ഉണർന്നിരിക്കുക!
60 ലക്ഷം കോവിഡ് മരണങ്ങൾ—ബൈബിൾ എന്താണ് പറയുന്നത്?
2022 മെയ് 23-ലെ ലോകാരോഗ്യ സംഘടനയുടെ (ഡബ്ലിയുഎച്ച്ഒ) കണക്കനുസരിച്ച് കോവിഡ്-19 കാരണം മരിച്ചവരുടെ എണ്ണം 62,70,000 ആണ്. എന്നാൽ 2022 മെയ് 5-ന് പുറത്തിറങ്ങിയ ഒരു വാർത്തയിൽ, ശരിക്കുമുള്ള മരണനിരക്ക് വളരെ കൂടുതലാണെന്ന് ഡബ്ലിയുഎച്ച്ഒ പറഞ്ഞിരുന്നു. 2020-ലും 2021-ലുമായി “കോവിഡ്-19 കൊണ്ട് നേരിട്ടോ അല്ലാതെയോ മരിച്ചവരുടെ എണ്ണം . . . ഏകദേശം 1,49,00,000 ആണ്” എന്ന് ആ റിപ്പോർട്ട് പറഞ്ഞു. നമ്മളെ വളരെയധികം വേദനിപ്പിക്കുന്ന ഇത്തരം ദുരന്തങ്ങളെക്കുറിച്ച് ബൈബിൾ എന്തെങ്കിലും പറയുന്നുണ്ടോ?
മാരകമായ പകർച്ചവ്യാധികളെക്കുറിച്ച് ബൈബിൾ മുൻകൂട്ടിപ്പറഞ്ഞിട്ടുണ്ട്
‘അവസാനകാലം’ എന്നു വിളിക്കുന്ന ഒരു കാലഘട്ടത്തിൽ പകർച്ചവ്യാധികൾ അഥവാ ‘മഹാവ്യാധികൾ’ ഉണ്ടാകുമെന്ന് യേശു മുൻകൂട്ടിപ്പറഞ്ഞിരുന്നു.—ലൂക്കോസ് 21:11, സത്യവേദപുസ്തകം; 2 തിമൊഥെയൊസ് 3:1.
യേശുവിന്റെ ആ പ്രവചനം ഇന്ന് നിറവേറിക്കൊണ്ടിരിക്കുകയാണ്. ഇതെക്കുറിച്ച് കൂടുതൽ അറിയാൻ “‘അന്ത്യകാലത്തിന്റെ’ അല്ലെങ്കിൽ ‘അവസാനനാളുകളുടെ’ അടയാളം എന്താണ്?” എന്ന ലേഖനം വായിക്കുക.
ബൈബിൾ ആശ്വാസം തരുന്നു
‘ഏതു സാഹചര്യത്തിലും ആശ്വാസം തരുന്ന ദൈവം നമ്മുടെ കഷ്ടതകളിലെല്ലാം നമ്മളെ ആശ്വസിപ്പിക്കുന്നു.’—2 കൊരിന്ത്യർ 1:3, 4.
പ്രിയപ്പെട്ടവരെ മരണത്തിൽ നഷ്ടമായവർക്ക് ബൈബിൾ പറയുന്ന സന്ദേശത്തിൽനിന്ന് ആശ്വാസം ലഭിച്ചിരിക്കുന്നു. “തളരാതെ മുന്നോട്ട്—നിങ്ങൾക്ക് ഇപ്പോൾ ചെയ്യാനാകുന്നത്,” “ഏറ്റവും വലിയ സഹായം” എന്നീ ലേഖനങ്ങളിൽനിന്ന് കൂടുതൽ വിവരങ്ങൾ വായിക്കാം.
ഉറപ്പുള്ള ഒരു പരിഹാരത്തെക്കുറിച്ച് ബൈബിൾ പറയുന്നു
“അങ്ങയുടെ രാജ്യം വരേണമേ. അങ്ങയുടെ ഇഷ്ടം സ്വർഗത്തിലെപ്പോലെ ഭൂമിയിലും നടക്കേണമേ.”—മത്തായി 6:10.
‘“എനിക്കു രോഗമാണ്” എന്ന് ആരും പറയാത്ത’ ഒരു കാലം “ദൈവരാജ്യം” ഉടൻ കൊണ്ടുവരും. (യശയ്യ 33:24; മർക്കോസ് 1:14, 15) ദൈവത്തിന്റെ സ്വർഗീയ ഗവൺമെന്റിനെക്കുറിച്ചും അതു ചെയ്യാൻപോകുന്ന കാര്യങ്ങളെക്കുറിച്ചും എന്താണ് ദൈവരാജ്യം? എന്ന വീഡിയോയിൽ കാണുക.
ബൈബിൾ കൂടുതൽ മനസ്സിലാക്കാൻ ഞങ്ങൾ നിങ്ങളെ ക്ഷണിക്കുന്നു. അതിലെ നിർദേശങ്ങളും പ്രത്യാശ പകരുന്ന വാക്കുകളും നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും പ്രയോജനം ചെയ്യും.