വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

id-work/DigitalVision Vectors via Getty Images

ഉണർന്നിരിക്കുക!

എന്തു​കൊണ്ട്‌ ഇത്രയ​ധി​കം വിദ്വേ​ഷം?—ബൈബി​ളി​നു പറയാ​നു​ള്ളത്‌

എന്തു​കൊണ്ട്‌ ഇത്രയ​ധി​കം വിദ്വേ​ഷം?—ബൈബി​ളി​നു പറയാ​നു​ള്ളത്‌

 വിദ്വേ​ഷം ഊട്ടി​വ​ളർത്തുന്ന പ്രസം​ഗ​ങ്ങ​ളും വർണവി​വേ​ച​ന​ത്തി​ന്റെ​യും വെറു​പ്പി​ന്റെ​യും പേരി​ലുള്ള കുറ്റകൃ​ത്യ​ങ്ങ​ളും യുദ്ധങ്ങ​ളും ഒക്കെയാണ്‌ ഇപ്പോൾ വാർത്ത​ക​ളിൽ ഇടംപി​ടി​ച്ചി​രി​ക്കു​ന്നത്‌.

  •   “ഇസ്രായേലും ഗാസയും തമ്മിലുള്ള പോരാ​ട്ട​വും അക്രമ​ത്തി​നും വിദ്വേ​ഷ​ത്തി​നും തിരി​കൊ​ളു​ത്തുന്ന ആളുക​ളും കാരണം വെറുപ്പ്‌ വളർത്തുന്ന സംസാ​ര​മാണ്‌ സോഷ്യൽ മീഡി​യ​യിൽ നിറഞ്ഞി​രി​ക്കു​ന്നത്‌.”—ദ ന്യൂ​യോർക്ക്‌ ടൈംസ്‌, 2023 നവംബർ 15.

  •   “ഒക്ടോബർ 7 മുതൽ ലോക​ത്താ​കെ, മുൻവി​ധി കാരണ​മുള്ള വിദ്വേ​ഷം നിറഞ്ഞ സംസാ​ര​വും അക്രമ​വും മുമ്പ​ത്തെ​ക്കാ​ള​ധി​കം വർധി​ച്ചി​രി​ക്കു​ന്ന​താ​യി കാണാം.”—ഡെന്നിസ്‌ ഫ്രാൻസിസ്‌, ഐക്യ​രാ​ഷ്‌ട്ര പൊതു​സ​ഭ​യു​ടെ പ്രസി​ഡന്റ്‌, 2023 നവംബർ 3.

 വിദ്വേ​ഷം നിറഞ്ഞ സംസാ​ര​വും അക്രമ​വും യുദ്ധവും ഒന്നും പുതിയ കാര്യ​ങ്ങളല്ല. പണ്ടും ആളുകൾ “അവരുടെ ക്രൂര​മായ വാക്കുകൾ അമ്പുകൾപോ​ലെ ഉന്നം വെച്ചതി​നെ​ക്കു​റി​ച്ചും” അക്രമം, യുദ്ധം പോലുള്ള കാര്യ​ങ്ങ​ളിൽ ഏർപ്പെ​ട്ട​തി​നെ​ക്കു​റി​ച്ചും ബൈബിൾ പറയു​ന്നുണ്ട്‌. (സങ്കീർത്തനം 64:3; 120:7; 140:1) എന്നാൽ ഇന്ന്‌ ആളുകൾക്കി​ട​യിൽ കാണുന്ന വിദ്വേ​ഷ​ത്തിന്‌ വലി​യൊ​രു അർഥമുണ്ട്‌.

വിദ്വേ​ഷം—അത്‌ എന്തി​ന്റെ​യെ​ങ്കി​ലും തെളി​വാ​ണോ?

 വിദ്വേ​ഷം ഇന്ന്‌ സർവസാ​ധാ​ര​ണ​മാ​യി​രി​ക്കു​ന്ന​തി​ന്റെ രണ്ട്‌ കാരണങ്ങൾ ബൈബിൾ പറയുന്നു.

  1.  1. ‘മിക്കവ​രു​ടെ​യും സ്‌നേഹം തണുത്തു​പോ​കുന്ന’ ഒരു കാല​ത്തെ​ക്കു​റിച്ച്‌ ബൈബിൾ മുൻകൂ​ട്ടി​പ്പ​റ​യു​ന്നുണ്ട്‌. (മത്തായി 24:12) അന്ന്‌ സ്‌നേ​ഹ​ത്തിന്‌ പകരം വിദ്വേ​ഷ​വും വെറു​പ്പും നിറഞ്ഞ മനോ​ഭാ​വ​മാ​യി​രി​ക്കും പൊതു​വേ ആളുകൾക്കി​ട​യിൽ ഉണ്ടായി​രി​ക്കുക.—2 തിമൊ​ഥെ​യൊസ്‌ 3:1-5.

  2.  2. ഇന്ന്‌ ആളുകൾക്കി​ട​യിൽ വിദ്വേ​ഷം ആളിക്ക​ത്തു​ന്ന​തി​ന്റെ കാരണം പിശാ​ചായ സാത്താന്റെ പകയും ദുഷ്ടത​യും നിറഞ്ഞ സ്വാധീ​ന​മാണ്‌. “ലോകം മുഴു​വ​നും ദുഷ്ടന്റെ നിയ​ന്ത്ര​ണ​ത്തി​ലാണ്‌” എന്ന്‌ ബൈബിൾ പറയുന്നു.—1 യോഹ​ന്നാൻ 5:19; വെളി​പാട്‌ 12:9, 12.

 എന്നാൽ വെറു​പ്പിന്‌ പിന്നിലെ എല്ലാ അടിസ്ഥാന കാരണ​ങ്ങ​ളും ദൈവം നീക്കം ചെയ്യു​മെന്ന്‌ ബൈബിൾ പറയുന്നു. കൂടാതെ, വെറുപ്പ്‌ കാരണം ഉണ്ടായ എല്ലാ കഷ്ടപ്പാ​ടു​ക​ളും വേദന​യും ദൈവം ഇല്ലാതാ​ക്കും. ബൈബിൾ ഇങ്ങനെ ഉറപ്പു തരുന്നു:

  •   “ദൈവം അവരുടെ കണ്ണുക​ളിൽനിന്ന്‌ കണ്ണീ​രെ​ല്ലാം തുടച്ചു​ക​ള​യും. മേലാൽ മരണം ഉണ്ടായി​രി​ക്കില്ല; ദുഃഖ​മോ നിലവി​ളി​യോ വേദന​യോ ഉണ്ടായി​രി​ക്കില്ല. പഴയ​തെ​ല്ലാം കഴിഞ്ഞു​പോ​യി!”—വെളി​പാട്‌ 21:4.