നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
നമ്മുടെ രാജ്യഹാളുകളുടെ പരിപാലനം
2024 ഏപ്രിൽ 1
“എനിക്ക് എന്റെ രാജ്യഹാൾ ഒത്തിരി ഇഷ്ടമാണ്. അവിടെ ആയിരിക്കുമ്പോൾ എനിക്ക് എന്റെ ആത്മീയ കുടുംബത്തോടൊപ്പമായിരിക്കാൻ കഴിയും” എന്ന് കൊളംബിയയിലെ ഒരു യുവസഹോദരിയായ നിക്കോൾ പറയുന്നു. നിങ്ങൾക്കും അങ്ങനെതന്നെയാണോ തോന്നുന്നത്?
ലോകമെങ്ങുമായി യഹോവയുടെ സാക്ഷികൾക്ക് ഏകദേശം 63,000 രാജ്യഹാളുകളുണ്ട്. ഈ കെട്ടിടങ്ങൾ ദൈവത്തെ ആരാധിക്കുന്നതിന് സൗകര്യപ്രദമായ സ്ഥലം ഒരുക്കുന്നു. എന്നാൽ അതു മാത്രമല്ല, “നമ്മുടെ രാജ്യഹാൾ നമ്മുടെ പഠിപ്പിക്കലിനെ കൂടുതൽ ആകർഷകമാക്കുന്നു. ഈ കെട്ടിടങ്ങൾ നന്നായി സൂക്ഷിച്ചിരിക്കുന്നത് കാണുമ്പോൾ പല സന്ദർശകർക്കും അതിശയം തോന്നാറുണ്ട്” എന്ന് കൊളംബിയയിലെ മുൻനിരസേവകനായ ഡേവിഡ് പറയുന്നു. രാജ്യഹാളുകൾ വൃത്തിയാക്കാനും പരിപാലിക്കാനും നമ്മൾ നന്നായി അധ്വാനിക്കുന്നതുകൊണ്ടാണ് അത് ഇത്ര മനോഹരമായിരിക്കുന്നത്. നമുക്ക് അത് എങ്ങനെയാണ് സാധ്യമാകുന്നത്?
എങ്ങനെയാണ് രാജ്യഹാളിന്റെ പരിപാലനം നടക്കുന്നത്?
ഒരു രാജ്യഹാൾ ഉപയോഗിക്കുന്ന സഭകൾക്കാണ് അത് പരിപാലിക്കാനുള്ള ഉത്തരവാദിത്വം. അതുകൊണ്ട് സഹോദരങ്ങൾ ക്രമമായി രാജ്യഹാളുകൾ വൃത്തിയാക്കും. അതുപോലെ അവർ ക്രമമായ അടിസ്ഥാനത്തിലുള്ള കേടുപോക്കലും ചെറിയചെറിയ അറ്റകുറ്റപ്പണികളും ചെയ്യും.
രാജ്യഹാളുകൾ പരിപാലിക്കുന്നതിന് സഭകളെ സഹായിക്കുന്നതിനായി പ്രാദേശിക ഡിസൈൻ/നിർമാണ വിഭാഗം (LDC) പരിപാലന പരിശീലകരെ (maintenance trainers) നിയമിച്ചിരിക്കുന്നു. ഓരോ പരിപാലന പരിശീലകനും ആറുമുതൽ പത്ത് രാജ്യഹാളുകൾവരെ നോക്കുന്നു. അദ്ദേഹം രാജ്യഹാളുകൾ സന്ദർശിക്കുകയും സഭകളിലെ പ്രചാരകർക്കു രാജ്യഹാളുകൾ എങ്ങനെയാണ് പരിപാലിക്കേണ്ടത് എന്നു പരിശീലനം കൊടുക്കുകയും ചെയ്യും. എല്ലാ മൂന്നു വർഷം കൂടുന്തോറും അദ്ദേഹം കെട്ടിടങ്ങൾ പരിശോധിക്കും, സുരക്ഷയോട് ബന്ധപ്പെട്ട് എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടോ, എന്തെങ്കിലും അറ്റകുറ്റപ്പണികൾ വേണോ എന്നൊക്കെ വിലയിരുത്തും.
പരിപാലന പരിശീലകർ കൊടുത്ത പരിശീലനം നമ്മുടെ സഹോദരങ്ങൾ നന്നായി വിലമതിച്ചു. ഇന്ത്യയിലെ ഒരു സഹോദരിയായ ഇന്ദുമതി പറയുന്നു: “പരിശീലനം ശരിക്കും പ്രയോജനം ചെയ്തു. ഞങ്ങളുടെ രാജ്യഹാൾ നല്ല വിധത്തിൽ പരിപാലിക്കാൻ ഞങ്ങൾ അങ്ങനെ പഠിച്ചു.” കെനിയയിൽനിന്നുള്ള ഇവാൻസ് എന്ന സഹോദരൻ ഇങ്ങനെ പറഞ്ഞു: “ചെറിയചെറിയ തകരാറുകൾ വലിയ പ്രശ്നമാകുന്നതിനു മുമ്പേ പരിഹരിക്കുന്നത്, വലിയ ചെലവുകൾ ഒഴിവാക്കാൻ സഹായിക്കുന്നത് എങ്ങനെയെന്ന് ഞങ്ങൾ പഠിച്ചു.”
ചെലവുകൾക്കുവേണ്ട പണം കണ്ടെത്തുന്നു
ഒരു രാജ്യഹാളിന്റെ ഉപയോഗത്തിനും പരിപാലനത്തിനും ആയി വരുന്ന വാർഷികച്ചെലവ് നൂറുമുതൽ ആയിരക്കണക്കിനുവരെ ഡോളറുകൾ a ആയിരിക്കും. അത് രാജ്യഹാൾ എവിടെയാണ് സ്ഥിതി ചെയ്യുന്നത്, അതിന് എത്ര പഴക്കമുണ്ട്, എത്ര സഭകൾ അത് ഉപയോഗിക്കുന്നു എന്നതിനെയെല്ലാം ആശ്രയിച്ചിരിക്കും. ഇതിനുള്ള പണം എങ്ങനെയാണ് കണ്ടെത്തുന്നത്?
രാജ്യഹാൾ പരിപാലനം നടക്കുന്നത് സംഭാവനകളിലൂടെയാണ്. കസാഖ്സ്ഥാനിലെ ഒരു സഹോദരനായ അലക്സാൻഡർ പറയുന്നു: “സംഭാവനയായി കിട്ടുന്ന തുകയിൽ ഒരു ഭാഗം ഇന്റർനെറ്റ്, കറണ്ട്, വെള്ളം എന്നിവപോലുള്ള കാര്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നു. കുറച്ച് തുക ടിഷ്യു പേപ്പർ, കൈയ്യുറ, ശുചീകരണത്തിനുള്ള സാധനങ്ങൾ, പെയിന്റ് എന്നിവയൊക്കെ വാങ്ങുന്നതിനുവേണ്ടി ഉപയോഗിക്കും.” ബാക്കിവരുന്ന തുക ലോകമെങ്ങും നടക്കുന്ന വലുതും ചിലവേറിയതും ആയ പ്രോജക്ടുകളെ സഹായിക്കുന്നതിനായി അയച്ചുകൊടുക്കും.
അറ്റകുറ്റപ്പണികളോട് ബന്ധപ്പെട്ട വലിയ പ്രോജക്ടുകൾ
ഒരു രാജ്യഹാളിന് സാധാരണ രണ്ടോ മൂന്നോ മാസത്തേക്ക് വരുന്ന പ്രവർത്തനച്ചെലവിനെക്കാൾ കൂടുതൽ പണം അറ്റകുറ്റപ്പണികൾക്കായി വരുന്നെങ്കിൽ മൂപ്പന്മാർ LDC പരിപാലന പരിശീലകനുമായി കൂടിയാലോചിക്കും. LDC-യുടെ അനുമതി ലഭിച്ചെങ്കിൽ, ആ പ്രോജക്ടിനുള്ള പണം ലോകവ്യാപകവേലയ്ക്കുള്ള സംഭാവനയിൽനിന്ന് കണ്ടെത്തും. 2023 സേവനവർഷത്തിൽ ഇത്തരത്തിലുള്ള 8,793 പ്രോജക്ടുകളാണ് നടന്നത്, അതിനുവേണ്ടി 633 കോടിയിലധികം രൂപ ചെലവഴിച്ചു. നമുക്ക് അതിലെ രണ്ടു പ്രോജക്ടുകളെക്കുറിച്ച് ചിന്തിക്കാം.
അംഗോളയിൽ, 15 വർഷം പഴക്കമുള്ള ഒരു രാജ്യഹാളിന് പല പ്രശ്നങ്ങളുണ്ടായിരുന്നു. വൈദ്യുത സംവിധാനമെല്ലാം മാറ്റേണ്ട അവസ്ഥയിലായിരുന്നു. ഭിത്തികൾക്കാണേൽ വിള്ളലുകളും. കൂടാതെ, അയൽവീടുകളിലേക്ക് വെള്ളം ഒഴുകിയെത്തുന്ന കാര്യം അയൽക്കാർ സൂചിപ്പിച്ചിരുന്നു. ഈ പ്രശ്നങ്ങളെല്ലാം പരിഹരിക്കാൻ വേണ്ട ക്രമീകരണങ്ങൾ LDC ചെയ്തു. ആ പ്രോജക്ടിനുവേണ്ടി ഏകദേശം ഏഴ് ലക്ഷത്തിലധികം രൂപ ചെലവായി. നമ്മൾ അറ്റകുറ്റപ്പണികളൊക്കെ ചെയ്യുന്നത് കണ്ടപ്പോൾ അയൽവാസികൾക്ക് മതിപ്പും സന്തോഷവും തോന്നി.
പോളണ്ടിൽ, ഒരു രാജ്യഹാളിന്റെ മേൽക്കൂരയ്ക്ക് ചോർച്ചയുണ്ടായിരുന്നു. കാർപ്പറ്റ് ആണെങ്കിൽ നന്നാക്കിയെടുക്കാൻ പറ്റാത്ത അവസ്ഥയിലുമായിരുന്നു. മേൽക്കൂര നന്നാക്കാനും ചോരാത്ത രീതിയിലുള്ള സജ്ജീകരണങ്ങൾ ചെയ്യാനും കാർപ്പറ്റ് മാറ്റി പുതിയത് ഇടാനും ആയി LDC അനുമതി നൽകി. അതിനുവേണ്ടി ഏകദേശം എട്ട് ലക്ഷം രൂപയാണ് ചെലവായത്. അതുകൊണ്ട് ആ രാജ്യഹാളിന് വർഷങ്ങളോളം വലിയ നവീകരണപ്രവർത്തനങ്ങളുടെ ആവശ്യം വരില്ല.
യഹോവയ്ക്കു മഹത്ത്വം കൊടുക്കുന്ന പരിപാലന ജോലികൾ
രാജ്യഹാൾ നന്നായി പരിപാലിക്കുന്നതുകൊണ്ട്, സംഭാവനയായി കിട്ടുന്ന തുക ലാഭിക്കാൻ മാത്രമല്ല യഹോവയ്ക്കു മഹത്ത്വം കൊടുക്കാനും കഴിയുന്നു. ടോംഗയിലെ ഒരു സഹോദരനായ ഷോൺ പറയുന്നു: “നമ്മൾ രാജ്യഹാളിന്റെ അറ്റകുറ്റപ്പണികൾ ചെയ്യുന്നതു കാരണം വൃത്തിയും അടുക്കുംചിട്ടയും ഉള്ള, നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു രാജ്യഹാളിൽ യഹോവയെ ആരാധിക്കാൻ നമുക്ക് കഴിയുന്നു. അത് സമൂഹത്തിൽ യഹോവയ്ക്കു നല്ലൊരു പേരാണ് കൊടുക്കുന്നത്. ഞങ്ങളുടെ രാജ്യഹാളിലേക്ക് ആളുകളെ ക്ഷണിക്കാൻ ഞങ്ങൾക്ക് അഭിമാനമാണ്.”
നിങ്ങൾക്ക് എങ്ങനെ സഹായിക്കാം?
നമ്മുടെ ആരാധനാ സ്ഥലം വൃത്തിയാക്കാനും അതിന്റെ അറ്റകുറ്റപ്പണികൾ ചെയ്യാനും നമുക്കും സഹായിക്കാനാകും. ഓസ്ട്രേലിയയിലെ ഒരു പരിപാലന പരിശീലകനായ മറീനോ പറയുന്നു: “നമ്മുടെ രാജ്യഹാളുകൾ പരിപാലിക്കാനുള്ള വലിയൊരു പദവി നമുക്കെല്ലാവർക്കും ഉണ്ട്. നമ്മൾ അങ്ങനെ ചെയ്യുമ്പോൾ സംഭാവനയായി കിട്ടുന്ന തുക അധികം ചെലവാകാതെ നമുക്ക് സൂക്ഷിക്കാനാകും. മാത്രമല്ല, ശരിക്കും ആവശ്യമുള്ള ചെലവുകൾക്കുവേണ്ടി ആ തുക ഉപയോഗിക്കാനുമാകും.”
ഇന്ത്യയിലെ ഒരു സഹോദരനായ ജോയൽ രാജ്യഹാളിന്റെ പരിപാലനം ശരിക്കും ആസ്വദിക്കുന്നു. ജോയൽ പറയുന്നു: “സഹോദരങ്ങളോടൊപ്പം പ്രവർത്തിക്കുമ്പോൾ പുതിയ ലോകത്തിലെ ജീവിതം എങ്ങനെയായിരിക്കുമെന്ന് ഭാവനയിൽ കാണാൻ എനിക്ക് കഴിയുന്നു.” നേരത്തേ കണ്ട നിക്കോൾ പറയുന്നു: “ഇയ്യടുത്ത്, സഹോദരങ്ങൾ ബാത്ത്റൂമിലെ ചോർച്ച പരിഹരിച്ചുകൊണ്ടിരുന്ന സമയത്ത് ഞാൻ തറ തുടയ്ക്കാൻ സഹായിച്ചു. ചോർച്ച പരിഹരിച്ചത് ഞാനല്ലെങ്കിലും ഒരു അപകടം ഒഴിവാക്കുന്നതിൽ സഹായിക്കാൻ എനിക്കായല്ലോ.”
നിങ്ങളുടെ രാജ്യഹാളിന്റെ പരിപാലനത്തോടും അറ്റകുറ്റപ്പണികളോടും ബന്ധപ്പെട്ട ജോലികളിൽ പങ്കുപറ്റാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങളുടെ പ്രാദേശിക മൂപ്പന്മാരോട് സംസാരിക്കുക. നിങ്ങളുടെ സംഭാവനകൾ നിങ്ങളുടെ രാജ്യഹാളിനു മാത്രമല്ല ലോകമെങ്ങുമുള്ള മറ്റു രാജ്യഹാളുകളുടെ പരിപാലനത്തിനും ഉപകരിക്കുന്നു. സംഭാവനകൾ നിങ്ങൾക്ക് രാജ്യഹാളിലെ സംഭാവനപ്പെട്ടിയിൽ ഇടുകയോ donate.pr418.com വഴി നൽകുകയോ ചെയ്യാവുന്നതാണ്. നിങ്ങളുടെ ഉദാരതയെ ഞങ്ങൾ വളരെയധികം വിലമതിക്കുന്നു.
a ഈ ലേഖനത്തിലെ ഡോളർ യുഎസ് ഡോളറാണ്.