ഉണർന്നിരിക്കുക!
കൊടും വരൾച്ച—ബൈബിളിനു പറയാനുള്ളത്
“ചൈനയിൽ ഏറ്റവും വലിയ ഉഷ്ണതരംഗം ഈ വർഷം രേഖപ്പെടുത്തി. കണക്കുകൾ അനുസരിച്ച്, രാജ്യം കണ്ട കൊടും വരൾച്ചകളിൽ മൂന്നാം സ്ഥാനമാണ് ഇതിന്.”—ദ ഗാർഡിയൻ, 2022 സെപ്റ്റംബർ 7.
“ആഫ്രിക്കയുടെ പല ഭാഗങ്ങളെയും ഈ അഞ്ചാം വർഷവും കടുത്ത വരൾച്ച പിടികൂടും.”—യുഎൻ ന്യൂസ്, 2022 ആഗസ്റ്റ് 26.
“യൂറോപ്പിന്റെ മൂന്നിൽ രണ്ടു ഭാഗവും വരൾച്ചയുടെ ഭീഷണിയിലാണ്. കഴിഞ്ഞ 500 വർഷത്തിനിടയിലെ ഏറ്റവും കടുത്ത വരൾച്ച ഇതായിരിക്കും എന്നാണ് നിഗമനം.”—ബിബിസി ന്യൂസ്, 2022 ആഗസ്റ്റ് 23.
പല വിദഗ്ധരും പറയുന്നത് ഇത്തരം വരൾച്ച ഇനിയും ഉണ്ടാകുമെന്നും അത് കൂടുതൽ വഷളാകുമെന്നും ആണ്. അപ്പോൾ ഇനി പ്രതീക്ഷയ്ക്കൊന്നും വകയില്ലെന്നാണോ? അതിനുള്ള ഉത്തരം ബൈബിളിലുണ്ട്.
വരൾച്ചയും ബൈബിൾ പ്രവചനവും
നമ്മുടെ കാലത്തെക്കുറിച്ച് ബൈബിൾ മുൻകൂട്ടിപ്പറയുന്നു:
‘ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാമങ്ങൾ ഉണ്ടാകും.’—ലൂക്കോസ് 21:11.
വരൾച്ച മിക്കപ്പോഴും ഭക്ഷ്യക്ഷാമത്തിനു കാരണമാകുന്നു. ഇത്തരം ഭക്ഷ്യക്ഷാമങ്ങളും അതു വരുത്തിവെക്കുന്ന ദുരിതവും മരണവും എല്ലാം ബൈബിൾ പ്രവചനത്തിന്റെ നിവൃത്തിയാണ്.—വെളിപാട് 6:6, 8.
വരൾച്ച രൂക്ഷമാകുന്നതിന്റെ കാരണം
അതിന്റെ പിന്നിലെ ഒരു പ്രധാന കാരണത്തെക്കുറിച്ച് ബൈബിൾ ഇങ്ങനെ പറയുന്നു:
‘സ്വന്തം കാലടികളുടെ നിയന്ത്രണംപോലും മനുഷ്യനുള്ളതല്ലല്ലോ.’—യിരെമ്യ 10:23.
മനുഷ്യർക്ക് അവരുടെ ‘കാലടികൾ നിയന്ത്രിക്കാൻ’ കഴിയില്ല. എന്നു പറഞ്ഞാൽ അവർക്ക് അവരെത്തന്നെ നന്നായി നയിക്കാൻ കഴിയില്ല എന്നാണ് അർഥം. മനുഷ്യരുടെ തെറ്റായ തീരുമാനങ്ങളാണ് പലപ്പോഴും വരൾച്ചയ്ക്കും ജലക്ഷാമത്തിനും ഇടയാക്കുന്നത്.
മനുഷ്യന്റെ പ്രവൃത്തികളാണ് ആഗോളതാപനത്തിനു കാരണമായിരിക്കുന്നതെന്ന് മിക്ക ശാസ്ത്രജ്ഞന്മാരും അഭിപ്രായപ്പെടുന്നു. ഇങ്ങനെ ആഗോളതാപനത്തിന്റെ ഫലമായി ലോകമെങ്ങുമുള്ള വരൾച്ച കൂടുന്നു.
മനുഷ്യന്റെ അത്യാഗ്രഹവും ഭാവിയെക്കുറിച്ച് ചിന്തിക്കാതെയുള്ള പദ്ധതികളും വനനശീകരണത്തിനും മലിനീകരണത്തിനും പ്രകൃതിവിഭവങ്ങളുടെ ദുരുപയോഗത്തിനും വഴിവെക്കുന്നു. അങ്ങനെ പല ജലസ്രോതസ്സുകളും ഇല്ലാതാകുന്നു.
എന്നാൽ സന്തോഷം തരുന്ന ഒരു കാര്യം ബൈബിളിനു പറയാനുണ്ട്.
ഭാവിയെക്കുറിച്ച് ബൈബിൾ എന്തു പ്രത്യാശയാണ് തരുന്നത്?
നമ്മൾ ഇന്ന് നേരിടുന്ന ജലദൗർലഭ്യം എന്ന പ്രശ്നം ദൈവം പരിഹരിക്കുമെന്ന് ബൈബിൾ പറയുന്നു. എന്നാൽ എങ്ങനെ?
1. ദൈവം ‘ഭൂമിയെ നശിപ്പിക്കുന്നവരെ നശിപ്പിക്കും.’ (വെളിപാട് 11:18) ജലക്ഷാമത്തിന്റെ ഒരു പ്രധാനകാരണം ദുഷ്ടരായ, അത്യാഗ്രഹികളായ മനുഷ്യർ പ്രകൃതിയെ ദുരുപയോഗം ചെയ്യുന്നതാണ്. അവരെ ദൈവം ഇല്ലാതാക്കും.—2 തിമൊഥെയൊസ് 3:1, 2.
2. “വരണ്ടുണങ്ങിയ നിലം ഈറ്റകൾ വളരുന്ന തടാകമായി മാറും.” (യശയ്യ 35:1, 6, 7) വരൾച്ചകൾ കൊണ്ടുണ്ടായ കേടുപാടുകൾ ദൈവം ഇല്ലാതാക്കും. ഈ ഭൂമിയെ ജലസമൃദ്ധമായ ഒരു പറുദീസയാക്കി മാറ്റും.
3. “അങ്ങ് ഭൂമിയെ പരിപാലിക്കുന്നു; അതിനെ വളരെ ഫലപുഷ്ടിയുള്ളതും വളക്കൂറുള്ളതും ആക്കുന്നു.” (സങ്കീർത്തനം 65:9) ഭാവിയിൽ ദൈവത്തിന്റെ അനുഗ്രഹത്താൽ ഭൂമിയിലുള്ള എല്ലാവർക്കും സമൃദ്ധമായ ഭക്ഷണവും ശുദ്ധജലവും ലഭ്യമാകും.