ഉണർന്നിരിക്കുക!
ഒളിമ്പിക്സ് ശരിക്കും ലോകത്തെ ഒന്നിപ്പിക്കുമോ?—ബൈബിളിനു പറയാനുള്ളത്
206 ദേശങ്ങളിൽനിന്നുള്ള കായികതാരങ്ങൾ പങ്കെടുക്കുന്ന, 2024-ലെ സമ്മർ ഒളിമ്പിക്സ് 500 കോടിയോളം ആളുകൾ കാണുമെന്നു കണക്കാക്കപ്പെടുന്നു. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി പ്രസിഡന്റായ തോമസ് ബാക് ഇങ്ങനെ പറഞ്ഞു: “ലോകത്തെ മുഴുവൻ സമാധാനത്തിൽ ഒന്നിപ്പിക്കുന്ന ഒരു ബൃഹത്തായ പരിപാടിയുടെ ഭാഗമാണ് നമ്മൾ.” അദ്ദേഹം തുടർന്ന് പറഞ്ഞു: “അനേകം വ്യത്യസ്തതകൾ ഉണ്ടെങ്കിലും മുഴുമനുഷ്യരാശിയെയും ഐക്യത്തിലും സമാധാനത്തിലും ഒന്നിപ്പിക്കുക എന്നതാണ് ഒളിമ്പിക്സിന്റെ ഉദ്ദേശ്യം. അതിനുവേണ്ടി നമുക്കു കൈകോർക്കാം.”
ഒളിമ്പിക്സിന് ഇത്രയും മഹത്തായ ലക്ഷ്യങ്ങൾ കൈവരിക്കാനാകുമോ? യഥാർഥ സമാധാനവും ഐക്യവും എന്നെങ്കിലും നമുക്കു പ്രതീക്ഷിക്കാനാകുമോ?
അതു സമാധാനവും ഐക്യവും നേടിത്തരുമോ?
ഈ വർഷത്തെ ഒളിമ്പിക്സിനെ വെറുമൊരു കായികപരിപാടി എന്നു മാത്രം വിളിക്കാൻ കഴിയില്ല. കാരണം, ആളുകളെ ഭിന്നിപ്പിക്കുന്ന സാമൂഹികവും രാഷ്ട്രീയവും ആയ പല പ്രശ്നങ്ങളും ഇതിൽ ചർച്ചാവിഷയമായി. മനുഷ്യന്റെ അവകാശങ്ങൾ, വംശീയത, മതപരമായ വിവേചനം, അസമത്വം എന്നിവ അതിൽ ചിലതാണ്.
ഒളിമ്പിക്സ് പോലുള്ള അന്താരാഷ്ട്ര കായിക മാമാങ്കങ്ങൾ ആളുകൾക്കൊരു ആഘോഷമാണ്. എന്നാൽ ഇത്തരം പരിപാടികളിൽ ആളുകൾക്കിടയിലെ ഭിന്നതയാണ് പലപ്പോഴും വെളിച്ചത്തുവരുന്നത്. അത്തരം വേർതിരിവുകളെ അത് ഊട്ടിവളർത്തുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇത്തരം പരിപാടികൾക്ക് യഥാർഥ സമാധാനവും ഐക്യവും കൊണ്ടുവരാൻ പറ്റുന്നില്ല.
ഐക്യത്തിനു തടസ്സമാകുന്ന മനോഭാവങ്ങൾ ആളുകൾക്കുണ്ടാകുമെന്നു ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്. (2 തിമൊഥെയൊസ് 3:1-5) ഈ ബൈബിൾപ്രവചനത്തെക്കുറിച്ച് കൂടുതൽ അറിയാൻ “ഇന്നത്തെ ആളുകൾ എങ്ങനെയുള്ളവരായിരിക്കുമെന്ന് ബൈബിളിൽ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ടോ?” എന്ന ലേഖനം വായിക്കുക.
ലോകമെങ്ങും സമാധാനവും ഐക്യവും വരുന്ന ഒരു കാലം
അങ്ങനെയൊരു കാലം വരുമെന്നു ബൈബിൾ ഉറപ്പുതരുന്നുണ്ട്. ‘ദൈവരാജ്യം’ എന്നു വിളിക്കുന്ന ഒരു സ്വർഗീയ ഗവൺമെന്റിന്റെ കീഴിൽ ഭൂമിയിലുള്ള എല്ലാ ആളുകളും ഒന്നിക്കുമെന്ന് അത് ഉറപ്പുതരുന്നു.—ലൂക്കോസ് 4:43; മത്തായി 6:10.
ആ രാജ്യത്തിന്റെ രാജാവായ യേശുക്രിസ്തു ഭൂമിയെ മുഴുവൻ സമാധാനമുള്ള ഒരു ഇടമാക്കി മാറ്റും. ബൈബിൾ പറയുന്നു:
“നീതിമാന്മാർ തഴച്ചുവളരും; . . . സമാധാനസമൃദ്ധിയുണ്ടാകും.”—സങ്കീർത്തനം 72:7.
“സഹായത്തിനായി കേഴുന്ന ദരിദ്രനെ അവൻ രക്ഷിക്കും; . . . അടിച്ചമർത്തലിനും അക്രമത്തിനും ഇരയാകുന്നവരെ അവൻ മോചിപ്പിക്കും.”—സങ്കീർത്തനം 72:12, 14.
ഇക്കാലത്തുപോലും 239 ദേശങ്ങളിലുള്ള ലക്ഷക്കണക്കിന് ആളുകളെ യേശു പഠിപ്പിച്ച കാര്യങ്ങൾ ഒരുമിപ്പിച്ച് നിറുത്തുന്നുണ്ട്. യേശുവിന്റെ പഠിപ്പിക്കലുകൾ അനുസരിക്കുന്ന ലോകമെങ്ങുമുള്ള യഹോവയുടെ സാക്ഷികൾ സമാധാനത്തോടെ ജീവിക്കാൻ പഠിച്ചിരിക്കുന്നു. അത് എങ്ങനെയെന്ന് അറിയാൻ “വെറുപ്പിന്റെ ചങ്ങല പൊട്ടിച്ചെറിയാം” എന്ന വിഷയത്തിലുള്ള വീക്ഷാഗോപുരം മാസിക വായിച്ചുനോക്കൂ.