ലോകം അവസാനിക്കാറായോ? ഒരു സർവനാശം ഉണ്ടാകുമെന്ന് ബൈബിൾ പറയുന്നുണ്ടോ?
“ലോകാവസാനം.” ആളുകൾ എപ്പോഴും പറയാറുള്ള ഒരു വിഷയമാണ് ഇത്. ലോകാവസാനത്തെക്കുറിച്ച് കേൾക്കുമ്പോൾ പലരുടെയും മനസ്സിൽ വരുന്നത് ഒരു ആഗോളവിപത്താണ്. ഭൂമിയിലെ എല്ലാ ജീവജാലങ്ങളും ഇല്ലാതാകുന്ന ഒരു മഹാദുരന്തം. ലോകം അങ്ങനെയുള്ള ഒരു ദുരന്തത്തിലേക്ക് നീങ്ങുകയാണ് എന്നാണ് ചിലർ വിശ്വസിക്കുന്നത്. പ്രത്യേകിച്ചും താഴെപ്പറയുന്നതുപോലുള്ള വാർത്തകൾ കേൾക്കുമ്പോൾ:
“ആണവയുദ്ധത്തിനുള്ള സാധ്യത വളരെക്കൂടുതലാണ്. അത് കരുതിക്കൂട്ടിയാകാം, ഒരു കൈയ്യബദ്ധമാകാം, അല്ലെങ്കിൽ വെറുമൊരു തെറ്റിദ്ധാരണയുടെ പുറത്താകാം.”—ആണവശാസ്ത്രജ്ഞരുടെ പത്രിക, ഇംഗ്ലീഷ്.
“കഴിഞ്ഞ ഒരു പത്തു വർഷത്തെ കാര്യമെടുത്താൽ കൊടുങ്കാറ്റുകൾ, കാട്ടുതീ, വരൾച്ച, പവിഴപ്പുറ്റുകളുടെ നാശം, ഉഷ്ണതരംഗങ്ങൾ, വെള്ളപ്പൊക്കം എന്നിങ്ങനെ പ്രകൃതിദുരന്തങ്ങളുടെ ഒരു ഘോഷയാത്രതന്നെയായിരുന്നു ലോകം മുഴുവനും.”—നാഷണൽ ജ്യോഗ്രാഫിക്, ഇംഗ്ലീഷ്.
“പതിറ്റാണ്ടുകളായി ഉണ്ടായിട്ടില്ലാത്തത്ര വലിയ വെട്ടുക്കിളി ആക്രമണങ്ങളാണ് ആഫ്രിക്ക നേരിടുന്നത്.”—ദി അസ്സോസിയേറ്റഡ് പ്രസ്സ്, ഇംഗ്ലീഷ്.
ഭൂമി നശിച്ചുപോകുമോ ഒരു ആഗോളസർവനാശത്തിൽ? ബൈബിൾ അതിനെക്കുറിച്ച് എന്താണ് പറയുന്നത്?
ഭൂമി നശിച്ചുപോകുമോ?
ഇല്ല. ഭൂമി എന്നും നിലനിൽക്കുമെന്നാണ് ദൈവവചനമായ ബൈബിൾ ഉറപ്പുതരുന്നത്. (സഭാപ്രസംഗകൻ 1:4) താൻ സൃഷ്ടിച്ച ഭൂമിയെ ദൈവം ഒരിക്കലും നശിപ്പിക്കില്ല. പകരം “ഭൂമിയെ നശിപ്പിക്കുന്നവരെ” ആയിരിക്കും ദൈവം നശിപ്പിക്കുക.—വെളിപാട് 11:18.
എന്താണ് ലോകാവസാനം?
‘ലോകത്തിന്റെ’ അവസാനം എന്നതുകൊണ്ട് ബൈബിൾ ഉദ്ദേശിക്കുന്നത് ഒരു ദൈവവിചാരവുമില്ലാതെ സ്വന്തമായ മോഹങ്ങളിൽ മാത്രം മുഴുകി ജീവിക്കുന്ന മനുഷ്യരുടെ നാശത്തെയാണ്. നോഹയുടെ കാലത്ത് സംഭവിച്ചതുപോലെതന്നെ, “ദൈവഭക്തിയില്ലാത്തവരുടെ ലോകത്തെ” ആയിരിക്കും ദൈവം നശിപ്പിക്കുക.—2 പത്രോസ് 2:5; 3:7.
1 യോഹന്നാൻ 2:17 പറയുന്നത്, “ലോകവും അതിന്റെ മോഹങ്ങളും നീങ്ങിപ്പോകുന്നു” എന്നാണ്. അതായത് ശരിക്കുമുള്ള ഈ ഭൂമിയെ അല്ല ദൈവം നശിപ്പിക്കുന്നത്. ദൈവത്തിനു നിരക്കാത്ത മോഹങ്ങൾ വിട്ടുകളയാത്ത ആളുകളെയാണ്.
എപ്പോഴായിരിക്കും ലോകം അവസാനിക്കുന്നത്?
ലോകം അവസാനിക്കുന്നത് കൃത്യമായി എപ്പോഴായിരിക്കുമെന്ന് ബൈബിൾ പറയുന്നില്ല. (മത്തായി 24:36) എങ്കിലും അത് അടുത്ത് എത്തി എന്നതിന്റെ ചില സൂചനകൾ ബൈബിൾ തരുന്നുണ്ട്. അവയിൽ ചിലതാണ് താഴെപ്പറയുന്നത്:
“ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ” യുദ്ധങ്ങളും ഭക്ഷ്യക്ഷാമങ്ങളും പകർച്ചവ്യാധികളും ശക്തമായ ഭൂകമ്പങ്ങളും ഉണ്ടാകും.—മത്തായി 24:3, 7, 14; ലൂക്കോസ് 21:10, 11; വെളിപാട് 6:1-8.
ആളുകൾ പൊതുവെ അങ്ങേയറ്റത്തെ സ്വാർഥത കാണിക്കുന്നവരായിരിക്കും. ഉദാഹരണത്തിന് അവർ “പണക്കൊതിയന്മാരും” “നന്ദിയില്ലാത്തവരും” “ആത്മനിയന്ത്രണമില്ലാത്തവരും” ആയിരിക്കും.—2 തിമൊഥെയൊസ് 3:1-5.
1914 എന്ന വർഷംമുതൽ ലോകത്തിലെ അവസ്ഥകൾ ബൈബിൾ മുൻകൂട്ടിപ്പറഞ്ഞതുപോലെതന്നെ ആണെന്നും ലോകാവസാനം അടുത്തെത്തിയെന്നും പലരും സമ്മതിക്കുന്നു. കൂടുതൽ വിവരങ്ങൾ അറിയാൻ “1914 എന്ന വർഷത്തെക്കുറിച്ച് ബൈബിൾകാലക്കണക്ക് എന്താണ് സൂചിപ്പിക്കുന്നത്?” (ഇംഗ്ലീഷ്) എന്ന ലേഖനവും “‘അന്ത്യകാലത്തിന്റെ’ അല്ലെങ്കിൽ ‘അവസാനനാളുകളുടെ’ അടയാളം എന്താണ്?” എന്ന ലേഖനവും വായിക്കുക.
ബൈബിളിലെ അവസാനപുസ്തകത്തിൽ ഒരു സർവനാശത്തെക്കുറിച്ച് പറയുന്നില്ലേ?
ഇല്ല. ബൈബിളിലെ അവസാനപുസ്തകത്തിൽ “അപ്പോക്കലിപ്സിസ്” എന്ന ഒരു വാക്ക് ഉള്ളതുകൊണ്ടാണെന്നു തോന്നുന്നു പലരും അങ്ങനെ ചിന്തിക്കുന്നത്. ആ ഗ്രീക്കു വാക്കിന്റെ അർഥം സർവനാശം എന്നാണെന്നാണ് പലരും വിചാരിക്കുന്നത്. പക്ഷേ ശരിക്കും ആ വാക്കിന് അങ്ങനെ ഒരു അർഥമേ ഇല്ല. “മറ നീക്കുക,” “വെളിപ്പെടുത്തുക” എന്നൊക്കെയേ അതിന് അർഥമുള്ളൂ. മറഞ്ഞിരിക്കുന്ന വിവരങ്ങൾ പുറത്തുകൊണ്ടുവരുക എന്ന അർഥത്തിലാണ് പൊതുവെ ഇത് ഉപയോഗിക്കാറ്. അതിന് ഒരു ഉദാഹരണമാണ് ‘യേശുക്രിസ്തു വെളിപ്പെടുന്നതിനെക്കുറിച്ച്’ പറയുന്ന ബൈബിൾഭാഗം. അവിടെയും ഇതേ ഗ്രീക്കു വാക്കിന്റെ ഒരു രൂപമാണ് ഉപയോഗിച്ചിരിക്കുന്നത്. യേശു ഭൂമിയിൽനിന്ന് എല്ലാ ദുഷ്ടതയും നീക്കംചെയ്ത് ദൈവത്തെ ആരാധിക്കുന്നവർക്ക് പ്രതിഫലം കൊടുക്കാൻവേണ്ടി വെളിപ്പെടുന്നതിനെക്കുറിച്ചാണ് അവിടെ പറയുന്നത്.—2 തെസ്സലോനിക്യർ 1:6, 7; 1 പത്രോസ് 1:7, 13.
ബൈബിളിലെ അവസാനപുസ്തകത്തിന്റെ പേര് “അപ്പോക്കലിപ്സിസ്” എന്നാണ്, എന്നുവെച്ചാൽ വെളിപാട്. (വെളിപാട് 1:1) ആ പുസ്തകത്തിന് ആ പേര് ശരിക്കും യോജിക്കും. കാരണം ഭാവിയിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ അതിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. ശരിക്കുംപറഞ്ഞാൽ ആ പുസ്തകത്തിൽ ഉള്ളത് സർവനാശം എന്ന ഒരു ആശയമല്ല. മറിച്ച് ഒരു സന്തോഷവാർത്തയും പ്രത്യാശയുടെ സന്ദേശവുമാണ്. (വെളിപാട് 1:3) എല്ലാ അനീതികളും നീക്കി ദൈവം ഭൂമിയെ ഒരു പറുദീസയാക്കും എന്നാണ് അതിൽ പറയുന്നത്. മനുഷ്യരാരും വേദനിക്കുകയോ ദുരിതം അനുഭവിക്കുകയോ മരിക്കുകയോ ചെയ്യാത്ത ഒരു കാലം അങ്ങനെ ഇവിടെ വരും.—വെളിപാട് 21:3, 4.
ബൈബിളിൽ പറയുന്ന മനോഹരമായ ഈ വാഗ്ദാനങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? യഹോവയുടെ സാക്ഷികൾ നടത്തുന്ന സൗജന്യ ബൈബിൾപഠനപരിപാടി നിങ്ങളെ സഹായിക്കും. അതിനെക്കുറിച്ച് അവരോട് ഇന്നുതന്നെ ഒന്നു ചോദിച്ചുനോക്കുന്നോ?