ഷികളോടു ഞാൻ നന്ദി പറയുന്നു. അവർ ഞങ്ങളെ ഒരുപാടു സഹായിക്കുന്നുണ്ട്.”
“വൃത്തിയാക്കൽ അത്ര കുറച്ചിലുള്ള പണിയൊന്നുമല്ല”
ഈ വാർഷികശുചീകരണ വേല സാക്ഷികൾ ആസ്വദിക്കുന്നു. സമൂഹത്തിന്റെ നന്മയ്‌ക്കും കാടിന്റെ സുസ്ഥിതിക്കും വേണ്ടി പ്രവർത്തിക്കാൻ അവർക്കു സന്തോഷമേ ഉള്ളൂ. ഫോക്കർ അവരുടെ ഒരു പൊതുവായ ചിന്ത പ്രകടിപ്പിച്ചത് ഇങ്ങനെയാണ്: “വൃത്തിയാക്കൽ അത്ര കുറച്ചിലുള്ള പണിയൊന്നുമല്ല. മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലും ചെയ്യുന്നത് ഒരു നല്ല കാര്യമാണ്. അത് എനിക്ക് സംതൃപ്തി നൽകുന്നു.”
അൻഴെലിക്ക ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “മാലിന്യം ആര് ഇട്ടു എന്നല്ല, അതു നീക്കാൻ എനിക്ക് എന്തു ചെയ്യാനാകും എന്നാണു ഞാൻ നോക്കുന്നത്.” 78 വയസ്സുള്ള ലോയസും ഈ ശുചീകരണപരിപാടിയിൽ പങ്കെടുത്തു. ലോയസ് പറയുന്നു: “നടന്നുപോകുമ്പോൾ മാലിന്യം കണ്ടാൽ അസ്വസ്ഥരാകുന്നതിനു പകരം അത് എടുത്ത് കളയുന്നതായിരിക്കും നല്ലത്.”
വെസ്‌ലാവ് പറയുന്നു: “സാധാരണ ഞങ്ങൾ നന്നായി ഒരുങ്ങി ടൈയും കെട്ടി ഞങ്ങളുടെ വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവരോടു പറയാൻ പോകുന്നതാണ് ആളുകൾ കാണുന്നത്. കൈ തെറുത്തുകയറ്റി ഒരു കാടു വൃത്തിയാക്കാനും നാടിനു ഗുണം ചെയ്യുന്ന മറ്റു കാര്യങ്ങൾ ചെയ്യാനും ഞങ്ങൾ തയ്യാറാണ്.”