ആശ്വാസവുമായി ടൂർ ഡി ഫ്രാൻസിൽ
ടൂർ ഡി ഫ്രാൻസ് എന്നത് ലോകപ്രശസ്തമായ ഒരു സൈക്ലിങ് മത്സരമാണ്. 2016 ജൂലൈ 2 മുതൽ 24 വരെയുള്ള തീയതികളിലാണ് അതിന്റെ നൂറ്റിമൂന്നാമത്തെ മത്സരം നടന്നത്. ഫ്രാൻസിൽ അപ്പോൾ ഒരു പ്രക്ഷുബ്ധമായ സാഹചര്യമായിരുന്നു. കാരണം മുൻവർഷം അവിടെ നടന്ന വ്യത്യസ്ത ഭീകരാക്രമണങ്ങളിൽ ഏതാണ്ട് 100-ലധികം ആളുകൾ കൊല്ലപ്പെട്ടിരുന്നു. കൂടാതെ, 2016 ജൂലൈ 14-ലെ ഒരു പൊതു അവധി ദിവസം നൈസ് നഗരത്തിൽ കരിമരുന്നു പ്രയോഗം കണ്ടുകൊണ്ടിരുന്ന ജനക്കൂട്ടത്തിനിടയിലേക്ക് ഒരു ഭീകരൻ ട്രക്ക് ഓടിച്ചു കയറ്റി. ആ ആക്രമണത്തിൽ 86 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്കു പരിക്കേറ്റു.
ഭയവും നിരാശയും കൊണ്ട് മനസ്സു തകർന്ന ഫ്രാൻസിലെ ജനങ്ങൾക്ക് പ്രത്യാശയും ആശ്വാസവും പകരാൻ യഹോവയുടെ സാക്ഷികൾ ഈ അവസരം നന്നായി ഉപയോഗിച്ചു. സൈക്ലിങ് മത്സരം കടന്നുപോകുന്ന വ്യത്യസ്ത സ്ഥലങ്ങളിൽ യഹോവയുടെ സാക്ഷികൾ, പ്രസിദ്ധീകരണങ്ങൾ പ്രദർശിപ്പിക്കുന്ന കാർട്ടുകൾ വെച്ചു. ആ പരിപാടിയിൽ 1,400-ലധികം യഹോവയുടെ സാക്ഷികൾ പങ്കെടുത്തു. ജീവിതത്തിലെ ചില സുപ്രധാനചോദ്യങ്ങൾക്ക് ഉത്തരം അറിയാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് 2,000-ത്തിലധികം ബൈബിൾ പ്രസിദ്ധീകരണങ്ങൾ വിതരണം ചെയ്യാൻ അവർക്കു കഴിഞ്ഞു.
“എല്ലായിടത്തും നിങ്ങളുണ്ടല്ലോ!”
സൈക്ലിങ് മത്സരത്തിൽ പങ്കെടുത്തവരെ അനുഗമിച്ച അവരുടെ ആരാധകർ നഗരത്തിൽ പലയിടത്തും യഹോവയുടെ സാക്ഷികളെ കണ്ട് അതിശയിച്ചു. മത്സരത്തിന്റെ സംഘാടകരിൽ പലരും യഹോവയുടെ സാക്ഷികളുടെ ക്രമീകൃതമായ പ്രവർത്തനങ്ങളെ പലതവണ അഭിനന്ദിച്ചു. അവർ ഇങ്ങനെ പറഞ്ഞു: “സൈക്ലിങ് മത്സരം കടന്നുപോകുന്ന എല്ലായിടത്തും നിങ്ങളുണ്ടല്ലോ!” പല സൈക്ലിങ് പ്രേമികളും “യഹോവയുടെ സാക്ഷികൾ ഇവിടെയും ഉണ്ട്!” എന്നു പറയുന്നുണ്ടായിരുന്നു. മത്സരം തുടങ്ങി കുറച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഒരു ബസ് ഡ്രൈവർ അദ്ദേഹത്തിനു കൊടുത്ത ലഘുലേഖ വിനയപൂർവം നിരസിച്ചു. എന്നിട്ട് നാലു ലഘുലേഖ ഇപ്പോൾത്തന്നെ കിട്ടിയെന്നു പറഞ്ഞു!
യഹോവയുടെ സാക്ഷികളെ സ്ഥിരമായി കാണാൻ തുടങ്ങിയതുകൊണ്ട് ചില ആളുകൾക്ക് ആകാംക്ഷ തോന്നി കാർട്ടിന്റെ അടുത്തുവന്ന് പ്രസിദ്ധീകരണങ്ങൾ എടുത്തു. ഒരു ടെലിവിഷൻ സ്‌പോർട്‌സ് ചാനലിലെ ജോലിക്കാരൻ തലേ വർഷവും അതേ സൈക്ലിങ് മത്സരത്തിൽ യഹോവയുടെ സാക്ഷികളെ കണ്ടത് ഓർത്തു. എന്തായാലും ഈ വർഷം കാർട്ടിന് അടുത്ത് പോകണമെന്ന് അദ്ദേഹം തീരുമാനിച്ചു. അവിടെ എത്തിയ അദ്ദേഹം കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകമാണ് തിരഞ്ഞെടുത്തത്. കാരണം അതിലെ ഒരു വിഷയം അദ്ദേഹത്തിനു വേണ്ടതായിരുന്നു. തന്റെ വണ്ടിയിലിരുന്ന് അതിന്റെ കുറെ ഭാഗം വായിച്ച അദ്ദേഹം സഹപ്രവർത്തകരോട് പ്രസിദ്ധീകരണങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്ന കാർട്ടിനെക്കുറിച്ച് പറഞ്ഞു. അവരും വ്യത്യസ്തവിഷയങ്ങളിലുള്ള പ്രസിദ്ധീകരണങ്ങൾ എടുത്തു.
പ്രത്യാശയും വിശ്വാസവും ഉണ്ടാകാൻ സഹായിക്കുന്നു
ചില ആളുകൾ യഹോവയുടെ സാക്ഷികളെ അന്വേഷിച്ച് കണ്ടുപിടിച്ച് അവരോടു മനസ്സു തുറന്നു. പ്രതീക്ഷ നശിച്ച ഒരു ചെറുപ്പക്കാരി അന്നേ ദിവസം ഒരു ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാൽ ദൈവത്തിന്റെ രാജ്യത്തിലൂടെ കൈവരാൻ പോകുന്ന സമാധാനം നിറഞ്ഞ ഭാവിയെക്കുറിച്ചുള്ള ബൈബിളിന്റെ സന്ദേശം കേട്ട അവൾക്ക് പ്രത്യാശയും ആശ്വാസവും തോന്നി. ജീവിതം അവസാനിപ്പിക്കേണ്ടെന്ന് അവൾ തീരുമാനിച്ചു. മറ്റൊരു സ്‌ത്രീ യഹോവയുടെ സാക്ഷികളോടു പറഞ്ഞു: “നിങ്ങളുടെ ഈ നല്ല പ്രവർത്തനം തുടരുക!”
ഊന്നുവടിയുടെ സഹായത്തോടെ നടക്കുന്ന ഒരാളെ ഒരു സഹോദരി കണ്ടു. പരിചയമില്ലാത്ത ആളുകളെ വിശ്വസിക്കാൻ അയാൾക്ക് ഭയമായിരുന്നു. എന്നാൽ യഹോവയുടെ സാക്ഷിയാണെന്ന് മനസ്സിലാക്കിയ ആ സഹോദരിയിൽനിന്ന് അദ്ദേഹം സഹായം സ്വീകരിച്ചു. അവർ നന്നായി വസ്‌ത്രം ധരിച്ചിരുന്നത് ശ്രദ്ധിച്ചിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു: “നിങ്ങളുടെ പുഞ്ചിരിക്കും നല്ല വസ്ത്രധാരണത്തിനും നന്ദി. എനിക്ക് നിങ്ങളെ വിശ്വസിക്കാൻ തോന്നി.”