നീതിക്കായുള്ള നിലവിളി ആരെങ്കിലും കേൾക്കുമോ?
ഇന്ന് സമൂഹത്തിൽ അനീതി കൊടികുത്തിവാഴുന്നതായാണ് കാണുന്നത്. ഉദാഹരണത്തിന്, ആളുകൾ അന്യായമായി തടവിലാക്കപ്പെട്ട രണ്ടു സംഭവങ്ങൾ നോക്കാം:
2018 ജനുവരിയിൽ 38 വർഷമായി തടവിലായിരുന്ന ഒരു വ്യക്തിയെ വിട്ടയയ്ക്കാൻ ഐക്യനാടുകളിലെ ഒരു ജഡ്ജി ഉത്തരവിട്ടു. കാരണം, ഡിഎൻഎ പരിശോധനയിൽ അദ്ദേഹം നിരപരാധിയാണെന്ന് അവസാനം തെളിഞ്ഞു.
1994 സെപ്റ്റംബറിൽ ഒരു ആഫ്രിക്കൻ രാജ്യത്ത് മനസ്സാക്ഷിപരമായ കാരണങ്ങളാൽ സൈന്യത്തിൽ സേവിക്കാൻ തയ്യാറാകാതിരുന്ന മൂന്നു ചെറുപ്പക്കാരെ തടവിലാക്കി. 2020 സെപ്റ്റംബർ ആയപ്പോഴേക്കും അവർ ജയിലിലായിട്ട് 26 വർഷം തികഞ്ഞു. പക്ഷേ, ഔദ്യോഗികമായി കുറ്റം ചുമത്തുകയോ കോടതിയിൽ ഹാജരാക്കുകയോ ചെയ്യാതെയാണ് അവരെ തടവിൽ വെച്ചിരിക്കുന്നത്.
നിങ്ങൾ എപ്പോഴെങ്കിലും അനീതിക്ക് ഇരയായിട്ടുണ്ടോ? ഉണ്ടെങ്കിൽ ബൈബിളിൽ പറഞ്ഞിരിക്കുന്ന ഇയ്യോബിനു തോന്നിയ അതേ വികാരം നിങ്ങൾക്കും തോന്നിയിട്ടുണ്ടാകാം. അദ്ദേഹം ഇങ്ങനെ പറഞ്ഞു: “ഞാൻ സഹായത്തിനായി നിലവിളിച്ചു; പക്ഷേ എനിക്കു നീതി കിട്ടിയില്ല.” (ഇയ്യോബ് 19:7) അതെ, യഥാർഥ നീതി വെറുമൊരു സ്വപ്നം മാത്രമാണെന്നു തോന്നിയേക്കാം. എന്നാൽ, നീതിക്കായുള്ള നിലവിളിക്ക് ഉത്തരം കിട്ടുന്ന ഒരു സമയം വരും എന്ന് ബൈബിൾ ഉറപ്പുതരുന്നു. അതോടൊപ്പം, ബൈബിളിലെ ഉപദേശങ്ങൾ അനീതിയെ നേരിടാൻ ഇന്നു നമ്മളെ സഹായിക്കുകയും ചെയ്യുന്നു.
എന്താണ് അനീതിക്കു കാരണം?
ദൈവത്തിന്റെ മാർഗനിർദേശങ്ങൾ തള്ളിക്കളയുന്നവരാണ് അനീതിക്ക് കാരണക്കാർ. യഥാർഥ നീതി ദൈവത്തിൽനിന്നാണ് വരുന്നതെന്നു ബൈബിൾ പറയുന്നു. (യശയ്യ 51:4) ബൈബിളിൽ നീതിയെന്നും ന്യായമെന്നും പരിഭാഷപ്പെടുത്തിയിരിക്കുന്ന വാക്കുകൾ പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. (സങ്കീർത്തനം 33:5) ദൈവത്തിന്റെ നിലവാരങ്ങളനുസരിച്ച് ന്യായമായും ഉചിതമായും കാര്യങ്ങൾ ചെയ്യുമ്പോഴാണ് നീതി നടപ്പാകുന്നത്. നേരെമറിച്ച്, ദൈവത്തിന്റെ നീതിയുള്ള നിലവാരങ്ങൾ ലംഘിച്ചുകൊണ്ട് ആളുകൾ പാപം ചെയ്യുമ്പോൾ അവിടെ അനീതി മുളപൊട്ടുന്നു. അതിന്റെ ചില ഉദാഹരണങ്ങൾ നോക്കാം:
സ്വാർഥത. സ്വാർഥമായ ആഗ്രഹവും പാപവും തമ്മിൽ ബന്ധമുണ്ട്. (യാക്കോബ് 1:14, 15) ഇന്നു പലരും സ്വന്തം ആഗ്രഹം നേടിയെടുക്കുന്നതിനു മറ്റുള്ളവരോട് അന്യായമായി പെരുമാറിക്കൊണ്ട് അവരെ മുതലെടുക്കുന്നു. എന്നാൽ മറ്റുള്ളവർക്ക് എന്തു നേട്ടമുണ്ടാകും എന്നു ചിന്തിക്കാനാണ് ദൈവം നമ്മളോട് ആവശ്യപ്പെടുന്നത്.—1 കൊരിന്ത്യർ 10:24.
അറിവില്ലായ്മ. ചിലർ അന്യായം കാണിക്കുന്നത് അവർപോലും അറിയാതെയായിരിക്കാം. എങ്കിലും ദൈവത്തിന്റെ കണ്ണിൽ അതും പാപമാണ്. (റോമർ 10:3) അറിവില്ലായ്മ കാരണമാണ് ആളുകൾ യേശുക്രിസ്തുവിനെ വധിച്ചത്. പക്ഷേ അതു വലിയൊരു അനീതി തന്നെയായിരുന്നു.—പ്രവൃത്തികൾ 3:15, 17.
മനുഷ്യരുടെ പരാജയപ്പെട്ട ആശയങ്ങളും സംഘടനകളും. ഇന്ന് ലോകത്തിലുള്ള രാഷ്ട്രീയ, വാണിജ്യ, മത സംഘടനകൾ ന്യായത്തോടെ ഇടപെടാനും സമൂഹത്തിൽ നീതി ഉറപ്പാക്കാനും ശ്രമിക്കുന്നെന്ന് അവകാശപ്പെടുന്നു. എന്നാൽ വാസ്തവത്തിൽ അഴിമതി, മുൻവിധി, അതിമോഹം, സാമ്പത്തിക അസമത്വം പോലെ ഇന്നുള്ള പ്രശ്നങ്ങളുടെ മുഖ്യ കാരണം ഈ സംഘടനകൾതന്നെയാണ്. ഇതെല്ലാം ആളുകളെ അനീതിക്ക് ഇരയാക്കുന്നു. നല്ല ഉദ്ദേശ്യത്തോടെയാണ് ഇത്തരം ചില സംഘടനകൾക്കു പിന്നിൽ ആളുകൾ പ്രവർത്തിക്കുന്നത്. എന്നാൽ ദൈവത്തിന്റെ നിർദേശങ്ങൾക്ക് ശ്രദ്ധ കൊടുക്കാതെ ആളുകൾ എന്തൊക്കെ ചെയ്യാൻ ശ്രമിച്ചാലും അത് ഒടുവിൽ പരാജയപ്പെടുകയേ ഉള്ളൂ.—സഭാപ്രസംഗകൻ 8:9; യിരെമ്യ 10:23.
അനീതിയെ ദൈവം എങ്ങനെയാണ് കാണുന്നത്?
ദൈവം അനീതിയും അതിനിടയാക്കുന്ന പ്രവൃത്തികളും ചിന്തകളും എല്ലാം വെറുക്കുന്നു. (സുഭാഷിതങ്ങൾ 6:16-18) പ്രവാചകനായ യശയ്യയെക്കൊണ്ട് ദൈവം ഇങ്ങനെ എഴുതിപ്പിച്ചു: “യഹോവ a എന്ന ഞാൻ ന്യായത്തെ സ്നേഹിക്കുന്നു; കവർച്ചയും അനീതിയും ഞാൻ വെറുക്കുന്നു.”—യശയ്യ 61:8.
പണ്ടുകാലത്ത് ജീവിച്ചിരുന്ന ഇസ്രായേല്യർ നീതിയോടെ കാര്യങ്ങൾ ചെയ്യാൻ ദൈവം പ്രതീക്ഷിച്ചിരുന്നു. ദൈവം അവർക്കു കൊടുത്ത നിയമങ്ങളിൽനിന്ന് നമുക്ക് അത് മനസ്സിലാക്കാം. ഉദാഹരണത്തിന്, ദൈവം അവരുടെ ന്യായാധിപന്മാരോടു കൈക്കൂലി വാങ്ങരുതെന്നും നീതി നിഷേധിക്കുന്ന മറ്റൊന്നും ചെയ്യരുതെന്നും കല്പിച്ചിരുന്നു. (ആവർത്തനം 16:18-20) എളിയവരെയും സാധുക്കളെയും മുതലെടുത്തുകൊണ്ട് തന്നോട് അനുസരണക്കേടു കാണിച്ച ഇസ്രായേല്യരെ ദൈവം കുറ്റംവിധിച്ചു. ദൈവത്തിന്റെ നിലവാരങ്ങൾ മറന്നുകളഞ്ഞ അവരെ ദൈവം ഒടുവിൽ തള്ളിക്കളയുകയും ചെയ്തു.—യശയ്യ 10:1-3.
ദൈവം അനീതി അവസാനിപ്പിക്കുമോ?
തീർച്ചയായും. യേശുക്രിസ്തുവിലൂടെ അനീതിയുടെ അടിസ്ഥാനകാരണമായ പാപം ദൈവം ഇല്ലാതാക്കും. അങ്ങനെ ദൈവം മനുഷ്യരെ പൂർണരാക്കും. (യോഹന്നാൻ 1:29; റോമർ 6:23) അതുപോലെ നീതി കളിയാടുന്ന ഒരു പുതിയ ലോകം ദൈവം തന്റെ രാജ്യത്തിലൂടെ കൊണ്ടുവരും. അവിടെ എല്ലാവർക്കും ന്യായം നടത്തിക്കൊടുക്കും. (യശയ്യ 32:1; 2 പത്രോസ് 3:13) ഈ സ്വർഗീയരാജ്യത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി, എന്താണ് ദൈവരാജ്യം? എന്ന വീഡിയോ കാണുക.
നീതി കളിയാടുന്ന പുതിയ ലോകത്തിലെ ജീവിതം എങ്ങനെയുള്ളതായിരിക്കും?
നീതിയുള്ള ആ ലോകത്തിൽ എല്ലാവർക്കും സമാധാനവും സുരക്ഷിതത്വവും ലഭിക്കും. (യശയ്യ 32:16-18) ദൈവത്തിന്റെ കണ്ണിൽ എല്ലാ മനുഷ്യരും ഒരുപോലെയാണ്. അതുകൊണ്ടുതന്നെ എല്ലാവർക്കും നീതി കിട്ടും. അനീതി കാരണം ഉണ്ടായ ദുഃഖവും നിലവിളിയും വേദനയും എല്ലാം എന്നെന്നേക്കുമായി പൊയ്പോയിരിക്കും. അനീതി സഹിച്ചതിന്റെ വിഷമിപ്പിക്കുന്ന ഓർമകൾപോലും പതിയെ മാഞ്ഞുപോകും. (യശയ്യ 65:17; വെളിപാട് 21:3, 4) കൂടുതൽ വിവരങ്ങൾക്കായി, “ദൈവരാജ്യത്തിന്റെ നേട്ടങ്ങൾ” എന്ന ലേഖനം കാണുക.
അനീതിയില്ലാത്ത ഒരു ലോകത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വാക്ക് വിശ്വസിക്കാനാകുമോ?
ഉറപ്പായും വിശ്വസിക്കാം. കാരണം ബൈബിളിനു ശാസ്ത്രീയവും ചരിത്രപരവും ആയ കൃത്യതയുണ്ടെന്നും അതിലെ പ്രവചനങ്ങൾ വിശ്വസിക്കാൻ കഴിയുന്നതാണെന്നും തെളിയിക്കപ്പെട്ടിട്ടുണ്ട്. കൂടാതെ, ബൈബിൾ ഭാഗങ്ങൾ തമ്മിലുള്ള പരസ്പരയോജിപ്പും കാണിക്കുന്നത് ബൈബിൾ നമുക്ക് വിശ്വസിക്കാൻ കഴിയുമെന്നാണ്. കൂടുതൽ അറിയാനായി, പിൻവരുന്ന ലേഖനങ്ങൾ കാണുക:
ഇപ്പോൾ നീതിക്കുവേണ്ടി പോരാടുന്നതിനെക്കുറിച്ചോ?
അനീതിക്ക് ഇരയായപ്പോൾ അതിനെതിരെ ചെറുത്തുനിന്നവരുടെ നല്ല മാതൃകകൾ ബൈബിളിൽ കാണാം. ഉദാഹരണത്തിന്, ഒരിക്കൽ അപ്പോസ്തലനായ പൗലോസിനെ അന്യായമായി വിചാരണ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി. അത് അദ്ദേഹത്തിന്റെ മരണത്തിലേക്ക് നയിച്ചേനേ. ഈ അനീതി വെറുതെ സഹിക്കുന്നതിനു പകരം അദ്ദേഹം നിയമത്തിന്റെ ആനുകൂല്യങ്ങൾ പ്രയോജനപ്പെടുത്തിക്കൊണ്ട് സീസറിന്റെ അടുത്ത് അപ്പീലിനു പോയി.—പ്രവൃത്തികൾ 25:8-12.
എന്നാൽ ഈ ലോകത്തിലെ അനീതി മുഴുവൻ ഇല്ലാതാക്കാനുള്ള മനുഷ്യരുടെ ശ്രമങ്ങൾ പരാജയപ്പെടുകയേ ഉള്ളൂ. (സഭാപ്രസംഗകൻ 1:15) എങ്കിലും, നീതി കളിയാടുന്ന പുതിയ ലോകത്തെക്കുറിച്ചുള്ള ദൈവത്തിന്റെ വാഗ്ദാനത്തിൽ വിശ്വാസം അർപ്പിച്ചത് പലരെയും സഹായിച്ചിട്ടുണ്ട്. അനീതി കാരണം മനസ്സിനുണ്ടായ മുറിവുണക്കാനും മനസ്സമാധാനം വീണ്ടെടുക്കാനും അങ്ങനെ അവർക്കു കഴിഞ്ഞിരിക്കുന്നു.
a ദൈവത്തിന്റെ പേരാണ് യഹോവ.—സങ്കീർത്തനം 83:18.