നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
2021-ലെ ദുരിതാശ്വാസപ്രവർത്തനം—നമ്മുടെ സഹോദരങ്ങൾക്ക് സഹായം എത്തിച്ചുകൊടുക്കുന്നു
2022 ജനുവരി 1
2021 സേവനവർഷം, a ലോകം കോവിഡ്-19 മഹാമാരിയുടെ പിടിയിൽത്തന്നെ ആയിരുന്നു. “ആഗോളമഹാമാരിയുടെ കാലത്ത് ആഗോളസഹായം” എന്ന ലേഖനത്തിൽ വിശദീകരിച്ചിരിക്കുന്നതുപോലെ നമ്മൾ ഈ മഹാമാരിയോടു ബന്ധപ്പെട്ട ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി കോടിക്കണക്കിന് രൂപ ചെലവഴിച്ചിരിക്കുന്നു. മാത്രമല്ല, 950-ലധികം ദുരിതാശ്വാസ കമ്മിറ്റികളും രൂപീകരിച്ചിരിക്കുന്നു.
മഹാമാരി മാത്രമല്ല, പ്രകൃതിദുരന്തങ്ങളും മനുഷ്യരായിട്ട് വരുത്തിവെച്ച ദുരന്തങ്ങളും ലോകമെങ്ങുമുള്ള നമ്മുടെ സഹോദരങ്ങളെ ബാധിക്കുന്നുണ്ടായിരുന്നു. അത്തരം 200-ലധികം ദുരന്തങ്ങൾക്കുള്ള ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി ഭരണസംഘത്തിലെ കോ-ഓർഡിനേറ്റേഴ്സ് കമ്മിറ്റി 60 കോടിയോളം രൂപ ചെലവഴിക്കാൻ അനുമതി നൽകി. കോവിഡ്-19-നോടു ബന്ധപ്പെട്ട ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു പുറമേയാണ് ഇത്. നിങ്ങൾ നൽകിയ സംഭാവനകൾ, അടുത്തകാലത്ത് നടന്ന രണ്ട് ദുരന്തങ്ങൾക്ക് ഇരകളായവർക്കുവേണ്ടി എങ്ങനെയാണ് ഉപയോഗിച്ചിരിക്കുന്നതെന്നു നോക്കാം.
നിരാഗോംഗോ അഗ്നിപർവ്വതസ്ഫോടനം
2021 മെയ് 22-ാം തീയതി, കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിൽ ഒരു അഗ്നിപർവ്വതസ്ഫോടനം ഉണ്ടായി. നിരാഗോംഗോ എന്ന അഗ്നിപർവ്വതം പൊട്ടിത്തെറിച്ചപ്പോൾ അതിൽനിന്ന് ഒഴുകിയ ലാവ കാരണം അവിടെയുള്ള വീടുകളും സ്കൂളുകളും ഒരു ജലസംഭരണിയും നശിച്ചു. എന്നാൽ ലാവ മാത്രമല്ല അപകടമുണ്ടാക്കിയത്. അഗ്നിപർവ്വതസ്ഫോടനത്തെ തുടർന്ന് ദിവസങ്ങളോളം വിഷലിപ്തമായ പൊടിപടലം ഗോമ നഗരത്തിലെങ്ങും തങ്ങിനിന്നു. കൂടാതെ നിരവധി ചെറിയ ഭൂചലനങ്ങളും അവിടെയുണ്ടായി. ആ നഗരത്തിലെ പകുതിയിലധികം ആളുകളോട് ആ സ്ഥലത്തുനിന്ന് മാറിത്താമസിക്കാൻ ആവശ്യപ്പെട്ടു. ലക്ഷങ്ങൾ അവിടെനിന്ന് പലായനം ചെയ്തു. ചിലർക്ക് അതിർത്തി കടന്ന് റുവാണ്ടയിലേക്കു പോകേണ്ടിവന്നു.
അങ്ങനെ വീടുവിട്ട് ഇറങ്ങേണ്ടിവന്നവരിൽ ഏകദേശം 5,000 യഹോവയുടെ സാക്ഷികളും ഉണ്ടായിരുന്നു. ദുരന്തം കഴിഞ്ഞ് ചെന്നപ്പോൾ പലർക്കും പലതും നഷ്ടപ്പെട്ടിരുന്നു. ചിലർക്ക് ആ സ്ഫോടനത്തിൽ അവരുടെ വീടുകൾ പൂർണമായി നഷ്ടമായി. മറ്റു ചിലരുടെ വീടുകൾ കൊള്ളയടിക്കപ്പെട്ടു. റുവാണ്ടയിലെയും കോംഗോ ജനാധിപത്യ റിപ്പബ്ലിക്കിലെയും ദുരിതാശ്വാസ കമ്മിറ്റികൾ ഈ സഹോദരങ്ങളെ സഹായിക്കുന്നതിന് നേതൃത്വമെടുത്തു. ഒരു ദുരിതാശ്വാസ കമ്മിറ്റിയെക്കുറിച്ച് കോംഗോ (കിൻഷാസ) ബ്രാഞ്ച് ഇങ്ങനെ റിപ്പോർട്ട് ചെയ്തു: “നഗരത്തിലെ സാഹചര്യം വളരെ മോശമായിരുന്നെങ്കിലും മാറിത്താമസിക്കാനുള്ള നിർദേശം അധികാരികൾ നൽകുന്നതിന് മുമ്പുതന്നെ സഹോദരങ്ങൾക്കുവേണ്ട ഭക്ഷണവും വെള്ളവും കിടക്കാനുള്ള സൗകര്യവും വസ്ത്രങ്ങളും എല്ലാം കമ്മിറ്റി കൊടുത്ത് തുടങ്ങിയിരുന്നു.” ഒരു ടൗണിൽ 2,000-ത്തിലധികം സഹോദരങ്ങൾ ഒരുമിച്ചുകൂടിയിരുന്നു. ദുരിതാശ്വാസ കമ്മിറ്റി അവർക്കുവേണ്ട ടെന്റുകൾ ഉണ്ടാക്കി, മാസ്ക്കുകൾ എത്തിച്ചുകൊടുത്തു. ഇനി കോവിഡ്-19-ഉം കോളറയും ഒന്നും വരാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണമെന്നും പറഞ്ഞുകൊടുത്തു.
ദുരന്തമുണ്ടായി മൂന്ന് മാസത്തിനുള്ളിൽത്തന്നെ ആറ് ടണ്ണിലേറെ അരിയും ആറ് ടൺ ചോളപ്പൊടിയും മൂന്ന് ടൺ വീതം പാചകത്തിനുള്ള എണ്ണയും വെള്ളവും സഹോദരങ്ങൾ വിതരണം ചെയ്തു. ഭക്ഷണം വലിയ വില കൊടുത്ത് വിദേശത്തുനിന്ന് കൊണ്ടുവരുന്നതിനു പകരം, പ്രാദേശികമായി കിട്ടുന്ന ഭക്ഷണസാധനങ്ങൾ കൂടുതൽ അളവിൽ വാങ്ങാൻ ബ്രാഞ്ച് ക്രമീകരണങ്ങൾ ചെയ്തു.
ഈ ദുരന്തത്തിൽ ഒരു സഹോദരിക്ക് അവരുടെ പുതിയ വീട് നഷ്ടപ്പെട്ടു. “ഞങ്ങൾക്ക് ഒരുപാട് വേദനയും നിരാശയും ഒക്കെ തോന്നി” എന്നാണ് സഹോദരി പറഞ്ഞത്. പക്ഷേ ആ കുടുംബത്തിന് പ്രായോഗികസഹായവും വിശ്വസ്തരായി തുടരാനുള്ള ആത്മീയസഹായവും കിട്ടി. സഹോദരിയുടെ വാക്കുകൾ ഇങ്ങനെയാണ്: “യഹോവയുടെ സഹായത്താൽ ഞങ്ങൾക്കു വേണ്ടതെല്ലാം ഇപ്പോഴും ഉണ്ട്. യഹോവ നമ്മുടെയെല്ലാം ഭാരങ്ങൾ ചുമക്കും. മുന്നോട്ടുപോകുന്നത് എളുപ്പമാക്കി തരും. ഇത് ഞങ്ങൾക്ക് നേരിട്ട് കാണാനായി.”
വെനസ്വേലയിലെ സാമ്പത്തിക തകർച്ച
വർഷങ്ങളായി വെനസ്വേല സാമ്പത്തിക ഞെരുക്കത്തിന്റെ പിടിയിലാണ്. അവിടെയുള്ള സഹോദരങ്ങളുടെ ജീവിതസാഹചര്യം വളരെ മോശമാണ്. ഭക്ഷ്യക്ഷാമം ഉണ്ട്, അതോടൊപ്പം കുറ്റകൃത്യങ്ങളും വർധിച്ചുവരുന്നു. പക്ഷേ യഹോവയുടെ സംഘടന അവരെ ഉപേക്ഷിച്ചിട്ടില്ല.
കഴിഞ്ഞ സേവനവർഷം, സഹോദരങ്ങൾക്കു കഴിക്കാൻ വേണ്ട ഭക്ഷണസാധനങ്ങൾ, ശുചീകരണത്തിനുവേണ്ട സോപ്പ് എന്നിവ വാങ്ങിക്കുന്നതിനും എത്തിച്ചുകൊടുക്കുന്നതിനും 11 കോടിയിലേറെ രൂപയാണ് ചെലവഴിച്ചത്. വെനസ്വേല ബ്രാഞ്ച് ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നു: “ഓരോ മാസവും 130 ടൺ ഭക്ഷണസാധനങ്ങൾ രാജ്യത്തിന്റെ നാലു കോണിലേക്കും കൊണ്ടുപോകണമായിരുന്നു. അത് പിന്നീട് ആവശ്യക്കാരായ സഹോദരങ്ങളുടെ കൈകളിൽ എത്തിക്കണം. അത് ഒട്ടും എളുപ്പമല്ല.” ഭക്ഷണം ഉപയോഗശൂന്യമാകാതിരിക്കാൻ കൂടുതൽ കാലം കേടാകാതിരിക്കുന്ന ഭക്ഷണസാധനങ്ങളാണ് മിക്കപ്പോഴും അയച്ചുകൊടുക്കുന്നത്. ബ്രാഞ്ച് തുടർന്ന് പറയുന്നു: “സാധനങ്ങൾ വാങ്ങുമ്പോൾ വലിയ അളവിൽ വാങ്ങാൻ നോക്കും, ഓരോ സീസണിൽ കിട്ടുന്നതും വാങ്ങാൻ ശ്രമിക്കും. അങ്ങനെയാകുമ്പോൾ വിലക്കുറവിൽ മേടിക്കാനാകും. എന്നിട്ട് ഏറ്റവും ചെലവ് കുറഞ്ഞ മാർഗം ഉപയോഗിച്ച് അത് അയച്ചുകൊടുക്കും. ”
വെനസ്വേലയിലെ ഒരു ദുരിതാശ്വാസ കമ്മിറ്റിയിൽ പ്രവർത്തിക്കുന്ന സഹോദരനാണ് ലെയോണൽ. സഹോദരൻ പറയുന്നു: “ഈ നിയമനം എനിക്ക് ഒരുപാട് ഇഷ്ടമാണ്. കോവിഡ്-19 ബാധിച്ച് എന്റെ ഭാര്യ മരിച്ചതിനെ തുടർന്ന് പിടിച്ചുനിൽക്കാൻ എനിക്ക് ശക്തി പകരുന്നത് ഈ നിയമനമാണ്. തിരക്കോടെയിരിക്കാൻ എനിക്കാകുന്നുണ്ട്. സഹായം ആവശ്യമുള്ള സഹോദരങ്ങൾക്കുവേണ്ടി എന്തെങ്കിലും ചെയ്യാനാകുന്നതും എനിക്ക് സന്തോഷം തരുന്നു. തന്റെ ദാസരെ ഒരിക്കലും ഉപേക്ഷിക്കില്ലെന്ന വാക്ക് യഹോവ പാലിക്കുന്നത് ഞാൻ നേരിട്ട് കണ്ടു.”
ഇത്തരത്തിൽ സഹായം ലഭിച്ച ഒരു സഹോദരൻ മുമ്പ് ദുരിതാശ്വാസ കമ്മിറ്റിയിൽ പ്രവർത്തിച്ച ഒരാളാണ്. സഹോദരന്റെ വാക്കുകൾ ഇങ്ങനെയാണ്: “ഇപ്പോൾ എനിക്കാണ് സഹായം വേണ്ടത്. സഹോദരങ്ങൾ സാധനങ്ങൾ എത്തിച്ചുതരുക മാത്രമല്ല ചെയ്തത്. ഭാര്യയുടെയും എന്റെയും ടെൻഷൻ കുറയ്ക്കാനും അവർ സഹായിച്ചു. അവർ ഞങ്ങൾക്ക് വേണ്ടതെല്ലാം ചെയ്തുതന്നു, ഞങ്ങളെ ആശ്വസിപ്പിച്ചു, ഞങ്ങളെ പ്രോത്സാഹിപ്പിച്ചു.”
ഒട്ടും പ്രതീക്ഷിക്കാതെ ദുരന്തങ്ങൾ സംഭവിക്കുമ്പോൾപ്പോലും യഹോവയുടെ സംഘടനയ്ക്ക് പെട്ടെന്നുതന്നെ ആവശ്യമായ സാധനങ്ങൾ ഒരുക്കാനും എത്തിച്ചുകൊടുക്കാനും മിക്കപ്പോഴും കഴിയുന്നു. ലോകവ്യാപകവേലയ്ക്കുവേണ്ടി നിങ്ങൾ സംഭാവനകൾ തരുന്നതുകൊണ്ടാണ് ഇതു സാധിക്കുന്നത്. സംഭാവന നൽകാനുള്ള ചില വഴികൾ donate.pr418.com-ൽ വിശദീകരിച്ചിട്ടുണ്ട്. നിങ്ങളുടെ ഉദാരമായ സംഭാവനകൾക്ക് വളരെ നന്ദി.
a 2021 സേവനവർഷം എന്നു പറയുന്നത്, 2020 സെപ്റ്റംബർ 1 മുതൽ 2021 ആഗസ്റ്റ് 31 വരെയാണ്.