സ്കൂളിലെ പരിഹാസം നേരിടാൻ കുട്ടികൾക്ക് ഒരു സഹായം
പത്തു വയസ്സുള്ള ഹ്യൂഗോയ്ക്ക് അടുത്തകാലത്ത് ഒരു ബ്രിട്ടീഷ് ധർമസ്ഥാപനത്തിൽനിന്ന് ഡയാനാ അവാർഡ് കിട്ടി. പരിഹാസങ്ങളെ തരണം ചെയ്യാൻ സ്കൂളിലെ വിദ്യാർഥികളെ സഹായിച്ചതിനായിരുന്നു അത്.
ഹ്യൂഗോ പറയുന്നു: “തിരിച്ച് ഉപദ്രവിക്കാതെ പരിഹാസിയെ നേരിടുക (ഇംഗ്ലീഷ്) എന്ന കാർട്ടൂൺ വീഡിയോ ആണ് എന്നെ ഈ അവാർഡ് നേടാൻ സഹായിച്ചത്. jw.org വെബ്സൈറ്റിൽനിന്നു കണ്ട ആ വീഡിയോയിൽനിന്നു പഠിച്ച കാര്യങ്ങൾ എന്നെ പരിഹാസ-വിരുദ്ധ പ്രസ്ഥാനത്തിന്റെ നല്ലൊരു വക്താവാക്കി മാറ്റി.”
ആ വീഡിയോ ഹ്യൂഗോ ആദ്യം അധ്യാപകരെ കാണിച്ചു. അത് കണ്ട് ഇഷ്ടപ്പെട്ട അധ്യാപകർ jw.org വെബ്സൈറ്റ് എല്ലാ വിദ്യാർഥികൾക്കും ഉപയോഗിക്കാനുള്ള ക്രമീകരണം ചെയ്തു. ഹ്യൂഗോയുടെ സ്കൂളിലെ എട്ടിനും പത്തിനും ഇടയിൽ പ്രായമുള്ള മിക്ക വിദ്യാർഥികളും ഇപ്പോൾ ഈ വെബ്സൈറ്റ് പതിവായി ഉപയോഗിക്കാറുണ്ട്. പരിഹാസം പോലുള്ള പ്രശ്നങ്ങളെ തരണം ചെയ്യാൻ മാത്രമല്ല, ‘എനിക്ക് എങ്ങനെ നല്ല കൂട്ടുകാരെ കണ്ടെത്താം’ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം കണ്ടുപിടിക്കാനും ഈ സൈറ്റ് അവരെ സഹായിച്ചിരിക്കുന്നു എന്ന് അവർ പറയുന്നു.
നല്ല ചില വിദ്യകൾ കുട്ടികളെ സഹായിക്കുന്നു
മറ്റൊരു ബ്രിട്ടീഷ് സ്കൂളിൽ പഠിക്കുന്ന എട്ടു വയസ്സുകാരനായ എലൈജയും കളിയാക്കലിനു പാത്രമായിരുന്നു. അവനും അവന്റെ കുടുംബവും പരിഹാസിയെ നേരിടുക വീഡിയോ ശ്രദ്ധാപൂർവം കണ്ടു. എന്നിട്ട്, പരിഹാസം നേരിടുമ്പോൾ എന്ത് പറയണം എന്ത് ചെയ്യണം എന്നൊക്കെ അവർ പരിശീലിച്ചു നോക്കി. ഇതിലൂടെ എലൈജയ്ക്ക് ആ പ്രശ്നത്തെ വിജയകരമായി തരണം ചെയ്യാനുള്ള ധൈര്യം ലഭിച്ചു. പിന്നീട്, പരിഹാസ-വിരുദ്ധ വാരത്തിൽ എലൈജയുടെ സ്കൂളിലെ പ്രധാനാധ്യാപകൻ ആ വീഡിയോ മുഴുസ്കൂളിനെയും കാണിച്ചു.
കളിയാക്കൽ അല്ലെങ്കിൽ പരിഹസിക്കൽ എന്നത് ബ്രിട്ടനിൽ മാത്രമുള്ള ഒരു പ്രശ്നമല്ല. ഇത് ലോകമൊട്ടാകെയുള്ള പ്രശ്നമാണ്. അതുകൊണ്ടുതന്നെ ഈ വീഡിയോ എല്ലായിടത്തുമുള്ള കുട്ടികളെ സഹായിക്കുന്നു.
ഐക്യനാടുകളിൽനിന്നുള്ള ഐവി എന്ന പത്തു വയസ്സുകാരിക്ക് അവളെ കളിയാക്കിക്കൊണ്ടിരുന്ന സഹപാഠിയെ പേടിയായിരുന്നു. പരിഹാസിയെ നേരിടുക വീഡിയോ കണ്ടതിനു ശേഷം ഐവിക്ക് ആ പെൺകുട്ടിയോട് പോയി സംസാരിക്കാനുള്ള ധൈര്യം കിട്ടി. അധ്യാപകനോടും അവൾ സംസാരിച്ചു; അദ്ദേഹവും അവളെ സഹായിച്ചു. തുടർന്ന്, സഹപാഠി അവളോട് ക്ഷമ ചോദിച്ചു. ഇപ്പോൾ അവർ നല്ല കൂട്ടുകാരാണ്.
യഹോവയുടെ സാക്ഷികൾ യുവാക്കളുടെ ക്ഷേമത്തിൽ താത്പര്യമുള്ളവരാണ്. പരിഹാസംപോലെയുള്ള അനുദിനപ്രശ്നങ്ങളെ നേരിടാനുള്ള പ്രായോഗിക നിർദേശങ്ങൾ ഞങ്ങൾ തുടർന്നും പ്രസിദ്ധീകരിക്കുന്നതായിരിക്കും.