നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
യേശുവിന്റെ ജീവിതത്തിലൂടെ ഒരു യാത്ര—ക്യാമറയ്ക്കു പിന്നിൽ
2024 ഒക്ടോബർ 1
ഈ വർഷം യഹോവയുടെ സാക്ഷികൾ ആകാംക്ഷയോടെ കാത്തിരുന്ന ഒരു കാര്യമാണ് യേശുവിന്റെ ജീവിതത്തിലൂടെ ഒരു യാത്ര എന്ന വീഡിയോ പരമ്പരയുടെ ആദ്യ എപ്പിസോഡ്. ലക്ഷക്കണക്കിന് ആളുകൾ അത് ഇതിനോടകം കണ്ടുകഴിഞ്ഞു. 18 എപ്പിസോഡുകളിൽ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് ഒരെണ്ണം മാത്രമാണ്. ഇത്രയും വലിയ ഒരു വീഡിയോ പരമ്പരയുടെ അണിയറയിൽ എന്തെല്ലാമാണ് നടക്കുന്നത്? നിങ്ങൾ എങ്ങനെയെല്ലാമാണ് അതിനെ പിന്തുണച്ചിരിക്കുന്നത്?
അഭിനേതാക്കൾക്കും പിന്നണിപ്രവർത്തകർക്കും വേണ്ടി കരുതുന്നു
യേശുവിന്റെ ജീവിതത്തിലൂടെ വീഡിയോ പരമ്പരയുടെ ഷൂട്ടിങ്ങ് പ്രധാനമായും നടക്കുന്നത് ഓസ്ട്രേലേഷ്യ ബ്രാഞ്ചിലാണ്. a ഓരോ രംഗം ഷൂട്ട് ചെയ്യുമ്പോഴും സെറ്റിൽ 50 മുതൽ 80 പേർ വരെയൊക്കെ ഉണ്ടാകും. അഭിനയിക്കുന്നവർക്കും പിന്നണിപ്രവർത്തകർക്കും ഉച്ച ഭക്ഷണവും അത്താഴവും ഇടയ്ക്കു ലഘുഭക്ഷണവും കൊടുക്കേണ്ടതുണ്ട്. ഭക്ഷണം എന്തായിരിക്കണമെന്ന് വളരെ നേരത്തേതന്നെ തീരുമാനിക്കും. പാചകവിഭാഗത്തിൽ പ്രവർത്തിക്കുന്ന എസ്ഥേർ പറയുന്നു: “നല്ല ഭക്ഷണസാധനങ്ങൾ ന്യായമായ വിലയ്ക്കു കിട്ടാൻ ഞങ്ങൾ പലരുടെ കൈയിൽനിന്ന് അതു വാങ്ങിക്കും. ഭക്ഷണസാധനങ്ങൾ പാഴാകാതിരിക്കാൻ ഞങ്ങൾ എപ്പോഴും അതിന്റെ അളവിന്റെ കാര്യത്തിലും ശ്രദ്ധിക്കും.” ഭക്ഷണത്തിനുവേണ്ടി ഒരു ദിവസം ഒരാൾക്കു ചെലവാകുന്നത് ഏതാണ്ട് നാല് യു.എസ്. ഡോളർ (ഏകദേശം 335 രൂപ) ആണ്.
ഈ സഹോദരങ്ങൾക്കു ഭക്ഷണം മാത്രമല്ല സംരക്ഷണവും വേണം. എന്തിൽനിന്നുള്ള സംരക്ഷണം? ഓസ്ട്രേലിയയിൽ പലപ്പോഴും തെളിഞ്ഞ, വെയിലുള്ള ദിവസങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ആ വെയിലിൽ അൾട്രാവയലറ്റ് രശ്മികൾ വളരെ കൂടുതലാണ്. സെറ്റിലുള്ളവർക്ക് ഈ വെയിൽ അധികം കൊള്ളാതെയും ചൂടിന്റെ ക്ഷീണം ഉണ്ടാകാതെയും ഇരിക്കാൻ പ്രൊഡക്ഷൻ അസിസ്റ്റന്റുമാരായി സേവിക്കുന്ന സഹോദരീസഹോദരന്മാർ പല കാര്യങ്ങളും ചെയ്യുന്നുണ്ട്. അവർ ടെന്റുകളും തണുപ്പു കിട്ടാനുള്ള കേന്ദ്രങ്ങളും സജ്ജീകരിക്കുകയും സൺസ്ക്രീനും കുടകളും വെള്ളവും എപ്പോഴും ലഭ്യമാണെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഓഡിയോ/വീഡിയോ സേവനവിഭാഗത്തിൽ പ്രവർത്തിക്കുന്ന കെവിൻ പറയുന്നു: “ഈ പ്രൊഡക്ഷൻ അസിസ്റ്റന്റുമാരിൽ മിക്കവരും ബഥേലിൽ വന്ന് സേവിക്കുന്നവരാണ്. അവർ വളരെ സന്തോഷത്തോടെയും താഴ്മയോടെയും ഈ ജോലികളെല്ലാം ചെയ്യുന്നു. അവരുടെ സഹായമില്ലാതെ ഈ പ്രോജക്ട് ഇത്ര നന്നായി മുന്നോട്ടുപോകില്ല.”
ബ്രാഞ്ചിനു പുറത്തുള്ള ഷൂട്ടിങ്ങ്
ചില സീനുകൾ ബ്രാഞ്ചോഫീസിലോ സെറ്റിട്ടിരിക്കുന്നിടത്തോ സ്റ്റുഡിയോയിലോ ഒന്നും എടുത്താൽ അത്ര ശരിയാകണമെന്നില്ല. അങ്ങനെയുള്ളപ്പോൾ നമുക്കു പുറത്തുപോയി ഷൂട്ട് ചെയ്യേണ്ടിവരും. പണ്ടുകാലത്തെ ബൈബിൾരംഗങ്ങൾ എടുക്കുന്നതുകൊണ്ട് ആ പ്രദേശത്ത് ഇലക്ട്രിക് ലൈനുകളോ ടാർ ഇട്ട റോഡുകളോ പുതിയ രീതിയിലുള്ള വീടുകളോ ഒന്നും പാടില്ല. അതുകൊണ്ട് ഷൂട്ടിങ്ങ് സംഘത്തിനു മിക്കപ്പോഴും ഉൾപ്രദേശങ്ങളിലേക്കു പോകേണ്ടിവരും. അങ്ങനെ പോകുമ്പോൾ വേഷവിധാനങ്ങളും ഷൂട്ടിങ്ങിനുവേണ്ട മറ്റു സാധനങ്ങളും ഒക്കെ പാക്ക് ചെയ്ത് കൊണ്ടുപോകണം. അവിടെ എത്തിക്കഴിഞ്ഞ് അതു സുരക്ഷിതമായി സൂക്ഷിക്കുകയും വേണം. ഷൂട്ടിങ്ങ് തുടങ്ങുന്നതിനു മുമ്പുതന്നെ പ്രൊഡക്ഷൻ കോ-ഓർഡിനേറ്റർമാരുടെ അസിസ്റ്റന്റുമാരായ സഹോദരന്മാർ ജനറേറ്ററുകളും കുടിവെള്ളവും ബാത്ത്റൂം സൗകര്യങ്ങളും ഒക്കെയുണ്ടെന്ന് ഉറപ്പുവരുത്തും. ഷൂട്ടിങ്ങ് സംഘത്തിലുള്ളവർ താമസിക്കുന്നത് അടുത്തുള്ള സഹോദരങ്ങളുടെ വീടുകളിലോ കാരവനിലോ ഹോട്ടലുകളിലോ വാടകയ്ക്കെടുത്ത ചെറിയ വീടുകളിലോ ഒക്കെയാണ്.
ബ്രാഞ്ചിനു പുറത്തുപോയുള്ള ഷൂട്ടിങ്ങിനു നല്ല പണച്ചെലവുണ്ട്, സമയം കൂടുതലെടുക്കും, ഉൾപ്പെട്ടിരിക്കുന്നവരെ അതു ക്ഷീണിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് 2023-ൽ ഭരണസംഘം, ഏതാണ്ട് 25 ലക്ഷം യു.എസ്. ഡോളർ (ഏകദേശം 3 കോടി രൂപ) വിലവരുന്ന ഒരു വീഡിയോ വോൾ മേടിക്കാൻ അനുമതി നൽകി. നല്ല ക്ലാരിറ്റിയിൽ ചിത്രങ്ങൾ കാണിക്കാൻ പറ്റുന്ന വീഡിയോ സ്ക്രീനുകളാണ് ഇവ. സ്ക്രീനിൽ കാണിക്കുന്ന ചിത്രങ്ങൾക്കനുസരിച്ച് ആ മുറിയിലെ വെളിച്ചത്തിനും വ്യത്യാസം വരും. അതുകൊണ്ട് അവിടെ എടുക്കുന്ന വീഡിയോ, വെളിയിൽപ്പോയി ഷൂട്ട് ചെയ്തതുപോലെതന്നെയിരിക്കും. ബ്രാഞ്ചിനു പുറത്തുപോയുള്ള ചെലവേറിയ ഷൂട്ടിങ്ങ് ഇതുവഴി പലപ്പോഴും ഒഴിവാക്കാനാകുന്നു. ഓസ്ട്രേലേഷ്യ ബ്രാഞ്ച് കമ്മിറ്റി അംഗമായ ഡാരെൻ പറയുന്നു: “ഈ വീഡിയോ വോൾ ഉപയോഗിക്കുന്നതുകൊണ്ട് അഭിനേതാക്കൾ അധികം ക്ഷീണിച്ചുപോകുന്നില്ല. കൂടാതെ ചില സീനുകൾ വീണ്ടുംവീണ്ടും ഷൂട്ട് ചെയ്യാനുമാകുന്നു. ഉദാഹരണത്തിനു നമ്മൾ പുറത്തുപോയി സൂര്യാസ്തമയത്തിന്റെ സമയത്ത് ഷൂട്ട് ചെയ്യുകയാണെങ്കിൽ ഏതാനും മിനിട്ടുകളേ നമുക്കു കിട്ടുകയുള്ളൂ. കാരണം അപ്പോഴേക്കും സൂര്യൻ അസ്തമിച്ചിട്ടുണ്ടാകും. എന്നാൽ വീഡിയോ വോൾ വെച്ചാണ് എടുക്കുന്നതെങ്കിൽ നമുക്കു കൃത്യം വേണ്ട രംഗം കിട്ടുന്നതുവരെ, എത്ര തവണ വേണമെങ്കിലും സൂര്യാസ്തമയം അതിൽ ഇടാം.”
“അത് ഒരു ത്യാഗമായേ തോന്നിയില്ല”
യേശുവിന്റെ ജീവിതത്തിലൂടെ എന്ന വീഡിയോ പരമ്പരയുടെ ഓരോ എപ്പിസോഡും തയ്യാറാക്കുന്നതിൽ ഒരുപാട് പേർ ഉൾപ്പെടുന്നുണ്ട്. നൂറുകണക്കിന് അഭിനേതാക്കൾക്കും അതിലേറെവരുന്ന അണിയറപ്രവർത്തകർക്കും, സഹോദരങ്ങൾ തങ്ങൾക്കുവേണ്ടി ചെയ്തുതരുന്ന കാര്യങ്ങളെക്കുറിച്ച് എന്താണ് തോന്നുന്നത്?
ഈ പ്രോജക്ടിൽ പങ്കെടുക്കാനായി മെൽബണിലെ തന്റെ വീട്ടിൽനിന്ന് 700-ലധികം കിലോമീറ്റർ യാത്ര ചെയ്തുവന്ന ആംബർ ഇങ്ങനെ എഴുതി: “ഞാൻ എയർപ്പോർട്ടിൽ എത്തിയത് മുതൽ ബഥേലിൽ ഉള്ള സഹോദരങ്ങൾ എനിക്ക് വേണ്ടതെല്ലാം ചെയ്തുതന്നു. പല ബഥേൽ അംഗങ്ങളും ഒരു നേരത്തെ ഭക്ഷണത്തിനോ ചായയ്ക്കോ എന്നെ ക്ഷണിച്ചു. ഇനി ഷൂട്ടിങ്ങ് ലൊക്കേഷനിൽ എല്ലാവരും എന്നോടു സ്നേഹത്തോടെയും പരിഗണനയോടെയും ആണ് ഇടപെട്ടത്. അവിടെ വന്നതുകൊണ്ട് എനിക്ക് ഒരുപാട് അനുഗ്രഹങ്ങൾ കിട്ടി. അത് ഒരു ത്യാഗമായേ തോന്നിയില്ല.”
ഈ വീഡിയോയുടെ നിർമാണത്തിൽ ഉൾപ്പെട്ടിരിക്കുന്ന ഡെറിക്ക് സഹോദരൻ ഇങ്ങനെ പറയുന്നു: “തുടക്കംമുതലേ ഒരുപാട് ഡിപ്പാർട്ടുമെന്റുകൾ ഞങ്ങളെ സഹായിച്ചിട്ടുണ്ട്. ഈ പ്രോജക്ടിനുവേണ്ടി തങ്ങളുടെ സമയവും വസ്തുവകകളും ഊർജവും എല്ലാം ത്യാഗം ചെയ്ത സഹോദരങ്ങളോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്. അവർ മനസ്സോടെ പിന്തുണയ്ക്കുകയും ദയ കാണിക്കുകയും ചെയ്തു. യഹോവ അവരെയും ഞങ്ങളെയും അനുഗ്രഹിച്ചു എന്നതിൽ സംശയമില്ല. നമ്മുടെ അധ്വാനത്തിന്റെ ഫലം മാത്രമല്ല നമുക്ക് ആ ജോലി സന്തോഷത്തോടെ ചെയ്യാൻ പറ്റുന്നുണ്ടോ എന്നതും യഹോവ നോക്കുന്നു എന്ന് എനിക്ക് ഇപ്പോൾ ഉറപ്പുണ്ട്.”
ഈ വീഡിയോ പരമ്പരയെ പിന്തുണയ്ക്കാൻ നിങ്ങൾ donate.pr418.com വഴിയും അല്ലാതെയും തന്ന സംഭാവനകൾക്കു വളരെ നന്ദി.
a ഓസ്ട്രേലേഷ്യ ബ്രാഞ്ച് പല രാജ്യങ്ങളുടെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിക്കുന്നു. അതിൽ ഓസ്ട്രേലിയയും സൗത്ത് പസിഫിക്കിലെ പല ദേശങ്ങളും ഉൾപ്പെടുന്നുണ്ട്. ഈ ബ്രാഞ്ച് സ്ഥിതി ചെയ്യുന്നത് ഓസ്ട്രേലിയയിലെ സിഡ്നിക്ക് അടുത്താണ്.