പുരുഷന്മാർക്ക് ഉത്കണ്ഠ തോന്നുമ്പോൾ—ബൈബിൾ നൽകുന്ന സഹായം
ഉത്കണ്ഠയുള്ള a ഒരാളെപ്പറ്റി പറയുമ്പോൾ ഒരുപക്ഷേ നിങ്ങൾ ഇങ്ങനെയൊക്കെയായിരിക്കും ചിന്തിക്കുക: പേടിച്ചുവിറച്ച് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലുള്ള ഒരാൾ, രാവിലെ കിടക്കയിൽനിന്ന് എഴുന്നേൽക്കാൻപോലും കഴിയാതെ വിഷാദിച്ചിരിക്കുന്ന ഒരാൾ, തന്റെ പ്രശ്നങ്ങളെപ്പറ്റി നിറുത്താതെ സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരാൾ!
ടെൻഷൻ വരുമ്പോൾ ചില ആളുകൾ അങ്ങനെയൊക്കെ പെരുമാറിയേക്കാം. പക്ഷേ, ഗവേഷണങ്ങൾ സൂചിപ്പിക്കുന്നതനുസരിച്ച് ചിലർ മറ്റ് ഏതെങ്കിലും തരത്തിലായിരിക്കും പ്രതികരിക്കുന്നത്, പ്രത്യേകിച്ചും പുരുഷന്മാർ. ഇതെക്കുറിച്ച് ഒരു റിപ്പോർട്ട് പറയുന്നത് ഇങ്ങനെയാണ്: “ഉത്കണ്ഠയെ നേരിടാൻ പുരുഷന്മാർ പൊതുവേ മദ്യത്തിലേക്കും മയക്കുമരുന്നിലേക്കും ഒക്കെയാണു തിരിയുന്നത്. അവരുടെ പ്രശ്നം മദ്യപാനമാണെന്നു നമുക്കു തോന്നിയേക്കാം. ശരിക്കും അതിന്റെ പിന്നിലുള്ള കാരണം കടുത്ത ഉത്കണ്ഠയായിരിക്കാം. അങ്ങനെ പുരുഷന്മാർക്കുള്ളിലെ ഉത്കണ്ഠ ദേഷ്യവും അസ്വസ്ഥതയും ഒക്കെയായിട്ടായിരിക്കും പുറത്ത് കാണുന്നത്.”
പക്ഷേ എല്ലാ പുരുഷന്മാരും ഇങ്ങനെയായിരിക്കില്ല പെരുമാറുന്നത്. എങ്കിലും “ബുദ്ധിമുട്ടു നിറഞ്ഞ” ഈ സമയത്ത് ഉത്കണ്ഠ ഒരു വലിയ പ്രശ്നംതന്നെയാണ്. അത് എല്ലാവരെയും ബാധിക്കുന്നു. (2 തിമൊഥെയൊസ് 3:1) നിങ്ങളെ ഈ പ്രശ്നം അലട്ടുന്നുണ്ടെങ്കിൽ ബൈബിളിനു നിങ്ങളെ സഹായിക്കാനാകുമോ?
ഉത്കണ്ഠയെ നേരിടാൻ ബൈബിൾ നൽകുന്ന പ്രായോഗിക സഹായം
നമുക്ക് ഉത്കണ്ഠ തോന്നുമ്പോൾ നമ്മളെ സഹായിക്കാൻ കഴിയുന്ന ധാരാളം നല്ല നിർദേശങ്ങൾ ബൈബിളിലുണ്ട്. മൂന്ന് ഉദാഹരണങ്ങൾ നോക്കാം:
1. “അടുത്ത ദിവസത്തെ ഓർത്ത് ഒരിക്കലും ഉത്കണ്ഠപ്പെടരുത്. ആ ദിവസത്തിന് അതിന്റേതായ ഉത്കണ്ഠകളുണ്ടായിരിക്കുമല്ലോ. ഓരോ ദിവസത്തിനും അന്നന്നത്തെ ബുദ്ധിമുട്ടുകൾതന്നെ ധാരാളം.”—മത്തായി 6:34.
അർഥം: ഭാവിയിൽ എന്തു സംഭവിച്ചേക്കും എന്നതിനെക്കുറിച്ച് അമിതമായി ഉത്കണ്ഠപ്പെടാതിരിക്കുന്നതാണു ബുദ്ധി. മിക്കപ്പോഴും നമ്മൾ പേടിക്കുന്നതുപോലെ ഒന്നും നടക്കണമെന്നില്ല. ഇനി ചിലപ്പോൾ കാര്യങ്ങൾ വിചാരിക്കുന്നതിലും മെച്ചമായിത്തീരാനും സാധ്യതയുണ്ട്.
ഇങ്ങനെ ചെയ്തുനോക്കാം: മുമ്പ് എപ്പോഴെങ്കിലും നിങ്ങളുടെ ജീവിതത്തിൽ മലപോലെ വലുതായി തോന്നിയ ഒരു പ്രശ്നം നിസ്സാരമായി കടന്നുപോയത് ഓർത്തെടുക്കുക. എന്നിട്ട്, നിങ്ങളെ ഇപ്പോൾ ഉത്കണ്ഠപ്പെടുത്തുന്ന കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക. ശരിക്കും ഇതു നിങ്ങൾ പേടിക്കുന്നതുപോലെ വലിയ ഒരു പ്രശ്നമാകുമോ?
2. “ഇരുമ്പ് ഇരുമ്പിനു മൂർച്ച കൂട്ടുന്നു; മനുഷ്യൻ കൂട്ടുകാരനു മൂർച്ച കൂട്ടുന്നു.”—സുഭാഷിതങ്ങൾ 27:17.
അർഥം: നമ്മൾ അനുവദിക്കുകയാണെങ്കിൽ ഉത്കണ്ഠ പരിഹരിക്കാൻ മറ്റുള്ളവർക്കു നമ്മളെ സഹായിക്കാനാകും. അവരുടെ ജീവിതത്തിലെ അനുഭവങ്ങളിൽനിന്നും ചില പ്രായോഗിക നിർദേശങ്ങൾ തരാൻ അവർക്കു കഴിഞ്ഞേക്കും. ഇനി അതുമല്ലെങ്കിൽ, നമ്മുടെ പ്രശ്നത്തെ അവർ എങ്ങനെയാണു കാണുന്നതെന്നു പറഞ്ഞുതരാനെങ്കിലും അവർക്കു പറ്റും.
ഇങ്ങനെ ചെയ്തുനോക്കാം: നിങ്ങളെ സഹായിക്കാൻ കഴിയുന്നത് ആർക്കാണെന്നു ചിന്തിക്കുക. നിങ്ങളുടെ അതേ പ്രശ്നങ്ങളിലൂടെ കടന്നുപോയിട്ടുള്ള ഒരാൾക്കു നിങ്ങളെ സഹായിക്കാനായേക്കും. അദ്ദേഹത്തോട് ഇങ്ങനെ ചോദിക്കാം: “പ്രശ്നം പരിഹരിക്കാൻ നിങ്ങൾ എന്തൊക്കെയാണു പരീക്ഷിച്ചുനോക്കിയത്, അതിൽ എന്തൊക്കെയാണു വിജയിച്ചത്?”
3. “ദൈവം നിങ്ങളെക്കുറിച്ച് ചിന്തയുള്ളവനായതുകൊണ്ട് നിങ്ങളുടെ എല്ലാ ഉത്കണ്ഠകളും (അഥവാ “ആകുലതകളും; വിഷമങ്ങളും,” അടിക്കുറിപ്പ്) ദൈവത്തിന്റെ മേൽ ഇടുക.”—1 പത്രോസ് 5:7.
അർഥം: ദൈവത്തിനു നമ്മുടെ കഷ്ടപ്പാടുകളെക്കുറിച്ച് വളരെയധികം ചിന്തയുണ്ട്. നമ്മുടെ മനസ്സിനെ അലട്ടുന്ന ഓരോ പ്രശ്നത്തെക്കുറിച്ചും പ്രാർഥിക്കാൻ ദൈവം ആഗ്രഹിക്കുന്നു.
ഇങ്ങനെ ചെയ്തുനോക്കാം: നിങ്ങൾക്ക് ഉത്കണ്ഠ തോന്നുന്ന എല്ലാ കാര്യങ്ങളുടെയും ഒരു ലിസ്റ്റ് ഉണ്ടാക്കുക. ഓരോ പ്രശ്നവും വിശദമായി ദൈവത്തോടു പറയുക. എന്നിട്ട്, അതു പരിഹരിക്കാൻ ദൈവത്തോടു സഹായം ചോദിക്കുക.
ഉത്കണ്ഠ ഇല്ലാത്ത ഒരു കാലം
ഉത്കണ്ഠ പരിഹരിക്കാനുള്ള നിർദേശങ്ങൾ മാത്രമല്ല ബൈബിളിലുള്ളത്. ഉത്കണ്ഠകളൊന്നുമില്ലാത്ത ഒരു കാലം ഉടൻതന്നെ വരുമെന്നും അത് ഉറപ്പുതരുന്നു. അത് എങ്ങനെ സംഭവിക്കും?
ഉത്കണ്ഠയ്ക്ക് ഇടയാക്കുന്ന കാരണങ്ങളെപ്പോലും ദൈവരാജ്യം ഇല്ലാതാക്കും. (വെളിപാട് 21:4) അതു മാത്രമല്ല, ദൈവരാജ്യഭരണത്തിൽ ഉത്കണ്ഠകളെയും സമ്മർദങ്ങളെയും കുറിച്ചുള്ള ഓർമകൾ പോലും നമ്മുടെ മനസ്സിലേക്കു വരില്ല.—യശയ്യ 65:17.
“സമാധാനം നൽകുന്ന ദൈവം” ഇങ്ങനെയൊരു ഭാവി നിങ്ങൾക്കു നൽകാനാണ് ആഗ്രഹിക്കുന്നത്. (റോമർ 16:20) ദൈവം തരുന്ന ഉറപ്പ് ഇതാണ്: “ഞാൻ നിങ്ങൾക്കുവേണ്ടി ചെയ്യാൻപോകുന്നത് എന്താണെന്ന് എനിക്കു നന്നായി അറിയാം. ഞാൻ ചിന്തിക്കുന്നതു ദുരന്തത്തെക്കുറിച്ചല്ല, സമാധാനത്തെക്കുറിച്ചാണ്; നിങ്ങൾക്ക് ഒരു നല്ല ഭാവിയും പ്രത്യാശയും തരുന്നതിനെക്കുറിച്ചാണ്.”—യിരെമ്യ 29:11.
a ഈ ലേഖനത്തിൽ “ഉത്കണ്ഠ” എന്നു പറഞ്ഞിരിക്കുന്നത് ഒരു രോഗാവസ്ഥയെയല്ല കുറിക്കുന്നത്. മറിച്ച്, ഓരോ ദിവസവും നമ്മുടെ ജീവിതത്തിലുണ്ടാകുന്ന ടെൻഷനുകളും സമ്മർദവും ഒക്കെയാണ് അതുകൊണ്ട് ഉദ്ദേശിക്കുന്നത്. എന്നാൽ വിഷാദരോഗം അനുഭവിക്കുന്നവർ ഡോക്ടറെ കാണുന്നതാണു നല്ലത്.—ലൂക്കോസ് 5:31.