നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
ജനലക്ഷങ്ങളെ സേവിക്കുന്ന നമ്മുടെ പരിഭാഷാകേന്ദ്രങ്ങൾ
2021 മാർച്ച് 1
ഇന്ന് ബ്രാഞ്ചോഫീസുകളിലല്ല എല്ലാ പരിഭാഷാപ്രവർത്തനങ്ങളും നടക്കുന്നത്. അത്തരം ജോലികളിൽ 60 ശതമാനത്തിലധികവും ചെയ്യുന്നത് ആർടിഒ എന്ന് അറിയപ്പെടുന്ന വിദൂര പരിഭാഷാകേന്ദ്രങ്ങളിലാണ്. എന്താണ് അതുകൊണ്ടുള്ള പ്രയോജനം? ഇങ്ങനെയുള്ള പരിഭാഷാകേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ ഏറ്റവും നന്നായി ചെയ്യുന്നതിനു പരിഭാഷകർക്ക് എന്തൊക്കെ ഉപകരണങ്ങളാണ് ആവശ്യമായിവരുന്നത്? അതുപോലെ പരിഭാഷയുടെ നിലവാരത്തിനു പരിഭാഷാ ടീം എവിടെയാണ് എന്നതുമായി എന്തെങ്കിലും ബന്ധമുണ്ടോ? നമുക്കു നോക്കാം.
ആർടിഒ-കൾ വന്നതുകൊണ്ട് സ്വന്തം ഭാഷക്കാർക്കിടയിൽ താമസിക്കാൻ പരിഭാഷകർക്കു കഴിയുന്നു. ലോ ജർമൻ പരിഭാഷാ ടീമിലുള്ള കരീൻ എന്ന സഹോദരി പറയുന്നു: “മെക്സിക്കോയിലുള്ള ചെവാവോയിലെ ആർടിഒ-യിൽ വന്നപ്പോൾമുതൽ ഞങ്ങൾ എപ്പോഴും ലോ ജർമൻ ഭാഷയാണു സംസാരിക്കുന്നത്, കൂടെയുള്ള പരിഭാഷകരോടും ശുശ്രൂഷയിൽ പങ്കെടുക്കുമ്പോഴും സാധനങ്ങൾ വാങ്ങാൻ പോകുമ്പോഴും എല്ലാം. ഞങ്ങൾക്കു ചുറ്റും ഇപ്പോൾ ഈ ഭാഷക്കാരാണ്. കുറെ നാളുകൾക്കു ശേഷം ഞങ്ങൾക്കു പല ഭാഷാശൈലികളും വീണ്ടും കേൾക്കാൻ പറ്റുന്നുണ്ട്. ആളുകൾ ഉപയോഗിക്കുന്ന പുതിയ വാക്കുകൾ ഞങ്ങൾക്ക് ഇപ്പോൾ അറിയാനുമാകുന്നു.”
ഘാനയിലെ ഫ്രഫ്ര പരിഭാഷാ ടീമിനോടൊപ്പം സേവിക്കുന്ന ജയിംസ് സഹോദരന് ബ്രാഞ്ചിലെ കൂട്ടുകാരെയൊക്കെ വിട്ടുപോന്നതിൽ നല്ല വിഷമമുണ്ട്. എങ്കിലും സഹോദരൻ പറയുന്നത് ഇങ്ങനെയാണ്: “ആർടിഒ-യിൽ സേവിക്കാൻ എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഇവിടത്തെ ഭാഷയിൽ വയൽസേവനം ചെയ്യുന്നതും ആളുകൾ സന്തോഷവാർത്തയോടു നല്ല രീതിയിൽ പ്രതികരിക്കുന്നതു കാണുന്നതും എനിക്ക് ഒരുപാട് സന്തോഷം തരുന്നു.”
ഒരു ആർടിഒ എവിടെ സ്ഥാപിക്കണമെന്ന് സഹോദരങ്ങൾ തീരുമാനിക്കുന്നത് എങ്ങനെയാണ്? ന്യൂയോർക്കിലെ വാർവിക്കിലുള്ള ലോകവ്യാപക ഡിസൈൻ/നിർമാണ വിഭാഗത്തിലെ ഒരു അംഗമായ ജോസഫ് പറയുന്നു: “ചില സ്ഥലങ്ങളിൽ കറണ്ടോ വെള്ളമോ പരിഭാഷയ്ക്കുവേണ്ട ഇന്റർനെറ്റ് സൗകര്യമോ ഉണ്ടായിരിക്കില്ല. അതുകൊണ്ട് ഒരു ആർടിഒ സ്ഥാപിക്കുന്നതിനെക്കുറിച്ച് തീരുമാനമെടുക്കുമ്പോൾ നമ്മൾ ആ ഭാഷ സംസാരിക്കുന്ന ഒന്നിലധികം സ്ഥലങ്ങളെക്കുറിച്ച് ചിന്തിക്കും.”
ചില സ്ഥലങ്ങളിൽ പരിഭാഷകർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയുന്ന സമ്മേളനഹാളോ രാജ്യഹാളോ മിഷനറിഭവനമോ ഉണ്ടായേക്കാം. അങ്ങനെയെങ്കിൽ അവിടെ നമുക്ക് കുറഞ്ഞ ചെലവിൽ പെട്ടെന്നുതന്നെ ഒരു ആർടിഒ തുടങ്ങാനാകും. അത്തരത്തിലുള്ള കെട്ടിടങ്ങൾ ഇല്ലെങ്കിൽ പരിഭാഷകർക്കു ജോലി ചെയ്യാനും താമസിക്കാനും ആയി അപ്പാർട്ടുമെന്റുകളോ ഓഫീസ് കെട്ടിടങ്ങളോ വാങ്ങാനുള്ള അനുമതി മേടിക്കും. പിന്നീട് സാഹചര്യം മാറുകയാണെങ്കിൽ ഈ കെട്ടിടങ്ങൾ വിൽക്കാനും കിട്ടുന്ന പണം കൂടുതൽ ആവശ്യമുള്ള കാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാനും സാധിക്കും.
പരിഭാഷയ്ക്ക് ആവശ്യമായതെല്ലാം ഒരുക്കിക്കൊണ്ട്
2020 സേവനവർഷത്തിൽ പരിഭാഷാകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾക്കായി ഏകദേശം 95 കോടി രൂപയാണ് നമ്മൾ ചെലവഴിച്ചത്. പരിഭാഷാകേന്ദ്രങ്ങളിൽ കമ്പ്യൂട്ടറുകളും പ്രത്യേക സോഫ്റ്റ്വെയറും റെക്കോർഡിങ്ങിനുള്ള ഉപകരണങ്ങളും ഇന്റർനെറ്റും കറണ്ടും വെള്ളവും ഒക്കെ ആവശ്യമാണ്. ഒരാൾക്കുവേണ്ട കമ്പ്യൂട്ടർ സൗകര്യങ്ങൾ ഒരുക്കാൻതന്നെ ഏകദേശം 55,000 രൂപ ചെലവ് വരും. പരിഭാഷയ്ക്കുവേണ്ട കാര്യങ്ങളെല്ലാം ഏകോപിപ്പിക്കുന്നതിനും പ്രസിദ്ധീകരണങ്ങളിലെ ആശയങ്ങൾ കണ്ടെത്താൻ സഹായിക്കുന്നതിനും ആയി വാച്ച്ടവർ ട്രാൻസ്ലേഷൻ സിസ്റ്റം എന്ന പ്രോഗ്രാം വേണം. കൂടാതെ, ആവശ്യമായ മറ്റ് സോഫ്റ്റ്വെയറുകളും നമ്മൾ വാങ്ങിച്ച് ഉപയോഗിക്കുന്നു.
അതുപോലെതന്നെ ഓഫീസിൽ ഇരുന്ന് റെക്കോർഡ് ചെയ്യാൻ ആവശ്യമായ ഉപകരണങ്ങളും പരിഭാഷകർക്കു കൊടുക്കുന്നുണ്ട്. കോവിഡ്-19 മഹാമാരിയുടെ സമയത്ത് ഇതു ശരിക്കും ഒരു അനുഗ്രഹംതന്നെയായിരുന്നു. കാരണം പരിഭാഷകർക്ക് ഇവയൊക്കെ വീട്ടിൽ കൊണ്ടുപോകാൻ കഴിയുന്നതുകൊണ്ട് പരിഭാഷപ്പെടുത്തിയ കാര്യങ്ങളുടെ റെക്കോർഡിങ്ങ് വീട്ടിലിരുന്നുകൊണ്ടുതന്നെ ചെയ്യാനാകുന്നു.
പരിഭാഷ എങ്ങനെയുണ്ടെന്നു വിലയിരുത്തുന്നതിനു സഹായിക്കാനും പരിഭാഷാകേന്ദ്രം പരിപാലിക്കാനും ആയി അടുത്തുനിന്ന് സഹോദരങ്ങൾ വരാറുണ്ട്. സൗത്ത് ആഫ്രിക്കയിലെ കേപ്ടൗണിലുള്ള ആഫ്രിക്കാൻസ് പരിഭാഷാകേന്ദ്രത്തിൽ സേവിക്കുന്ന സർസ്റ്റിൻ പറയുന്നു: “പ്രചാരകർക്കും സാധാരണ മുൻനിരസേവകർക്കും ഒക്കെ അവരുടെ കഴിവുകൾ ഉപയോഗിക്കാനുള്ള നല്ല ഒരു അവസരമാണ് ഇത്.”
അങ്ങനെ വന്ന് സേവിക്കുന്നതു സഹോദരങ്ങൾക്കു ഭയങ്കര ഇഷ്ടമാണ്. “അതു പുതുമഴ പെയ്യുന്നതുപോലുള്ള ഒരു അനുഭവമാണ്” എന്ന് ഒരു സഹോദരി പറയുന്നു. പരിഭാഷാകേന്ദ്രത്തിന് അടുത്തുള്ള സഹോദരങ്ങൾ റെക്കോർഡിങ്ങിനായി അവരുടെ ശബ്ദം കൊടുക്കാൻ വരാറുമുണ്ട്.
മെക്സിക്കോയിലെ വെരാക്രൂസിലുള്ള റ്റോറ്റോനാക്ക് പരിഭാഷാകേന്ദത്തിൽ പ്രവർത്തിക്കുന്ന ജുവാന പറയുന്നു: “ഞങ്ങളുടെ ഭാഷ സംസാരിക്കുന്ന സഹോദരങ്ങൾ അടുത്തുള്ളതുകൊണ്ട് റെക്കോർഡിങ്ങിനായി ആളുകളെ കിട്ടാൻ വളരെ എളുപ്പമാണ്.”
പരിഭാഷാകേന്ദ്രങ്ങൾ വന്നതുകൊണ്ട് നമ്മുടെ പരിഭാഷയുടെ ഗുണനിലവാരം മെച്ചപ്പെട്ടോ? മെച്ചപ്പെട്ടു എന്നാണ് ലക്ഷക്കണക്കിനു വരുന്ന നമ്മുടെ വായനക്കാർ പറയുന്നത്. കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലെ കോംഗോ പരിഭാഷാകേന്ദ്രത്തിൽ സേവിക്കുന്ന സെട്രിക്ക് പറയുന്നു: “മുമ്പ് ചില സഹോദരങ്ങൾ കോംഗോ ഭാഷയിലുള്ള നമ്മുടെ പരിഭാഷയെ വിളിച്ചിരുന്നത് ‘സാക്ഷികളുടെ കോംഗോ ഭാഷ’ എന്നായിരുന്നു. കാരണം സാധാരണ ജനങ്ങൾ ഉപയോഗിക്കുന്ന കോംഗോ ഭാഷ അല്ലായിരുന്നു അത്. എന്നാൽ ഇപ്പോൾ അവർ പറയുന്നത്, ആളുകൾ ഇന്ന് സംസാരിക്കുന്ന കോംഗോ ഭാഷതന്നെയാണു നമ്മുടെ പ്രസിദ്ധീകരണങ്ങളിൽ ഉള്ളത് എന്നാണ്.”
സൗത്ത് ആഫ്രിക്കയിലെ ഹൗസ ഭാഷാ ടീമിൽ പ്രവർത്തിക്കുന്ന ആൻഡിലെയും ഇതുപോലുള്ള അഭിപ്രായങ്ങൾ കേട്ടിട്ടുണ്ട്. അദ്ദേഹം പറയുന്നു: “‘പരിഭാഷയിൽ വന്ന മാറ്റം ഞങ്ങൾ ശ്രദ്ധിക്കുന്നുണ്ട് കേട്ടോ’ എന്നു പലരും ഞങ്ങളോടു പറഞ്ഞിട്ടുണ്ട്. മുമ്പ് ഇംഗ്ലീഷിൽ മാത്രം വീക്ഷാഗോപുരം വായിച്ചിരുന്ന കുട്ടികൾപോലും ഇപ്പോൾ ഹൗസ ഭാഷയിലാണ് അതു വായിക്കാറ്. പരിഷ്കരിച്ച പുതിയ ലോക ഭാഷാന്തരത്തിൽ ഉപയോഗിച്ചിരിക്കുന്ന സാധാരണക്കാരുടെ ഭാഷയും അവർക്ക് ഒത്തിരി ഇഷ്ടപ്പെട്ടു.”
ആർടിഒ-കൾ സ്ഥാപിക്കാനും പരിപാലിക്കാനും അവിടെ സേവിക്കുന്ന സഹോദരങ്ങളുടെ ആവശ്യങ്ങൾ നടത്താനും ഉള്ള പണം കണ്ടെത്തുന്നത് ലോകവ്യാപകവേലയ്ക്കുള്ള സ്വമേധയാ സംഭാവനകളിൽനിന്നാണ്. അതിൽ donate.pr418.com-ലൂടെ നമ്മൾ ചെയ്യുന്ന സംഭാവനകളും ഉൾപ്പെടുന്നു.