നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
2020-ലെ “എപ്പോഴും സന്തോഷിക്കൂ!” മേഖലാ കൺവെൻഷൻ പരിപാടികളുടെ പരിഭാഷ
2020 ജൂലൈ 10
ചരിത്രത്തിൽ ആദ്യമായി 2020 ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ ലോകമെങ്ങുമുള്ള സഹോദരങ്ങൾ ഒരേ സമയം മേഖലാ കൺവെൻഷൻ പരിപാടികൾ ആസ്വദിക്കും. ഇതിനായി റെക്കോർഡ് ചെയ്ത പ്രസംഗങ്ങൾ 500-ലധികം ഭാഷകളിലേക്കു പരിഭാഷ ചെയ്യണമായിരുന്നു. സാധാരണഗതിയിൽ ഇങ്ങനെയൊരു പ്രോജക്ട് ആസൂത്രണം ചെയ്യാനും പൂർത്തിയാക്കാനും ഒരു വർഷത്തിലധികം വേണ്ടി വരും. എന്നാൽ കൊറോണ വൈറസ് മഹാമാരി മൂലമുണ്ടായ പ്രത്യേക സാഹചര്യം കാരണം 2020-ലെ “എപ്പോഴും സന്തോഷിക്കൂ!” മേഖലാ കൺവെൻഷൻ പരിപാടികൾ പരിഭാഷ ചെയ്യാൻ നാലു മാസത്തിൽ താഴെയേ സമയം കിട്ടിയുള്ളൂ.
ഇത്ര വലിയൊരു പ്രോജക്ട് ചെയ്തുതീർക്കാൻ യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്തുള്ള പരിഭാഷാ സേവനവിഭാഗവും ഗ്ലോബൽ പർച്ചെയ്സിങ് വിഭാഗവും സഹായിച്ചു. ഈ ജോലി ചെയ്തുതീർക്കുന്നതിനു പല പരിഭാഷാ ടീമുകൾക്കും കൂടുതൽ ഉപകരണങ്ങൾ ആവശ്യമാണെന്നു പരിഭാഷാ സേവനവിഭാഗം കണ്ടെത്തി. പ്രത്യേകിച്ചും ഉയർന്ന ഗുണനിലവാരമുള്ള മൈക്രോഫോണുകൾ ആവശ്യമായിരുന്നു. ഗ്ലോബൽ പർച്ചെയ്സിങ് വിഭാഗം 1,000 മൈക്രോഫോണുകൾ വാങ്ങാനും അവ ഏതാണ്ട് 200 സ്ഥലങ്ങളിൽ എത്തിച്ചുകൊടുക്കാനും വേണ്ട ക്രമീകരണങ്ങൾ ചെയ്തു.
ചെലവ് കുറയ്ക്കുന്നതിന് ഈ മൈക്രോഫോണുകളെല്ലാം മൊത്തമായി വാങ്ങി ഒരു സ്ഥലത്ത് എത്തിച്ചു. എന്നിട്ട് അവിടെനിന്ന് ലോകത്തിന്റെ പല ഭാഗങ്ങളിലുമുള്ള പരിഭാഷകർക്ക് അയച്ചുകൊടുത്തു. ഇങ്ങനെ മൊത്തത്തിൽ വാങ്ങിയതുകൊണ്ട് ഓരോന്നായി വാങ്ങുന്നതിനെക്കാൾ 20 ശതമാനത്തോളം ചെലവ് കുറയ്ക്കാൻ കഴിഞ്ഞു. ഒരു മൈക്രോഫോൺ വാങ്ങുന്നതും അയച്ചുകൊടുക്കുന്നതും ഉൾപ്പെടെ ചെലവ് ശരാശരി 12,700 രൂപയേ ആയുള്ളൂ.
ഗ്ലോബൽ പർച്ചെയ്സിങ് വിഭാഗത്തിന് ഇവയെല്ലാം വാങ്ങി അയയ്ക്കേണ്ടിയിരുന്നത് 2020 ഏപ്രിൽ, മെയ് മാസങ്ങളിലായിരുന്നു. മഹാമാരി കാരണം പല ബിസിനെസ്സുകളും നിറുത്തിവെച്ചിരിക്കുന്ന സമയവും ആയിരുന്നു അത്. എങ്കിലും മെയ് മാസം അവസാനമായപ്പോഴേക്കും ഭൂരിഭാഗം വരുന്ന പരിഭാഷാ കേന്ദ്രങ്ങളിലും ബ്രാഞ്ചോഫീസുകളിലും പരിഭാഷ ചെയ്യുന്ന മറ്റ് സ്ഥലങ്ങളിലും ആവശ്യത്തിനുള്ള ഉപകരണങ്ങൾ കിട്ടി.
“ഈ പ്രോജക്ടിൽ ഉടനീളം ബഥേലിലെ ഡിപ്പാർട്ടുമെന്റുകളും പുറമെയുള്ള വ്യാപാരികളും തമ്മിൽ നല്ല സഹകരണമുണ്ടായിരുന്നു” എന്ന് ഗ്ലോബൽ പർച്ചെയ്സിങ്ങിന്റെ മേൽനോട്ടം വഹിക്കുന്ന ജെ. സ്വിന്നി പറഞ്ഞു. “നമുക്ക് ഇത്ര വേഗത്തിലും ചെലവ് കുറച്ചും സഹോദരങ്ങളെ സഹായിക്കാനായത് യഹോവയുടെ ആത്മാവിന്റെ സഹായം ഒന്നുകൊണ്ട് മാത്രമാണ്.”
പരിഭാഷാ സേവനവിഭാഗത്തിൽ പ്രവർത്തിക്കുന്ന നിക്കളാസ് അലാഡിസ് പറയുന്നു, “ഈ ഉപകരണങ്ങൾ കിട്ടിയപ്പോൾ ലോക്ഡൗണിലായിരുന്ന പരിഭാഷകർക്ക് വലിയ സന്തോഷമായി. ടീം അംഗങ്ങൾ പലരും ഒറ്റപ്പെട്ടുപോയെങ്കിലും അവർക്ക് പ്രസംഗങ്ങളും നാടകങ്ങളും പാട്ടുകളും 500-ലധികം ഭാഷകളിലേക്കു പരിഭാഷ ചെയ്യുന്നതിനും റെക്കോർഡ് ചെയ്യുന്നതിനും ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞു.”
ലോകമെങ്ങുമുള്ള സഹോദരങ്ങൾക്കായി 2020-ലെ “എപ്പോഴും സന്തോഷിക്കൂ!” കൺവെൻഷനുവേണ്ടി ചെയ്ത കാര്യങ്ങളിൽ ഒന്നു മാത്രമാണ് ഇത്. donate.pr418.com -ലൂടെയും മറ്റു വിധങ്ങളിലും നിങ്ങൾ നൽകിയ ഉദാരമായ സംഭാവനകൾകൊണ്ടാണ് ഇതെല്ലാം സാധ്യമായത്.