നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
2020-ലെ “എപ്പോഴും സന്തോഷിക്കൂ!” മേഖലാ കൺവെൻഷൻ പരിപാടികളുടെ വീഡിയോനിർമാണം
2020 ആഗസ്റ്റ് 10
നമ്മുടെ മേഖലാ കൺവെൻഷനിലെ ഓരോ വീഡിയോകളും ഹൃദയത്തെ തൊടുന്നതും ബൈബിൾപഠിപ്പിക്കലുകൾ നന്നായി മനസ്സിലാക്കാൻ സഹായിക്കുന്നതും ആണ്. ഭരണസംഘാംഗങ്ങളും അവരുടെ സഹായികളും നടത്തിയ 43 പ്രസംഗങ്ങൾ ഉൾപ്പെടെ 2020-ലെ “എപ്പോഴും സന്തോഷിക്കൂ!” മേഖലാ കൺവെൻഷനിൽ 114 വീഡിയോകളുണ്ട്. ഈ വീഡിയോകൾ നിർമിക്കുന്നതിനായി എത്രമാത്രം ശ്രമവും ചെലവും ആവശ്യമായിരുന്നെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
ലോകമെങ്ങുമുള്ള 900-ത്തോളം സഹോദരീസഹോദരന്മാരാണ് ഇതിനുവേണ്ടി തങ്ങളുടെ വൈദഗ്ധ്യവും സമയവും ഉപയോഗിച്ചത്. രണ്ട് വർഷത്തിലേറെ നീണ്ടുനിന്ന ഈ പ്രോജക്ടിനുവേണ്ടി ഏകദേശം 1,00,000 മണിക്കൂർ അവർ ചെലവഴിച്ചു. അതിൽ 70,000 മണിക്കൂർ വേണ്ടിവന്നത് നെഹമ്യ: “യഹോവയിൽനിന്നുള്ള സന്തോഷമാണു നിങ്ങളുടെ രക്ഷാകേന്ദ്രം” എന്ന 76 മിനിട്ട് ദൈർഘ്യമുള്ള ബൈബിൾ നാടകത്തിനുവേണ്ടിയായിരുന്നു.
ഈ പ്രോജക്ടുകൾക്കുവേണ്ടി ത്യാഗങ്ങൾ ചെയ്ത സന്നദ്ധസേവകരുടെ ആവശ്യങ്ങൾക്കായും ഇതിനുവേണ്ട ഉപകരണങ്ങൾ, സാങ്കേതികസഹായം മറ്റ് സൗകര്യങ്ങൾ എന്നിവയ്ക്കായും ഒരുപാട് പണം ആവശ്യമായിരുന്നു.
ഓഡിയോവീഡിയോ സേവനവിഭാഗത്തോടൊപ്പം പ്രവർത്തിക്കുന്ന ജാരെഡ് ഗോസ്മാൻ ഇങ്ങനെ പറഞ്ഞു, “നമ്മുടെ വീഡിയോകളിൽ വ്യത്യസ്തസ്ഥലങ്ങളും അവിടുത്തെ സംസ്കാരങ്ങളും ഉൾപ്പെടുത്താൻ ഭരണസംഘത്തിന്റെ ടീച്ചിങ് കമ്മിറ്റി ശരിക്കും ആഗ്രഹിച്ചു. കാരണം നമ്മൾ ഒരു ആഗോളസഹോദര കുടുംബം ആണല്ലോ. നമ്മുടെ വീഡിയോകളിലും അതു വ്യക്തമാകണം. ഇതിനായി 11 രാജ്യങ്ങളിൽനിന്നുള്ള 24 ടീമുകളാണ് ഈ പ്രോജക്ടിൽ ഒന്നിച്ചുപ്രവർത്തിച്ചത്. ലോകമെങ്ങുംനിന്നുള്ള ആളുകൾ ഇങ്ങനെ ഒരുമിച്ച് പ്രവർത്തിക്കുന്നതിന് ധാരാളം പണവും നല്ല ആസൂത്രണവും ഏകോപനവും ആവശ്യമാണ്.”
നമ്മുടെ പല വീഡിയോകളും ചെയ്യാൻ പ്രത്യേക ഉപകരണങ്ങളും സെറ്റുകളും വേണമായിരുന്നു. ഉദാഹരണത്തിന് നെഹമ്യ: “യഹോവയിൽനിന്നുള്ള സന്തോഷമാണു നിങ്ങളുടെ രക്ഷാകേന്ദ്രം” എന്ന വീഡിയോനാടകത്തിനായി സെറ്റുകൾ ഇട്ടത് ന്യൂയോർക്കിലെ പാറ്റേർസണിന് അടുത്തുള്ള മൗണ്ട് ഇബോ സ്റ്റുഡിയോയുടെ ഉള്ളിലാണ്. സംഭാവനകൾ ഏറ്റവും മെച്ചമായി ഉപയോഗിച്ചുകൊണ്ടുതന്നെ ഈ വീഡിയോനാടകത്തിന്റെ രംഗങ്ങൾ ചരിത്രപരമായി കൃത്യതയുള്ളതായി നിർമിച്ചു. പുരാതന യരുശേലം മതിലുകളുടെ അതേ രൂപം തോന്നിക്കാൻ ഭാരം കുറഞ്ഞ സെറ്റുകളാണ് സഹോദരങ്ങൾ നിർമിച്ചത്. ആറു മീറ്ററോളം (20 അടി) ഉയരം വരുന്ന മരത്തിന്റെ ഫ്രെയിമിൽ, കല്ലുപോലെ തോന്നിപ്പിക്കുന്ന വിധത്തിൽ പെയിന്റ് ചെയ്ത ഫോം ഷീറ്റ് പിടിപ്പിച്ചാണ് ഓരോ “ഭിത്തിയും” ഉണ്ടാക്കിയത്. ഓരോ രംഗത്തിനും അനുസരിച്ച് ഈ “ഭിത്തികൾ” മാറ്റി ക്രമീകരിക്കാൻ കഴിയുമായിരുന്നതുകൊണ്ട് സെറ്റുകളുടെ എണ്ണം പരമാവധി കുറയ്ക്കാനായി. എന്നിട്ടും ഈ നാടകത്തിന്റെ സെറ്റുകൾ ഇടുന്നതിനുവേണ്ടി മാത്രം 75 ലക്ഷത്തോളം രൂപ വേണ്ടിവന്നു. a
ഇത്തരം വിശദാംശങ്ങൾ അറിഞ്ഞത് ഈ വർഷത്തെ മേഖലാ കൺവെൻഷൻ പരിപാടികളോടുള്ള നിങ്ങളുടെ വിലമതിപ്പ് വർധിപ്പിച്ചില്ലേ? ഇത്രയും ശ്രമം ചെയ്ത് നിർമിച്ച കൺവെൻഷൻ പരിപാടികളിലൂടെ ലോകമെങ്ങുമുള്ള ആളുകൾ യഹോവയെ സ്തുതിക്കാൻ ഇടയാകുമെന്ന് ഞങ്ങൾക്ക് ഉറപ്പാണ്. donate.pr418.com-ലൂടെയും മറ്റ് വിധങ്ങളിലും ലോകമെങ്ങുമുള്ള പ്രവർത്തനങ്ങൾക്കുവേണ്ടി നിങ്ങൾ നൽകിയ ഉദാരമായ സംഭാവനകൾക്കു വളരെ നന്ദി.
a നെഹമ്യ: “യഹോവയിൽനിന്നുള്ള സന്തോഷമാണു നിങ്ങളുടെ രക്ഷാകേന്ദ്രം” എന്ന നാടകത്തിനുവേണ്ടിയുള്ള സെറ്റുകൾ ഇട്ടത് കോവിഡ്-19 മഹാമാരിക്കു മുമ്പായിരുന്നു. അതുകൊണ്ട് ആ സമയത്ത് സാമൂഹിക അകലം പാലിക്കേണ്ട ആവശ്യമില്ലായിരുന്നു.