നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
‘തൊട്ടറിയുന്ന’ ജീവിതങ്ങൾ
2021 ഒക്ടോബർ 1
1912 ജൂൺ 1 ലക്കം വീക്ഷാഗോപുരം ഇങ്ങനെ എഴുതി: “നമ്മുടെ മിക്ക വായനക്കാർക്കും അന്ധരായ ആളുകളെ അറിയാം. അവർക്കു സൗജന്യമായി വായിക്കാൻ പ്രസിദ്ധീകരണം ലഭ്യമാണ്. . . . അന്ധരായവർക്കു തൊട്ടറിഞ്ഞ് വായിക്കാൻവേണ്ടി പ്രതലത്തിൽനിന്ന് അൽപ്പം ഉയർന്ന കുത്തുകളായാണ് ഈ പ്രസിദ്ധീകരണം പ്രിന്റ് ചെയ്തിരിക്കുന്നത്.” വീക്ഷാഗോപുരം ഇങ്ങനെ തുടരുന്നു: “മഹത്തായ അനുഗ്രഹങ്ങൾ ഈ ലോകത്തിൽ വരാനിരിക്കുന്നു എന്ന സന്ദേശത്തോട് അന്ധരായ പല ആളുകൾക്കും വളരെ വിലമതിപ്പാണ്.”
ഈ വാക്കുകൾ എഴുതുന്ന സമയത്ത് ലോകം മുഴുവൻ അംഗീകരിച്ച ഒരു ഇംഗ്ലീഷ് ബ്രെയിൽ ലിപി ഉണ്ടായിരുന്നില്ല. എന്നാൽ യഹോവയുടെ സാക്ഷികൾ ബൈബിൾസത്യങ്ങൾ ബ്രെയിൽ ലിപിയിൽ (പ്രതലത്തിൽനിന്ന് അൽപ്പം ഉയർന്നുനിൽക്കുന്ന കുത്തുകൾ ഉപയോഗിച്ചുള്ളത്) ലഭ്യമാക്കാൻ തുടങ്ങിയിരുന്നു. നമ്മൾ ഇപ്പോഴും അതു ചെയ്യുന്നുണ്ട്. ഇന്ന് 50-ലധികം ബ്രെയിൽ ഭാഷകളിൽ നമ്മുടെ പ്രസിദ്ധീകരണങ്ങൾ ലഭ്യമാണ്. അത് എങ്ങനെയാണ് ഉണ്ടാക്കുന്നത്?
ബ്രെയിലിലേക്കു മാറ്റുന്നു, എംബോസ് ചെയ്യുന്നു
ആദ്യം ചെയ്യേണ്ടത് വിവരത്തെ ബ്രെയിൽ ലിപിയിലേക്കു മാറ്റുക എന്നതാണ്. ന്യൂയോർക്കിലെ പാറ്റേർസണിലെ ടെക്സ്റ്റ് പ്രോസസ്സിങ്ങ് സർവീസിൽ പ്രവർത്തിക്കുന്ന മൈക്കിൾ മിലെൻ സഹോദരൻ പറയുന്നു: “മുമ്പ് നമ്മൾ അതിനായി മറ്റുള്ളവർ ഉണ്ടാക്കിയ സോഫ്റ്റ്വെയർ ആണ് ഉപയോഗിച്ചിരുന്നത്. എന്നാൽ നമുക്ക് ആവശ്യമായ എല്ലാ ബ്രെയിൽ ഭാഷകളും അത് ഉപയോഗിച്ച് ചെയ്യാൻ കഴിഞ്ഞിരുന്നില്ല. നമ്മൾ ഇപ്പോൾ വാച്ച്ടവർ ട്രാൻസ്ലേഷൻ സിസ്റ്റം ആണ് ഉപയോഗിക്കുന്നത്. ലോകത്തിലെ മിക്ക ഭാഷകളിലേക്കും വേണ്ട ബ്രെയിൽ പ്രസിദ്ധീകരണങ്ങൾ ഉണ്ടാക്കാൻ ഇത് സഹായിക്കുന്നു. ഇതുപോലെ ഒരു സോഫ്റ്റ്വെയർ മറ്റ് എവിടെയും കാണില്ല.”
ഒരു പ്രസിദ്ധീകരണം ബ്രെയിലിലേക്കു മാറ്റുമ്പോൾ ആ പ്രസിദ്ധീകരണത്തിലെ വിവരങ്ങൾ മാത്രമല്ല, അതിലെ ചിത്രങ്ങളുടെ വിശദീകരണംകൂടെ അതിൽ ഉൾപ്പെടുത്തുന്നു. ഉദാഹരണത്തിന്, ജീവിതം ആസ്വദിക്കാം പുസ്തകത്തിന്റെ ബ്രെയിൽ പതിപ്പ് നോക്കിയാൽ പുറംചട്ടയിലെ ചിത്രത്തിന് ഈ വിശദീകരണം നൽകിയിരിക്കുന്നതു കാണാം: “പച്ച പുതച്ച കുന്നുകളും മലകളും നിറഞ്ഞ ഒരു സ്ഥലത്തെ വളഞ്ഞുപുളഞ്ഞ വഴിയിലൂടെ നടന്നുനീങ്ങുന്ന ഒരാൾ.” കാഴ്ചശക്തിയില്ലാത്ത, ശുശ്രൂഷാദാസനും മുൻനിരസേവകനും ആയ ജംഷെദ് പറയുന്നു: “ഈ ചിത്രങ്ങളുടെ വിശദീകരണങ്ങൾക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല.”
ബ്രെയിലിലേക്കു മാറ്റി കഴിഞ്ഞാൽ പിന്നെ അത് എംബോസ് ചെയ്യുന്നതിനായി (പേപ്പറിൽ തൊട്ടറിയാവുന്ന കുത്തുകൾ ഉണ്ടാക്കുന്നതിനായി) ബ്രാഞ്ചോഫീസിലേക്ക് അയച്ചുകൊടുക്കും. അവിടെ ബ്രെയിൽ പ്രസിദ്ധീകരണങ്ങൾ എംബോസ് ചെയ്യുന്നതു കട്ടിയുള്ള പേപ്പറിലാണ്. എംബോസ് ചെയ്യുമ്പോൾ പേപ്പർ കീറിപ്പോകാതിരിക്കാനും കുറെക്കാലം ഉപയോഗിച്ച് കഴിയുമ്പോൾ കുത്തിനു രൂപമാറ്റം വരാതിരിക്കാനും ആണ് ഇത്തരത്തിൽ ഈടുനിൽക്കുന്ന പേപ്പറുകൾ ഉപയോഗിക്കുന്നത്. അതു കഴിയുമ്പോൾ ഈ പേജുകളെല്ലാം ഒന്നിച്ചുകൂട്ടി സ്പൈറൽ ബൈൻഡിങ്ങ് ചെയ്ത് സഭകൾക്ക് അയച്ചുകൊടുക്കും. ഒന്നുകിൽ സഭയ്ക്ക് സാധാരണ പ്രസിദ്ധീകരണങ്ങൾ അയയ്ക്കുന്നതോടൊപ്പം അത് അയയ്ക്കും, അല്ലെങ്കിൽ പോസ്റ്റോഫീസിൽ അന്ധർക്കുള്ള സൗജന്യസേവനം ലഭ്യമാണെങ്കിൽ അതു പ്രയോജനപ്പെടുത്തും. അത്യാവശ്യമാണെങ്കിൽ അന്ധരായ അല്ലെങ്കിൽ കാഴ്ചശക്തി കുറവുള്ള സഹോദരങ്ങൾക്ക് സഭായോഗങ്ങൾക്കുള്ള പ്രസിദ്ധീകരണങ്ങൾ പെട്ടെന്നു കിട്ടാനുള്ള ക്രമീകരണങ്ങളും ബ്രാഞ്ചോഫീസ് ചെയ്യാറുണ്ട്.
ഈ ജോലിയിൽ ഒരുപാട് സമയവും പണച്ചെലവും ഉൾപ്പെട്ടിട്ടുണ്ട്. ശരിക്കും പറഞ്ഞാൽ ന്യൂയോർക്കിലെ വാൾക്കിലിലുള്ള നമ്മുടെ പ്രിന്ററിയിൽ 50,000 സാധാരണ ബൈബിൾ അച്ചടിക്കുന്ന സമയമെടുക്കും രണ്ട് ബ്രെയിൽ ബൈബിൾ എംബോസ് ചെയ്യാൻ. ഗ്രെയ്ഡ് 2 ഇംഗ്ലീഷ് ബ്രെയിലിലെ ഒരു ബൈബിൾ 25 വാല്യം അടങ്ങുന്നതാണ്. ബ്രെയിലിൽ ഇത്രയും വാല്യങ്ങൾ ഉണ്ടാക്കാൻ എത്രത്തോളം പണച്ചെലവുണ്ട്? ഒരു സാധാരണ ബൈബിൾ പുറത്തിറക്കുന്നതിന്റെ 123 മടങ്ങിലധികം! a 25 വാല്യമുള്ള ഒരു ബൈബിളിന്റെ കവറുകൾക്കുതന്നെ ഏകദേശം 10,000 രൂപയോളം വരും.
ബ്രെയിൽ പ്രസിദ്ധീകരണങ്ങൾക്കു പിന്നിൽ പ്രവർത്തിക്കുന്ന നമ്മുടെ സഹോദരങ്ങൾക്ക് എന്താണു തോന്നുന്നത്? സൗത്ത് ആഫ്രിക്ക ബ്രാഞ്ചിൽ സേവിക്കുന്ന നാദിയ പറയുന്നു: “അന്ധരോ കാഴ്ചശക്തി കുറവുള്ളവരോ ആയ നമ്മുടെ സഹോദരങ്ങളുടെ ജീവിതം ഒട്ടും എളുപ്പമല്ല. അവരെ സഹായിക്കാനായി എന്തെങ്കിലും ചെയ്യാനാകുന്നതു വലിയൊരു അനുഗ്രഹമായിട്ടാണ് എനിക്കു തോന്നുന്നത്. യഹോവ അവരെ എത്രത്തോളം സ്നേഹിക്കുന്നു എന്നതിന്റെ തെളിവാണിത്.”
ബ്രെയിൽ ലിപിയിൽ വായിക്കാൻ പഠിക്കുക
എന്നാൽ അന്ധനായ ഒരു വ്യക്തിക്കു ബ്രെയിൽ വായിക്കാൻ അറിയില്ലെങ്കിലോ? കുറച്ച് വർഷങ്ങൾക്കു മുമ്പ് നമ്മൾ ബ്രെയിൽ ലിപിയിൽ വായിക്കാൻ പഠിക്കുക എന്ന ഒരു പഠനസഹായി പുറത്തിറക്കി. അതിൽ അന്ധനായ ഒരു വ്യക്തിക്കു വായിക്കാൻവേണ്ടി ബ്രെയിൽ ലിപിയും കാഴ്ചയുള്ള ഒരു വ്യക്തിക്കു വായിക്കാൻ കഴിയുന്ന എഴുത്തുഭാഷയും ഉണ്ടായിരുന്നു. രണ്ടു പേർക്കും ഒരുമിച്ചിരുന്ന് പഠിക്കാൻ കഴിയുന്ന വിധത്തിലാണ് അതു തയ്യാറാക്കിയത്. അന്ധനായ വ്യക്തിക്ക് ബ്രെയിൽ എഴുതി പഠിക്കാൻവേണ്ടി ചില ഉപകരണങ്ങളും (പോസിറ്റീവ് സ്ലേറ്റും സ്റ്റൈലസും) അതോടൊപ്പമുണ്ടായിരുന്നു. ബ്രെയിൽ പഠിക്കുന്ന ഒരാൾക്ക് ഓരോ അക്ഷരങ്ങളും ഈ ഉപകരണങ്ങൾ ഉപയോഗിച്ച് എഴുതി നോക്കാനാകുമായിരുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ അക്ഷരങ്ങൾ ഓർത്തിരിക്കാനും അതു തൊട്ടുനോക്കി തിരിച്ചറിയാനും അദ്ദേഹത്തിനാകും.
“അത് എനിക്കൊരു ഹരമാണ്”
അന്ധരായ, കാഴ്ചശക്തി കുറവുള്ള സഹോദരങ്ങൾ നമ്മുടെ പ്രസിദ്ധീകരണങ്ങളിൽനിന്ന് എങ്ങനെയാണു പ്രയോജനം നേടുന്നത്? ഹെയ്റ്റിയിൽ ജീവിക്കുന്ന ഏണസ്റ്റിന്റെ കാര്യമെടുക്കുക. അദ്ദേഹം പതിവായി മീറ്റിങ്ങിനു വരുമായിരുന്നു. പക്ഷേ ബ്രെയിലിൽ ഒരു പ്രസിദ്ധീകരണംപോലും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ വിദ്യാർഥിനിയമനങ്ങൾ നടത്തണമെങ്കിലും ചോദ്യോത്തരചർച്ചയ്ക്ക് ഉത്തരങ്ങൾ പറയണമെങ്കിലും ഒക്കെ അത്രയും ഭാഗം ഏണസ്റ്റ് ഓർത്തുവെക്കണമായിരുന്നു. അദ്ദേഹം പറയുന്നു: “എന്നാൽ ഇപ്പോൾ ബ്രെയിലിൽ പ്രസിദ്ധീകരണങ്ങൾ കിട്ടുന്നതുകൊണ്ട് എനിക്ക് എപ്പോൾ വേണമെങ്കിലും കൈപൊക്കി ഉത്തരം പറയാം. ഞാനും മറ്റു സഹോദരങ്ങളെപ്പോലെയാണെന്ന് എനിക്കു തോന്നുന്നു. കാരണം ഞങ്ങൾക്കെല്ലാം ഒരേ ആത്മീയാഹാരമാണല്ലോ കിട്ടുന്നത്?“
കാഴ്ചശക്തി കുറവുള്ള, ഓസ്ട്രിയയിലെ ഒരു മൂപ്പനാണ് ജാൻ. അദ്ദേഹം വീക്ഷാഗോപുരപഠനവും സഭാ ബൈബിൾപഠനവും ഒക്കെ നടത്താറുണ്ട്. അദ്ദേഹം പറയുന്നു: “ഞാൻ വായിച്ചിട്ടുള്ള മറ്റ് ബ്രെയിൽ പ്രസിദ്ധീകരണങ്ങൾവെച്ച് നോക്കിയാൽ നമ്മുടെ പ്രസിദ്ധീകരണങ്ങൾ പെട്ടെന്ന് മനസ്സിലാക്കാൻ പറ്റുന്നവയാണ്. ഉദാഹരണത്തിന് എളുപ്പം കണ്ടുപിടിക്കാവുന്ന വിധത്തിൽ പേജ് നമ്പറുകളും അടിക്കുറിപ്പുകളും ഒക്കെ കൊടുക്കും. ചിത്രങ്ങൾക്ക് വ്യക്തമായ വിശദീകരണങ്ങളും ഉണ്ട്.”
ദക്ഷിണ കൊറിയയിലെ സീയോൻകെ എന്ന മുൻനിരസേവിക അന്ധയും ബധിരയും ആണ്. മുമ്പൊക്കെ സഹോദരിക്ക് മീറ്റിങ്ങുകൾ മനസ്സിലാകണമെങ്കിൽ മറ്റൊരാൾ സഹോദരിയുടെ കൈ പിടിച്ച് ആംഗ്യഭാഷ കാണിക്കണമായിരുന്നു. എന്നാൽ ഇപ്പോൾ ബ്രെയിലിൽ ബൈബിൾപഠനസഹായികൾ ഉള്ളതുകൊണ്ട് സഹോദരിക്ക് അത് സ്വയം വായിക്കാനാകുന്നു. സഹോദരി പറയുന്നു: “മറ്റ് ബ്രെയിൽ പ്രസിദ്ധീകരണങ്ങൾ വായിക്കാൻ വളരെ ബുദ്ധിമുട്ടാണ്. കാരണം ചിലയിടത്ത് കുത്തുകൾ ഉണ്ടായിരിക്കില്ല. മറ്റു ചിലപ്പോൾ വരികൾ വളഞ്ഞുപുളഞ്ഞായിരിക്കും. അല്ലെങ്കിൽ പേപ്പറിനു കട്ടിയുണ്ടാകില്ല. പക്ഷേ യഹോവയുടെ സാക്ഷികൾ നല്ല ഗുണനിലവാരമുള്ള പേപ്പറാണ് ഉപയോഗിക്കുന്നത്. അതിലെ കുത്തുകളൊക്കെ വളരെ വ്യക്തമായതുകൊണ്ട് എനിക്ക് വായിക്കാൻ വളരെ എളുപ്പമാണ്. മുമ്പൊക്കെ മറ്റ് ആളുകൾ സഹായിച്ചാൽ മാത്രമേ ബൈബിളധിഷ്ഠിത പ്രസിദ്ധീകരണങ്ങൾ എനിക്ക് പഠിക്കാൻ കഴിയുമായിരുന്നുള്ളൂ. പക്ഷേ ഇപ്പോൾ എനിക്ക് സ്വയം പഠിക്കാൻ പറ്റുന്നുണ്ട്. മീറ്റിങ്ങുകൾക്ക് തയ്യാറാകാനും നന്നായി പങ്കുപറ്റാനും കഴിയുന്നതുകൊണ്ട് എനിക്കിപ്പോൾ ശരിക്കും സന്തോഷമുണ്ട്! ബ്രെയിലിലുള്ള എല്ലാ പ്രസിദ്ധീകരണങ്ങളും ഞാൻ വായിക്കാറുണ്ട്. അത് എനിക്കൊരു ഹരമാണ്.”
നമ്മുടെ അച്ചടിച്ച പ്രസിദ്ധീകരണങ്ങളിൽ ഉള്ളതുപോലെ ബ്രെയിൽ പ്രസിദ്ധീകരണങ്ങളിലും ഇങ്ങനെ ഒരു വാചകമുണ്ട്: “ഈ പ്രസിദ്ധീകരണം വിൽപ്പനയ്ക്കുള്ളതല്ല. സ്വമനസ്സാലെ നൽകുന്ന സംഭാവനകളുടെ പിന്തുണയോടെ ലോകവ്യാപകമായി നടക്കുന്ന ബൈബിൾവിദ്യാഭ്യാസപരിപാടിയുടെ ഭാഗമായിട്ടാണ് ഇത് പ്രസിദ്ധീകരിക്കുന്നത്.” donate.pr418.com-ൽ വിശദീകരിച്ചിരിക്കുന്ന വഴികളിലൂടെ ഇത്തരം സംഭാവനകൾ നൽകുന്നതിന് നിങ്ങൾക്കു വളരെ നന്ദി. നിങ്ങൾ ഇത്തരത്തിൽ ഉദാരത കാണിക്കുന്നതുകൊണ്ടാണ് അന്ധരും കാഴ്ചശക്തി കുറവുള്ളവരും ഉൾപ്പെടെ എല്ലാവർക്കും ആത്മീയാഹാരം എത്തിക്കാനാകുന്നത്.
a ചില ബ്രെയിൽ സിസ്റ്റത്തിൽ സ്ഥലം ലാഭിക്കാനായി വാക്കുകൾ ചുരുക്കി ഉപയോഗിക്കാറുണ്ട്. ഉദാഹരണത്തിന് ഗ്രെയ്ഡ് 2 ബ്രെയിലിൽ, കൂടെക്കൂടെ ഉപയോഗിക്കുന്ന വാക്കുകളും അക്ഷരക്കൂട്ടങ്ങളും ചുരുക്കി ഉപയോഗിക്കുന്നു. അതുകൊണ്ട് ഗ്രെയ്ഡ് 2 ബ്രെയിലിലുള്ള പുസ്തകം ഗ്രെയ്ഡ് 1-നെ അപേക്ഷിച്ച് ചെറുതായിരിക്കും.