നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും—യോഗത്തിനുള്ള നിർദേശങ്ങൾ
ഉള്ളടക്കം
1. നമ്മുടെ ക്രിസ്തീയ ജീവിതവും സേവനവും—യോഗത്തിൽ നിയമനങ്ങൾ ഉള്ളവരെ സഹായിക്കുന്ന നിർദേശങ്ങളാണ് ഈ ഡോക്യുമെന്റിൽ ഉള്ളത്. നിയമനങ്ങൾ ഉള്ളവർ അത് തയ്യാറാകുന്നതിനു മുമ്പ് ജീവിത-സേവന യോഗത്തിനുള്ള പഠനസഹായിയിലെയും ഈ ഡോക്യുമെന്റിലെയും നിർദേശങ്ങൾ പരിശോധിക്കണം. വിദ്യാർഥിനിയമനങ്ങൾ നടത്താൻ എല്ലാ പ്രചാരകരെയും പ്രോത്സാഹിപ്പിക്കുക. സഭയോടൊപ്പം സജീവമായി സഹവസിക്കുകയും ബൈബിളുപദേശങ്ങൾ അംഗീകരിക്കുകയും ക്രിസ്തീയതത്ത്വങ്ങൾക്കു ചേർച്ചയിൽ ജീവിക്കുകയും ചെയ്യുന്ന മറ്റുള്ളവർക്കും നിയമനങ്ങൾ നടത്താം. പ്രചാരകനല്ലാത്ത ഒരാൾ ഇതിൽ ചേരാൻ ആഗ്രഹിക്കുന്നെങ്കിൽ, ജീവിത-സേവന യോഗമേൽവിചാരകൻ അതിനു വേണ്ട യോഗ്യതകളെക്കുറിച്ച് ആ വ്യക്തിയുമായി ചർച്ച ചെയ്യും. അതിനുശേഷം അദ്ദേഹം അതിനു യോഗ്യനാണോ എന്ന് അറിയിക്കും. അദ്ദേഹവുമായി ബൈബിൾപഠനം നടത്തുന്ന വ്യക്തിയുടെ സാന്നിധ്യത്തിൽ ആയിരിക്കണം ഇതു ചെയ്യേണ്ടത് (അല്ലെങ്കിൽ വിശ്വാസത്തിലുള്ള പിതാവിന്റെയോ മാതാവിന്റെയോ സാന്നിധ്യത്തിൽ). സ്നാനമേറ്റിട്ടില്ലാത്ത പ്രചാരകനാകാൻ ആവശ്യമായ അതേ യോഗ്യതകൾതന്നെയാണ് ഇതിനും വേണ്ടത്.—od അധ്യാ. 8 ഖ. 8.
ആമുഖപ്രസ്താവനകൾ
2. ഒരു മിനിട്ട്. എല്ലാ ആഴ്ചയും, ആദ്യത്തെ പാട്ടിനും പ്രാർഥനയ്ക്കും ശേഷം, ജീവിത-സേവന യോഗത്തിന്റെ അധ്യക്ഷൻ പരിപാടിയെക്കുറിച്ച് സദസ്സിന്റെ ആകാംക്ഷ ഉണർത്തും. സഭയ്ക്ക് ഏറ്റവും പ്രയോജനം ചെയ്യുന്ന ആശയങ്ങളിലേക്കായിരിക്കും അദ്ദേഹം ശ്രദ്ധ ക്ഷണിക്കുന്നത്.
ദൈവവചനത്തിലെ നിധികൾ
3. പ്രസംഗം: പത്തു മിനിട്ട്. ജീവിത-സേവന യോഗത്തിനുള്ള പഠനസഹായിയിൽ ഇതിന്റെ വിഷയവും രണ്ടോ മൂന്നോ പോയിന്റുകളുടെ ബാഹ്യരേഖയും കൊടുത്തിട്ടുണ്ടാകും. ഈ പ്രസംഗം ഒരു മൂപ്പനോ അല്ലെങ്കിൽ യോഗ്യതയുള്ള ഒരു ശുശ്രൂഷാദാസനോ ആണ് നടത്തേണ്ടത്. ആഴ്ചതോറുമുള്ള ബൈബിൾവായനയുടെ ഭാഗമായി ഒരു പുതിയ ബൈബിൾ പുസ്തകം തുടങ്ങുന്ന ആഴ്ചയാണെങ്കിൽ, ആ ബൈബിൾപുസ്തകത്തിന്റെ ആമുഖ വീഡിയോ കാണിക്കുന്നതായിരിക്കും. വീഡിയോയും പ്രസംഗവിഷയവും തമ്മിലുള്ള ബന്ധം പ്രസംഗകന് വിശദീകരിക്കാം. എന്തായാലും, പഠനസഹായിയിൽ കൊടുത്തിരിക്കുന്ന പോയിന്റുകളെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ടന്ന് അദ്ദേഹം ഉറപ്പുവരുത്തണം. വിഷയവുമായി ബന്ധിപ്പിക്കുന്നതിനുവേണ്ടി കൊടുത്തിരിക്കുന്ന ചിത്രങ്ങൾ സമയം അനുവദിക്കുന്നതനുസരിച്ച് നന്നായി ഉപയോഗിക്കണം. പഠനസഹായിയിൽ കൊടുത്തിരിക്കുന്ന ആശയങ്ങൾ വിശദീകരിക്കുന്നതിനു സഹായകമായ മറ്റു വിവരങ്ങളും വേണമെങ്കിൽ ഉപയോഗിക്കാം.
4. ആത്മീയരത്നങ്ങൾ: പത്തു മിനിട്ട്. മുഖവുരയോ ഉപസംഹാരമോ ഇല്ലാത്ത, ചോദ്യോത്തര ചർച്ചയാണ് ഇത്. ഒരു മൂപ്പനോ യോഗ്യതയുള്ള ശുശ്രൂഷാദാസനോ ആണ് ഇതു നടത്തേണ്ടത്. പ്രസംഗകൻ രണ്ടു ചോദ്യവും സദസ്സിലുള്ളവരോടു ചോദിക്കണം. കൊടുത്തിരിക്കുന്ന വാക്യങ്ങൾ വായിക്കണോ വേണ്ടയോ എന്ന് അദ്ദേഹത്തിനു തീരുമാനിക്കാം. ഉത്തരം പറയുന്നവർ 30 സെക്കന്റോ അതിൽ താഴെയോ സമയമേ ഉപയോഗിക്കാവൂ.
5. ബൈബിൾവായന: നാലു മിനിട്ട്. ഈ വിദ്യാർഥിനിയമനം നടത്തേണ്ട വിദ്യാർഥി ഒരു പുരുഷൻ ആയിരിക്കണം. മുഖവുരയോ ഉപസംഹാരമോ ഇല്ലാതെ വിദ്യാർഥി നിയമിതഭാഗം വായിക്കണം. കൃത്യത, എളുപ്പം മനസ്സിലാകുന്ന വിധത്തിലുള്ള വായന, തെറ്റുകൂടാതെയുള്ള വായന, മുഖ്യാശയങ്ങൾ എടുത്തുകാണിക്കുന്നത്, ശബ്ദത്തിൽ വേണ്ട മാറ്റം വരുത്തുന്നത്, അനുയോജ്യമായ നിറുത്തൽ, സാധാരണ സംസാരിക്കുന്നതുപോലെയുള്ള വായന എന്നീ കാര്യങ്ങളിൽ വിദ്യാർഥികളെ സഹായിക്കാൻ അധ്യക്ഷൻ പ്രത്യേകം ശ്രദ്ധിക്കും. ചില വായനാഭാഗങ്ങൾ വലുതായിരിക്കും, മറ്റു ചിലതു ചെറുതായിരിക്കും. അതുകൊണ്ട് ഈ നിയമനങ്ങൾ കൊടുക്കുമ്പോൾ ജീവിത-സേവന യോഗമേൽവിചാരകൻ വിദ്യാർഥികളുടെ പ്രാപ്തികൾ കണക്കിലെടുക്കണം.
വയൽസേവനത്തിനു സജ്ജരാകാം
6. പതിനഞ്ചു മിനിട്ട്. വയൽശുശ്രൂഷയ്ക്കു വേണ്ട പരിശീലനം നേടാനും സംഭാഷണങ്ങൾ നടത്താനുള്ള കഴിവുകളും, പ്രസംഗിക്കാനും, പഠിപ്പിക്കാനും ഉള്ള പ്രാപ്തികളും മെച്ചപ്പെടുത്താനും എല്ലാവരെയും സഹായിക്കുക എന്ന ഉദ്ദേശ്യത്തിലാണ് ഈ ഭാഗം തയ്യാറാക്കിയിരിക്കുന്നത്. ആവശ്യമെങ്കിൽ മൂപ്പന്മാർക്കും വിദ്യാർഥിനിയമനങ്ങൾ നൽകാവുന്നതാണ്. പഠിപ്പിക്കാൻ ലഘുപത്രികയിലോ സ്നേഹിക്കുക, ശിഷ്യരാക്കുക ലഘുപത്രികയിലോ നിന്നുള്ള ഒരു ഗുണമായിരിക്കും ഓരോ വിദ്യാർഥിക്കും പരിശീലിക്കാനുള്ളത്. ജീവിത-സേവന യോഗത്തിനുള്ള പഠനസഹായിയിലെ വലയങ്ങളിൽ അതു കൊടുത്തിട്ടുണ്ടായിരിക്കും. ചിലപ്പോൾ ചർച്ച ഉൾപ്പെട്ട ഒരു പരിപാടി പട്ടികപ്പെടുത്തിയിട്ടുണ്ടാകും. ആ പരിപാടി ഒരു മൂപ്പനോ യോഗ്യതയുള്ള ശുശ്രൂഷാദാസനോ നടത്തണം.—ചർച്ച ഉൾപ്പെട്ട പരിപാടികൾ കൈകാര്യം ചെയ്യേണ്ടത് എങ്ങനെയെന്നു പറയുന്ന 15-ാം ഖണ്ഡിക കാണുക.
7. സംഭാഷണം തുടങ്ങുന്നതിന്: ഈ വിദ്യാർഥിനിയമനം നടത്തേണ്ട വിദ്യാർഥി ഒരു പുരുഷനോ സ്ത്രീയോ ആകാം. നിയമനം ലഭിക്കുന്ന ആളുടെ സഹായി അതേ ലിംഗവർഗത്തിൽപ്പെട്ടയാളോ അല്ലെങ്കിൽ ഒരു കുടുംബാംഗമോ ആയിരിക്കണം. വിദ്യാർഥിക്കും സഹായിക്കും നിൽക്കുകയോ ഇരിക്കുകയോ ചെയ്യാവുന്നതാണ്.—ഈ നിയമനത്തിന്റെ ഉള്ളടക്കത്തെയും സെറ്റിങ്ങിനെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 12-ഉം 13-ഉം ഖണ്ഡിക കാണുക.
8. മടങ്ങിച്ചെല്ലുമ്പോൾ: ഈ വിദ്യാർഥിനിയമനം നടത്തേണ്ട വിദ്യാർഥി ഒരു പുരുഷനോ സ്ത്രീയോ ആകാം. നിയമനം ലഭിക്കുന്ന ആളുടെ സഹായി അതേ ലിംഗവർഗത്തിൽപ്പെട്ടയാൾ ആയിരിക്കണം. (km 5/97 പേ. 2) വിദ്യാർഥിക്കും സഹായിക്കും നിൽക്കുകയോ ഇരിക്കുകയോ ചെയ്യാവുന്നതാണ്. കഴിഞ്ഞ സംഭാഷണത്തിന്റെ തുടർച്ചയായി എന്താണ് സംസാരിക്കേണ്ടത് എന്നാണ് വിദ്യാർഥി അവതരിപ്പിക്കേണ്ടത്.—ഈ നിയമനത്തിന്റെ ഉള്ളടക്കത്തെയും സെറ്റിങ്ങിനെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 12-ഉം 13-ഉം ഖണ്ഡിക കാണുക.
9. ശിഷ്യരാക്കുന്നതിന്: ഈ വിദ്യാർഥിനിയമനം നടത്തേണ്ട വിദ്യാർഥി ഒരു പുരുഷനോ സ്ത്രീയോ ആകാം. നിയമനം ലഭിക്കുന്ന ആളുടെ സഹായി അതേ ലിംഗവർഗത്തിൽപ്പെട്ടയാൾ ആയിരിക്കണം. (km 5/97 പേ. 2) വിദ്യാർഥിക്കും സഹായിക്കും നിൽക്കുകയോ ഇരിക്കുകയോ ചെയ്യാവുന്നതാണ്. ഒരു ബൈബിൾപഠനത്തിന്റെ ഇടയ്ക്കുള്ള ഭാഗം എന്ന നിലയിൽ വേണം ഇത് അവതരിപ്പിക്കാൻ. വിദ്യാർഥിക്കു പരിശീലിക്കാനുള്ള പോയിന്റ് ഉപസംഹാരമോ മുഖവുരയോ അല്ല എങ്കിൽ അവതരണത്തിൽ അത് കാണിക്കേണ്ട കാര്യമില്ല. പാഠഭാഗം മുഴുവൻ ഉറക്കെ വായിക്കണമെന്നു നിർബന്ധമില്ല. വായിച്ചാലും കുഴപ്പമില്ല.
10. നിങ്ങളുടെ വിശ്വാസം വിശദീകരിക്കുക: ഇതൊരു പ്രസംഗം ആണെങ്കിൽ ഈ വിദ്യാർഥിനിയമനം നടത്തേണ്ട വിദ്യാർഥി ഒരു പുരുഷൻ ആയിരിക്കണം. ഇതൊരു അവതരണം ആണെങ്കിൽ ഇത് നടത്തേണ്ട വിദ്യാർഥി ഒരു പുരുഷനോ സ്ത്രീയോ ആകാം. നിയമനം ലഭിക്കുന്ന ആളുടെ സഹായി അതേ ലിംഗവർഗത്തിൽപ്പെട്ടയാളോ അല്ലെങ്കിൽ ഒരു കുടുംബാംഗമോ ആയിരിക്കണം. റഫറൻസിൽ കൊടുത്തിരിക്കുന്ന വിവരങ്ങൾ ഉപയോഗിച്ച് പ്രധാന ചോദ്യത്തിനു വിദ്യാർഥി വ്യക്തമായ ഉത്തരം നയത്തോടെ നൽകണം. നിയമനം നടത്തുമ്പോൾ റഫറൻസിൽ കൊടുത്തിരിക്കുന്ന പ്രസിദ്ധീകരണത്തെക്കുറിച്ച് പറയണോ വേണ്ടയോ എന്ന് വിദ്യാർഥിക്കു തീരുമാനിക്കാം.
11. പ്രസംഗം: ഈ വിദ്യാർഥിനിയമനം നടത്തേണ്ട വിദ്യാർഥി ഒരു പുരുഷൻ ആയിരിക്കണം. സഭയ്ക്കുള്ള ഒരു പ്രസംഗമായിട്ടായിരിക്കണം അത് നടത്തേണ്ടത്. ഈ പ്രസംഗം സ്നേഹിക്കുക, ശിഷ്യരാക്കുക ലഘുപത്രികയിലെ അനുബന്ധം A-യിലെ ഒരു പോയിന്റിനെ അടിസ്ഥാനമാക്കി ഉള്ളതാണെങ്കിൽ, തിരുവെഴുത്തുകൾ ശുശ്രൂഷയിൽ എങ്ങനെ ഉപയോഗിക്കാമെന്ന് ആയിരിക്കണം വിദ്യാർഥി എടുത്തുപറയേണ്ടത്. ഉദാഹരണത്തിന്, ഒരു തിരുവെഴുത്ത് എപ്പോഴാണ് ഉപയോഗിക്കേണ്ടത്, അതിന്റെ അർഥം എന്താണ്, അത് ഉപയോഗിച്ച് ഒരു വ്യക്തിയുമായി എങ്ങനെ ന്യായവാദം ചെയ്യാം എന്നിങ്ങനെയുള്ള കാര്യങ്ങൾ വിദ്യാർഥിക്കു വിശദീകരിക്കാനായേക്കും. എന്നാൽ പ്രസംഗം സ്നേഹിക്കുക, ശിഷ്യരാക്കുക ലഘുപത്രികയിലെ ഏതെങ്കിലുമൊരു പാഠത്തിൽനിന്നുള്ള ഒരു പോയിന്റിനെ അടിസ്ഥാനമാക്കി ഉള്ളതാണെങ്കിൽ, ശുശ്രൂഷയിൽ ആ പോയിന്റ് എങ്ങനെ ബാധകമാക്കാം എന്നതിലായിരിക്കണം വിദ്യാർഥി ശ്രദ്ധിക്കേണ്ടത്. സഹായിക്കുമെങ്കിൽ, പാഠത്തിലെ ഒന്നാമത്തെ പോയിന്റിൽ കൊടുത്തിരിക്കുന്ന ഉദാഹരണമോ അനുബന്ധ തിരുവെഴുത്തുകളോ അദ്ദേഹത്തിന് എടുത്തുപറയാം.
12. ഉള്ളടക്കം: ഈ ഖണ്ഡികയിലും, താഴെയുള്ളതിലും ഉള്ള വിവരങ്ങൾ “സംഭാഷണം തുടങ്ങുന്നതിന്” “മടങ്ങിച്ചെല്ലുമ്പോൾ” എന്നീ നിയമനങ്ങൾക്കുവേണ്ടി ഉള്ളതാണ്. മറ്റു നിർദേശങ്ങളൊന്നും നൽകിയിട്ടില്ലെങ്കിൽ, വിദ്യാർഥിയുടെ ലക്ഷ്യം താൻ സംസാരിക്കുന്ന വ്യക്തിക്കു പ്രയോജനം ചെയ്യുന്ന ലളിതമായ ഒരു ബൈബിൾസത്യം പങ്കുവെച്ചുകൊണ്ട് കൂടുതൽ സംഭാഷണങ്ങൾക്ക് അടിത്തറയിടുക എന്നതായിരിക്കണം. അപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും പ്രാദേശികമായി പ്രയോജനം ചെയ്യുന്നതും ആയ ഒരു വിഷയമായിരിക്കണം വിദ്യാർഥി തിരഞ്ഞെടുക്കേണ്ടത്. പഠിപ്പിക്കാനുള്ള ഉപകരണങ്ങളിലെ ഒരു പ്രസിദ്ധീകരണമോ വീഡിയോയോ പരിചയപ്പെടുത്തണോ വേണ്ടയോ എന്ന് അദ്ദേഹത്തിനു തീരുമാനിക്കാനായേക്കും. കാണാതെ പഠിച്ച അവതരണങ്ങൾ നടത്തുന്നതിനു പകരം ആളുകളിലുള്ള താത്പര്യവും സ്വാഭാവികതയും പോലുള്ള ഗുണങ്ങൾ കാണിച്ചുകൊണ്ട് സംഭാഷണം നടത്താനുള്ള കഴിവ് മെച്ചപ്പെടുത്താൻ വിദ്യാർഥികൾ പരിശീലിക്കണം.
13. സെറ്റിങ്ങുകൾ: പ്രദേശത്തിനു ചേരുന്ന വിധത്തിലുള്ള ഒരു സെറ്റിങ്ങ് ആയിരിക്കണം വിദ്യാർഥി തിരഞ്ഞെടുക്കേണ്ടത്. ഉദാഹരണത്തിന്:
(1) വീടുതോറും: ഈ സെറ്റിങ്ങിൽ വീടുതോറും സാക്ഷീകരിക്കുന്നതും—നേരിട്ടോ ഫോണിലൂടെയോ കത്തിലൂടെയോ—അങ്ങനെ കണ്ടുമുട്ടിയ വ്യക്തിയുമായി വീണ്ടും സംഭാഷണം തുടരുന്നതും ഉൾപ്പെടുന്നു.
(2) അനൗപചാരിക സാക്ഷീകരണം: അവസരങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് ഒരു സാധാരണ സംഭാഷണത്തെ സന്തോഷവാർത്ത അറിയിക്കുന്നതിലേക്കു മാറ്റുന്നത് എങ്ങനെയെന്ന് ഈ സെറ്റിങ്ങ് വിശദീകരിക്കുന്നു. ജോലിസ്ഥലത്തോ സ്കൂളിലോ അയൽപക്കത്തോ പൊതുവാഹനത്തിലോ നിങ്ങൾ അനുദിനകാര്യാദികളിൽ ഏർപ്പെടുന്ന മറ്റെവിടെയെങ്കിലുമോ കണ്ടുമുട്ടുന്നവരുമായി ഒരു തിരുവെഴുത്ത് ആശയം പങ്കുവെക്കുന്നത് അതിൽ ഉൾപ്പെട്ടേക്കാം.
(3) പരസ്യസാക്ഷീകരണം: കാർട്ട് സാക്ഷീകരണം നടത്തുന്നതും, ബിസിനെസ്സ് പ്രദേശങ്ങളിലോ, തെരുവുകളിലോ, പാർക്കുകളിലോ, പാർക്കിങ്ങ് സ്ഥലങ്ങളിലോ അല്ലെങ്കിൽ ആളുകളെ കണ്ടെത്താവുന്ന മറ്റിടങ്ങളിലോ സാക്ഷീകരിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു.
14. വീഡിയോകളുടെയും പ്രസിദ്ധീകരണങ്ങളുടെയും ഉപയോഗം: സാഹചര്യങ്ങൾ അനുസരിച്ച്, വീഡിയോയോ പ്രസിദ്ധീകരണമോ ഉപയോഗിക്കണോ വേണ്ടയോ എന്ന് ഒരു വിദ്യാർഥി തീരുമാനിച്ചേക്കാം. ഒരു വിദ്യാർഥിനിയമനത്തിൽ വീഡിയോ ഉൾപ്പെടുന്നെങ്കിലോ അല്ലെങ്കിൽ ഒരു വിദ്യാർഥി അത് തിരഞ്ഞെടുക്കുന്നെങ്കിലോ അദ്ദേഹം ആ വീഡിയോയെക്കുറിച്ച് പറയുകയും ചർച്ച ചെയ്യുകയും വേണം, പക്ഷേ അത് പ്ലേ ചെയ്യരുത്.
ക്രിസ്ത്യാനികളായി ജീവിക്കാം
15. പാട്ടിനു ശേഷമുള്ള 15 മിനിട്ട് ഭാഗത്ത് ദൈവവചനം ബാധകമാക്കുന്നതിന് സദസ്സിലുള്ളവരെ സഹായിക്കാൻ ഉദ്ദേശിച്ചുള്ള ഒന്നോ രണ്ടോ പരിപാടികൾ കാണും. മറ്റൊന്നും സൂചിപ്പിക്കാത്തപക്ഷം, ഈ ഭാഗങ്ങൾ മൂപ്പന്മാരോ യോഗ്യതയുള്ള ശുശ്രൂഷാദാസന്മാരോ ആണ് നടത്തേണ്ടത്. എന്നാൽ പ്രാദേശികാവശ്യങ്ങൾ എന്ന പരിപാടി മൂപ്പന്മാർ മാത്രമാണ് നടത്തുക. ഇനി, ചർച്ച ഉൾപ്പെട്ട പരിപാടിയാണെങ്കിൽ, കൊടുത്തിരിക്കുന്ന ചോദ്യങ്ങൾ കൂടാതെ പരിപാടിയിൽ ഉടനീളം പ്രസംഗകന് ചോദ്യങ്ങൾ ചോദിക്കാനായേക്കും. പ്രധാന പോയിന്റുകൾ ചർച്ച ചെയ്യുന്നതിനും സദസ്യരെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ചർച്ചയ്ക്കും മതിയായ സമയം ലഭിക്കുന്നതിനുവേണ്ടി പ്രസംഗകൻ തന്റെ ആമുഖപ്രസ്താവനകൾ ചുരുങ്ങിയ വാക്കുകളിൽ ആയിരിക്കണം പറയേണ്ടത്. ഇതിൽ ഒരു അഭിമുഖം ഉണ്ടെങ്കിൽ, ആരെയാണോ അഭിമുഖം ചെയ്യുന്നത്, ആ വ്യക്തിക്ക് സദസ്സിലിരുന്ന് തന്റെ അഭിപ്രായം പറയുന്നതിനു പകരം സാധിക്കുമെങ്കിൽ സ്റ്റേജിൽ വന്ന് പറയാൻ കഴിയും.
16. സഭാ ബൈബിൾപഠനം: മുപ്പതു മിനിട്ട്. ഈ ഭാഗം നടത്താനായി യോഗ്യതയുള്ള ഒരു മൂപ്പനെയാണ് നിയമിക്കേണ്ടത്. (മൂപ്പന്മാരുടെ എണ്ണം കുറവാണെങ്കിൽ യോഗ്യതയുള്ള ശുശ്രൂഷാദാസന്മാരെ ഉപയോഗിക്കാം.) സഭാ ബൈബിൾപഠനം നടത്താൻ യോഗ്യതയുള്ളത് ആർക്കാണെന്ന് മൂപ്പന്മാരുടെ സംഘം തീരുമാനിക്കണം. നിയമിതരായവർ വളരെ അർഥവത്തായ വിധത്തിൽ ഈ ഭാഗം കൈകാര്യം ചെയ്യുകയും സമയം പാലിക്കുകയും മുഖ്യ തിരുവെഴുത്തുകൾക്ക് ഊന്നൽ കൊടുക്കുകയും ചർച്ച ചെയുന്ന ഭാഗത്തിലെ പ്രായോഗികമൂല്യം മനസ്സിലാക്കാൻ എല്ലാവരെയും സഹായിക്കുകയും വേണം. ചോദ്യോത്തര പരിപാടി നടത്തുന്നതിനുവേണ്ടി തന്നിട്ടുള്ള നിർദേശങ്ങൾ പരിശോധിക്കുന്നത് നിയമനം നന്നായി നടത്താൻ അവരെ സഹായിക്കും. (w23.04 പേ. 24, ചതുരം) പാഠഭാഗം മുഴുവൻ ചർച്ച ചെയ്തുകഴിഞ്ഞാൽ, പിന്നെ പഠനം അനാവശ്യമായി ദീർഘിപ്പിക്കേണ്ടതില്ല. കഴിയുമെങ്കിൽ ഓരോ ആഴ്ചയും നിർവാഹകരെയും വായനക്കാരെയും മാറ്റി നിയമിക്കുക. ജീവിത-സേവനയോഗത്തിന്റെ അധ്യക്ഷൻ പഠനത്തിന്റെ ദൈർഘ്യം കുറയ്ക്കാൻ നിർദേശിച്ചാൽ എങ്ങനെ പഠനം ചുരുക്കാമെന്ന് നടത്തുന്ന സഹോദരൻ തീരുമാനിക്കേണ്ടതാണ്. ചില ഖണ്ഡികകൾ വായിക്കാതിരിക്കാൻ അദ്ദേഹം തീരുമാനിച്ചേക്കാം.
ഉപസംഹാരപ്രസ്താവനകൾ
17. മൂന്നു മിനിട്ട്. ജീവിത-സേവന യോഗത്തിന്റെ അധ്യക്ഷൻ യോഗത്തിലെ സഹായകമായ പ്രത്യേക ആശയങ്ങൾ പുനരവലോകനം ചെയ്യും. അടുത്ത ആഴ്ചത്തെ പരിപാടിയെക്കുറിച്ചുള്ള ഒരു പൂർവാവലോകനവും നടത്തണം. സമയമുണ്ടെങ്കിൽ, അടുത്ത ആഴ്ചയിൽ പരിപാടിയുള്ള വിദ്യാർഥികളുടെ പേരുകൾ പറയാവുന്നതാണ്. മറ്റൊന്നും സൂചിപ്പിക്കാത്ത പക്ഷം അത്യാവശ്യമുള്ള അറിയിപ്പുകൾ നടത്തുന്നതും സഭയിൽ വായിക്കാൻ ആവശ്യപ്പെട്ടിട്ടുള്ള ഏതെങ്കിലും കത്തുകൾ വായിക്കുന്നതും അധ്യക്ഷന്റെ ഈ ഉപസംഹാര പ്രസ്താവനകളുടെ സമയത്തായിരിക്കണം. പതിവു വിവരങ്ങളായ വയൽസേവന ക്രമീകരണം, ശുചീകരണ പട്ടിക എന്നിവയുടെ അറിയിപ്പ് നടത്തേണ്ടതില്ല. അവ നോട്ടീസ് ബോർഡിൽ ഇടുക. ഏതെങ്കിലും അറിയിപ്പുകൾ നടത്താനോ കത്തുകൾ വായിക്കാനോ ഉപസംഹാരപ്രസ്താവനകളുടെ സമയം പോരെങ്കിൽ, അധ്യക്ഷന് ക്രിസ്ത്യാനികളായി ജീവിക്കാം എന്ന ഭാഗം കൈകാര്യം ചെയ്യുന്ന സഹോദരങ്ങളോട് തങ്ങളുടെ ഭാഗം ചുരുക്കാൻ ആവശ്യപ്പെടാവുന്നതാണ്. ( 16-ഉം 19-ഉം ഖണ്ഡികകൾ കാണുക.) പാട്ടോടും പ്രാർഥനയോടും കൂടെ മീറ്റിങ്ങ് അവസാനിപ്പിക്കണം.
അഭിനന്ദനവും ബുദ്ധിയുപദേശവും
18. ഓരോ വിദ്യാർഥിനിയമനത്തിനും ശേഷം ഏകദേശം ഒരു മിനിട്ട് ഉപയോഗിച്ച് ജീവിത-സേവന യോഗത്തിന്റെ അധ്യക്ഷന് വിദ്യാർഥിക്ക് പരിശീലിക്കാൻ കൊടുത്തിരുന്ന പോയിന്റിനെ അടിസ്ഥാനമാക്കി വിദ്യാർഥിയെ അഭിനന്ദിക്കാനും ബുദ്ധിയുപദേശം കൊടുക്കാനും അവസരമുണ്ട്. പരിപാടി നടത്താൻ അധ്യക്ഷൻ ഒരു വിദ്യാർഥിയെ ക്ഷണിക്കുമ്പോൾ, ഏതു പോയിന്റാണ് നോക്കുന്നതെന്ന് പറയില്ല. എന്നാൽ, വിദ്യാർഥി പരിപാടി നടത്തിയ ശേഷം ഏതാനും അഭിനന്ദനവാക്കുകൾ പറഞ്ഞിട്ട് ഏതു പോയിന്റാണ് നോക്കിക്കൊണ്ടിരുന്നതെന്നും അതു വിദ്യാർഥി എങ്ങനെയാണ് നല്ല രീതിയിൽ അവതരിപ്പിച്ചതെന്നും പറയും. എന്നാൽ ആ പോയിന്റിൽ വിദ്യാർഥി മെച്ചപ്പെടേണ്ടതുണ്ടെങ്കിൽ, അത് എന്തുകൊണ്ടാണെന്നും അതെങ്ങനെ ചെയ്യാമെന്നും ദയാപൂർവം അദ്ദേഹം വിശദീകരിക്കും. വിദ്യാർഥിക്കോ സദസ്സിനോ ഗുണം ചെയ്യുമെന്ന് തോന്നുന്നെങ്കിൽ അവതരണത്തിലെ മറ്റു വിശദാംശങ്ങളെക്കുറിച്ചും അധ്യക്ഷന് പറയാവുന്നതാണ്. നിയമിച്ചുകൊടുത്ത പോയിന്റിനെക്കുറിച്ചോ മറ്റൊരു പോയിന്റിനെക്കുറിച്ചോ സ്നേഹിക്കുക, ശിഷ്യരാക്കുക ലഘുപത്രികയിൽനിന്നോ പഠിപ്പിക്കാൻ ലഘുപത്രികയിൽനിന്നോ ശുശ്രൂഷാസ്കൂൾ പുസ്തകത്തിൽനിന്നോ കൂടുതലായ ബുദ്ധിയുപദേശം കൊടുക്കേണ്ടതുണ്ടെങ്കിൽ യോഗത്തിനു ശേഷമോ മറ്റൊരു സമയത്തോ അതു ചെയ്യാവുന്നതാണ്.—ജീവിത-സേവന യോഗത്തിന്റെ അധ്യക്ഷനെയും ഉപബുദ്ധിയുപദേശകനെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 19-ഉം, 24-ഉം, 25-ഉം ഖണ്ഡികകൾ കാണുക.
സമയപാലനം
19. ഒരു പരിപാടിയും നിയമിതസമയത്തിന് അപ്പുറം പോകരുത്. ജീവിത-സേവന യോഗത്തിന്റെ അധ്യക്ഷൻ നടത്തുന്ന പ്രസ്താവനകളും സമയം കവിയരുത്. ജീവിത-സേവന യോഗത്തിനുള്ള പഠനസഹായിയിൽ ഓരോ പരിപാടിക്കുംവേണ്ടി ഒരു നിശ്ചിത സമയം നൽകിയിട്ടുണ്ടങ്കിലും ആശയങ്ങളെല്ലാം പറഞ്ഞു കഴിഞ്ഞെങ്കിൽ നിയമിച്ചിരിക്കുന്ന സമയം മുഴുവനായി ഉപയോഗിക്കുന്നതിനുവേണ്ടി വിവരങ്ങൾ കൂട്ടിചേർക്കേണ്ടതില്ല. പരിപാടികൾ നിയമിതസമയത്തിന് അപ്പുറം പോകുന്നെങ്കിൽ ജീവിത-സേവന യോഗത്തിന്റെ അധ്യക്ഷനോ ഉപബുദ്ധിയുപദേശകനോ വ്യക്തിപരമായി ബുദ്ധിയുപദേശം കൊടുക്കണം. ( 24-ഉം 25-ഉം ഖണ്ഡിക കാണുക.) പാട്ടുകളും പ്രാർഥനകളും അടക്കം മുഴുയോഗവും 1 മണിക്കൂർ 45 മിനിട്ടിൽ തീരണം.
സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനം
20. സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനം നടക്കുന്ന ആഴ്ചയിൽ ജീവിത-സേവന യോഗത്തിനുള്ള പഠനസഹായിയിൽ പറഞ്ഞിരിക്കുന്ന വിധത്തിൽ, എന്നാൽ താഴെ പറയുന്ന മാറ്റങ്ങളോടെ യോഗം നടത്തണം: ക്രിസ്ത്യാനികളായി ജീവിക്കാം എന്ന ഭാഗത്തെ സഭാ ബൈബിൾപഠനത്തിനു പകരം സർക്കിട്ട് മേൽവിചാരന്റെ 30 മിനിട്ട് ദൈർഘ്യമുള്ള സേവനപ്രസംഗമായിരിക്കും ഉണ്ടായിരിക്കുക. സേവനപ്രസംഗത്തിനു മുമ്പ് ജീവിത-സേവന യോഗത്തിന്റെ അധ്യക്ഷൻ നടന്ന പരിപാടി പുനരവലോകനം ചെയ്യുകയും അടുത്ത ആഴ്ചയിലെ പരിപാടിയെക്കുറിച്ച് പറയുകയും ആവശ്യമായ അറിയിപ്പുകൾ നടത്തുകയും കത്തുകളുണ്ടെങ്കിൽ അവ വായിക്കുകയും ചെയ്യും. അതിനുശേഷം സർക്കിട്ട് മേൽവിചാരകനെ ക്ഷണിക്കും. സേവനപ്രസംഗത്തിനു ശേഷം സർക്കിട്ട് മേൽവിചാരകൻ തന്നെ മീറ്റിങ്ങ് ഉപസംഹരിക്കും. പാടേണ്ട ഗീതം തിരഞ്ഞെടുക്കുന്നതും അദ്ദേഹമായിരിക്കും. സമാപനപ്രാർഥനയ്ക്ക് അദ്ദേഹം മറ്റൊരു സഹോദരനെ ക്ഷണിച്ചേക്കും. സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനം നടക്കുന്ന ആഴ്ചയിൽ അനുബന്ധ ക്ലാസുകൾ ഉണ്ടായിരിക്കുന്നതല്ല. സഭയ്ക്ക് ഒരു ഗ്രൂപ്പുണ്ടെങ്കിൽ, അവർക്കു മീറ്റിങ്ങുകൾ വേറെ നടത്താം. എങ്കിലും സേവനപ്രസംഗത്തിന്റെ സമയത്ത് അവർ ആതിഥേയസഭയോടൊപ്പം ചേരേണ്ടതാണ്.
സമ്മേളനത്തിന്റെയോ കൺവെൻഷന്റെയോ ആഴ്ച
21. സമ്മേളനമോ കൺവെൻഷനോ ഉള്ള ആഴ്ച സഭായോഗങ്ങൾ ഉണ്ടായിരിക്കുന്നതല്ല. അങ്ങനെയുള്ള ആഴ്ചകളിൽ പട്ടികപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ വ്യക്തിപരമായോ കുടുംബം ഒന്നിച്ചോ പഠിക്കാൻ സഭയെ ഓർമിപ്പിക്കേണ്ടതാണ്.
സ്മാരകത്തിന്റെ ആഴ്ച
22. സ്മാരകം തിങ്കൾമുതൽ വെള്ളിവരെ ഉള്ള ഏതെങ്കിലും ദിവസമാണെങ്കിൽ ജീവിതവും സേവനവും—യോഗം ഉണ്ടായിരിക്കില്ല.
ജീവിത-സേവന യോഗമേൽവിചാരകൻ
23. മൂപ്പന്മാരുടെ സംഘം തിരഞ്ഞെടുക്കുന്ന ഒരു മൂപ്പൻ ജീവിതവും സേവനവും—യോഗത്തിന്റെ മേൽവിചാരകനായി സേവിക്കും. ഈ നിർദേശങ്ങളനുസരിച്ച് ക്രമീകൃതമായ വിധത്തിലാണ് യോഗം നടക്കുന്നതെന്ന് അദ്ദേഹമാണ് ഉറപ്പുവരുത്തുന്നത്. ഉപബുദ്ധിയുപദേശകനുമായി അദ്ദേഹം നല്ല ആശയവിനിമയം നിലനിറുത്തണം. ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി ലഭ്യമായാൽ ഉടനെ ജീവിത-സേവന യോഗമേൽവിചാരകൻ രണ്ടു മാസത്തെ എല്ലാ നിയമനങ്ങളും തയ്യാറാക്കണം. ഇതിൽ വിദ്യാർഥിനിയമനങ്ങളും ചെയർമാന്റെ നിയമനങ്ങളും മറ്റു പരിപാടികൾക്കുള്ള നിയമനങ്ങളും ഉൾപ്പെടുന്നു. മൂപ്പന്മാരുടെ സംഘം മുന്നമേ തീരുമാനിച്ചിരുന്നവരിൽനിന്ന് വേണം ചെയർമാനെയും മറ്റു പരിപാടികൾക്കുള്ള സഹോദരങ്ങളെയും തിരഞ്ഞെടുക്കാൻ. ( 3-16 ഖണ്ഡികകളും 24-ാം ഖണ്ഡികയും കാണുക.) വിദ്യാർഥികൾക്കു നിയമനം നൽകുമ്പോൾ വിദ്യാർഥിയുടെ പ്രായം, അനുഭവപരിചയം, പരിപാടിയിലുള്ള കാര്യങ്ങൾ പറയാനുള്ള സംസാരസ്വാതന്ത്ര്യം എന്നിവ കണക്കിലെടുക്കണം. മറ്റു പരിപാടികൾക്കുള്ള നിയമനങ്ങൾ നൽകുമ്പോഴും ഇതേ കാര്യങ്ങൾ ചിന്തിക്കണം. ഓരോ വിദ്യാർഥിനിയമനവും കുറഞ്ഞത് മൂന്നാഴ്ച മുമ്പെങ്കിലും കൊടുക്കണം. വിദ്യാർഥി നിയമനങ്ങൾ കൊടുക്കാൻ നമ്മുടെ ക്രിസ്തീയ ജീവിത-സേവന യോഗനിയമന ഫാറം (S-89) ഉപയോഗിക്കണം. ജീവിത-സേവന യോഗമേൽവിചാരകൻ മുഴു മീറ്റിങ്ങിന്റെയും നിയമനങ്ങളുടെ പട്ടികയുടെ ഒരു കോപ്പി നോട്ടീസ് ബോർഡിൽ ഇടണം. അദ്ദേഹത്തെ സഹായിക്കാൻ മറ്റൊരു മൂപ്പനെയോ ഒരു ശുശ്രൂഷാദാസനെയോ മൂപ്പന്മാരുടെ സംഘത്തിനു നിയമിക്കാവുന്നതാണ്. എന്നാൽ വിദ്യാർഥിനിയമനങ്ങൾ അല്ലാത്ത പരിപാടികൾ ഇടുന്നത് ഒരു മൂപ്പനായിരിക്കണം.
ജീവിത-സേവന യോഗത്തിന്റെ അധ്യക്ഷൻ
24. ഓരോ ആഴ്ചയും, ജീവിതവും സേവനവും—യോഗത്തിന്റെ തുടക്കംമുതൽ അവസാനംവരെ അധ്യക്ഷനായി സേവിക്കുന്നത് ഒരു മൂപ്പനായിരിക്കും. (മൂപ്പന്മാരുടെ എണ്ണം സഭയിൽ കുറവാണെങ്കിൽ യോഗ്യതയുള്ള ശുശ്രൂഷാദാസന്മാരെ ഉപയോഗിക്കാവുന്നതാണ്.) ആമുഖപ്രസ്താവനകളും ഉപസംഹാരപ്രസ്താവനകളും തയ്യാറാകുന്നതും എല്ലാ പരിപാടികളും പരിചയപ്പെടുത്തുന്നതും അദ്ദേഹമായിരിക്കും. കൂടാതെ, മൂപ്പന്മാരുടെ സംഘത്തിന്റെ വലുപ്പം അനുസരിച്ച് അദ്ദേഹത്തിന് യോഗത്തിലെ മറ്റു ഭാഗങ്ങൾ കൈകാര്യം ചെയ്യേണ്ടതായും വന്നേക്കാം. പ്രത്യേകിച്ചും, ചർച്ച ചെയ്യേണ്ടതില്ലാത്ത വീഡിയോകൾ കാണിക്കുന്ന പരിപാടികൾ. ഓരോ ഭാഗത്തിനും ശേഷം പറയുന്ന അഭിപ്രായങ്ങൾ വളരെ ചുരുക്കമായിരിക്കണം. ഈ ഉത്തരവാദിത്വം ആരെയാണ് ഏൽപ്പിക്കേണ്ടതെന്ന് മൂപ്പന്മാരുടെ സംഘമാണ് തീരുമാനിക്കുന്നത്. യോഗ്യരായ മൂപ്പന്മാരെ ക്രമമായ അടിസ്ഥാനത്തിൽ മാറിമാറി അധ്യക്ഷന്മാരായി നിയമിക്കുന്നതാണ്. പ്രാദേശികസാഹചര്യങ്ങൾക്ക് അനുസരിച്ച്, യോഗ്യരായ മറ്റു മൂപ്പന്മാരെക്കാൾ കൂടുതൽ തവണ ജീവിത-സേവന യോഗത്തിന്റെ അധ്യക്ഷനായി ജീവിത-സേവന യോഗമേൽവിചാരകനെ ഉപയോഗിച്ചേക്കാം. സഭാ ബൈബിൾപഠനം നടത്താൻ യോഗ്യത നേടിയ ഒരു മൂപ്പൻ, സാധാരണഗതിയിൽ ജീവിത-സേവന യോഗത്തിന്റെ അധ്യക്ഷനാകാനും യോഗ്യനായിരിക്കും. എങ്കിലും അധ്യക്ഷനായി സേവിക്കുന്ന വ്യക്തി വിദ്യാർഥിനിയമനം നടത്തുന്നവർക്ക് സ്നേഹപുരസ്സരവും സഹായകവും ആയ അഭിനന്ദനവും ആവശ്യമെങ്കിൽ ബുദ്ധിയുപദേശവും നൽകേണ്ടതാണെന്ന കാര്യം മനസ്സിൽപ്പിടിക്കുക. യോഗം കൃത്യസമയത്തുതന്നെ തീരുന്നെന്ന് ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്വവും അധ്യക്ഷനാണ്. ( 17-ഉം, 19-ഉം ഖണ്ഡികകൾ കാണുക.) സ്റ്റേജിൽ ആവശ്യത്തിന് സ്ഥലം ഉണ്ടെങ്കിൽ ഓരോ ഭാഗവും നടത്തുന്ന സഹോദരന്മാർ പ്രസംഗപീഠത്തിലേക്കു വരുന്ന സമയത്ത് അധ്യക്ഷന് സ്റ്റേജിലുള്ള മറ്റൊരു മൈക്കിലൂടെ അവരെ ക്ഷണിക്കാവുന്നതാണ്. അതുപോലെ, അധ്യക്ഷൻ ആഗ്രഹിക്കുന്നെങ്കിൽ ബൈബിൾവായന നിയമനത്തിന്റെയും വയൽസേവനത്തിനു സജ്ജരാകാം പരിപാടികളുടെയും സമയത്ത് സ്റ്റേജിൽ ഒരു മേശയിട്ട് അദ്ദേഹത്തിന് ഇരിക്കാവുന്നതാണ്. സമയം ലാഭിക്കാൻ അത് സഹായിച്ചേക്കാം.
ഉപബുദ്ധിയുപദേശകൻ
25. സാധ്യമാകുന്നിടത്തോളം, പ്രസംഗങ്ങൾ നടത്തി നല്ല അനുഭവപരിചയമുള്ള ഒരു മൂപ്പനെത്തന്നെ ഇതിനായി നിയമിക്കുന്നത് നല്ലതാണ്. ജീവിതവും സേവനവും—യോഗത്തിലെ പരിപാടികൾ, പൊതുപ്രസംഗങ്ങൾ, വീക്ഷാഗോപുരപഠനം, സഭാ ബൈബിൾപഠനം, ഖണ്ഡിക വായന തുടങ്ങിയ നിയമനങ്ങൾ നിർവഹിക്കുന്ന മൂപ്പന്മാർക്കും ശുശ്രൂഷാദാസന്മാർക്കും ആവശ്യമായിവരുന്നപക്ഷം സ്വകാര്യ ബുദ്ധിയുപദേശം കൊടുക്കുക എന്നതാണ് ഉപബുദ്ധിയുപദേശകന്റെ ചുമതല. ( ഖണ്ഡിക 19 കാണുക.) പ്രാപ്തിയുള്ള പ്രസംഗകരും അധ്യാപകരും ആയ നിരവധി മൂപ്പന്മാർ സഭയിലുണ്ടെങ്കിൽ ഓരോ വർഷവും വ്യത്യസ്ത മൂപ്പന്മാരെ ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഓരോ നിയമനത്തിനു ശേഷവും ഉപബുദ്ധിയുപദേശകൻ ബുദ്ധിയുപദേശം നൽകേണ്ട ആവശ്യമില്ല.
അനുബന്ധ ക്ലാസുകൾ
26. വിദ്യാർഥികളുടെ എണ്ണമനുസരിച്ച് വിദ്യാർഥിനിയമനങ്ങൾക്കായി അനുബന്ധക്ലാസുകൾ നടത്താവുന്നതാണ്. ഓരോ അനുബന്ധ ക്ലാസിനും യോഗ്യതയുള്ള ഒരു ബുദ്ധിയുപദേശകൻ ഉണ്ടായിരിക്കണം; സാധ്യമെങ്കിൽ അതൊരു മൂപ്പനായിരിക്കണം. ആവശ്യമെങ്കിൽ, നല്ല യോഗ്യതയുള്ള ഒരു ശുശ്രൂഷാദാസനെ ഉപയോഗിക്കാം. ആരെയാണ് ഇതിനായി തിരഞ്ഞെടുക്കേണ്ടതെന്നും കൂടാതെ ഊഴമനുസരിച്ച് അത് ചെയ്യണോ വേണ്ടയോ എന്നും മൂപ്പന്മാരുടെ സംഘം തീരുമാനിക്കണം. ഖണ്ഡിക 18-ലെ നടപടിക്രമം ബുദ്ധിയുപദേശകൻ പിൻപറ്റണം. അനുബന്ധ ക്ലാസ് നടത്തുന്നുണ്ടെങ്കിൽ ദൈവവചനത്തിലെ നിധികൾ എന്ന ഭാഗത്തെ ആത്മീയരത്നങ്ങൾ എന്ന പരിപാടി കഴിഞ്ഞ ഉടനെ അനുബന്ധ ക്ലാസിലേക്കു പോകാൻ വിദ്യാർഥികളോട് പറയണം. വയൽസേവനത്തിനു സജ്ജരാകാം എന്ന ഭാഗം കഴിഞ്ഞശേഷം ബാക്കിയുള്ള യോഗത്തിനായി അവർ സഭയോടൊപ്പം ചേരണം.
വീഡിയോകൾ
27. വീഡിയോകളും ഈ യോഗത്തിന്റെ ഭാഗമായിരിക്കും. ഇടദിവസത്തെ മീറ്റിങ്ങിനു വേണ്ടിയുള്ള വീഡിയോകൾ JW ലൈബ്രറി ആപ്പിലൂടെ വ്യത്യസ്ത ഉപകരണങ്ങളിൽ ലഭ്യമാണ്.
© 2023 Watch Tower Bible and Tract Society of Pennsylvania
S-38-MY 11/23