വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

TheCrimsonMonkey/E+ via Getty Images

പരിസ്ഥി​തി​പ്ര​ശ്‌നങ്ങൾ—ദൈവ​രാ​ജ്യ​ത്തി​ലൂ​ടെ ഒരു മാറ്റം വരുമോ?

പരിസ്ഥി​തി​പ്ര​ശ്‌നങ്ങൾ—ദൈവ​രാ​ജ്യ​ത്തി​ലൂ​ടെ ഒരു മാറ്റം വരുമോ?

 “കാലാവസ്ഥ മൂലമു​ണ്ടാ​കുന്ന പ്രശ്‌നങ്ങൾ ആളുക​ളെ​യും നഗരങ്ങ​ളെ​യും ജീവജാ​ല​ങ്ങ​ളെ​യും ബുദ്ധി​മു​ട്ടി​ലാ​ക്കു​ന്നു. കാലാ​വസ്ഥാ വ്യതി​യാ​നം കാരണം കൊടു​ങ്കാ​റ്റു​ക​ളു​ടെ ശക്തി കൂടു​ക​യും ലോക​മെ​മ്പാ​ടു​മാ​യി വീടു​ക​ളും ഉപജീ​വ​ന​മാർഗ​വും എല്ലാം നശിക്കു​ക​യും ചെയ്യുന്നു. സമു​ദ്ര​താ​പ​നില ഉയരു​ന്നത്‌ പല ജീവജാ​ല​ങ്ങ​ളു​ടെ​യും ജീവന്‌ ഭീഷണി​യാ​കു​ന്നുണ്ട്‌.”—ഇങ്ങർ ആനേഴ്‌സൺ, ഐക്യ​രാ​ഷ്ട്ര​സം​ഘ​ട​ന​യു​ടെ അണ്ടർ സെക്ര​ട്ടറി ജനറൽ, യു.എൻ. പരിസ്ഥി​തി പ്രോ​ഗ്രാം എക്‌സി​ക്യൂ​ട്ടിവ്‌ ഡയറക്ടർ, 2023 ജൂലൈ 25.

 ഈ ആഗോ​ള​പ്ര​ശ്‌നങ്ങൾ പരിഹ​രി​ക്കാൻ ഇന്നത്തെ ഗവൺമെ​ന്റു​കൾക്ക്‌ ഒന്നിച്ച്‌ പ്രവർത്തി​ക്കാ​നാ​കു​മോ? അവർക്ക്‌ ഒരു ശാശ്വ​ത​പ​രി​ഹാ​രം കൊണ്ടു​വ​രാൻ കഴിയു​മോ?

 പരിസ്ഥി​തി​പ്ര​ശ്‌നങ്ങൾ പരിഹ​രി​ക്കാൻ കഴിവുള്ള, അത്‌ ഉറപ്പാ​യും ചെയ്യുന്ന ഒരു ഗവൺമെ​ന്റി​നെ​ക്കു​റിച്ച്‌ ബൈബിൾ പറയുന്നു. ‘സ്വർഗ​സ്ഥ​നായ ദൈവം ഒരു രാജ്യം’ അഥവാ ഒരു ഗവൺമെന്റ്‌ സ്ഥാപി​ക്കും എന്നാണ്‌ അതിൽ പറയു​ന്നത്‌. ആ ഗവൺമെന്റ്‌ ഭൂമി മുഴുവൻ ഭരിക്കു​ക​യും ഭൂമി​യി​ലെ പ്രശ്‌നങ്ങൾ പരിഹ​രി​ക്കു​ക​യും ചെയ്യും. (ദാനി​യേൽ 2:44) അന്ന്‌ മനുഷ്യർ തമ്മിൽത്ത​മ്മി​ലോ ഭൂമി​ക്കോ “ഒരു നാശവും വരുത്തില്ല, ഒരു ദ്രോ​ഹ​വും ചെയ്യില്ല.”—യശയ്യ 11:9.