ഗവൺമെന്റുകളുടെ അഴിമതി എന്നെങ്കിലും അവസാനിക്കുമോ?
ഇന്ന് ലോകത്ത് എല്ലായിടത്തും ആളുകൾ അനുഭവിക്കുന്ന ഒരു പ്രശ്നമാണ് ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ അഴിമതി. അത് ആളുകളെ ശരിക്കും ദുരിതത്തിലാക്കുന്നു. a ഉദാഹരണത്തിന്, പല രാജ്യങ്ങളിലെയും ഉദ്യോഗസ്ഥർ കോവിഡ്-19 മഹാമാരിയുടെ സമയത്ത് അതിനെതിരെ പോരാടാനായി നീക്കിവെച്ചിരുന്ന തുക അവരുടെ പോക്കറ്റിലാക്കിയതായി ആരോപണമുണ്ടായി. ആ അഴിമതി കാരണം ആളുകൾക്ക് ആവശ്യമായിരുന്ന ആരോഗ്യപരിചരണം കിട്ടാതെവന്നു. അത് എണ്ണിയാലൊടുങ്ങാത്ത കഷ്ടപ്പാടുകൾക്കും മരണത്തിനും കാരണമായി.
ഗവൺമെന്റുതലത്തിൽ നടക്കുന്ന അഴിമതിയുടെ ഫലങ്ങൾ ഏതെങ്കിലും ഒരിടത്ത് മാത്രം ഒതുങ്ങുന്നതല്ല. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന ഡേവിഡ് കാമറൂൺ ഇതെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “അഴിമതി കെട്ടിപ്പിണഞ്ഞുകിടക്കുന്ന ഒരു വലിയ വല പോലെയാണ്. എല്ലാ രാജ്യങ്ങളും അതിൽ കുടുങ്ങിയിരിക്കുകയാണ്.”
ഗവൺമെന്റുതലത്തിൽ നടക്കുന്ന എല്ലാ അഴിമതികൾക്കും പെട്ടെന്നുതന്നെ ഒരു അവസാനമുണ്ടാകും. പക്ഷേ അതു നമുക്ക് എങ്ങനെ അറിയാം? ദൈവം ചെയ്യാൻ പോകുന്നതിനെക്കുറിച്ച് ബൈബിൾ എന്താണു പറയുന്നത് എന്നു നമുക്കു നോക്കാം.
ദൈവം അഴിമതി അവസാനിപ്പിക്കുമെന്നു നമുക്ക് എന്താ ഉറപ്പ്?
ബൈബിളിൽ ദൈവം ഇങ്ങനെ പറയുന്നു: “യഹോവ എന്ന ഞാൻ ന്യായത്തെ സ്നേഹിക്കുന്നു; കവർച്ചയും അനീതിയും ഞാൻ വെറുക്കുന്നു.” b (യശയ്യ 61:8) ആളുകൾ അഴിമതി കാരണം കഷ്ടപ്പെടുമ്പോൾ ദൈവം അത് അറിയുന്നുണ്ട്. (സുഭാഷിതങ്ങൾ 14:31) ദൈവം തരുന്ന ഉറപ്പ് ഇതാണ്: “ക്ലേശിതരെ അടിച്ചമർത്തുന്നു, . . . അതുകൊണ്ട് ഞാൻ എഴുന്നേറ്റ് നടപടിയെടുക്കും.”—സങ്കീർത്തനം 12:5.
ദൈവം അപ്പോൾ എന്തു ചെയ്യും? ഇപ്പോഴുള്ള ഗവൺമെന്റുകളെ അഴിച്ചുപണിയുന്നതിനു പകരം ആ ഗവൺമെന്റുകളെയെല്ലാം നീക്കി ദൈവത്തിന്റെ സ്വന്തം സ്വർഗീയഗവൺമെന്റായ “ദൈവരാജ്യം” സ്ഥാപിക്കും. (മർക്കോസ് 1:14, 15; മത്തായി 6:10) ബൈബിൾ പറയുന്നു: “സ്വർഗസ്ഥനായ ദൈവം . . . ഒരു രാജ്യം സ്ഥാപിക്കും. . . . ഈ രാജ്യങ്ങളെയെല്ലാം തകർത്ത് ഇല്ലാതാക്കിയിട്ട് അതു മാത്രം എന്നും നിലനിൽക്കും.” (ദാനിയേൽ 2:44) അങ്ങനെ നമ്മൾ ഇന്നു കാണുന്ന എല്ലാ അഴിമതിയും ദൈവം അവസാനിപ്പിക്കും.
അഴിമതിയില്ലാത്ത ഒരു ഗവൺമെന്റ്
ദൈവത്തിന്റെ ഗവൺമെന്റായ ദൈവരാജ്യത്തിൽ അഴിമതി ഉണ്ടായിരിക്കില്ലെന്നു നമുക്ക് എങ്ങനെ അറിയാം? ചില കാരണങ്ങൾ നോക്കാം.
1. അധികാരം. ആ ഗവൺമെന്റിന് അധികാരം കിട്ടുന്നതു സർവശക്തനായ ദൈവത്തിൽനിന്നാണ്.—വെളിപാട് 11:15.
അതുകൊണ്ടുള്ള പ്രയോജനം: ഇന്നത്തെ ഗവൺമെന്റുകൾ പൗരന്മാരുടെ പണം ഉപയോഗിച്ചാണ് അതിന്റെ കാര്യങ്ങൾ നടത്തുന്നത്. അത് കൈക്കൂലി വാങ്ങാനും മോഷ്ടിക്കാനും മറ്റു തിരിമറികൾ നടത്താനും ഒക്കെയുള്ള അവസരങ്ങളുണ്ടാക്കുന്നു. പക്ഷേ ദൈവരാജ്യത്തെ പിന്തുണയ്ക്കുന്നതു സർവശക്തനായ ദൈവമാണ്. അതുകൊണ്ട് അതിന്റെ പ്രജകൾക്ക് ആവശ്യമായതെല്ലാം എപ്പോഴും കൊടുക്കാൻ ആ ഗവൺമെന്റിനു കഴിയും.—സങ്കീർത്തനം 145:16.
2. ഭരണാധികാരി. ആ രാജ്യത്തിന്റെ ഭരണാധികാരിയായി ദൈവം നിയമിച്ചിരിക്കുന്നതു യേശുക്രിസ്തുവിനെയാണ്.—ദാനിയേൽ 7:13, 14.
അതുകൊണ്ടുള്ള പ്രയോജനം: ഏറ്റവും നല്ല മനുഷ്യഭരണാധികാരികൾപോലും സ്വാധീനങ്ങൾക്കു വഴങ്ങിപ്പോയേക്കാം. (സഭാപ്രസംഗകൻ 7:20) പക്ഷേ കോഴ കൊടുത്ത് തന്നെ വശത്താക്കാൻ പറ്റില്ലെന്നു യേശു തെളിയിച്ചു. (മത്തായി 4:8-11) അതു മാത്രമല്ല യേശു ഏതു കാര്യവും ചെയ്യുന്നതു പ്രജകളോടുള്ള യഥാർഥസ്നേഹംകൊണ്ടാണ്. യേശുവിന് അവരുടെ ക്ഷേമത്തിൽ യഥാർഥതാത്പര്യവുമുണ്ട്.—സങ്കീർത്തനം 72:12-14.
3. നിയമങ്ങൾ. ദൈവരാജ്യത്തിന്റെ നിയമങ്ങൾ തികവുള്ളതാണ് എന്നു മാത്രമല്ല അത് അനുസരിക്കുന്നവർക്കു സന്തോഷവും കൊടുക്കും.—സങ്കീർത്തനം 19:7, 8.
അതുകൊണ്ടുള്ള പ്രയോജനം: മനുഷ്യരുണ്ടാക്കുന്ന നിയമങ്ങൾ പലപ്പോഴും മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ളതോ ആളുകളെ ഭാരപ്പെടുത്തുന്നതോ ശരിയായ വിധത്തിൽ നടപ്പാക്കാത്തതോ ആയിരിക്കും. ഇതെല്ലാം അഴിമതിക്ക് അവസരങ്ങൾ ഒരുക്കുന്നു. പക്ഷേ ദൈവത്തിന്റെ നിയമങ്ങൾ നടപ്പാക്കാൻ എളുപ്പമുള്ളതും പ്രയോജനം ചെയ്യുന്നതും ആണ്. (യശയ്യ 48:17, 18) ദൈവത്തിന് ആളുകളുടെ ഹൃദയം വായിക്കാൻ കഴിവുള്ളതുകൊണ്ട് ദൈവം അവരുടെ സാഹചര്യങ്ങൾ പരിഗണിച്ച് സഹാനുഭൂതിയോടെയാണു നിയമങ്ങൾ നടപ്പാക്കുന്നത്.—യിരെമ്യ 17:10; മത്തായി 22:37, 39.
അഴിമതിയില്ലാത്ത ഒരു ഭാവിഗവൺമെന്റ് എന്ന ബൈബിളിന്റെ വാഗ്ദാനത്തെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾക്ക് ആഗ്രഹമുണ്ടോ?
ദൈവരാജ്യത്തിൽ അഴിമതി ഉണ്ടായിരിക്കാത്തതിന്റെ മറ്റു മൂന്നു കാര്യങ്ങൾ അറിയാൻ “ദൈവരാജ്യം—അഴിമതിയില്ലാത്ത ഗവൺമെന്റ്” എന്ന ലേഖനം വായിക്കുക.
ദൈവരാജ്യത്തെക്കുറിച്ചും അതു ഭൂമിയിൽ എന്തു ചെയ്യും എന്നതിനെക്കുറിച്ചും കൂടുതൽ അറിയാൻ എന്താണ് ദൈവരാജ്യം? എന്ന വീഡിയോ കാണുക.
ബൈബിളിന്റെ വാഗ്ദാനങ്ങളിൽനിന്ന് നിങ്ങൾക്ക് എങ്ങനെ പ്രയോജനം നേടാമെന്നു മനസ്സിലാക്കാൻ ഞങ്ങളുടെ സൗജന്യ ബൈബിൾപഠന പരിപാടി പരീക്ഷിച്ചുനോക്കാവുന്നതാണ്.
a ഒരു നിർവചനം അനുസരിച്ച്, ലഭിച്ചിരിക്കുന്ന അധികാരം സ്വന്തം നേട്ടത്തിനുവേണ്ടി ഉപയോഗിക്കുന്നതാണ് “അഴിമതി.”
b യഹോവ എന്നത് ദൈവത്തിന്റെ വ്യക്തിപരമായ പേരാണ്. (സങ്കീർത്തനം 83:18) “യഹോവ ആരാണ്?”എന്ന ലേഖനം നോക്കുക.