നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
മഹാമാരിക്കു മുമ്പ് വിജയകരമായി പൂർത്തിയായ നിർമാണപ്രവർത്തനങ്ങൾ
2020 നവംബർ 1
ഓരോ വർഷവും ലക്ഷക്കണക്കിന് ആളുകൾ സ്നാനമേൽക്കുന്നതുകൊണ്ട് യഹോവയുടെ ആരാധനയ്ക്കായി കൂടുതൽ കെട്ടിടങ്ങളുടെ ആവശ്യം നമുക്കുണ്ട്. ഈ ആവശ്യത്തെ പിന്തുണയ്ക്കാനായി ലോകവ്യാപകമായുള്ള പ്രാദേശിക ഡിസൈൻ/നിർമാണ വിഭാഗം 2020 സേവനവർഷത്തിൽ 2700-ലധികം കെട്ടിടങ്ങൾ നിർമിക്കാനോ പുതുക്കിപ്പണിയാനോ തീരുമാനിച്ചിരുന്നു. a
എന്നാൽ, കോവിഡ്-19 മഹാമാരി ഈ പദ്ധതികൾക്ക് ഒരു തടസ്സമായി. നമ്മുടെ സഹോദരങ്ങളുടെ സുരക്ഷയെ കരുതിയും ഗവൺമെന്റ് നിയമങ്ങൾ അനുസരിക്കുന്നതിനുമായി ഭരണസംഘത്തിലെ പബ്ലിഷിങ് കമ്മിറ്റി ലോകവ്യാപകമായുള്ള നമ്മുടെ മിക്ക നിർമാണവേലകളും നിറുത്തിവെക്കാൻ തീരുമാനിച്ചു. എന്നിരുന്നാലും 2020 സേവനവർഷത്തിൽ, ഈ മഹാമാരി പൊട്ടിപ്പുറപ്പെടുന്നതിനു മുമ്പായി ആരാധനയോട് ബന്ധപ്പെട്ട 1700-ലധികം കെട്ടിടങ്ങൾ നിർമിക്കാനും പുതുക്കിപ്പണിയാനും നമുക്ക് കഴിഞ്ഞു. കൂടാതെ, ബ്രാഞ്ചുമായി ബന്ധപ്പെട്ട 100-ലധികം പദ്ധതികളും പൂർത്തീകരിച്ചു. ഇവയിൽ രണ്ടു പദ്ധതികൾ പൂർത്തിയായപ്പോൾ അത് എങ്ങനെയാണ് സഹോദരങ്ങൾക്ക് പ്രയോജനപ്പെട്ടതെന്ന് നോക്കാം.
കാമറൂൺ ബ്രാഞ്ച്. ഡൂഓളോയിൽ സ്ഥിതിചെയ്തിരുന്ന മുമ്പത്തെ ബ്രാഞ്ച് കെട്ടിടം വളരെ ചെറുതായിരുന്നു, അതിനു ധാരാളം അറ്റകുറ്റപ്പണികൾ ആവശ്യമായിരുന്നു. പബ്ലിഷിങ് കമ്മിറ്റി ആ കെട്ടിടം പുതുക്കിപ്പണിയുന്നതിനെക്കുറിച്ച് ആലോചിച്ചെങ്കിലും അതിനു വരുമായിരുന്ന ചെലവ് വളരെ ഭാരിച്ചതായിരുന്നു. ഇനി, ഒരു സ്ഥലം വാങ്ങി പുതിയ കെട്ടിടം പണിതാലോ എന്നും ഒരു കെട്ടിടം വാങ്ങി അതിൽ വേണ്ട മാറ്റങ്ങൾ വരുത്തിയാലോ എന്നും ഒക്കെ അവർ ചിന്തിച്ചു. പക്ഷേ, പല കാരണങ്ങൾകൊണ്ട് അതും നടന്നില്ല.
അങ്ങനെയിരിക്കെ, പ്രാദേശിക ഗവൺമെന്റ് ഡൂഓളോയുടെ വടക്കുഭാഗത്തുള്ള നമ്മുടെ ഒരു സമ്മേളനഹാളിനോട് ചേർന്ന് റോഡ് നിർമിക്കാൻ പോകുന്നതായി സഹോദരങ്ങൾ മനസ്സിലാക്കി. ആ റോഡ് വരുന്നതോടെ അവിടെ എത്തിച്ചേരാനും മറ്റു സൗകര്യങ്ങൾ ലഭ്യമാക്കാനും എളുപ്പമാകുമായിരുന്നു. ഇത്തരമൊരു സ്ഥലമായിരുന്നു ശരിക്കും ബ്രാഞ്ചിന് ആവശ്യമായിരുന്നത്. അതുകൊണ്ട് സമ്മേളനഹാൾ ഇരിക്കുന്ന സ്ഥലത്തിന്റെ ഒരു ഭാഗത്ത് പുതിയ ബ്രാഞ്ച് പണിയാൻ ഭരണസംഘം അനുമതി നൽകി.
സഹോദരങ്ങളും പുറത്തുനിന്നുള്ള കോൺട്രാക്റ്റർമാരും ഒരുമിച്ച് ഈ പദ്ധതിയിൽ പങ്കെടുത്തു. അങ്ങനെ, ഒരുപാടു പണവും സമയവും ലാഭിക്കാനായി. ഈ നിർമാണ പദ്ധതിക്കുവേണ്ടി നമുക്കുണ്ടായ ചെലവ് പ്രതീക്ഷിച്ചതിലും തീരെ കുറവായിരുന്നു. ഏകദേശം 20 ലക്ഷം ഡോളർ (15 കോടിയോളം രൂപ) ലാഭിക്കാൻ കഴിഞ്ഞു! കോവിഡ്-19 പടർന്നുപിടിക്കുന്നതിന് തൊട്ടുമുമ്പായി ബഥേലംഗങ്ങൾക്കെല്ലാം പുതിയ കെട്ടിടത്തിലേക്ക് മാറാനും സാധിച്ചു.
കാമറൂണിലെ ബഥേലംഗങ്ങൾക്ക് ഇപ്പോൾ മെച്ചപ്പെട്ട ഓഫീസ് സൗകര്യങ്ങളും താമസസ്ഥലങ്ങളും ഉണ്ട്. ഈ പുതിയ ബ്രാഞ്ച് യഹോവയിൽനിന്നുള്ള ഒരു സമ്മാനമായിട്ടാണ് അവർ കാണുന്നത്. ഒരു ദമ്പതികൾ ഇങ്ങനെ പറയുന്നു: “യഹോവയ്ക്കുവേണ്ടി കൂടുതൽ കഠിനാധ്വാനം ചെയ്തുകൊണ്ട് ഈ സമ്മാനത്തെ എത്ര വിലമതിക്കുന്നെന്നു കാണിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”
ടൊജൊലാബാൽ വിദൂര പരിഭാഷാകേന്ദ്രം (RTO), മെക്സിക്കോ. മെക്സിക്കോ സിറ്റിക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന മധ്യ അമേരിക്ക ബ്രാഞ്ചിലാണ് ടൊജൊലാബാൽ പരിഭാഷാകേന്ദ്രം വർഷങ്ങളായി പ്രവർത്തിച്ചിരുന്നത്. എന്നാൽ, ടൊജൊലാബാൽ ഭാഷ പ്രധാനമായും സംസാരിച്ചിരുന്നതാകട്ടെ, അവിടെനിന്ന് ഏകദേശം 1,000 കിലോമീറ്റർ അകലെയുള്ള അൽറ്റാമിറാനോയിലും ലാസ് മാർഗരിറ്റാസിലും ആണ്. അതുകൊണ്ട്, ആ ഭാഷയിൽ വരുന്ന മാറ്റങ്ങൾ അപ്പപ്പോൾ അറിയുക അവർക്ക് എളുപ്പമല്ലായിരുന്നു. മാത്രമല്ല, പരിഭാഷയ്ക്കും ഓഡിയോ റെക്കോർഡിങിനും വേണ്ടി സഹോദരങ്ങളെ കണ്ടെത്താനും അവർ ബുദ്ധിമുട്ടി.
ഇക്കാരണത്താൽ ഭരണസംഘത്തിന്റെ റൈറ്റിങ് കമ്മിറ്റി, ടൊജൊലാബാൽ പരിഭാഷാകേന്ദ്രം ആ ഭാഷ സംസാരിക്കുന്ന പ്രദേശത്തേക്ക് മാറ്റാൻ ആലോചിച്ചു. അതിനായി ഒരു കെട്ടിടം വാങ്ങി അതിൽ വേണ്ട മാറ്റങ്ങൾ വരുത്താനായിരുന്നു ബ്രാഞ്ചിന്റെ തീരുമാനം. ഒരു കെട്ടിടം വാടകയ്ക്കെടുക്കുകയോ പുതുതായി ഒരെണ്ണം നിർമിക്കുകയോ ചെയ്യുന്നതിനെക്കാൾ കുറഞ്ഞ ചെലവേ ഇതിനു വരുമായിരുന്നുള്ളൂ.
പരിഭാഷകരിൽ ഒരാൾ ഈ മാറ്റംകൊണ്ടുണ്ടായ പ്രയോജനത്തെക്കുറിച്ച് ഇങ്ങനെ പറയുന്നു: “കഴിഞ്ഞ പത്തു വർഷം ബ്രാഞ്ചിൽ പരിഭാഷാവേല ചെയ്തെങ്കിലും ടൊജൊലാബാൽ ഭാഷ സംസാരിക്കുന്ന ഒരു കുടുംബത്തെപ്പോലും എനിക്ക് അവിടെ കാണാൻ കഴിഞ്ഞിട്ടില്ലായിരുന്നു. എന്നാൽ, ഇപ്പോൾ ആ ഭാഷ സംസാരിക്കുന്ന പ്രദേശത്തിന്റെ ഹൃദയഭാഗത്താണ് പുതിയ ഓഫീസ് ഉള്ളത്. എല്ലാ ദിവസവും അവിടത്തെ ആളുകളോടു സംസാരിക്കാൻ എനിക്കു കഴിയുന്നുണ്ട്. അത് പുതിയ പല വാക്കുകളും പഠിക്കാൻ എന്നെ സഹായിച്ചു, പരിഭാഷയുടെ നിലവാരവും മെച്ചപ്പെടുത്തി.”
2021 സേവനവർഷത്തിലേക്കുള്ള പദ്ധതികൾ
സാഹചര്യം അനുവദിക്കുകയാണെങ്കിൽ, 2021 സേവനവർഷം 75 പരിഭാഷാകേന്ദ്രങ്ങളും ബൈബിൾ സ്കൂളുകൾക്കായുള്ള കെട്ടിടങ്ങളും പണിയാൻ പദ്ധതിയിട്ടിട്ടുണ്ട്. ഇതു കൂടാതെ, ബ്രാഞ്ചോഫീസുകളുമായി ബന്ധപ്പെട്ട എട്ടു വലിയ പദ്ധതികളും ഉണ്ട്. ഇതിൽ ന്യൂയോർക്കിലുള്ള റമാപോയിലെ, ലോകാസ്ഥാനത്തിന്റെ ഭാഗമായുള്ള പുതിയ പദ്ധതിയും അർജന്റീനയിലെയും ഇറ്റലിയിലെയും ബ്രാഞ്ചുകളുടെ പുതിയ സ്ഥലത്തേക്കുള്ള മാറ്റവും ഉൾപ്പെടുന്നു. അതിനുപുറമെ, 1,000-ലേറെ പുതിയ രാജ്യഹാളുകളുടെ ആവശ്യമുണ്ട്. ഇപ്പോഴുള്ള 6,000-ലധികം യോഗസ്ഥലങ്ങൾ പുനർനിർമിക്കുകയും വേറെ 4,000-ത്തോളം രാജ്യഹാളുകൾ പുതുക്കിപ്പണിയുകയും വേണം.
ഈ നിർമാണപ്രവർത്തനങ്ങൾക്ക് വേണ്ട പണം നമുക്ക് എങ്ങനെയാണ് ലഭിക്കുന്നത്? മധ്യ അമേരിക്കയിലെ ബ്രാഞ്ച് കമ്മിറ്റി അംഗമായ ലസാറോ ഗൊൺസാലെസ് സഹോദരൻ ടൊജൊലാബാൽ പരിഭാഷാകേന്ദ്രത്തിന്റെ പദ്ധിയെക്കുറിച്ച് സംസാരിച്ചപ്പോൾ ഈ ചോദ്യത്തിനുള്ള മറുപടിയായി ഇങ്ങനെ പറഞ്ഞു: “ഞങ്ങളുടെ ബ്രാഞ്ച് പ്രദേശത്തിന് പരിമിതമായ സാമ്പത്തികശേഷിയേ ഉള്ളൂ. അതുകൊണ്ട്, ലോകമെമ്പാടുമുള്ള സഹോദരങ്ങളുടെ സഹായമില്ലാതെ ഇവിടുത്തെ സഹോദരങ്ങൾക്ക് ഇങ്ങനെയൊരു പരിഭാഷാകേന്ദ്രം പണിയാൻ സാധിക്കില്ലായിരുന്നു. പരിഭാഷകർക്ക് സ്വന്തം ഭാഷക്കാരുടെ അടുത്തേക്ക് മാറാൻ കഴിഞ്ഞത് സഹോദരങ്ങൾ തന്ന സംഭാവനകൾകൊണ്ടാണ്. ലോകമെമ്പാടുമുള്ള സഹോദരങ്ങളിൽനിന്നുള്ള അകമഴിഞ്ഞ പിന്തുണ ഞങ്ങൾ വളരെയധികം വിലമതിക്കുന്നു.” അതെ, ഈ നിർമാണ പ്രവർത്തനങ്ങളെല്ലാം സാധ്യമായത് ലോകവ്യാപകവേലയ്ക്കായി നിങ്ങൾ നൽകിയ സംഭാവനകളാലാണ്. donate.pr418.com വഴിയാണ് ഇതിൽ അധികവും ലഭിച്ചത്.
a ബ്രാഞ്ച് പ്രദേശത്തെ രാജ്യഹാളുകളുടെ നിർമാണം ആസൂത്രണം ചെയ്യുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നത് പ്രദേശിക ഡിസൈൻ/നിർമാണ വിഭാഗം ആണ്. ലോകവ്യാപകമായി നടക്കുന്ന നിർമാണപ്രവർത്തനങ്ങളിൽ ഏതാണ് ആദ്യം നടത്തേണ്ടതെന്നും അത് എങ്ങനെ നടത്താമെന്നും തീരുമാനിക്കുന്നത് ലോകാസ്ഥാനത്ത് സ്ഥിതിചെയ്യുന്ന ലോകവ്യാപക ഡിസൈൻ/നിർമാണ വിഭാഗം ആണ്.