നിങ്ങളുടെ സംഭാവനകൾ എങ്ങനെ ഉപയോഗിക്കുന്നു?
2023-ലെ ദുരിതാശ്വാസപ്രവർത്തനങ്ങൾ—“ഞങ്ങൾ യഹോവയുടെ സ്നേഹം അനുഭവിച്ചറിഞ്ഞു”
2024 ജനുവരി 26
‘ജനത ജനതയ്ക്ക് എതിരെ എഴുന്നേൽക്കും’ എന്നും ഈ ‘വ്യവസ്ഥിതി അവസാനിക്കാൻ പോകുമ്പോൾ’ ദുരന്തങ്ങൾ ഉണ്ടാകുമെന്നും ബൈബിൾ മുൻകൂട്ടിപ്പറയുന്നു. (മത്തായി 24:3, 7) 2023 സേവനവർഷത്തിൽ a ഈ പ്രാവചനികവാക്കുകൾ നിറവേറുന്നതു നമുക്ക് കാണാനായി. നൂറോളം ദേശങ്ങളിൽ നടക്കുന്ന യുദ്ധങ്ങൾക്കും പ്രകൃതിദുരന്തങ്ങൾക്കും ഇടയിലും യഹോവയുടെ സാക്ഷികൾ യഹോവയുടെ സ്നേഹം അനുകരിച്ചു. എങ്ങനെ?
2023 സേവനവർഷത്തിൽ 200-ലധികം ദുരന്തങ്ങൾ നമ്മുടെ സഹോദരങ്ങളെ ബാധിച്ചു. അതിൽ ചിലത് പ്രകൃതിദുരന്തങ്ങളും മറ്റു ചിലത് മനുഷ്യർ വരുത്തിവെക്കുന്ന ദുരന്തങ്ങളുമാണ്. ലോകവ്യാപക പ്രവർത്തനങ്ങൾക്കു ലഭിച്ച സംഭാവനകളിൽനിന്ന് മൊത്തം ഒരു കോടിയിലധികം ഡോളറുകൾ b അതായത്, 80 കോടിയിലേറെ രൂപയാണ് യഹോവയുടെ സാക്ഷികൾ ഉപയോഗിക്കുന്ന നിയമാനുസൃത കോർപ്പറേഷൻ ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. ധാരാളം സഹോദരങ്ങൾ തങ്ങളുടെ പ്രദേശത്തുള്ളവരെ സഹായിക്കാനായി കൊടുക്കുന്ന സംഭാവനകൾക്കു പുറമേയാണ് ഇത്. നമ്മുടെ സഹോദരങ്ങൾ അനുഭവിച്ച രണ്ടു ദുരന്തങ്ങൾ നമുക്കു നോക്കാം. ആ സമയത്ത് സംഭാവന എങ്ങനെയാണ് ഉപയോഗിച്ചതെന്നു കാണാം.
“യഥാർഥസ്നേഹം എന്ന ഒന്നുണ്ട്”
നൈജീരിയയിലെ ചില സ്ഥലങ്ങളിൽ എല്ലാ വർഷവും ഒരു നിശ്ചിതസമയത്ത് പ്രളയം ഉണ്ടാകാറുണ്ട്. എന്നാൽ 2022 ഒക്ടോബറിൽ ഉണ്ടായ പ്രളയം, കഴിഞ്ഞ പത്തു വർഷത്തിൽ രാജ്യം കണ്ട ഏറ്റവും വലിയ പ്രളയമായിരുന്നു. 16,70,400-ലധികം ഏക്കർ കൃഷിഭൂമി നശിച്ചു. 20 ലക്ഷത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. ദുരിതാശ്വാസപ്രവർത്തനങ്ങൾക്കും ആത്മീയസഹായം കൊടുക്കുന്നതിനും ആയി നൈജീരിയ ബ്രാഞ്ച് ഉടനെതന്നെ ദുരിതാശ്വാസ കമ്മിറ്റികൾ രൂപീകരിച്ചു.
സഹോദരങ്ങളെ ഇത് എങ്ങനെ ബാധിച്ചു?
7,505 പ്രചാരകർക്ക് വീടുവിട്ട് പോകേണ്ടിവന്നു
860 വീടുകൾക്ക് കേടുപാടുകൾ ഉണ്ടാകുകയോ നശിക്കുകയോ ചെയ്തു
90 രാജ്യഹാളുകളിലും ഒരു സമ്മേളനഹാളിലും വെള്ളം കയറി
സംഭാവനകൾ എങ്ങനെ ഉപയോഗിച്ചു?
രണ്ടു കോടിയിലധികം രൂപയാണ് ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. താഴെപ്പറയുന്നതുപോലെയുള്ള ആവശ്യങ്ങൾക്കുവേണ്ടി അത് ഉപയോഗിച്ചു:
അരി, ധാന്യങ്ങൾ, ന്യൂഡിൽസ് പോലുള്ള ഭക്ഷണസാധനങ്ങൾ വാങ്ങി
കിടക്കയും കൊതുകുവലകളും പോലുള്ള വീട്ടുസാധനങ്ങൾ വാങ്ങി
കേടുപാടുകൾ സംഭവിച്ച വീടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുകയോ അവ പുതുക്കിപ്പണിയുകയോ ചെയ്തു
സംഭാവനകൾ ഏറ്റവും നന്നായി ഉപയോഗിക്കുന്നു എന്ന് സഹോദരങ്ങൾ എങ്ങനെയാണ് ഉറപ്പുവരുത്തിയത്? അതിനുവേണ്ടി ചെയ്ത ഒരു കാര്യം, ഒരു കെട്ടിടം അറ്റകുറ്റപ്പണികൾ ചെയ്ത് ശരിയാക്കാമോ അതോ പുനർനിർമിക്കേണ്ട ആവശ്യമുണ്ടോ എന്ന് അവർ ശ്രദ്ധയോടെ വിലയിരുത്തി. പുനർനിർമിക്കേണ്ട കെട്ടിടങ്ങളാണെങ്കിൽ, ആ പ്രദേശത്ത് സാധാരണയായി കണ്ടുവരുന്ന രീതിയിലുള്ള ലളിതമായ ഡിസൈൻ ഉപയോഗിച്ച് പണിതു.
സഹായം ലഭിച്ചപ്പോൾ സഹോദരങ്ങൾ അതു ശരിക്കും വിലമതിച്ചു. ഒരു സഹോദരി ഇങ്ങനെ പറഞ്ഞു: “ഈ പ്രളയം ഞങ്ങളുടെ ജീവിതംതന്നെ തകർത്തു. ഞങ്ങളുടെ കൃഷിഭൂമിയെല്ലാം നശിച്ചു, കിടപ്പാടവും നഷ്ടപ്പെട്ടു. ഞങ്ങളെ സഹായിക്കാനും സുരക്ഷിതമായ ഒരു താമസസ്ഥലം ഒരുക്കാനും സഹോദരീസഹോദരന്മാർ ആ ദിവസംതന്നെ എത്തിയതു ഞങ്ങൾക്കു ശരിക്കും ആശ്വാസമായി. ബ്രാഞ്ചോഫീസ് ഞങ്ങൾക്ക് ആവശ്യമായ ഭക്ഷണസാധനങ്ങളെല്ലാം എത്തിച്ചുതന്നു. യോഹന്നാൻ 13:34, 35 വാക്യങ്ങൾ ഞങ്ങളുടെ ജീവിതത്തിൽ നിവൃത്തിയേറുന്നതു കണ്ടപ്പോൾ സന്തോഷംകൊണ്ട് ഞങ്ങളുടെ കണ്ണു നിറഞ്ഞുപോയി. . . . യഥാർഥസ്നേഹം എന്ന ഒന്നുണ്ട്. ഞങ്ങളെ സഹായിക്കാൻ തക്കസമയത്ത് എത്തിയ എല്ലാ സഹോദരങ്ങളോടും ഞാനും എന്റെ കുടുംബവും ഉള്ളിന്റെയുള്ളിൽനിന്ന് നന്ദി പറയുന്നു.”
ആ പ്രദേശത്തെ മറ്റു ചിലരും നമ്മുടെ ദുരിതാശ്വാസപ്രവർത്തനം ശ്രദ്ധിച്ചു. ബയെൽസ സ്റ്റേറ്റിലെ സബഗ്രിയയിലുള്ള ഒരു ഗ്രാമത്തലവൻ പറഞ്ഞത് ഇങ്ങനെയാണ്: “ഇന്ന് പല സംഘടനകളും പള്ളികളും ഉണ്ട്. എന്നാൽ യഹോവയുടെ സാക്ഷികൾ മാത്രമേ ഇങ്ങനെയൊരു കാര്യം ചെയ്തിട്ടുള്ളൂ. . . . (നിങ്ങളുടെ) സംഘടന ലോകത്തിലെ ഏറ്റവും നല്ല സംഘടനകളിൽ ഒന്നാണ്.”
“ഞങ്ങൾ യഹോവയുടെ സ്നേഹം അനുഭവിച്ചറിഞ്ഞു”
2023 ഫെബ്രുവരിയിൽ 400-ലധികം തീപിടുത്തം ഉണ്ടായതു കാരണം ചിലിയിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചു. 10,62,500-ലധികം ഏക്കർ ഭൂമിയും അതോടൊപ്പം ചിലിയുടെ ചില പ്രധാനപ്പെട്ട പൊതുസൗകര്യങ്ങളും നശിച്ചു. ഏകദേശം 8,000 ആളുകളെ ഒഴിപ്പിച്ചു. ദുരന്തം ഉണ്ടായി അധികം താമസിയാതെതന്നെ ബ്രാഞ്ചോഫീസ് ദുരിതാശ്വാസപ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ തുടങ്ങി.
സഹോദരങ്ങളെ ഇത് എങ്ങനെ ബാധിച്ചു?
222 പ്രചാരകരെ മാറ്റിത്താമസിപ്പിക്കേണ്ടിവന്നു
20 വീടുകൾ നശിച്ചു
സംഭാവനകൾ എങ്ങനെ ഉപയോഗിച്ചു?
ഒന്നരക്കോടിയിലധികം രൂപയാണ് ദുരിതാശ്വാസപ്രവർത്തനങ്ങൾക്കായി ചെലവഴിച്ചത്. താഴെപ്പറയുന്നതുപോലെയുള്ള ആവശ്യങ്ങൾക്കുവേണ്ടി അത് ഉപയോഗിച്ചു:
ഭക്ഷണവും വെള്ളവും വാങ്ങി
ഇന്ധനവും ശുചീകരണത്തിനുള്ള സാധനങ്ങളും മരുന്നുകളും വാങ്ങി
തകർന്നുപോയ വീടുകൾ പുനർനിർമിച്ചു
ഈ ദുരന്തം കാരണം ഒരു കുടുംബത്തിനു തങ്ങളുടെ വീടും ബിസിനെസ്സും എല്ലാം നഷ്ടപ്പെട്ടു. അത് അവരെ തകർത്തുകളഞ്ഞു. അവർക്ക് വരുമാനമാർഗം ഇല്ലാതായി. വീട് ഇരുന്ന സ്ഥലം ശൂന്യമായി കിടക്കുന്നതു കണ്ടപ്പോൾ ആദ്യദിവസങ്ങളിലൊന്നും അവർക്ക് അതു താങ്ങാനായില്ല. എന്നാൽ തങ്ങളുടെ വീടിന്റെ പുനർനിർമാണ ജോലികളെല്ലാം പുരോഗമിക്കുന്നതു കണ്ടപ്പോൾ അവർക്കു തെല്ലൊരു ആശ്വാസമായി. സന്നദ്ധസേവകരുടെ സ്നേഹവും കരുതലും പിടിച്ചുനിൽക്കാൻ അവരെ സഹായിച്ചു. ആ സ്നേഹം അവരെ ശരിക്കും സ്പർശിച്ചതുകൊണ്ട് മറ്റൊരു സഹോദരന്റെ വീടു പുനർനിർമിക്കാൻ ഈ കുടുംബം സന്നദ്ധസേവകരോടൊപ്പം കൂടി.
പല സഹോദരങ്ങളും ദുരിതാശ്വാസപ്രവർത്തനങ്ങളെ വിലമതിപ്പോടെയാണു കണ്ടത്. ഒരു സഹോദരൻ പറഞ്ഞു: “ദുരിതാശ്വാസ കമ്മിറ്റികൾ യഹോവയുടെ വലിയൊരു ക്രമീകരണമാണ്. ദുരന്തം നടന്ന അടുത്ത ദിവസംതന്നെ അവർ അത്യാവശ്യ സാധനങ്ങളുമായി സ്ഥലത്ത് എത്തി. ലോകമെങ്ങും നടക്കുന്ന ദുരിതാശ്വാസപ്രവർത്തനങ്ങളെക്കുറിച്ച് വായിക്കുന്നത് നമ്മളെ പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ അത്തരം സംഭവങ്ങൾ സ്വന്തം ജീവിതത്തിൽ നടക്കുമ്പോൾ അത് വേറിട്ടൊരു അനുഭവമാണ്, സംഘടനയെ നമ്മൾ കൂടുതൽ വിലമതിക്കും. സഹോദരങ്ങൾ യഹോവയുടെ ഗുണങ്ങൾ എത്ര നന്നായാണ് പ്രകടിപ്പിക്കുന്നത്! നമ്മുടെ ആത്മീയവും ഭൗതികവും വൈകാരികവും ആയ കാര്യങ്ങളിൽ അവർ എത്രമാത്രം താത്പര്യമാണ് എടുക്കുന്നത്. സത്യംപറഞ്ഞാൽ ഞങ്ങൾ യഹോവയുടെ സ്നേഹം അനുഭവിച്ചറിഞ്ഞു.”
ഈ വ്യവസ്ഥിതി അവസാനത്തോട് അടുക്കുമ്പോൾ ദുരന്തങ്ങൾ കൂടിക്കൂടി വരും. (ലൂക്കോസ് 21:10, 11) എങ്കിലും സ്നേഹമുള്ള നമ്മുടെ രാജാവായ യേശുക്രിസ്തു “വ്യവസ്ഥിതിയുടെ അവസാനകാലംവരെ” എന്നും നമ്മുടെകൂടെ ഉണ്ടായിരിക്കുമെന്നു വാക്കു തന്നിട്ടുണ്ട്. ക്രിസ്തീയസഭ എന്ന ക്രമീകരണത്തിലൂടെ നമ്മൾ ഇന്ന് അതു കാണുന്നു. (മത്തായി 28:20) ലോകവ്യാപകപ്രവർത്തനങ്ങൾക്കായി donate.pr418.com വഴിയും മറ്റു വിധങ്ങളിലും നിങ്ങൾ കൊടുക്കുന്ന ഉദാരമായ സംഭാവനകളും അതോടൊപ്പംതന്നെ നിങ്ങൾ ചെലവഴിക്കുന്ന സമയവും ഊർജവും ദൈവരാജ്യത്തെയും അതിന്റെ രാജാവിനെയും നിങ്ങൾ പിന്തുണയ്ക്കുന്നു എന്നാണ് കാണിക്കുന്നത്. നിങ്ങൾ തുടർച്ചയായി കാണിക്കുന്ന ഈ ഉദാരതയ്ക്ക് ഒരുപാടു നന്ദി.