നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
ഏറ്റവും പ്രധാനപ്പെട്ട പുസ്തകം പുറത്തിറങ്ങുമ്പോൾ . . .
2021 ജനുവരി 1
“ഞാൻ കഴിഞ്ഞ 19 വർഷമായി ഇതിനുവേണ്ടി കാത്തിരിക്കുകയായിരുന്നു.” സഹോദരനു കാത്തിരുന്ന് കിട്ടിയത് എന്തായിരുന്നു? സ്വന്തം ഭാഷയായ ബംഗാളിയിലുള്ള പുതിയ ലോക ഭാഷാന്തരം—ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ. പല ആളുകൾക്കും പുതിയ ലോക ഭാഷാന്തരം ബൈബിൾ സ്വന്തം ഭാഷയിൽ കിട്ടിയപ്പോൾ ഇങ്ങനെതന്നെയാണു തോന്നിയത്. എന്നാൽ ഈ ബൈബിളുകൾ പരിഭാഷപ്പെടുത്തി പുറത്തിറക്കുന്നതിനു പിന്നിൽ എന്തൊക്കെ കാര്യങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളതെന്നു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
ആദ്യം ഭരണസംഘത്തിന്റെ റൈറ്റിംങ് കമ്മിറ്റി ഒരു പരിഭാഷാടീമിനെ നിയമിക്കും. ഒരു ടീമിനു ബൈബിൾ പരിഭാഷ ചെയ്യാൻ എത്ര നാൾ വേണ്ടിവരും? ന്യൂയോർക്കിലെ വാർവിക്കിലുള്ള പരിഭാഷാസേവനവിഭാഗത്തിൽ സേവിക്കുന്ന നിക്കളാസ് അലാഡിസ് സഹോദരൻ ഇങ്ങനെ വിശദീകരിക്കുന്നു: “അതു പല കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്. ആ പ്രോജക്ടിനുവേണ്ടി എത്ര പരിഭാഷകരെ കിട്ടുമെന്നും ആ ഭാഷ എത്ര ബുദ്ധിമുട്ടുള്ളതാണെന്നും പ്രദേശത്തിനനുസരിച്ച് ഭാഷയ്ക്കു മാറ്റം വരുന്നുണ്ടോ എന്നും നമ്മൾ ചിന്തിക്കേണ്ടതുണ്ട്. അതുപോലെ ബൈബിൾക്കാലത്തെ ജീവിതത്തെക്കുറിച്ച് വായനക്കാർക്കു നന്നായി അറിയാമോ എന്നതും കണക്കിലെടുക്കേണ്ട കാര്യമാണ്. സാധാരണ, ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ പരിഭാഷ ചെയ്യാൻ ഒന്നു മുതൽ മൂന്നു വർഷം വരെ വേണ്ടിവന്നേക്കും. ഇനി, മുഴുബൈബിളും പരിഭാഷ ചെയ്യണമെങ്കിൽ നാലോ അതിലധികമോ വർഷം വേണം. ആംഗ്യഭാഷകളുടെ കാര്യത്തിലാണെങ്കിൽ പരിഭാഷയ്ക്ക് അതിലും കൂടുതൽ കാലം വേണ്ടിവരും.”
ബൈബിൾ പരിഭാഷ ചെയ്യുന്നതിൽ പരിഭാഷാടീം മാത്രമല്ല ഉൾപ്പെട്ടിരിക്കുന്നത്. പരിഭാഷ എങ്ങനെയുണ്ടെന്നു നോക്കാൻ പല പശ്ചാത്തലങ്ങളിൽനിന്നുള്ള വായനക്കാർക്ക് അതു കൊടുക്കുന്നു. അവർ ഒരുപക്ഷേ പല രാജ്യങ്ങളിൽനിന്നുള്ളവരായിരിക്കും. അവരെല്ലാം സൗജന്യമായാണ് ഈ സേവനം ചെയ്യുന്നത്. അവരുടെ അഭിപ്രായങ്ങൾ, പരിഭാഷ കൃത്യതയും വ്യക്തതയും ഉള്ളതും വായനക്കാർക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്നതും ആണെന്ന് ഉറപ്പുവരുത്താൻ പരിഭാഷകരെ സഹായിക്കുന്നു. ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് സൗത്ത് ആഫ്രിക്കയിലുള്ള ഒരു ബൈബിൾ പരിഭാഷാപരിശീലകൻ പറയുന്നത് ഇങ്ങനെയാണ്: “യഹോവയോടും ദൈവവചനത്തിന്റെ വായനക്കാരോടും വലിയൊരു ഉത്തരവാദിത്വമാണ് ബൈബിളിന്റെ പരിഭാഷകർക്കു തോന്നുന്നത്.”
പരിഭാഷ പൂർത്തിയാകുമ്പോൾ ബൈബിളുകൾ അച്ചടിച്ച് ബൈൻഡ് ചെയ്യും. അതിനുവേണ്ടി പത്തു “ചേരുവകൾ” വേണം. പേപ്പർ, മഷി, പുറംചട്ട, പശ, പുറംചട്ടയ്ക്ക് ഉള്ളിലുള്ള ലൈനിംങ്, സിൽവർ കളർ, റിബൺ, പുസ്തകത്തിന്റെ തുന്നിക്കെട്ട് വരുന്ന ഭാഗം അഥവാ സ്പൈൻ ഉറപ്പിക്കാനുള്ള സാധനം, സ്പൈനിന്റെ രണ്ട് അറ്റവും ഇളകിപ്പോകാതിരിക്കാൻ ഉപയോഗിക്കുന്ന ബാന്റ്, പുറംചട്ടയുടെ അകംഭാഗം എന്നിവയാണ് അവ. 2019-ൽ ഈ സാധനങ്ങൾക്കുവേണ്ടി മാത്രം ഏകദേശം 146 കോടി രൂപയാണ് വേണ്ടിവന്നത്. ആ വർഷം ബൈബിളുകൾ ഉണ്ടാക്കുന്നതിനും അതു കയറ്റി അയയ്ക്കുന്നതിനും ആയി അച്ചടിശാലയിലുള്ള നമ്മുടെ സഹോദരങ്ങൾ മൂന്നു ലക്ഷത്തിലധികം മണിക്കൂറുകളാണു ചെലവഴിച്ചത്.
“നമ്മൾ നിർമിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രസിദ്ധീകരണം ബൈബിളാണ്”
ഈ കാര്യങ്ങൾക്കെല്ലാംവേണ്ടി നമ്മൾ ഇത്രയധികം പണവും സമയവും ചെലവഴിക്കുന്നത് എന്തുകൊണ്ടാണ്? അന്താരാഷ്ട്ര അച്ചടിവിഭാഗത്തിൽ ജോലി ചെയ്യുന്ന ജോയൽ ബ്ലൂ സഹോദരൻ പറയുന്നു: “നമ്മൾ നിർമിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രസിദ്ധീകരണം ബൈബിളാണ്. അതിന്റെ കെട്ടുംമട്ടും നമ്മൾ ആരാധിക്കുന്ന ദൈവത്തെയും നമ്മൾ അറിയിക്കുന്ന സന്ദേശത്തെയും മഹത്ത്വപ്പെടുത്തണമല്ലോ?”
പുതിയ ലോക ഭാഷാന്തരത്തിന്റെ സാധാരണ പതിപ്പുകൾ കൂടാതെ വായനക്കാരുടെ ആവശ്യങ്ങൾ കണക്കിലെടുത്ത് പ്രത്യേകപതിപ്പുകളും നമ്മൾ ഇറക്കാറുണ്ട്. ഉദാഹരണത്തിന്, ബ്രെയിലിലുള്ള പുതിയ ലോക ഭാഷാന്തരം പത്തു ഭാഷകളിൽ നമ്മൾ പുറത്തിറക്കി. ബ്രെയിലിലുള്ള ഒരു ബൈബിൾ അച്ചടിക്കാനായി എട്ടു മണിക്കൂറോളം വേണ്ടിവരും. അങ്ങനെയുള്ള ബൈബിളിന്റെ വോളിയങ്ങളെല്ലാം അടുക്കിവെക്കുന്നതിന് ഒരു ഷെൽഫിൽ 7.5 അടിയെങ്കിലും സ്ഥലം ആവശ്യമാണ്. ജയിലിൽ കഴിയുന്നവർക്കുവേണ്ടിയും ബൈബിളിന്റെ പ്രത്യേകപതിപ്പ് പുറത്തിറക്കാറുണ്ട്. കാരണം അങ്ങനെയുള്ള സ്ഥലങ്ങളിൽ കട്ടിബൈൻഡുള്ള പുസ്തകങ്ങൾ അനുവദിക്കാറില്ല.
പുതിയ ലോക ഭാഷാന്തരം അതിന്റെ വായനക്കാരുടെ ജീവിതത്തെ വളരെയധികം സ്വാധീനിച്ചിട്ടുണ്ട്. കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലുള്ള ടോംബെ എന്ന സ്ഥലത്തെ കിലുബ ഭാഷാസഭയിലെ കാര്യം നോക്കുക. ടോംബെ ആ രാജ്യത്തിന്റെ തലസ്ഥാനത്തുനിന്ന് 1,700-ലധികം കിലോമീറ്റർ അകലെയാണ്. അവിടെയുള്ള സാക്ഷികൾക്കെല്ലാംകൂടി ഒരു ബൈബിൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതാണെങ്കിൽ പഴയ കിലുബ ഭാഷയിലും. ആ ഒരു ബൈബിൾ മാറിമാറി ഉപയോഗിച്ചാണ് അവർ മീറ്റിങ്ങുകൾക്കു തയ്യാറായിരുന്നത്. എന്നാൽ 2018 ആഗസ്റ്റ് മുതൽ അവിടെയുള്ള ഓരോ സഹോദരങ്ങൾക്കും ഇപ്പോൾ ഉപയോഗിക്കുന്ന കിലുബ ഭാഷയിൽ പുതിയ ലോക ഭാഷാന്തരം കിട്ടിത്തുടങ്ങി.
തന്റെ ഭാഷയിൽ ലഭിച്ച പരിഷ്കരിച്ച പുതിയ ലോക ഭാഷാന്തരത്തെക്കുറിച്ച് ജർമൻ ഭാഷ സംസാരിക്കുന്ന ഒരു സഹോദരി പറയുന്നു: “മുമ്പൊക്കെ ബൈബിൾ വായിക്കണമല്ലോ എന്നായിരുന്നു എന്റെ ചിന്ത. എന്നാൽ ഇപ്പോൾ ബൈബിൾ താഴെ വെക്കാനേ തോന്നുന്നില്ല.” ജയിലിൽ കഴിയുന്ന ഒരു വ്യക്തി ഇങ്ങനെ എഴുതി: “എനിക്ക് ഒരു പുതിയ ലോക ഭാഷാന്തരം ബൈബിൾ കിട്ടി. അത് എന്റെ ജീവിതത്തെ ഒരുപാട് മാറ്റി. ഇപ്പോഴാണ് ദൈവവചനം ശരിക്കും മനസ്സിലായിത്തുടങ്ങിയത്. എനിക്ക് യഹോവയുടെ സാക്ഷികളെക്കുറിച്ച് കൂടുതൽ അറിയണം, അവരെപ്പോലെയാകണം.”
പുതിയ ലോക ഭാഷാന്തരത്തിന്റെ നിർമാണത്തിനായി ലഭിച്ച എല്ലാ സംഭാവനകളെയും അതിന്റെ വായനക്കാർ വിലമതിക്കുന്നു. donate.pr418.com-ൽ കാണുന്ന വ്യത്യസ്ത രീതികൾ ഉപയോഗിച്ചാണ് ലോകവ്യാപകവേലയ്ക്കുവേണ്ടിയിട്ടുള്ള ഈ സംഭാവനകൾ നൽകിയിട്ടുള്ളത്. നിങ്ങൾ നിറഞ്ഞ മനസ്സോടെ നൽകിയ ഈ സംഭാവനകൾക്കു നന്ദി.