നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
സമൃദ്ധമായ ആത്മീയാഹാരം ഒരു ചെറിയ ബോക്സിലൂടെ
2020, സെപ്റ്റംബർ 1
മുമ്പത്തെക്കാളുമധികം ഇന്ന് യഹോവയുടെ സാക്ഷികൾക്ക് ആത്മീയാഹാരം ഡിജിറ്റൽ രൂപത്തിലാണ് കിട്ടുന്നത്. പക്ഷേ ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള നമ്മുടെ സഹോദരങ്ങൾക്ക് ഇന്റർനെറ്റ് കണക്ഷനെടുക്കാനുള്ള സാമ്പത്തികശേഷി ഇല്ല. ചില സ്ഥലങ്ങളിൽ കണക്ഷൻ കൂടെക്കൂടെ കട്ടായിപ്പോകും. ഇനി മറ്റു ചില സ്ഥലങ്ങളിൽ നെറ്റിന് സ്‌പീഡ് കുറവാണ്, വേറെ ചിലയിടത്താണെങ്കിൽ ഇന്റർനെറ്റേ ഇല്ല.
എങ്കിലും നമ്മുടെ ധാരാളം സഹോദരീസഹോദരന്മാർ ഇപ്പോൾ ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെതന്നെ ഡിജിറ്റൽ രൂപത്തിലുള്ള പ്രസിദ്ധീകരണങ്ങൾ ഡൗൺലോഡ് ചെയ്യുന്നുണ്ട്. അത് എങ്ങനെയാണ്?
ഇന്റർനെറ്റ് സൗകര്യം കുറവുള്ള സഭകൾക്കുവേണ്ടി JW ബോക്‌സ് എന്ന ഒരു ചെറിയ ഉപകരണം തയ്യാറാക്കിയിരിക്കുന്നു. അതിൽ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുമായി കണക്ട് ചെയ്യാൻ സഹായിക്കുന്ന ഒരു റൗട്ടറും നമ്മുടെ ബഥേലിലെ കമ്പ്യൂട്ടർ ഡിപ്പാർട്ടുമെന്റ് വികസിപ്പിച്ചെടുത്ത ഒരു സോഫ്റ്റ്വെയറും ഉണ്ട്. കൂടാതെ jw.org-ൽ ലഭ്യമായിരിക്കുന്ന വീഡിയോകളും ഡിജിറ്റൽ രൂപത്തിലുള്ള പ്രസിദ്ധീകരണങ്ങളും അതോടൊപ്പമുണ്ട്. ഓരോ ബോക്സിനും ഏകദേശം 5,500 രൂപ ചെലവ് വരും.
രാജ്യഹാളിലായിരിക്കുമ്പോൾ സഹോദരങ്ങൾ JW ബോക്സുമായി അവരുടെ ഫോണോ ടാബോ കണക്ട് ചെയ്യും. എന്നിട്ട് അതിൽനിന്ന് നമ്മുടെ പ്രസിദ്ധീകരണങ്ങളും വീഡിയോകളും ഡൗൺലോഡ് ചെയ്യും. ഇത് ഉപയോഗിക്കാൻ സഹോദരങ്ങൾക്ക് പുതിയ സംവിധാനങ്ങളുള്ള ഫോൺ വേണമെന്നില്ല. ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ JW ബോക്സിലൂടെ സഹോദരങ്ങൾക്ക് പുതിയ പ്രസിദ്ധീകരണങ്ങൾ കിട്ടുന്നത് എങ്ങനെയാണ്? jw.org-ൽ വരുന്ന പുതിയ വിവരങ്ങൾ കോപ്പി ചെയ്‌ത പെൻഡ്രൈവ്, ബ്രാഞ്ച് സഭകൾക്ക് അയച്ചുകൊടുക്കും. സഹോദരങ്ങൾ ഈ പെൻഡ്രൈവ് JW ബോക്സുമായി കണക്ട് ചെയ്‌ത് പ്രസിദ്ധീകരണങ്ങൾ ഡൗൺലോഡ് ചെയ്യും. ഇങ്ങനെയൊരു പെൻഡ്രൈവിന് ഏകദേശം 300 രൂപ ചെലവ് വരും.
JW ബോക്‌സിൽനിന്ന് സഹോദരങ്ങൾ എങ്ങനെ പ്രയോജനം നേടി? കോംഗോയിൽനിന്നുള്ള നേഥൻ അഡ്രുവാൻഡ്ര പറയുന്നു: “‘യഹോവേ, . . . നിന്നിൽ ഞാൻ ആശ്രയിക്കുന്നു,’ ലോത്തിന്റെ ഭാര്യയെ ഓർത്തുകൊള്ളുക എന്നീ നാടകങ്ങൾ ഡൗൺലോഡ് ചെയ്യാൻ ഒരുപാട് ശ്രമിച്ചിട്ടും പറ്റിയില്ല. എനിക്ക് ആകെ വിഷമം തോന്നി. ഇപ്പോൾ ഈ വീഡിയോകൾ എന്റെ ഫോണിൽ ഡൗൺലോഡ് ചെയ്യാൻ പറ്റുന്നുണ്ട്. മാതാപിതാക്കളായ ഞങ്ങൾക്ക് കുട്ടികളെ നന്നായി പഠിപ്പിക്കാൻ ഇതൊരു സഹായമാണ്.”
നൈജീരിയയിലെ സഭകളിൽ JW ബോക്‌സ് സെറ്റ് ചെയ്യാൻ സഹായിക്കുന്ന ഒരു സഹോദരൻ പറയുന്നു: “യഹോവയിൽനിന്നുള്ള ഒരു പ്രത്യേകസമ്മാനമായിട്ടാണ് സഹോദരങ്ങൾ JW ബോക്സിനെ കാണുന്നത്. പഠിപ്പിക്കാനുള്ള ഉപകരണങ്ങളിൽനിന്ന് പ്രസിദ്ധീകരണങ്ങളും വീഡിയോകളും എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാൻ കഴിയുന്നതുകൊണ്ട് അവരെല്ലാം നല്ല ആവേശത്തിലാണ്.”
1700-ലധികം JW ബോക്സുകളാണ് ഇതിനോടകം ആഫ്രിക്കയിലേക്കും ഒഷ്യാനിയയിലേക്കും തെക്കേ അമേരിക്കയിലേക്കും അയച്ചിട്ടുള്ളത്. ഇനി കൂടുതൽ സഭകളിലേക്ക് ഈ ബോക്സുകൾ അയയ്ക്കാനുള്ള തയ്യാറെടുപ്പിലാണ് നമ്മൾ. ഇതിനെല്ലാമുള്ള പണം എങ്ങനെയാണ് കണ്ടെത്തുന്നത്? ലോകവ്യാപകവേലയ്ക്കുള്ള സംഭാവനകളിൽനിന്ന്. അതിൽ നല്ലൊരു പങ്കും jw.org-ലൂടെയാണ് കിട്ടുന്നത്. നിങ്ങളുടെ അകമഴിഞ്ഞ പിന്തുണയ്ക്കു വളരെ നന്ദി.