മുദ്ര—എന്താണ്?
കളിമണ്ണിലോ മെഴുകിലോ അടയാളം പതിക്കാൻ ഉപയോഗിച്ചിരുന്ന ചെറിയ ഒരു ഉപകരണമാണു മുദ്ര. മൃഗങ്ങളുടെ തലയുടെ ആകൃതിയിലും കോൺ, ചതുരം, കുഴൽ എന്നീ ആകൃതികളിലും ഇവ കാണാം. ഉടമസ്ഥാവകാശമോ ഒരു പ്രമാണത്തിന്റെ ആധികാരികതയോ ഉറപ്പിക്കാൻ മുദ്ര ഉപയോഗിച്ചിരുന്നു. ബാഗുകളും വാതിലുകളും ശവക്കല്ലറകളുടെ ഗുഹാമുഖവും ഒക്കെ മുദ്രയിട്ട് ഭദ്രമായി സൂക്ഷിച്ചിരുന്നു.
മുദ്രകൾ ഉണ്ടാക്കാൻ വ്യത്യസ്ത സാധനങ്ങൾ ഉപയോഗിച്ചിരുന്നു. തടി, ചുണ്ണാമ്പുകല്ല്, എല്ലുകൾ, വിലയേറിയ കല്ലുകൾ എന്നിവയൊക്കെ. ചില മുദ്രകളിൽ ഉടമസ്ഥന്റെയും അദ്ദേഹത്തിന്റെ പിതാവിന്റെയും പേരുകൾ കൊത്തിവെച്ചിരുന്നു. ചിലതിൽ ഉടമസ്ഥന്റെ സ്ഥാനപ്പേരും കാണാം.
ഒരു പ്രമാണം ആധികാരികമാക്കാൻ മുദ്ര കൈവശമുള്ളയാൾ പ്രമാണത്തിലെ മെഴുകിലോ, മൃദുവായ വസ്തുവിലോ മുദ്ര പതിപ്പിക്കും. (ഇയ്യോബ് 38:14) അത് പിന്നീട് കട്ടിയായി അവിടെ ഉറയ്ക്കുന്നു. മായാത്ത ആ അടയാളം പ്രമാണത്തിന്റെ ആധികാരികതയ്ക്ക് ഉറപ്പുനൽകുന്നു.
അധികാരം കൊടുക്കുന്നതിന്റെ തെളിവ്
ഉടമസ്ഥൻ മറ്റു വ്യക്തികൾക്കും മുദ്ര കൈമാറാറുണ്ട്. അങ്ങനെ ഉടമസ്ഥനുള്ള അധികാരം അവർക്കും ലഭിക്കുന്നു. അതിന് ഉദാഹരണമാണു ഗോത്രപിതാവായ യാക്കോബിന്റെ മകൻ യോസേഫും പുരാതന ഈജിപ്തിലെ ഫറവോനും ഉൾപ്പെട്ട സംഭവം. യോസേഫ് ഈജിപ്തിലെ ഒരു അടിമയായിരുന്നു. പിന്നീട് അന്യായമായി യോസേഫിനെ തടവിലാക്കി. നാളുകൾക്കു ശേഷം ഫറവോൻ അദ്ദേഹത്തെ തടവറയിൽനിന്ന് മോചിപ്പിക്കുകയും പ്രധാനമന്ത്രിയാക്കുകയും ചെയ്തു. ബൈബിൾ പറയുന്നു: “അങ്ങനെ ഫറവോൻ കൈയിലെ മുദ്രമോതിരം ഊരി യോസേഫിന്റെ കൈയിലിട്ടു.” (ഉൽപത്തി 41:42) അതിൽ ഔദ്യോഗിക മുദ്രയുണ്ടായിരുന്നതുകൊണ്ട് നിയമനവുമായി മുന്നോട്ട് പോകാനുള്ള അധികാരം യോസേഫിനു കിട്ടി.
ഇസ്രായേലിലെ രാജ്ഞിയായിരുന്ന ഇസബേൽ തന്റെ ഭർത്താവിന്റെ മുദ്ര ഉപയോഗിച്ച് നാബോത്ത് എന്നയാളെ കൊല്ലാൻ പദ്ധതി ഒരുക്കി. ആഹാബ് രാജാവിന്റെ പേരിൽ ഇസബേൽ ചില മൂപ്പന്മാർക്കു കത്തുകൾ എഴുതി. നിഷ്കളങ്കനായ നാബോത്ത് ദൈവത്തെ ശപിച്ചു എന്നു പറഞ്ഞ് അദ്ദേഹത്തിന്റെ പേരിൽ കുറ്റം ചുമത്താൻ അതിൽ ആവശ്യപ്പെട്ടിരുന്നു. രാജാവിന്റെ മുദ്ര ആ കത്തുകളിൽ ഇസബേൽ പതിപ്പിച്ചു. അങ്ങനെ തന്റെ ദുഷ്ടപദ്ധതി നടപ്പിലാക്കുന്നതിൽ അവൾ വിജയിക്കുന്നു.—1 രാജാക്കന്മാർ 21:5-14.
തന്റെ ഔദ്യോഗിക ഉത്തരവുകൾക്ക് ആധികാരികത കിട്ടാൻ പേർഷ്യൻ രാജാവായ അഹശ്വേരശ് ഒരു മുദ്രമോതിരം ഉപയോഗിച്ചു.—എസ്ഥേർ 3:10, 12.
എഴുതിയ ഒരു കരാർ അംഗീകരിക്കുന്നെന്നു കാണിക്കാൻ ഇസ്രായേല്യ പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും അതിൽ മുദ്ര വെച്ചതായി ബൈബിളെഴുത്തുകാരനായ നെഹമ്യ പറയുന്നു.—നെഹമ്യ 1:1; 9:38.
പ്രവേശനകവാടം മുദ്ര വെച്ച് സുരക്ഷിതമാക്കാൻ പറഞ്ഞ രണ്ടു സന്ദർഭങ്ങളെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. ദാനിയേൽ പ്രവാചകനെ സിംഹങ്ങളുടെ കുഴിയിൽ എറിഞ്ഞപ്പോൾ “ഒരു കല്ലു കൊണ്ടുവന്ന് കുഴിയുടെ വായ് അടച്ചു.” എന്നിട്ട് മേദ്യരുടെയും പേർഷ്യരുടെയും ഭരണാധികാരിയായ ദാര്യാവേശ് രാജാവ്, “ദാനിയേലിന്റെ കാര്യത്തിൽ ഒരു മാറ്റവും വരാതിരിക്കാൻ . . . തന്റെ മുദ്രമോതിരംകൊണ്ടും തന്റെ പ്രധാനികളുടെ മുദ്രമോതിരംകൊണ്ടും അതിനു മുദ്ര വെച്ചു.”—ദാനിയേൽ 6:17.
യേശുവിന്റെ ശരീരം കല്ലറയിൽ വെച്ചപ്പോൾ ശത്രുക്കൾ “കല്ലിനു മുദ്രവെച്ച്, കാവൽ ഏർപ്പെടുത്തി കല്ലറ ഭദ്രമാക്കി.” കല്ലറയിലേക്കുള്ള പ്രവേശനം തടയുന്നതിനുവേണ്ടിയായിരുന്നു അത്. (മത്തായി 27:66) അത് റോമൻ അധികാരികളുടെ ഔദ്യോഗിക മുദ്രയായിരുന്നെങ്കിൽ “ആ കല്ലറയുടെ പ്രവേശനകവാടത്തിൽ വെച്ചിരിക്കുന്ന കല്ലിന്റെ വിടവുകളിലെ കളിമണ്ണിലോ മെഴുകിലോ ആയിരിക്കാം അവർ മുദ്ര വെച്ചത്”എന്ന് മത്തായിയുടെ സുവിശേഷത്തെക്കുറിച്ചുള്ള തന്റെ വിവരണത്തിൽ ഡേവിഡ് എൽ ടർണർ പറഞ്ഞു.
ചരിത്രകാരന്മാരും പുരാവസ്തുഗവേഷകരും മുദ്രകളെക്കുറിച്ച് അറിയാൻ കൂടുതൽ താത്പര്യമുള്ളവരാണ്. കാരണം, അതിനു പണ്ടുകാലത്തെക്കുറിച്ച് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. മുദ്രകളെക്കുറിച്ച് പഠിക്കുന്ന ഒരു വലിയ ശാഖയുണ്ട്. സിഗിലോഗ്രാഫി എന്നാണ് അതിനെ വിളിക്കുന്നത്.