റോസ്റ്റോവ് ഓൺ ഡോൺ സുന്ദരമാക്കുന്നതിൽ യഹോവയുടെ സാക്ഷികളും പങ്കുചേർന്നു
2015 മെയ് 20-ന്, തെക്കൻ റഷ്യയിലെ ഏറ്റവും വലിയ നഗരമായ റോസ്റ്റോവ് ഓൺ ഡോണിലെ ഉന്നതാധികാരികൾ നന്ദി അറിയിച്ചുകൊണ്ട് യഹോവയുടെ സാക്ഷികൾക്ക് ഒരു കത്ത് എഴുതി. “വസന്തകാലത്ത് നഗരം സുന്ദരമാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചതിനെ” അഭിനന്ദിച്ചുകൊണ്ടായിരുന്നു കത്ത്.
റോസ്റ്റോവ് ഓൺ നഗരം സുന്ദരമാക്കാനുള്ള ആ സമൂഹത്തിന്റെ യത്നത്തിൽ നാലു സഭകളിൽനിന്നുള്ള യഹോവയുടെ സാക്ഷികൾ പങ്കെടുത്തു. വഴിയോരങ്ങളിലും നദീതീരത്തും കെട്ടിക്കിടന്ന ചപ്പുചവറുകളും മാലിന്യങ്ങളും ശേഖരിച്ച് അവർ കവറുകളിലാക്കി. ഏതാനും മണിക്കൂറുകൾകൊണ്ട് 300-ഓളം കവറുകളാണ് അവർ നിറച്ചത്. പിന്നീട് അത് ട്രക്കുകളിൽ കയറ്റിക്കൊണ്ടുപോയി.
ആ സമൂഹത്തെ സഹായിക്കാൻ യഹോവയുടെ സാക്ഷികൾ ഇത്ര താത്പര്യം കാണിച്ചത് എന്തുകൊണ്ടാണ്? 67 വയസ്സുള്ള റെയ്സ പറയുന്നു: “മാറിനിൽക്കാൻ എനിക്കു കഴിഞ്ഞില്ല. എന്റെ നഗരം വൃത്തിയുള്ളതായിരിക്കാനും അങ്ങനെയൊരു ചുറ്റുപാടിൽ എല്ലാവരും ജീവിക്കാനും ഞാൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ചെയ്യുന്ന പ്രവർത്തനം കുറച്ച് പേരേ അറിയൂ എങ്കിലും ഞാൻ ഇതു ശരിക്കും ആസ്വദിക്കുന്നു. ഒന്നുമല്ലെങ്കിലും ദൈവമായ യഹോവ ഇതു കാണുന്നുണ്ടല്ലോ.” അലക്സാൻഡെർ പറഞ്ഞത് ഇങ്ങനെയാണ്: “ഞങ്ങൾ ആളുകളോട് പ്രസംഗിക്കുക മാത്രമല്ല അവർക്കുവേണ്ടി സേവനവും ചെയ്യുന്നു. എന്റെ അയൽക്കാർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമ്പോൾ എനിക്കു വളരെ സന്തോഷവും സംതൃപ്തിയും തോന്നുന്നു.”
യഹോവയുടെ സാക്ഷികളുടെ അർപ്പണമനോഭാവം നിരീക്ഷകരിൽ മതിപ്പുളവാക്കി. അവർ കൂലിയൊന്നും മേടിക്കാതെയാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അറിഞ്ഞപ്പോൾ അവിടത്തെ ഒരു താമസക്കാരൻ അതിശയിച്ചുപോയി. ശുചീകരണപ്രവർത്തനത്തിൽ അവരോടൊപ്പം ചേരാൻ അദ്ദേഹവും തീരുമാനിച്ചു. പിന്നീട് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്: “വൃത്തിയാക്കുന്ന പ്രവർത്തനം ഇത്ര രസകരമാണെന്നും അതിൽനിന്ന് ഇത്ര സംതൃപ്തി കിട്ടുമെന്നും ഞാൻ സ്വപ്നത്തിൽപ്പോലും വിചാരിച്ചില്ല!” അദ്ദേഹം ഇങ്ങനെയും പറഞ്ഞു: “നിങ്ങളിൽ ചിലർ ഇവിടെ താമസിക്കുന്നവർപോലുമല്ല, എന്നിട്ടും ഞങ്ങൾക്കുവേണ്ടി ഇവിടം വൃത്തിയാക്കാൻ നിങ്ങൾ വന്നു!
ചെറിയൊരു കൂട്ടം യഹോവയുടെ സാക്ഷികൾ ഇത്രയും മാലിന്യം ശേഖരിച്ചത് നഗരത്തിലെ ഉന്നതോദ്യോഗസ്ഥരിൽ ഒരാളുടെ ശ്രദ്ധയിൽപ്പെട്ടു. അവർ നിറച്ച കവറുകളുടെ അടുത്ത് നിറുത്തി അദ്ദേഹം അവരുടെ ഫോട്ടോ എടുത്തിട്ട് ഇങ്ങനെ പറഞ്ഞു: “ഈ പണി എങ്ങനെയാണ് ചെയ്യേണ്ടതെന്ന് മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കാമല്ലോ!”