ജോലി പോയോ? . . . മുന്നോട്ടുപോകാൻ ചില നിർദേശങ്ങൾ
ജോലി പോയാൽ ആവശ്യത്തിനു പണമുണ്ടാകില്ലെന്നു മാത്രമല്ല നിങ്ങൾക്ക് ആകെ ടെൻഷനും വിഷമവും ഒക്കെയായിരിക്കും. ബൈബിൾ നൽകുന്ന ഈ നിർദേശങ്ങൾ മുന്നോട്ടുപോകാൻ നിങ്ങളെ സഹായിക്കും.
മനസ്സിലുള്ളതു മറ്റുള്ളവരോടു പറയുക.
ബൈബിൾ പറയുന്നത്: “യഥാർഥസ്നേഹിതൻ എല്ലാ കാലത്തും സ്നേഹിക്കുന്നു.”—സുഭാഷിതങ്ങൾ 17:17.
തൊഴിൽ നഷ്ടമായാൽ നിങ്ങൾക്ക് ആകെ ദേഷ്യവും സങ്കടവും ഒക്കെ തോന്നിയേക്കാം. എന്താണ് ഇനി ചെയ്യേണ്ടതെന്ന് അറിയാത്ത ഒരു അവസ്ഥ! നിങ്ങൾ ഒരു പരാജയമാണെന്നുപോലും തോന്നിപ്പോയേക്കാം. ഈ വിഷമങ്ങളൊക്കെ നിങ്ങളുടെ കുടുംബാംഗങ്ങളോടും അടുത്ത കൂട്ടുകാരോടും പറയുക. അവർക്കു നിങ്ങളുടെ കൂടെ നിൽക്കാൻ കഴിയും. മാത്രമല്ല മുന്നോട്ടുപോകാൻ ആവശ്യമായ ചില നല്ല ഉപദേശങ്ങളും അവർ തന്നേക്കാം.
വല്ലാതെ ടെൻഷനടിക്കേണ്ടാ.
ബൈബിൾ പറയുന്നത്: “അടുത്ത ദിവസത്തെ ഓർത്ത് ഒരിക്കലും ഉത്കണ്ഠപ്പെടരുത്. ആ ദിവസത്തിന് അതിന്റേതായ ഉത്കണ്ഠകളുണ്ടായിരിക്കുമല്ലോ.”—മത്തായി 6:34.
മുന്നോട്ടു പ്ലാൻ ചെയ്യാൻ ബൈബിൾ നമ്മളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. (സുഭാഷിതങ്ങൾ 21:5) എന്നാൽ ഭാവിയെക്കുറിച്ച് ഓർത്ത് ഒരുപാട് ടെൻഷൻ അടിക്കേണ്ടെന്നും ബൈബിൾ പറയുന്നുണ്ട്. ചിലപ്പോഴൊക്കെ നമ്മൾ ടെൻഷനടിക്കുന്ന പല കാര്യങ്ങളും അങ്ങനെതന്നെ സംഭവിക്കണമെന്നില്ല. അതുകൊണ്ട് ഇന്ന് എന്ത് ചെയ്യാൻ പറ്റുമെന്നു ചിന്തിക്കുന്നതാണു കൂടുതൽ നല്ലത്.
നിങ്ങളുടെ ഇപ്പോഴത്തെ ടെൻഷൻ കുറയ്ക്കാൻ സഹായിക്കുന്ന പല നിർദേശങ്ങളും ഇനിയും ബൈബിളിലുണ്ട്. കൂടുതൽ അറിയാൻ “ടെൻഷനെ എങ്ങനെ നേരിടാം?” എന്ന ലേഖനം വായിക്കുക.
പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കുക.
ബൈബിൾ പറയുന്നത്: “സമൃദ്ധിയിൽ കഴിയാനോ ദാരിദ്ര്യത്തിൽ കഴിയാനോ . . . എനിക്ക് അറിയാം.”—ഫിലിപ്പിയർ 4:12.
സാഹചര്യങ്ങൾ മാറുമ്പോൾ നിങ്ങളും മാറണം. എന്നു പറഞ്ഞാൽ, മുമ്പ് ചെലവാക്കിയതുപോലെതന്നെ ഇപ്പോഴും പണം ചെലവാക്കാതെ കൈയിൽ ഉള്ളതുവെച്ച് ജീവിക്കാൻ ശ്രമിക്കുക. അനാവശ്യമായി കടവും വരുത്തിവെക്കരുത്.—സുഭാഷിതങ്ങൾ 22:7.
ഇപ്പോഴുള്ളതുവെച്ച് എങ്ങനെ ജീവിക്കാനാകുമെന്ന് അറിയാൻ “വരവ് കുറയുമ്പോൾ; ചെലവും കുറയ്ക്കാം” എന്ന ലേഖനം കാണുക.
സമയം വെറുതേ കളയരുത്.
ബൈബിൾ പറയുന്നത്: “എപ്പോഴും ജ്ഞാനത്തോടെ പെരുമാറുക. സമയം എറ്റവും നന്നായി ഉപയോഗിക്കുക.”—കൊലോസ്യർ 4:5.
ജോലിക്ക് പോയിരുന്നപ്പോഴത്തെ അത്ര തിരക്ക് നിങ്ങൾക്ക് ഇപ്പോൾ ഇല്ലായിരിക്കും. എങ്കിലും ഓരോ ദിവസവും സമയം എങ്ങനെ ഉപയോഗിക്കുന്നു എന്ന കാര്യത്തിൽ ഒരു ചിട്ട വേണം. അങ്ങനെയാകുമ്പോൾ തുടർന്നും നല്ലൊരു ജീവിതരീതി നിങ്ങൾക്ക് ഉണ്ടായിരിക്കും, സമയം വെറുതെ കളഞ്ഞെന്ന നിരാശയും തോന്നില്ല.
എന്തു ജോലി ചെയ്യാനും തയ്യാറായിരിക്കുക.
ബൈബിൾ പറയുന്നത്: “കഠിനാധ്വാനം ചെയ്താൽ പ്രയോജനം ലഭിക്കും.”—സുഭാഷിതങ്ങൾ 14:23.
മുമ്പ് ചെയ്ത ജോലിതന്നെയേ ഇനിയും ചെയ്യൂ എന്നു വാശിപിടിക്കരുത്. കിട്ടുന്ന ജോലി സ്വീകരിക്കാൻ മനസ്സ് കാണിക്കുക; അത് അത്ര ഉഗ്രൻ ജോലിയോ അതിന് മുമ്പത്തെ അത്ര ശമ്പളമോ ഒന്നുമില്ലങ്കിലും.
ശ്രമിച്ചുകൊണ്ടേയിരിക്കുക.
ബൈബിൾ പറയുന്നത്: “രാവിലെ നിന്റെ വിത്തു വിതയ്ക്കുക. വൈകുന്നേരംവരെ നിന്റെ കൈക്കു വിശ്രമം കൊടുക്കരുത്; ഇതാണോ അതാണോ സഫലമാകുക . . . എന്നു നിനക്ക് അറിയില്ലല്ലോ.”—സഭാപ്രസംഗകൻ 11:6.
ഒരു ജോലി കണ്ടെത്താൻ ശ്രമിച്ചുകൊണ്ടേയിരിക്കുക. ഒരു ജോലിക്കുവേണ്ടി നോക്കിക്കൊണ്ടിരിക്കുകയാണ് എന്ന കാര്യം എല്ലാവരോടും പറയുക. അതെക്കുറിച്ച് നിങ്ങളുടെ ബന്ധുക്കളോടും അയൽക്കാരോടും നിങ്ങൾക്ക് അറിയാവുന്നവരോടും നിങ്ങളുടെകൂടെ മുമ്പ് ജോലി ചെയ്തിരുന്നവരോടും ഒക്കെ സംസാരിക്കുക. അതുപോലെ എംപ്ലോയ്മെന്റ് ഏജൻസികളിൽ അന്വേഷിക്കുക, ജോലിക്കാരെ ആവശ്യമുണ്ടെന്നു പറയുന്ന പരസ്യങ്ങളും കമ്പനികളുടെ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന ജോലി ഒഴിവുകളും നോക്കുക. പലയിടത്ത് അപേക്ഷകൾ സമർപ്പിക്കുകയും ഒരുപാട് ഇന്റർവ്യൂകളിൽ പങ്കെടുക്കുകയും ചെയ്താലേ എന്തെങ്കിലും ഒരു ജോലി കിട്ടുകയുള്ളൂ എന്ന കാര്യവും മനസ്സിൽപ്പിടിക്കണം.