നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
ദുരന്തങ്ങൾ നേരിട്ടവർക്കു സഹായം കൊടുക്കുന്നു
2021 ഫെബ്രുവരി 1
2020-ൽ ലോകമെങ്ങും കോവിഡ്-19 മഹാമാരി പടർന്നുപിടിച്ചു. അതിനുപുറമേ മറ്റു പല പ്രകൃതിദുരന്തങ്ങളും ആ വർഷം ഉണ്ടായി. ഇതിനാൽ ബാധിക്കപ്പെട്ടവരെ യഹോവയുടെ സാക്ഷികൾ എങ്ങനെയാണ് സഹായിച്ചത്?
2020 സേവനവർഷം a ഭരണസംഘത്തിന്റെ കോ-ഓർഡിനേറ്റേഴ്സ് കമ്മിറ്റി ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി ഏകദേശം 200 കോടി രൂപയാണ് ചെലവഴിക്കാൻ തീരുമാനിച്ചത്. ലോകമെമ്പാടുമായി 200-ലധികം ദുരന്തങ്ങൾക്ക് ഇരയായവർക്ക് ഈ പണം വലിയൊരു സഹായമായി. ഈ ദുരന്തങ്ങളിൽ ചിലതാണ് കോവിഡ്-19 മഹാമാരി, ഉഷ്ണമേഖലാ ചുഴലിക്കാറ്റുകൾ, ആഫ്രിക്കയിലെ വെള്ളപ്പൊക്കം, വെനസ്വേലയിലെ ഭക്ഷ്യക്ഷാമം, അതുപോലെ സിംബാബ്വെയിലെ വരൾച്ച. സംഭാവനയായി കിട്ടിയ ഈ പണം ഭക്ഷണം, വെള്ളം, താമസസൗകര്യങ്ങൾ, വസ്ത്രം, വൈദ്യസഹായം എന്നിവയ്ക്കെല്ലാം ഉപയോഗിക്കാൻ കഴിഞ്ഞു. അതുപോലെ ക്ലീനിങ്, അറ്റകുറ്റപ്പണികൾ, പുനർനിർമ്മാണം എന്നിവയ്ക്ക് ആവശ്യമായ സാധനസാമഗ്രികൾ സംഘടിപ്പിക്കാനും ഈ പണം ഉപയോഗിച്ചു. നമ്മുടെ ചില ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏതൊക്കെ ആയിരുന്നു എന്നു കാണാം.
കോവിഡ്-19. ഈ മഹാമാരി ലോകമെമ്പാടുമുള്ള നമ്മുടെ സഹോദരങ്ങളെ ശാരീരികമായും വൈകാരികമായും സാമ്പത്തികമായും വലിയ ബുദ്ധിമുട്ടിലാക്കി. ഇവരെ സഹായിക്കുന്നതിനായി ലോകത്തിന്റെ പല ഭാഗങ്ങളിൽ 800-ലധികം ദുരിതാശ്വാസ കമ്മിറ്റികൾ (DRCs) രൂപീകരിച്ചു. ഈ കമ്മിറ്റികളിലെ അംഗങ്ങൾ സഹോദരങ്ങളുടെ ആവശ്യം മനസ്സിലാക്കുകയും കൃത്യമായ റിപ്പോർട്ടുകൾ കോ-ഓർഡിനേറ്റേഴ്സ് കമ്മിറ്റിക്കു കൊടുക്കുകയും ചെയ്തു. അങ്ങനെ ദുരിതാശ്വാസപ്രവർത്തനങ്ങൾ ഏറ്റവും നല്ല രീതിയിൽ ക്രമീകരിക്കാൻ കോ-ഓർഡിനേറ്റേഴ്സ് കമ്മിറ്റിക്ക് കഴിഞ്ഞു.
ദുരിതാശ്വാസ കമ്മിറ്റിയിലെ അംഗങ്ങൾ ഭക്ഷണം, വെള്ളം, ശുചീകരണത്തിന് ആവശ്യമായ സാധനങ്ങൾ, മരുന്നുകൾ എന്നിവ സഹോദരങ്ങൾക്ക് എത്തിച്ചുകൊടുത്തു. ചില പ്രദേശങ്ങളിൽ സഹോദരങ്ങൾക്കു സർക്കാരിന്റെ സഹായം ലഭിക്കുന്നതിനായി ദുരിതാശ്വാസ കമ്മിറ്റി അവിടത്തെ പ്രാദേശിക മൂപ്പന്മാരുമൊത്ത് പ്രവർത്തിച്ചു.
സാക്ഷികളല്ലാത്ത പലരും നമ്മുടെ ദുരിതാശ്വാസപ്രവർത്തനങ്ങൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഉദാഹരണത്തിന്, സാംബിയയിലെ നാക്കൊണ്ടെയിലുള്ള ഡിസ്ട്രിക്റ്റ് കമ്മീഷണറായ ഫീൾട് സിംവിങാ നമ്മുടെ സഹോദരങ്ങളോട് ഇങ്ങനെ പറഞ്ഞു: “തക്കസമയത്താണ് നിങ്ങൾ ദുരന്തം ബാധിച്ച ഈ കുടുംബങ്ങൾക്കു സഹായം കൊടുത്തത്. ഞങ്ങൾക്ക് അത് ഒരിക്കലും മറക്കാനാകില്ല.”
അംഗോളയിൽ ഉണ്ടായ ഭക്ഷ്യക്ഷാമം. കോവിഡ്-19 മഹാമാരി കാരണം അംഗോളയിൽ ഭക്ഷണസാധനങ്ങളുടെ ലഭ്യത കുറഞ്ഞു. അതോടെ സാധനങ്ങളുടെ വില കുത്തനെ ഉയർന്നു. നമ്മുടെ പല സഹോദരങ്ങൾക്കും ഭക്ഷണസാധനങ്ങൾ വാങ്ങിക്കുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടായി.
അംഗോളയിലുള്ള നമ്മുടെ സഹോദരങ്ങൾക്കു ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റുകൾ നൽകി സഹായിക്കാൻ ബ്രസീൽ ബ്രാഞ്ച് തീരുമാനിച്ചു. ഭക്ഷണസാധനങ്ങൾ വാങ്ങുന്നതിനും അതു കയറ്റി അയയ്ക്കുന്നതിനും ആയി സംഭാവനയായി കിട്ടിയ പണം ഏറ്റവും നല്ല രീതിയിൽ എങ്ങനെ ഉപയോഗിക്കാമെന്നു സഹോദരങ്ങൾ നന്നായി ചിന്തിച്ചു. അതിനുവേണ്ടി അവർ ഭക്ഷണസാധനങ്ങൾ വലിയ അളവിൽ വാങ്ങി. ഏകദേശം 20 കിലോ ഭാരം വരുന്ന ഓരോ കിറ്റിലും അരി, പയർ, പാചകത്തിനുള്ള എണ്ണ പോലുള്ള സാധനങ്ങൾ ഉണ്ടായിരുന്നു. ഇങ്ങനെ ഓരോ കിറ്റിലെയും സാധനങ്ങൾ വാങ്ങുന്നതിനും അവ കയറ്റി അയയ്ക്കുന്നതിനും ആയി ഏകദേശം 1,600 രൂപ മാത്രമേ ചെലവ് വന്നുള്ളൂ. ഇതുവരെ 33,544 കിറ്റുകളാണ് നമ്മൾ കയറ്റി അയച്ചിരിക്കുന്നത്. അതിന്റെ മൊത്തം ഭാരം എടുത്താൽ 6,54,000 കിലോഗ്രാം വരും! ഇതും പ്രാദേശികമായി കിട്ടിയ സാധനങ്ങളും കൂടെ ആയപ്പോൾ 50,000-ത്തിലധികം ആളുകളെയാണ് സഹായിക്കാൻ കഴിഞ്ഞത്.
ഈ ദുരിതാശ്വാസപ്രവർത്തനങ്ങളെക്കുറിച്ച് നമ്മുടെ സഹോദരങ്ങൾക്ക് എന്താണ് തോന്നുന്നത്? അംഗോളയിലെ ഒരു ഒറ്റപ്പെട്ട സ്ഥലത്ത് താമസിക്കുന്ന അലക്സാൻഡ്രെ പറയുന്നത് ഇങ്ങനെയാണ്: “യഹോവയും യഹോവയുടെ സംഘടനയും എന്നെ സ്നേഹിക്കുന്നുണ്ടെന്ന് എനിക്ക് ഇപ്പോൾ മനസ്സിലായി. ഞാൻ തനിച്ചല്ല.” ഒറ്റയ്ക്കുള്ള ഒരു അമ്മയായ മറീസ പറയുന്നു: “യഹോവ എന്റെ പ്രാർഥന കേട്ടു. എനിക്ക് യഹോവയോടും യഹോവയുടെ സംഘടനയോടും ഒരുപാട് നന്ദിയുണ്ട്!”
സിംബാബ്വെയിലെ വരൾച്ച. 2020 സേവനവർഷം സിംബാബ്വെ രൂക്ഷമായ വരൾച്ചയിലൂടെ കടന്നുപോയി. ദശലക്ഷക്കണക്കിന് ആളുകൾ പട്ടിണിയുടെ വക്കിലെത്തി. അവിടത്തെ ആയിരക്കണക്കിനു സാക്ഷികൾക്കും ആവശ്യത്തിനു ഭക്ഷണം കിട്ടാതെയായി.
നമ്മുടെ സഹോദരങ്ങൾക്കു ഭക്ഷണം എത്തിച്ചുകൊടുക്കുന്നതിനായി അഞ്ച് ദുരിതാശ്വാസ കമ്മിറ്റികൾ രൂപീകരിച്ചു. ഭക്ഷണം പായ്ക്ക് ചെയ്യുന്നതിനും കയറ്റി അയയ്ക്കുന്നതിനും നൂറു കണക്കിനു പ്രചാരകർ സഹകരിച്ചു. ചിലർ ഇതിനായി തങ്ങളുടെ വാഹനങ്ങൾപോലും വിട്ടുകൊടുത്തു. b 2020 സേവനവർഷം 22,700-ലധികം ആളുകൾക്കു ഭക്ഷണം എത്തിച്ചുകൊടുക്കുന്നതിനായി അഞ്ച് കോടിയിലധികം രൂപയാണു ചെലവഴിച്ചത്.
ചില സഹോദരങ്ങളുടെ കാര്യത്തിൽ അവരുടെ കൈവശമുണ്ടായിരുന്ന ഭക്ഷണം തീർന്നപ്പോഴേക്കും സംഘടനയിൽനിന്നുള്ള ഭക്ഷണസാധനങ്ങൾ എത്തിച്ചേർന്നു. അതു കണ്ടപ്പോൾ ആ സഹോദരങ്ങൾ യഹോവയെ സ്തുതിച്ചു. ചിലർ രാജ്യഗീതങ്ങൾ പാടാൻപോലും തുടങ്ങി.
ഒരു സ്ഥലത്ത് ഒരു ഗവൺമെന്റേതര സംഘടന (NGO) അവിടെയുള്ള ആളുകൾക്കു ഭക്ഷണം എത്തിച്ചുകൊടുക്കുന്നതിനുവേണ്ടി ഒരു മീറ്റിങ്ങ് സംഘടിപ്പിച്ചു. വിധവമാരായ നമ്മുടെ രണ്ട് സഹോദരിമാർ ആ മീറ്റിങ്ങിൽ പങ്കെടുത്തു. പക്ഷേ പതിയെപ്പതിയെ ആ മീറ്റിങ്ങിന് ഒരു രാഷ്ട്രീയച്ചുവയുണ്ടാകുന്നതായി സഹോദരിമാർ മനസ്സിലാക്കി. ആ സംഘടനയുടെ വ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയില്ലാത്തതുകൊണ്ട് അവരുടെ സഹായം സ്വീകരിക്കേണ്ടെന്നു സഹോദരിമാർ തീരുമാനിച്ചു. അവർ അവിടെനിന്ന് പുറത്തേക്ക് ഇറങ്ങിയപ്പോൾ ചിലർ അവരെ കളിയാക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “ഇനി ഭക്ഷണം ചോദിച്ചുകൊണ്ട് ഇങ്ങോട്ട് വന്നേക്കരുത്.” എന്നാൽ രണ്ടാഴ്ച കഴിഞ്ഞപ്പോൾ നമ്മുടെ സഹോദരങ്ങൾ ഈ സഹോദരിമാർക്കു വേണ്ട ഭക്ഷണസാധനങ്ങളുമായി അവിടെ എത്തി, അവിടെയുള്ളവർക്ക് ആ സംഘടനയിൽനിന്ന് സഹായം കിട്ടുന്നതിനു മുമ്പുതന്നെ.
സിംബാബ്വെയിലെ ഈ ദുരിതാശ്വാസപ്രവർത്തനം മറ്റുള്ളവർക്ക് ഒരു സാക്ഷ്യവുമായി. ഒരു കൊച്ചുഗ്രാമത്തിൽ താമസിക്കുന്ന പ്രിസ്കയ്ക്കുണ്ടായ അനുഭവം നോക്കുക. വരൾച്ചയുടെ ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായിരുന്നെങ്കിലും പ്രിസ്ക എല്ലാ ബുധനാഴ്ചയും വെള്ളിയാഴ്ചയും വയൽസേവനത്തിനായി മാറ്റിവെച്ചു. എല്ലാവരും കൃഷിയിറക്കുന്ന സമയത്തും സഹോദരി വയൽസേവനത്തിനു പോകുന്നതു കാണുമ്പോൾ അവിടെയുള്ളവർ പരിഹസിച്ചുകൊണ്ട് ഇങ്ങനെ പറയുമായിരുന്നു: “നിങ്ങൾ ഈ സുവിശേഷംകൊണ്ട് നടന്നാൽ കുടുംബം പട്ടിണിയിലാകും.” അപ്പോൾ പ്രിസ്ക തിരിച്ച് ഇങ്ങനെ പറയും: “യഹോവ ഒരിക്കലും തന്റെ ദാസരെ കൈവിടില്ല.” അധികം താമസിയാതെതന്നെ സംഘടനയിൽനിന്നുള്ള സഹായം പ്രിസ്കയ്ക്കു ലഭിച്ചു. ഇതു കണ്ട് അത്ഭുതപ്പെട്ടുപോയ അയൽക്കാർ പ്രിസ്കയോടു പറഞ്ഞു: “ശരിയാ, ദൈവം നിങ്ങളെ കൈവിട്ടില്ലല്ലോ? അതുകൊണ്ട് ഞങ്ങൾക്കും ആ ദൈവത്തെക്കുറിച്ച് അറിയണം.” പ്രിസ്കയുടെ വീടിന് അടുത്തുള്ള ഏഴു പേർ റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യുന്ന നമ്മുടെ മീറ്റിങ്ങുകൾ ഇപ്പോൾ കേൾക്കുന്നുണ്ട്.
നമ്മൾ അവസാനത്തോട് അടുക്കുംതോറും പ്രകൃതിദുരന്തങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. (മത്തായി 24:3, 7) donate.pr418.com-ൽ കാണുന്ന വ്യത്യസ്ത രീതികളിലൂടെ നിങ്ങൾ നൽകിയ സംഭാവനകൾ ഞങ്ങൾ വളരെയധികം വിലമതിക്കുന്നു. ആവശ്യമുള്ള സഹോദരങ്ങൾക്ക് കൃത്യസമയത്ത് സഹായം നൽകാൻ അതുകൊണ്ട് സംഘടനയ്ക്കു കഴിയുന്നു.