വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ചരിത്രസ്‌മൃതികൾ

ബുദ്ധി​മു​ട്ടു​കൾക്കി​ട​യി​ലും അവർ യഹോ​വ​യോ​ടു ചേർന്നു​നി​ന്നു

ബുദ്ധി​മു​ട്ടു​കൾക്കി​ട​യി​ലും അവർ യഹോ​വ​യോ​ടു ചേർന്നു​നി​ന്നു

 രണ്ടാം ലോക​മ​ഹാ​യു​ദ്ധം അവസാ​നി​ച്ച​പ്പോൾ യൂറോ​പ്പി​ന്റെ പല ഭാഗങ്ങ​ളും തകർന്ന​ടി​ഞ്ഞി​രു​ന്നു. എന്നാൽ യഹോ​വ​യു​ടെ സാക്ഷി​കൾക്കും മറ്റുള്ള​വർക്കും നാസി തടങ്കൽപ്പാ​ള​യ​ങ്ങ​ളിൽനിന്ന്‌ സ്വാത​ന്ത്ര്യം ലഭിച്ചു​വെ​ന്നതു സന്തോ​ഷ​ക​ര​മായ ഒരു കാര്യം​ത​ന്നെ​യാ​യി​രു​ന്നു. എങ്കിലും, ജീവിതം അവർക്ക്‌ അത്ര എളുപ്പ​മ​ല്ലാ​യി​രു​ന്നു. മറ്റുള്ള​വ​രെ​പ്പോ​ലെ​തന്നെ യഹോ​വ​യു​ടെ ജനവും ഭക്ഷണത്തി​നും വസ്‌ത്ര​ത്തി​നും വീടി​നും മറ്റു അടിസ്ഥാ​ന​കാ​ര്യ​ങ്ങൾക്കും ബുദ്ധി​മു​ട്ടി. ക്യാരിൻ ഹാർട്ടൂങ്‌ സഹോ​ദരി പറയുന്നു: “താമസി​ക്കാൻ വീടുകൾ കുറവാ​യി​രു​ന്ന​തു​കൊണ്ട്‌ എല്ലാവർക്കും​തന്നെ അവരുടെ വീടു​ക​ളിൽ ബന്ധുക്കളെ താമസി​പ്പി​ക്കേ​ണ്ടി​യോ വീടു​ക​ളു​ടെ മുറികൾ വാടക​യ്‌ക്കു കൊടു​ക്കേ​ണ്ടി​യോ വന്നു.” ഏഴര വർഷം നാസി തടങ്കൽപ്പാ​ള​യ​ത്തിൽ കഴിഞ്ഞ ഗെർട്ട്‌റൂഡ്‌ പോട്ട്‌സി​ങ്ങർ സഹോ​ദരി കുറച്ചു​നാ​ള​ത്തേക്ക്‌ ഉപകര​ണങ്ങൾ വെക്കുന്ന ഷെഡി​ലാണ്‌ കഴിഞ്ഞത്‌, ഉറങ്ങി​യ​തോ ഒരു കസേര​യി​ലും! a

 യുദ്ധം നാശം വിതച്ച സ്ഥലങ്ങളിൽ താമസിച്ച യഹോ​വ​യു​ടെ ജനത്തിന്റെ ഭൗതി​കാ​വ​ശ്യ​ങ്ങൾക്കാ​യി യഹോ​വ​യു​ടെ സംഘടന എന്തൊക്കെ കരുത​ലു​ക​ളാണ്‌ ചെയ്‌തത്‌? അക്കാലത്ത്‌ ബുദ്ധി​മു​ട്ടു​ക​ളി​ലൂ​ടെ കടന്നു​പോ​യ​വ​രിൽനിന്ന്‌ നമുക്ക്‌ എന്തൊക്കെ പാഠങ്ങൾ പഠിക്കാം?

സഹോ​ദ​ര​ങ്ങ​ളു​ടെ ഭൗതി​കാ​വ​ശ്യ​ങ്ങൾക്കാ​യി കരുതു​ന്നു

 യൂറോ​പ്പി​ലുള്ള ദൈവ​ജ​നത്തെ സഹായി​ക്കു​ന്ന​തി​നാ​യി യഹോ​വ​യു​ടെ സംഘടന പെട്ടെ​ന്നു​തന്നെ പ്രവർത്തി​ച്ചു. സാക്ഷി​ക​ളു​ടെ ആവശ്യങ്ങൾ മനസ്സി​ലാ​ക്കു​ന്ന​തി​നു​വേണ്ടി ലോകാ​സ്ഥാ​ന​ത്തു​നിന്ന്‌ നേഥൻ നോർ സഹോ​ദ​ര​നും മിൽട്ടൻ ഹെൻഷൽ സഹോ​ദ​ര​നും അവരെ സന്ദർശി​ച്ചു. 1945 നവംബർ, ഡിസംബർ മാസങ്ങ​ളി​ലാ​യി അവർ ഇംഗ്ലണ്ട്‌, സ്വിറ്റ്‌സർലൻഡ്‌, ഫ്രാൻസ്‌, ബെൽജി​യം, നെതർലൻഡ്‌സ്‌, ഡെന്മാർക്ക്‌, സ്വീഡൻ, ഫിൻലൻഡ്‌, നോർവേ എന്നിവി​ട​ങ്ങ​ളി​ലെ​ല്ലാം പോയി. നോർ സഹോ​ദരൻ പറയുന്നു: “യുദ്ധം വരുത്തി​വെച്ച നാശന​ഷ്ടങ്ങൾ എല്ലാം ഞങ്ങൾ ആദ്യമാ​യി നേരിൽ കണ്ടു.”

ഫിൻലൻഡിലെ ഹെൽസി​ങ്കി​യിൽ നേഥൻ നോർ സഹോ​ദരൻ സാക്ഷി​ക​ളോ​ടു സംസാ​രി​ക്കു​ന്നു, 1945 ഡിസംബർ 21

 ആ സമയത്ത്‌ ജർമനി​യിൽ പ്രവേ​ശി​ക്കാൻ നോർ സഹോ​ദ​രന്‌ അനുവാ​ദം ലഭിച്ചില്ല. എങ്കിലും, ജർമനി​യി​ലെ സംഘട​ന​യു​ടെ ബ്രാ​ഞ്ചോ​ഫീ​സി​നു നേതൃ​ത്വ​മെ​ടു​ത്തി​രുന്ന എറിക്‌ ഫ്രോസ്റ്റ്‌ സഹോ​ദരൻ രാജ്യ​ത്തി​നു പുറത്തു​പോ​യി അദ്ദേഹത്തെ കണ്ടു. b ഫ്രോസ്റ്റ്‌ സഹോ​ദരൻ പറയുന്നു: “നോർ സഹോ​ദരൻ ഞങ്ങൾക്കു​വേണ്ട നിർദേ​ശ​ങ്ങ​ളൊ​ക്കെ നൽകി. അതു​പോ​ലെ ഭക്ഷണം, വസ്‌ത്രം ഉൾപ്പെ​ടെ​യുള്ള ഞങ്ങളുടെ കാര്യ​ങ്ങൾക്കു​വേണ്ടി കരുതു​മെന്ന്‌ ഉറപ്പു​ത​രു​ക​യും ചെയ്‌തു. ഉടനെ​തന്നെ ജർമനി​യി​ലേക്കു ധാന്യ​പ്പൊ​ടി​ക​ളും എണ്ണയും ഓട്‌സും മറ്റു ഭക്ഷണസാ​ധ​ന​ങ്ങ​ളും വലിയ അളവിൽ എത്തി. മറ്റു നാടു​ക​ളിൽനി​ന്നുള്ള സഹോ​ദ​രങ്ങൾ സ്യൂട്ടു​ക​ളും അടിവ​സ്‌ത്ര​ങ്ങ​ളും ഷൂസു​ക​ളും ഒക്കെ വലിയ ബോക്‌സു​ക​ളിൽ എത്തിച്ചു.” ഇതൊക്കെ കണ്ടപ്പോൾ നമ്മുടെ സഹോ​ദ​ര​ങ്ങ​ളു​ടെ കണ്ണുകൾ നിറഞ്ഞു. അതും “ഈ സഹായം ഒറ്റത്തവ​ണ​കൊണ്ട്‌ അവസാ​നി​ച്ചില്ല, രണ്ടര വർഷ​ത്തോ​ളം സാധനങ്ങൾ ഇങ്ങനെ എത്തി​ക്കൊ​ണ്ടേ​യി​രു​ന്നു!” c

ഐക്യ​നാ​ടു​ക​ളി​ലെ സാക്ഷികൾ സംഭാ​വ​ന​യാ​യി കൊടു​ക്കാ​നുള്ള വസ്‌ത്രങ്ങൾ യൂറോ​പ്പി​ലേക്കു കയറ്റി അയയ്‌ക്കു​ന്ന​തി​നു​വേണ്ടി തരംതി​രി​ക്കു​ന്നു

അവർ ആത്മീയ​കാ​ര്യ​ങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചു

 ജീവി​ത​സാ​ഹ​ച​ര്യ​ങ്ങൾ മെച്ച​പ്പെ​ട്ട​പ്പോൾ സഹോ​ദ​രങ്ങൾ യഹോ​വയെ സേവി​ക്കു​ന്ന​തിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ച്ചു. അവരെ എന്താണ്‌ അതിനു സഹായി​ച്ചത്‌?

യൂർഗെൻ റണ്ഡൽ (മുന്നിൽ ഇടത്ത്‌) ഓസ്‌ട്രി​യ​യി​ലെ സ്‌പി​റ്റാൾ ആൻ ഡേർ ഡ്രൗ സഭയിലെ സഹോ​ദ​ര​ങ്ങ​ളോ​ടൊ​പ്പം, 1954

 അവർ നല്ല ആത്മീയ​ദി​ന​ചര്യ കാത്തു​സൂ​ക്ഷി​ച്ചു. (എഫെസ്യർ 5:15, 16) യുദ്ധത്തി​ന്റെ സമയത്ത്‌ ബൈബിൾപ്ര​സി​ദ്ധീ​ക​ര​ണങ്ങൾ ലഭിക്കാ​നും പതിവാ​യി ആത്മീയ​പ്ര​വർത്ത​ന​ങ്ങ​ളിൽ ഏർപ്പെ​ടാ​നും ഒക്കെ പാടാ​യി​രു​ന്നു. എന്നാൽ യുദ്ധം കഴിഞ്ഞ​പ്പോൾ ക്രിസ്‌തീ​യ​യോ​ഗ​ങ്ങ​ളും ശുശ്രൂ​ഷ​യും ഒക്കെ പയ്യെപ്പയ്യെ സാധാ​ര​ണ​നി​ല​യി​ലേക്കു വരാൻതു​ടങ്ങി. ഓസ്‌ട്രി​യ​യി​ലുള്ള യൂർഗെൻ റണ്ഡൽ പറയുന്നു: “വിജ്ഞാപകൻ d എന്ന പ്രസി​ദ്ധീ​ക​ര​ണ​വും സഞ്ചാര​മേൽവി​ചാ​ര​ക​ന്മാ​രും നല്ല ആത്മീയ​ദി​ന​ചര്യ ഉണ്ടായി​രി​ക്കാൻ ഞങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. യഹോ​വ​യ്‌ക്കും യേശു​വി​നും വ്യക്തി​പ​ര​മായ പഠനത്തി​നും ശുശ്രൂ​ഷ​യ്‌ക്കും ഒക്കെയാ​യി​രു​ന്നു ഞങ്ങളുടെ ജീവി​ത​ത്തിൽ മുഖ്യ​സ്ഥാ​നം. ടെലി​വി​ഷൻപോ​ലുള്ള കാര്യ​ങ്ങ​ളൊ​ന്നും ഞങ്ങളുടെ ശ്രദ്ധ മാറ്റി​യി​രു​ന്നില്ല.”

 ഉൾറിക്‌ ക്രോ​ലോപ്‌ സഹോ​ദരി പറയുന്നു: “ആത്മീയ​വി​ഷ​യ​ങ്ങ​ളൊ​ക്കെ ആഴത്തിൽ പഠിച്ച​പ്പോൾ ഞങ്ങൾക്കു കിട്ടിയ സന്തോഷം ഞാൻ ഇപ്പോ​ഴും ഓർക്കു​ന്നു. അക്കാര്യ​ത്തിൽ എന്റെ ഭർത്താവ്‌ നല്ലൊരു മാതൃ​ക​യാ​യി​രു​ന്നു. പുതിയ വീക്ഷാ​ഗോ​പു​രം മാസിക ലഭിക്കു​മ്പോൾ അദ്ദേഹം ബാക്കി കാര്യ​ങ്ങ​ളെ​ല്ലാം മാറ്റി​വെച്ച്‌ അതു പഠിക്കാൻവേണ്ടി ഇരിക്കു​മാ​യി​രു​ന്നു.” മുമ്പ്‌ പറഞ്ഞ ക്യാരിൻ ഹാർട്ടൂങ്‌ സഹോ​ദരി ഓർക്കു​ന്നു: “ഭൗതി​ക​വ​സ്‌തു​ക്കൾ എല്ലാം എത്ര പെട്ടെന്നു നഷ്ടപ്പെ​ടു​മെന്നു യുദ്ധത്തി​ന്റെ സമയത്ത്‌ ഞങ്ങൾ മനസ്സി​ലാ​ക്കി. എന്നാൽ ആത്മീയ​ഭ​ക്ഷണം ചെറിയ അളവി​ലാ​ണെ​ങ്കിൽപ്പോ​ലും കിട്ടി​ക്കൊ​ണ്ടേ​യി​രു​ന്നു. യഹോവ തന്റെ വിശ്വ​സ്‌ത​ദാ​സരെ അനു​ഗ്ര​ഹി​ക്കു​ക​തന്നെ ചെയ്‌തു.”

ഉൾറിക്‌ ക്രോ​ലോപ

 തിരികെ ശുശ്രൂ​ഷ​യി​ലേക്ക്‌. (മത്തായി 28:19, 20) യുദ്ധത്തി​ന്റെ സമയത്ത്‌ യഹോ​വ​യു​ടെ ജനത്തിനു പ്രസം​ഗി​ക്കാ​നും പഠിപ്പി​ക്കാ​നും ഒന്നുമുള്ള സ്വാത​ന്ത്ര്യ​മി​ല്ലാ​യി​രു​ന്നു. യുദ്ധം കഴിഞ്ഞ ഉടനെ “എല്ലാവ​രും നേരെ ശുശ്രൂ​ഷ​യ്‌ക്ക്‌ ഇറങ്ങി” എന്ന്‌ ഫ്രൈ​ഡ്‌ഹെം എന്നൊരു സഹോ​ദരൻ ഓർക്കു​ന്നു. “എന്റെ ഭർത്താ​വി​ന്റെ കുടും​ബത്തെ ആദ്യമാ​യി ദൈവ​രാ​ജ്യ​സ​ന്ദേശം അറിയിച്ച സാക്ഷി ധരിച്ചി​രു​ന്നത്‌ തടങ്കൽപ്പാ​ള​യ​ത്തി​ലെ യൂണി​ഫോം ആയിരു​ന്നു. അതു കണ്ടാൽ അറിയാം, അദ്ദേഹം തടങ്കൽപ്പാ​ള​യ​ത്തിൽനിന്ന്‌ ഇറങ്ങിയ ഉടൻതന്നെ പ്രസം​ഗ​പ്ര​വർത്തനം തുടങ്ങി​യെന്ന്‌.” യൂർഗെൻ പറയുന്നു: “യുദ്ധത്തി​നു ശേഷം എല്ലാവർക്കും ശുശ്രൂ​ഷ​യിൽ നല്ല ഉത്സാഹ​മാ​യി​രു​ന്നു. ചെറു​പ്പ​ക്കാ​രായ ധാരാളം സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാർ മുഴു​സ​മ​യ​സേ​വനം തിര​ഞ്ഞെ​ടു​ത്തു.”

 “ബോം​ബാ​ക്ര​മണം നാശം വിതച്ച നഗരങ്ങ​ളി​ലെ ജീവിതം വളരെ പരിതാ​പ​ക​ര​മാ​യി​രു​ന്നു” എന്ന്‌ ഉൾറിക്‌ പറയുന്നു. തകർന്ന കെട്ടി​ട​ങ്ങ​ളി​ലാ​യി​രു​ന്നു പലരു​ടെ​യും താമസം! ഇതിനി​ട​യിൽനിന്ന്‌ സാക്ഷികൾ എങ്ങനെ​യാണ്‌ ആളുകളെ കണ്ടെത്തി​യത്‌? ഇങ്ങനെ യുദ്ധത്തി​നു ശേഷം സത്യത്തിൽവന്ന ഒരു കുടും​ബ​മാണ്‌ ഉൾറി​കി​ന്റേത്‌. അവർ പറയുന്നു: “ഏതെങ്കി​ലും കെട്ടി​ട​ത്തിൽനിന്ന്‌ വിളക്കി​ന്റെ വെളി​ച്ച​മോ ചിമ്മി​നി​യിൽനി​ന്നുള്ള പുകയോ വരുന്നു​ണ്ടോ എന്നു ഞങ്ങൾ നോക്കും.”

 അവർ പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ച്ചു. (1 തെസ്സ​ലോ​നി​ക്യർ 5:11) യുദ്ധത്തി​ന്റെ സമയത്ത്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ പലർക്കും ക്രൂര​മായ പെരു​മാ​റ്റം സഹി​ക്കേ​ണ്ടി​വന്നു. എന്നാൽ, അവർക്കു​ണ്ടായ ദുരനു​ഭ​വ​ങ്ങ​ളെ​ക്കു​റിച്ച്‌ അവർ യുദ്ധത്തി​നു ശേഷം ചിന്തി​ച്ചു​കൊ​ണ്ടി​രു​ന്നില്ല. പകരം പരസ്‌പരം പ്രോ​ത്സാ​ഹി​പ്പി​ച്ചു. ‘മാറ്റു തെളിഞ്ഞ’ തങ്ങളുടെ വിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ ഓർത്ത​പ്പോൾ അവർക്കു സന്തോഷം തോന്നി. (യാക്കോബ്‌ 1:2, 3) ഇപ്പോൾ ഐക്യ​നാ​ടു​ക​ളിൽ താമസി​ക്കുന്ന ജോഹ​ന്നാസ്‌ പറയുന്നു: “തടങ്കൽപ്പാ​ള​യ​ങ്ങ​ളിൽ കഴിഞ്ഞി​ട്ടുള്ള ഞങ്ങളുടെ സർക്കിട്ട്‌ മേൽവി​ചാ​രകൻ യഹോ​വ​യു​ടെ കൈ കണ്ട പല അനുഭ​വ​ങ്ങ​ളും ഞങ്ങളോ​ടു പറഞ്ഞു. അതു ഞങ്ങളുടെ വിശ്വാ​സം ബലപ്പെ​ടു​ത്തി.”

 ജോഹ​ന്നാസ്‌ പറയു​ന്ന​ത​നു​സ​രിച്ച്‌, തടങ്കൽപ്പാ​ള​ങ്ങ​ളി​ലാ​യി​രു​ന്ന​പ്പോൾ “യഹോവ തങ്ങളെ സഹായി​ച്ച​തും തങ്ങളുടെ പ്രാർഥ​ന​കൾക്ക്‌ ഉത്തരം നൽകി​യ​തും” എല്ലാം യുദ്ധത്തി​നു ശേഷം സഹോ​ദ​രങ്ങൾ ഓർത്തു. അങ്ങനെ യഹോ​വ​യു​മാ​യി നല്ലൊരു ബന്ധം അവർ നിലനി​റു​ത്തി. അതു​പോ​ലെ സ്വാത​ന്ത്ര്യം കിട്ടിയ സഹോ​ദ​രങ്ങൾ ആത്മീയ​പ്ര​വർത്ത​ന​ങ്ങ​ളിൽ തുടർന്നും ഏർപ്പെട്ടു. ക്രമമാ​യി ബൈബിൾ വായി​ക്കു​ക​യും മീറ്റി​ങ്ങു​ക​ളിൽ പങ്കെടു​ക്കു​ക​യും ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​ക​യും എല്ലാം ചെയ്‌തു. 1946-ൽ ന്യൂറം​ബർഗിൽ നടന്ന കൺ​വെൻ​ഷ​നിൽ പങ്കെടുത്ത എലിസ​ബത്ത്‌ പറയുന്നു: “സ്വാത​ന്ത്ര്യം കിട്ടിയ നമ്മുടെ സഹോ​ദ​രങ്ങൾ കാഴ്‌ച​യിൽ മെലിഞ്ഞ്‌, ക്ഷീണി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നെ​ങ്കി​ലും അവർ തങ്ങളുടെ അനുഭ​വങ്ങൾ ഞങ്ങളോ​ടു പറഞ്ഞ​പ്പോൾ അവർ ‘ദൈവാ​ത്മാ​വിൽ ജ്വലി​ക്കു​ക​യാ​യി​രു​ന്നു.‘”—റോമർ 12:11.

ക്യാരിൻ ഹാർട്ടൂങ്‌

 അവർ സഹക്രി​സ്‌ത്യാ​നി​ക​ളോ​ടു ചേർന്നു​നി​ന്നു. (റോമർ 1:11, 12) യുദ്ധത്തി​ന്റെ സമയത്ത്‌ ഉപദ്ര​വങ്ങൾ കാരണം സാക്ഷി​കൾക്കു പരസ്‌പരം സ്വാത​ന്ത്ര്യ​ത്തോ​ടെ സഹവസി​ക്കാൻ കഴിഞ്ഞില്ല. ക്യാരിൻ പറയുന്നു: “സഹോ​ദ​ര​ങ്ങളെ അപകട​ത്തി​ലാ​ക്കാ​തി​രി​ക്കാൻവേണ്ടി അവർ വല്ലപ്പോ​ഴും മാത്രമേ പരസ്‌പരം സന്ദർശി​ച്ചി​രു​ന്നു​ള്ളൂ.” യുദ്ധം അവസാ​നി​ച്ച​തോ​ടെ എല്ലാത്തി​നും ഒരു മാറ്റം​വന്നു. ഫ്രൈ​ഡ്‌ഹെം പറയുന്നു: “പിന്നെ സഹോ​ദ​രങ്ങൾ എല്ലാ കാര്യ​ങ്ങ​ളും ഒന്നിച്ച്‌ ചെയ്യാൻതു​ടങ്ങി. മീറ്റി​ങ്ങു​ക​ളും ശുശ്രൂ​ഷ​യും ആയിരു​ന്നു അവർക്ക്‌ എപ്പോ​ഴും ഒന്നാമത്‌.”

 യുദ്ധം കഴിഞ്ഞ ആദ്യ നാളു​ക​ളിൽ “വളരെ ചുരുക്കം സാക്ഷി​കൾക്കു മാത്രമേ വാഹന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​ള്ളൂ” എന്ന്‌ ജർമനി​യി​ലെ ഒരു മൂപ്പനായ ഡൈ​ട്രിക്ക്‌ പറയുന്നു. “അതു​കൊണ്ട്‌ ഞങ്ങൾ മീറ്റി​ങ്ങു​കൾക്കു നടന്ന്‌ പോകും. എല്ലാവ​രും ഒരുമി​ച്ചാ​യി​രി​ക്കും പോകു​ന്നത്‌. അങ്ങനെ ഞങ്ങൾക്കി​ട​യി​ലെ ബന്ധം ഒന്നുകൂ​ടി ശക്തമായി. ഞങ്ങൾ ഒരു കുടും​ബം​പോ​ലെ​യാ​യി എന്നു പറയാം.”

നമുക്കുള്ള പാഠം

 ഇന്നും പ്രകൃ​തി​ദു​ര​ന്തങ്ങൾ, രോഗം, യുദ്ധം, ഉപദ്ര​വങ്ങൾ, വർധിച്ച ജീവി​ത​ച്ചെ​ലവ്‌ എന്നീ പ്രശ്‌നങ്ങൾ കാരണം യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ പലരും ദുരി​തങ്ങൾ അനുഭ​വി​ക്കു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 3:1) എന്നാൽ നമ്മൾ അമിത​മാ​യി ഉത്‌ക​ണ്‌ഠ​പ്പെ​ടു​ന്നില്ല. എന്തു​കൊണ്ട്‌? നാസി ഭരണകാ​ലത്ത്‌ ജർമനി​യിൽ കഴിഞ്ഞി​രുന്ന വിശ്വ​സ്‌ത​രായ ആ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ അനുഭ​വങ്ങൾ നമു​ക്കൊ​രു ഉറപ്പു​നൽകു​ന്നു, ഈ അവസാ​ന​നാ​ളു​ക​ളി​ലെ ബുദ്ധി​മു​ട്ടുള്ള സമയങ്ങ​ളി​ലും ദൈവം തുടർന്നും നമ്മളെ സഹായി​ക്കു​മെന്ന്‌. അപ്പോ​സ്‌ത​ല​നായ പൗലോ​സി​ന്റെ അതേ മനോ​ഭാ​വം നമുക്കും ഉണ്ടായി​രി​ക്കണം. അദ്ദേഹം എഴുതി: “‘യഹോവ എന്നെ സഹായി​ക്കും. ഞാൻ പേടി​ക്കില്ല. മനുഷ്യന്‌ എന്നോട്‌ എന്തു ചെയ്യാ​നാ​കും’ എന്നു ധൈര്യ​ത്തോ​ടെ നമുക്കു പറയാം.”—എബ്രായർ 13:6.

aയുദ്ധത്തി​നു ശേഷം ജർമനി​യിൽ ഒന്നാമത്‌ രാജ്യം അന്വേ​ഷി​ക്കു​ന്നു” (ഇംഗ്ലീഷ്‌) എന്ന വിഷയ​ത്തി​ലുള്ള പോട്ട്‌സി​ങ്ങ​റി​ന്റെ ജീവി​തകഥ വായി​ക്കുക.

b ”‏ദൈവവിശ്വാസത്തിലൂടെ ഏകാധി​പത്യ വിചാ​ര​ണ​യിൽനി​ന്നുള്ള മോചനം”‏ (ഇംഗ്ലീഷ്‌) എന്ന ഫ്രോസ്റ്റ്‌ സഹോ​ദ​രന്റെ ജീവി​തകഥ വായി​ക്കുക.

c രണ്ടാം ലോക​മ​ഹാ​യു​ദ്ധ​ത്തി​നു ശേഷമുള്ള ദുരി​താ​ശ്വാ​സ ശുശ്രൂ​ഷ​യെ​ക്കു​റിച്ച്‌ കൂടു​ത​ലാ​യി അറിയാൻ “അവർ ഏറ്റവും നല്ലത്‌ കൊടു​ത്തു” എന്ന ലേഖന​വും ദൈവ​രാ​ജ്യം ഭരിക്കു​ന്നു! പുസ്‌ത​ക​ത്തി​ന്റെ 211, 218, 219 പേജു​ക​ളി​ലെ ചതുര​ങ്ങ​ളും കാണുക.

d ഇന്ന്‌ സഭകൾ നമ്മുടെ ക്രിസ്‌തീയ ജീവി​ത​വും സേവന​വും യോഗ​ത്തി​നുള്ള പഠനസ​ഹാ​യി ഉപയോ​ഗി​ക്കു​ന്നു.