രാജ്യഹാൾ നിങ്ങളുടെ സമൂഹത്തിനുവേണ്ടി എന്തു ചെയ്യും?
ഒരു നൂറ്റാണ്ടിലേറെ കാലമായി യഹോവയുടെ സാക്ഷികൾ അവരുടെ യോഗസ്ഥലങ്ങൾ ഡിസൈൻ ചെയ്യുകയും നിർമിക്കുകയും ചെയ്യുന്നു. രാജ്യഹാൾ എന്ന് അറിയപ്പെടുന്ന ഒരു ആരാധനാസ്ഥലത്തിന്റെ പണി നിങ്ങളുടെ പ്രദേശത്തു നടക്കുന്നുണ്ടോ? ഒരു രാജ്യഹാൾ ഏതു വിധത്തിൽ നിങ്ങളുടെ സമൂഹത്തിനു പ്രയോജനപ്പെട്ടേക്കാം?
‘സമൂഹത്തിന് ഒരു നല്ല സമ്മാനം’
രാജ്യഹാളുകൾ പരിസരപ്രദേശത്തിന്റെ ഭംഗി വർധിപ്പിക്കുന്ന വിധത്തിലാണ് ഡിസൈൻ ചെയ്യുന്നത്. “രാജ്യഹാളുകൾ പ്രദേശത്തെ ഏറ്റവും ആകർഷകവും ഭംഗിയുള്ളതും ആയ കെട്ടിടങ്ങളിൽ ഒന്നായിരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം” എന്ന് ഐക്യനാടുകളിലെ രാജ്യഹാൾ നിർമാണപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന ജേസൺ പറയുന്നു. ഡിസൈൻ ടീമിൽ പ്രവർത്തിക്കുന്ന യഹോവയുടെ സാക്ഷിയായ ഒരു ആർക്കിട്ടെക്റ്റ് ഇങ്ങനെ പറഞ്ഞു: “പണി കഴിയുന്ന രാജ്യഹാളുകൾ സമൂഹത്തിന് ഒരു നല്ല സമ്മാനവും ചുറ്റുവട്ടത്തിനൊരു പുത്തനുണർവും ആയിരിക്കണമെന്നാണു ഞങ്ങളുടെ ആഗ്രഹം.”
രാജ്യഹാൾ നിർമാണപ്രവർത്തകർ യഹോവയുടെ സാക്ഷികൾതന്നെയാണ്. തങ്ങളുടെ സമയവും കഴിവുകളും സ്വമനസ്സാലെ വിട്ടുകൊടുത്തുകൊണ്ട് നല്ല നിലവാരമുള്ള കെട്ടിടങ്ങൾ പണിയാൻ അവർ ആഗ്രഹിക്കുന്നു. അവരുടെ പണി പലപ്പോഴും മറ്റുള്ളവർ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്. ഉദാഹരണത്തിന് അടുത്തിടെ അമേരിക്കൻ ഐക്യനാടുകളിലെ ടെക്സാസിലുള്ള റിച്ച്മണ്ടിൽ നടന്ന ഒരു നിർമാണത്തെക്കുറിച്ച് ആ പ്രദേശത്തെ കെട്ടിടനിർമാണ പരിശോധകൻ പറഞ്ഞത്, അദ്ദേഹം ഇതുവരെ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും മികച്ച മേൽക്കൂരയാണ് രാജ്യഹാളിന്റേത് എന്നാണ്. ജമൈക്ക ദ്വീപിൽ ഒരു കെട്ടിടനിർമാണ പരിശോധകൻ ഒരു കൂട്ടം പുതിയ പരിശോധകരുമായി രാജ്യഹാൾ നിർമാണസ്ഥലം സന്ദർശിച്ചിട്ട് അവരോടു പറഞ്ഞു: “ഇവരുടെ കാര്യത്തിൽ നിങ്ങൾ പേടിക്കേണ്ട. യഹോവയുടെ സാക്ഷികൾ പ്ലാനുകൾ നോക്കി അതേപടിയാണ് എല്ലാം ചെയ്യുന്നത്. കൂടാതെ കെട്ടിടനിർമാണത്തോടു ബന്ധപ്പെട്ട നിയമം ആവശ്യപ്പെടുന്നതിനെക്കാൾ കൂടുതലും അവർ അതിനായി ചെയ്യുന്നുണ്ട്.” അമേരിക്കൻ ഐക്യനാടുകളിലെ ഫ്ളോറിഡയിലുള്ള ഒരു നഗരത്തിലെ കെട്ടിടനിർമാണ പരിശോധകൻ പറഞ്ഞു: “ഞാൻ ആശുപത്രികളും ഗവൺമെന്റിന്റെ വലിയ പ്രോജക്ടുകളും പരിശോധിച്ചിട്ടുണ്ട്. പക്ഷേ അതൊന്നും ഇത്രയും സംഘടിതമായിരുന്നില്ല. നിങ്ങളുടെ പണി, അത് സമ്മതിക്കാതെ വയ്യ!”
അയൽക്കാരെ നല്ല വിധത്തിൽ സ്വാധീനിക്കുന്നു
രാജ്യഹാളിൽ നടക്കുന്ന മീറ്റിങ്ങുകൾ, പങ്കെടുക്കുന്നവരുടെ ജീവിതത്തെ നല്ല വിധത്തിൽ സ്വാധീനിക്കുന്നു. നല്ല അച്ഛനായിരിക്കാനും അമ്മയായിരിക്കാനും മക്കളായിരിക്കാനും ഉള്ള സഹായം അവർക്കു ലഭിക്കുന്നു. രാജ്യഹാൾ ഡിസൈൻ ടീമിൽ പ്രവർത്തിക്കുന്ന റോഡ് പറയുന്നു: “സമൂഹത്തിനു ഗുണം ചെയ്യുന്ന, ഉയർന്ന ധാർമികനിലവാരങ്ങൾ പഠിപ്പിക്കുന്ന വിദ്യാഭ്യാസകേന്ദ്രങ്ങളാണ് ഓരോ രാജ്യഹാളും.” അദ്ദേഹം കൂട്ടിച്ചേർക്കുന്നു: “ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാകുമ്പോൾ മറികടക്കാൻ വേണ്ട സഹായം നിങ്ങൾക്ക് ഇവിടെനിന്ന് ലഭിക്കും. അവിടുത്തെ സൗഹാർദപരമായ അന്തരീക്ഷം ആശ്വാസവും ആത്മീയസഹായവും ആവശ്യമായവരെ ആകർഷിക്കുന്നതാണ്. അവിടെ വരുന്നവർക്ക് ശരിക്കും പ്രയോജനം ചെയ്യും.”
രാജ്യഹാളിൽ കൂടിവരുന്നവർ അവരുടെ അയൽക്കാരുടെ ക്ഷേമത്തിൽ താത്പര്യമുള്ളവരാണ്. ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ അവർ പെട്ടെന്ന് സഹായിത്തിനെത്തുന്നു. ഉദാഹരണത്തിന് 2016-ൽ ബഹാമാസിൽ മാത്യു കൊടുങ്കാറ്റ് ആഞ്ഞടിച്ചപ്പോൾ യഹോവയുടെ സാക്ഷികൾ 254 വീടുകൾ കേടുപോക്കി. 80 വയസ്സുള്ള വൈലെറ്റ് എന്ന ഒരു സ്ത്രീയുടെ വീടു ചോർന്ന് വെള്ളക്കെട്ടായി. ദുരിതാശ്വാസപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന സാക്ഷികളോട്, സഹായിച്ചാൽ പണം നൽകാമെന്ന് വൈലെറ്റ് പറഞ്ഞു. എന്നാൽ അവർ പണമൊന്നും വാങ്ങാതെതന്നെ വൈലെറ്റിന്റെ വീടിന്റെ ചോർച്ചകളെല്ലാം അടച്ചു. എന്നിട്ട് സീലിങ് ശരിയാക്കുകയും ചെയ്തു. എല്ലാം കഴിഞ്ഞപ്പോൾ വൈലെറ്റ് ജോലിക്കാരെയെല്ലാം കെട്ടിപ്പിടിച്ച് പല തവണ നന്ദി അറിയിച്ചു. “നിങ്ങൾ ശരിക്കും ദൈവത്തിന്റെ ആളുകളാണ്!” എന്ന് അവർ പറഞ്ഞു.
‘ഞങ്ങളുടെ പ്രദേശത്ത് രാജ്യഹാൾ ഉള്ളതിൽ വലിയ സന്തോഷമുണ്ട്’
രാജ്യഹാളുകൾ നല്ല വിധത്തിൽ സൂക്ഷിക്കാൻ പ്രാദേശികസഭയിലുള്ളവർക്ക് യഹോവയുടെ സാക്ഷികൾ പരിശീലനം നൽകുന്നുണ്ട്. അതിനു നല്ല ഫലവും ഉണ്ടായിട്ടുണ്ട്. ഉദാഹരണത്തിന്, അരിസോണയിലെ ഒരു പ്രദേശത്ത് താമസിക്കുന്ന സ്ത്രീ രാജ്യഹാളിൽ നടന്ന ഒരു മീറ്റിങ്ങിനു വന്നു. ഹാൾ എത്ര നന്നായിട്ടാണ് പരിപാലിച്ചിരിക്കുന്നതെന്ന് അവർ പറഞ്ഞു. അതിനു വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങളെക്കുറിച്ചു കേട്ടപ്പോൾ അവർക്കു മതിപ്പു തോന്നി. കാരണം ഇപ്പോൾത്തന്നെ നല്ല നിലയിലുള്ള കെട്ടിടം മെച്ചപ്പെടുത്താനാണ് ഈ പരിപാടികൾ ചെയ്യുന്നത്. ഈ സ്ത്രീ അവിടുത്തെ നഗരപത്രത്തിന്റെ ഒരു എഴുത്തുകാരിയായിരുന്നു. പിന്നീട് ആ പത്രത്തിൽ നന്നായി പരിപാലിക്കുന്ന രാജ്യഹാളിനെക്കുറിച്ച് ഒരു റിപ്പോർട്ടു വന്നു. “ഞങ്ങളുടെ പ്രദേശത്ത് രാജ്യഹാൾ ഉള്ളതിൽ . . . വലിയ സന്തോഷമുണ്ട്” എന്നു പറഞ്ഞുകൊണ്ടാണ് ആ റിപ്പോർട്ട് അവസാനിക്കുന്നത്.
ലോകമെങ്ങുമായി അനേകം സ്ഥലങ്ങളിൽ രാജ്യഹാളുകളുണ്ട്. അവിടം സന്ദർശിക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. അവിടെ നിങ്ങൾക്ക് ഹൃദ്യമായ സ്വാഗതം ലഭിക്കും.