ബൈബിൾ പറയുന്ന ശരിയും തെറ്റും ഇക്കാലത്ത് നോക്കേണ്ടതുണ്ടോ?
മിക്ക ആളുകളും, എന്തിന് ക്രിസ്ത്യാനികളുപോലും ലൈംഗികതയെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ബൈബിൾ പറയുന്ന കാര്യങ്ങൾ ഇക്കാലത്തിനു പറ്റിയതല്ലെന്നു ചിന്തിക്കുന്നു. കാലത്തിനനുസരിച്ച് മാറാനാണ് പല ക്രൈസ്തവസഭകളും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ മുമ്പ് തെറ്റെന്ന് പറഞ്ഞിരുന്ന കാര്യങ്ങളൊക്കെ അവർ ഇപ്പോൾ അംഗീകരിച്ചുകൊടുക്കുന്നു. ബൈബിൾ പറയുന്ന ശരിയും തെറ്റും ഒക്കെ ഇക്കാലത്ത് നോക്കേണ്ടതുണ്ടോ? ഉണ്ട്. അതിന്റെ കാരണം നമുക്ക് നോക്കാം.
മനുഷ്യർക്ക് ദൈവത്തിന്റെ സഹായമില്ലാതെ പറ്റില്ല
മാർഗനിർദേശത്തിനായി മനുഷ്യർ സ്രഷ്ടാവിലേക്കു നോക്കണം. ആ രീതിയിലാണ് ദൈവം അവരെ സൃഷ്ടിച്ചിരിക്കുന്നത്. ബൈബിൾ ഇങ്ങനെ പറയുന്നു: “സ്വന്തം കാലടികളുടെ നിയന്ത്രണംപോലും അവനുള്ളതല്ലല്ലോ (മനുഷ്യനുള്ളതല്ലല്ലോ).” (യിരെമ്യ 10:23) തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് ദൈവമായ യഹോവ a മനുഷ്യർക്കു കൊടുത്തിട്ടുണ്ടെങ്കിലും ശരിയും തെറ്റും ഏതാണെന്ന് സ്വയം തീരുമാനിക്കാനുള്ള അധികാരമോ പ്രാപ്തിയോ ദൈവം അവർക്കു കൊടുത്തിട്ടില്ല. ആ കാര്യത്തിൽ നമ്മൾ ദൈവത്തിൽ ആശ്രയിക്കാനാണ് ദൈവം പ്രതീക്ഷിക്കുന്നത്.—സുഭാഷിതങ്ങൾ 3:5.
ശരിയേത് തെറ്റേത് എന്ന് ദൈവം ബൈബിളിലൂടെ നമുക്ക് പറഞ്ഞുതന്നിട്ടുണ്ട്. ഈ നിർദേശങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടതിന്റെ രണ്ടു കാരണങ്ങൾ ഇപ്പോൾ നോക്കാം.
ദൈവമാണ് നമ്മളെ സൃഷ്ടിച്ചത്. (സങ്കീർത്തനം 100:3) നമുക്ക് ശരിക്കും സന്തോഷവും ശാരീരികവും മാനസികവും വൈകാരികവും ആയ ആരോഗ്യവും തരുന്നത് എന്താണെന്ന് സ്രഷ്ടാവെന്ന നിലയിൽ ദൈവമായ യഹോവയ്ക്കാണ് അറിയാവുന്നത്. ദൈവം പറഞ്ഞുതരുന്ന കാര്യങ്ങൾ നമ്മൾ അനുസരിച്ചില്ലെങ്കിൽ നമ്മൾ എന്തൊക്കെ അനുഭവിക്കേണ്ടിവരുമെന്നും ദൈവത്തിന് അറിയാം. (ഗലാത്യർ 6:7) അതിലും പ്രധാനമായി, നമുക്ക് ഏറ്റവും നല്ലത് വന്നുകാണാനാണ് ദൈവത്തിന്റെ ആഗ്രഹം. അതുകൊണ്ടാണ് ബൈബിൾ യഹോവയെ “നിന്റെ പ്രയോജനത്തിനായി നിന്നെ പഠിപ്പിക്കുകയും പോകേണ്ട വഴിയിലൂടെ നിന്നെ നടത്തുകയും ചെയ്യുന്ന” ദൈവം എന്നു വിളിച്ചിരിക്കുന്നത്.—യശയ്യ 48:17.
നമ്മുടെ ആഗ്രഹങ്ങൾ നമ്മളെ വഴിതെറ്റിച്ചേക്കാം. ഹൃദയം പറയുന്നതെന്തോ അതാണ് ശരി എന്നാണ് പലരും ചിന്തിക്കുന്നത്. നമ്മുടെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും മാത്രം നോക്കി ശരിയും തെറ്റും സ്വയം തീരുമാനിക്കുന്നതിൽ എന്തെങ്കിലും കുഴപ്പമുണ്ടോ? ബൈബിൾ പറയുന്നത്, “ഹൃദയം മറ്റ് എന്തിനെക്കാളും വഞ്ചകവും സാഹസത്തിനു തുനിയുന്നതും ആണ്” എന്നാണ്. (യിരെമ്യ 17:9) ദൈവം പറയുന്നതിന് എതിരു ചെയ്യാനാണ് ഹൃദയത്തിൽ തോന്നുന്നതെങ്കിൽ അതു നമ്മളെ വഴിതെറ്റിക്കും. ആ വഴിയേ പോയാൽ പിന്നീട് നമ്മൾ ദുഃഖിക്കേണ്ടിവരും.—സുഭാഷിതങ്ങൾ 28:26; സഭാപ്രസംഗകൻ 10:2.
ശരിയും തെറ്റും സംബന്ധിച്ച് ബൈബിൾ പറയുന്ന കാര്യങ്ങളിൽ മതനേതാക്കന്മാർ മാറ്റം വരുത്തുന്നതു ശരിയാണോ?
ഒരിക്കലുമല്ല! ദൈവത്തെക്കുറിച്ചും നമ്മൾ എങ്ങനെ ആയിരിക്കണം എന്നതിനെക്കുറിച്ചും ദൈവത്തിനു പറയാനുള്ളത് എന്താണെന്ന് ബൈബിളിലുണ്ട്. (1 കൊരിന്ത്യർ 6:9-11; ഗലാത്യർ 5:19-23) ആളുകൾ ഈ സത്യം അറിയാനാണ് ദൈവം ആഗ്രഹിക്കുന്നത്. (1 തിമൊഥെയൊസ് 2:3, 4) അതുകൊണ്ട് ക്രിസ്തീയശുശ്രൂഷകർ എപ്പോഴും ദൈവവചനത്തിൽ പറയുന്ന കാര്യങ്ങളാണ് ആളുകളെ പഠിപ്പിക്കേണ്ടത്.—തീത്തോസ് 1:7-9.
ബൈബിൾ പറയുന്ന കാര്യങ്ങളനുസരിച്ച് ജീവിക്കാൻ ആഗ്രഹമില്ലാത്തതുകൊണ്ട് പലയാളുകളും തങ്ങൾ “കേൾക്കാൻ ഇഷ്ടപ്പെടുന്ന” കാര്യങ്ങൾ പഠിപ്പിക്കുന്ന മതനേതാക്കന്മാരുടെ അടുത്തേക്ക് പോകുന്നു. (2 തിമൊഥെയൊസ് 4:3, അടിക്കുറിപ്പ്) എന്നാൽ ദൈവവചനം വ്യക്തമായി ഈ മുന്നറിയിപ്പ് തരുന്നുണ്ട്: “നല്ലതിനെ മോശമെന്നും മോശമായതിനെ നല്ലതെന്നും പറയുന്നവർക്ക് . . . കഷ്ടം.” (യശയ്യ 5:20) അതുകൊണ്ട് ശരിയും തെറ്റും സംബന്ധിച്ച് ദൈവം പറയുന്ന കാര്യങ്ങളിൽ വെള്ളം ചേർക്കുന്ന മതനേതാക്കന്മാരെ ദൈവം ശിക്ഷിക്കുമെന്ന് ഉറപ്പാണ്.
എല്ലാവരും ബൈബിൾ അനുസരിച്ചുതന്നെ ജീവിക്കണമെന്ന് നിർബന്ധം പിടിക്കണമെന്നാണോ?
അല്ല. ദൈവത്തിന് ഇഷ്ടപ്പെട്ട രീതിയിൽ ജീവിക്കാൻ ആഗ്രഹിക്കുന്നവർ യേശുക്രിസ്തു പഠിപ്പിച്ചത് അനുസരിക്കും, യേശു ജീവിച്ചതുപോലെ ജീവിക്കും. യേശു തന്റെ അനുഗാമികളെ പഠിപ്പിച്ചത് മറ്റുള്ളവരെ വിധിക്കാനല്ല, പകരം എല്ലാവരെയും സ്നേഹിക്കാനും ബഹുമാനിക്കാനും ആണ്.—മത്തായി 5:43, 44; 7:1.
യേശുവിന്റെ അനുഗാമികൾ, ദൈവത്തിന്റെ നിലവാരങ്ങളാണ് തങ്ങൾക്കു പ്രധാനമെന്ന് സ്വന്തം ജീവിതംകൊണ്ട് തെളിയിക്കും. എന്നാൽ ആ നിലവാരങ്ങൾ അനുസരിച്ച് ജീവിക്കാൻ ആഗ്രഹിക്കാത്ത ആളുകൾ ഉണ്ടെന്ന സത്യവും അവർ അംഗീകരിക്കും. (മത്തായി 10:14) രാഷ്ട്രീയസ്വാധീനമോ മറ്റെന്തെങ്കിലും മാർഗമോ ഉപയോഗിച്ച് ദൈവം പറയുന്ന കാര്യങ്ങൾ മറ്റുള്ളവരുടെമേൽ അടിച്ചേൽപ്പിക്കാൻ യേശു തന്റെ അനുഗാമികളെ അധികാരപ്പെടുത്തിയില്ല.—യോഹന്നാൻ 17:14, 16; 18:36.
ബൈബിൾ പറയുന്നതുപോലെ ജീവിച്ചാൽ എന്തൊക്കെ പ്രയോജനങ്ങളുണ്ട്?
ശരിയും തെറ്റും സംബന്ധിച്ച് ദൈവം പറയുന്നതുപോലെ ജീവിച്ചാൽ ഇപ്പോൾ മാത്രമല്ല ഭാവിയിലും അനുഗ്രഹങ്ങൾ ലഭിക്കും. (സങ്കീർത്തനം 19:8, 11) ആ അനുഗ്രഹങ്ങളിൽ ചിലതാണ്:
a ദൈവത്തിന്റെ പേര് യഹോവ എന്നാണെന്ന് ബൈബിൾ പറയുന്നു.—സങ്കീർത്തനം 83:18.