നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
ആഗോളമഹാമാരിയുടെ കാലത്ത് ആഗോളസഹായം
2021 ജൂലൈ 1
2020 മാർച്ചിൽ ലോകാരോഗ്യ സംഘടന കോവിഡ്-19 ഒരു മഹാമാരിയായി പ്രഖ്യാപിച്ചു. കൊറോണ വൈറസ് മനുഷ്യകുടുംബത്തിന്മേൽ പിടിമുറുക്കിയിട്ട് ഒരു വർഷത്തിലധികമായി. ഇത് ഇത്രകാലം നീണ്ടുനിൽക്കുമെന്ന് ആരും കരുതിയതേയില്ല. ഈ മഹാമാരി യഹോവയുടെ സാക്ഷികളിൽ ചിലർ ഉൾപ്പെടെ ലക്ഷക്കണക്കിന് ആളുകളെ ശാരീരികവും മാനസികവും സാമ്പത്തികവും ആയി ബുദ്ധിമുട്ടിലാക്കിയിരിക്കുന്നു. എന്നാൽ യഹോവയുടെ സാക്ഷികൾ എങ്ങനെയാണു പ്രതിസന്ധിയുടെ ഈ സമയത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചത്?
ദുരിതാശ്വാസ പ്രവർത്തനങ്ങൾ
കോവിഡ്-19 രോഗബാധയെ തുടർന്ന് യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിന്റെ കോ-ഓർഡിനേറ്റേഴ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോകമെങ്ങുമായി 950-ലേറെ ദുരിതാശ്വാസ കമ്മിറ്റികൾ (ഡിആർസി) രൂപീകരിച്ചു. ചില സ്ഥലങ്ങളിൽ പ്രാദേശികമായിത്തന്നെ സഹോദരങ്ങൾക്കു വേണ്ട സഹായങ്ങൾ ചെയ്തുകൊടുത്തു. മറ്റു ചിലയിടങ്ങളിൽ സഹോദരങ്ങൾ ഗവൺമെന്റിന്റെ സഹായം സ്വീകരിച്ചു. വലിയ തോതിലുള്ള ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും ഈ കമ്മിറ്റി നേതൃത്വം കൊടുത്തു.
പരാഗ്വേയിലെ കാര്യം നോക്കാം. അവിടത്തെ സ്ഥിതിഗതികളെക്കുറിച്ച് ഒരു പത്രം റിപ്പോർട്ടു ചെയ്തത്, “മഹാമാരിയെ തുടർന്നുള്ള സാമ്പത്തിക ബുദ്ധിമുട്ടു കാരണം നല്ലൊരു ശതമാനം പരാഗ്വേക്കാർ പട്ടിണിയിലാണ്” എന്നാണ്. എന്നാൽ അവിടത്തെ ദുരിതാശ്വാസ കമ്മിറ്റി അപ്പോഴേക്കും രണ്ടാഴ്ചത്തേക്കു വേണ്ട ഭക്ഷണസാധനങ്ങളും ശുചീകരണത്തിനുള്ള സാധനങ്ങളും അടങ്ങിയ കിറ്റുകൾ തയ്യാറാക്കി വിതരണം ചെയ്യാൻതുടങ്ങിയിരുന്നു. ഓരോ കിറ്റിലും നാല് അംഗങ്ങളുള്ള കുടുംബത്തിന് ആവശ്യമായ സാധനങ്ങളാണ് ഉണ്ടായിരുന്നത്, ഏകദേശം 2,200 രൂപയുടെ സാധനങ്ങൾ.
ഈ ദുരിതാശ്വാസ പ്രവർത്തകർ തങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനായി എന്തൊക്കെ മുൻകരുതലുകളാണു സ്വീകരിച്ചത്? അവർ മാസ്ക്ക് ധരിക്കുകയും അകലം പാലിക്കുകയും ചെയ്തു. കൂടാതെ ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾ എല്ലാം വൃത്തിയായി ചെയ്യുന്നുണ്ടെന്നും ശുചിത്വത്തിനുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്നും അവർ ഉറപ്പുവരുത്തി. ഉദാഹരണത്തിന് കിറ്റുകൾ തയ്യാറാക്കുന്നവർ മാസ്ക്കും ഗ്ലൗസും ഒക്കെ ധരിക്കുന്നുണ്ടോ അവരുടെ വാഹനങ്ങളും കിറ്റുകൾ സൂക്ഷിക്കുന്ന സ്ഥലങ്ങളും അണുവിമുക്തമാക്കിയിട്ടുണ്ടോ എന്നതുപോലുള്ള കാര്യങ്ങൾ അവർ ശ്രദ്ധിച്ചിരുന്നു. ഇനി, സാധനങ്ങൾ സഹോദരങ്ങൾക്കു കൈമാറിയതും വേണ്ട അകലം പാലിച്ചാണ്.
സംഭാവനകൾ ശ്രദ്ധയോടെ ഉപയോഗിച്ചു
2021 ജനുവരിയോടെ ഭരണസംഘത്തിന്റെ കോ-ഓർഡിനേറ്റേഴ്സ് കമ്മിറ്റി കോവിഡ്-19 മഹാമാരിയുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുവേണ്ടി 186 കോടിയിലധികം രൂപ ചെലവഴിക്കാൻ അനുമതി നൽകി. ബ്രാഞ്ചുകളും ദുരിതാശ്വാസ കമ്മിറ്റികളും വളരെ ശ്രദ്ധയോടെയാണ് ഈ ഫണ്ട് ഉപയോഗിച്ചത്. ആവശ്യമായ സാധനങ്ങൾ ഏറ്റവും കുറഞ്ഞ നിരക്കിൽ വാങ്ങുന്നതിനുവേണ്ടി അവർ നല്ല ശ്രമം ചെയ്തു. അതിനു നല്ലൊരു ഉദാഹരണമാണ് ചിലിയിൽ നടന്നത്. സഹോദരങ്ങൾക്കു കൊടുക്കാൻ അവർക്ക് 750 കിലോ പയർ വേണമായിരുന്നു. എന്നാൽ വെറും ഒറ്റ മാസംകൊണ്ട് പയറിന്റെ വില ഇരട്ടിയായി! എങ്കിലും ആ തുകയ്ക്കുതന്നെ പയറു വാങ്ങാൻ സഹോദരങ്ങൾ തീരുമാനിച്ചു. കടയുടമയോട് അക്കാര്യം പറയുകയും ചെയ്തു. പക്ഷേ രണ്ടു മണിക്കൂർ കഴിഞ്ഞപ്പോൾ അദ്ദേഹം സഹോദരങ്ങളെ വിളിച്ചിട്ട് പഴയ നിരക്കിൽ സാധനം വാങ്ങിയ ഒരാൾ അതു തിരികെ നൽകിയെന്നും അതുകൊണ്ട് ആ വിലയ്ക്ക് അതു കൊടുക്കാമെന്നും സമ്മതിച്ചു. അങ്ങനെ കുറഞ്ഞ നിരക്കിൽ അവർക്കു സാധനം വാങ്ങാനായി!
പക്ഷേ സാധനം എടുക്കാൻ സഹോദരങ്ങൾ ചെന്നപ്പോൾ കഥ മാറി! മറ്റു സംഘടനകളെപ്പോലെ നമ്മളും ശരിയായ വിധത്തിലല്ല സാധനങ്ങൾ വിതരണം ചെയ്യുന്നതെന്നു പറഞ്ഞ് ആ ഓർഡർ ക്യാൻസൽ ചെയ്യിക്കാൻ കടയുടമ പരമാവധി ശ്രമിച്ചു. എന്നാൽ സഹോദരന്മാരിൽ ഒരാൾ മൗനമായി പ്രാർഥിച്ചശേഷം അദ്ദേഹത്തോട്, സഭയിൽ അർഹരായവരെ കണ്ടെത്തിയിട്ട് അവർക്കാണു സാധനം നൽകുന്നതെന്ന് പറഞ്ഞു. മാത്രമല്ല, കുടുംബങ്ങളൊക്കെ പല പശ്ചാത്തലങ്ങളിൽനിന്നുള്ളവർ ആയതുകൊണ്ട് ഓരോ കുടുംബത്തിനും എന്താണോ ആവശ്യമെന്ന് കൃത്യമായി അറിഞ്ഞ് അതനുസരിച്ചാണ് അവർക്കുള്ള കിറ്റുകൾ തയ്യാറാക്കുന്നതെന്നും അദ്ദേഹത്തോടു വിശദീകരിച്ചു. ഇനി, സഹോദരങ്ങൾ സ്വമനസ്സാലെ കൊടുക്കുന്ന സംഭാവനകളിലൂടെയും കൂലി വാങ്ങാതെ അവർ ചെയ്യുന്ന അധ്വാനത്തിലൂടെയും ആണ് ഇതൊക്കെ നടക്കുന്നതെന്നും അദ്ദേഹത്തെ ബോധ്യപ്പെടുത്തി. അതെപ്പറ്റിയെല്ലാം കേട്ടപ്പോൾ അദ്ദേഹത്തിനു നമ്മളോടു വലിയ ബഹുമാനമായി. അങ്ങനെ അദ്ദേഹം പഴയ നിരക്കിൽത്തന്നെ സാധനം തരാൻ തയ്യാറായി. മാത്രമല്ല അടുത്ത ഓർഡർ അയച്ചപ്പോൾ 400 കിലോഗ്രാം പയർ അദ്ദേഹത്തിന്റെ വകയായി നൽകുകയും ചെയ്തു.
“ആത്മാർഥസ്നേഹത്തിന്റെ തെളിവ്”
ലൈബീരിയയിൽ താമസിക്കുന്ന പ്രായമേറിയ ഒരു വിധവയാണ് ലൂസു. അവരുടെ വീട്ടിൽ അഞ്ചു പേരാണുള്ളത്. ഒരു ദിവസം രാവിലെ അവർ ഭക്ഷണം കഴിച്ച്, ദിനവാക്യവും ഒക്കെ വായിച്ചിട്ട് ഇരിക്കുകയാണ്. അടുത്ത നേരം കഴിക്കാൻ അവിടെ ഒന്നുമില്ലെന്നു കണ്ടിട്ട് സഹോദരിയുടെ ഏഴു വയസ്സുള്ള കൊച്ചുമകൻ ചോദിച്ചു, “നമ്മൾ ഇനി എന്തു കഴിക്കും?” അമ്മൂമ്മ യഹോവയോടു പ്രാർഥിച്ചിട്ടുണ്ടെന്നും യഹോവ എന്തായാലും ഒരു വഴി കാണിച്ചുതരുമെന്നും അവർ അവനോടു പറഞ്ഞു. അന്ന് ഉച്ചയ്ക്കുതന്നെ സഭയിലെ മൂപ്പന്മാർ ലൂസുവിനെ വിളിച്ചിട്ട് അവർക്കുവേണ്ടി കുറച്ച് ഭക്ഷണസാധനങ്ങൾ വെച്ചിട്ടുണ്ടെന്നും വന്ന് അത് എടുത്തുകൊള്ളാനും പറഞ്ഞു. ലൂസു പറയുന്നു: “യഹോവ എന്റെ പ്രാർഥനയ്ക്ക് ഉത്തരം തന്നതുകൊണ്ട്, പ്രാർഥന കേൾക്കുകയും ഉത്തരം തരുകയും ചെയ്യുന്ന ദൈവമാണ് യഹോവയെന്നു അവനു മനസ്സിലായെന്ന് എന്റെ കൊച്ചുമകൻ ഇപ്പോൾ പറയാറുണ്ട്.”
കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിൽ സാക്ഷികളുടെ ഒരു കുടുംബത്തിനു സഹോദരങ്ങൾ ഭക്ഷണസാധനങ്ങൾ കൊണ്ടുവന്ന് കൊടുക്കുന്നത് അയൽക്കാരിയായ ഒരു സ്ത്രീ ശ്രദ്ധിച്ചു. അതു കണ്ടിട്ട് അവർ ഭർത്താവിനോടു പറഞ്ഞു: “മഹാമാരി കഴിയുമ്പോൾ നമുക്കും യഹോവയുടെ സാക്ഷികളാകാം. ബുദ്ധിമുട്ടുള്ള ഈ സമയത്ത് അവർ പരസ്പരം സഹായിക്കുന്നതു കണ്ടില്ലേ.” അപ്പോൾ ഭർത്താവ് ചോദിച്ചു, “വെറും ഒരു ചാക്ക് അരിക്കുവേണ്ടി നീ യഹോവയുടെ സാക്ഷിയാകാൻ പോകുവാണോ?” ആ സ്ത്രീ പറഞ്ഞു: “അരിക്കുവേണ്ടിയല്ല. ആ ഒരു ചാക്ക് അരി അവരുടെ ആത്മാർഥസ്നേഹത്തിന്റെ തെളിവാണ്.”
ഈ മഹാമാരിയുടെ സമയത്ത് സഹോദരങ്ങൾക്ക് ആവശ്യമായ സഹായം പെട്ടെന്നു ചെയ്തുകൊടുക്കാൻ യഹോവയുടെ സാക്ഷികൾക്കു കഴിഞ്ഞത് നിങ്ങളുടെ ഉദാരമായ സംഭാവനകൾകൊണ്ട് മാത്രമാണ്. donate.pr418.com-ൽ പറഞ്ഞിരിക്കുന്ന ഏതെങ്കിലും ഒരു വിധത്തിലായിരിക്കും നിങ്ങൾ സംഭാവന അയച്ചത്. നിങ്ങളുടെ ആ സംഭാവനകൾക്കു വളരെ നന്ദി.